ഫെമിനിസം – തെറ്റിധാരണകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഫെമിനിസം – വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ്

പലപ്പോഴും ഫെമിനിസം, ഫെമിനിസ്റ്റ് എന്നൊക്കെ പറയുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്ന ചിത്രം, സ്ലീവ് ലെസ്സ് ബ്ലൌസ്സും ധരിച്ച്, മുടി ബോയ് കട്ട് ചെയ്ത്, നൈസായ സാരിയും ധരിച്ച്, കുറെ ആഭരണങ്ങളും വാരിവലിച്ചിട്ട്, വലിയൊരു സൺഗ്ലാസ്സും വെച്ച്, ചുണ്ടിൽ കടും ചായം പൂശി, ഒക്കത്തൊരു പോമറേനിയൻ പട്ടിക്കുട്ടിയുമായി നടന്നുവരുന്ന സുകുമാരിയമ്മയെ ആണ്. പുട്ടിന് പീരപോലെ അടുക്കളയിൽ ജോലിചെയ്യുന്ന ഭർത്താവിനോട് പലതും കൽപ്പിക്കുന്നതും; ഭർത്താവിനെ തീരെ വകവെക്കാത്തതും, ഭർത്താവ് ഭാര്യയെ പേടിച്ച് നിൽക്കുന്നതും ഒക്കെ ഈ സീനുകളിൽ മിന്നിമായും. ഫെമിനിസ്റ്റാണേൽ അടുക്കളയിൽ കയറില്ല എന്നും, ജേലികൾ ചെയ്യില്ല എന്നും, എപ്പോഴും അണിഞ്ഞൊരുങ്ങിയേ നടക്കാവൂ എന്നുമുള്ള ഒരു പൊതുധാരണ തന്നെയാണ് സുകുമാരിയമ്മയും കൽപ്പനചേച്ചിയും അടക്കം ചെയ്ത പല ക്യാരക്ടറുകളിലൂടെയും നമ്മുടെ മനസ്സുകളിലേക്ക് മലയാള സിനിമകൾ ഊട്ടിയുറപ്പിച്ചതും, നമ്മുടെ മനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിച്ചതുമായ ഫെമിനിസ്റ്റുകളുടെ ചിത്രം. ഈ ചിത്രങ്ങളിൽ നിന്നും മാറി ചിന്തിക്കുവാനായി നമ്മളിൽ ഭൂരിഭാഗമാളുകളും തയ്യാറുമല്ല.

എന്നാൽ എന്താണ് ഫെമിനിസം എന്ന് നമ്മൾ ചിന്തിക്കുകയോ പഠിക്കാനോ അറിയാനോ ആഗ്രഹിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാലോചിക്കുന്നിടത്ത് നിന്നും തന്നെയാണ് യഥാർത്ഥ ഫെമിനിസ്റ്റിന്റെ യാത്രയുടെ തുടക്കം ആരംഭിക്കുന്നത്.

ഫെമിനിസം എന്ന വാക്കിന് സ്ത്രീ സമത്വ വാദം എന്നാണ് അർത്ഥം. സ്ത്രീ സമത്വവാദം എന്നു പറയുമ്പോൾ, സ്ത്രീയും പുരുഷനുമായുള്ള സാമൂഹ്യ, സാമ്പത്തീക, സ്വാതന്ത്ര്യ, അവസര അന്തരമില്ലാത രണ്ടു കൂട്ടരെയും തുല്യരായി കാണുക എന്നതുമാത്രമാണ് അർത്ഥം. എന്തുകൊണ്ട് സ്ത്രീകളെ തുല്യരായി കാണേണ്ടി വരുന്നു എന്ന് ചിന്തിച്ച് തുടങ്ങിയാൽ, നൂറു നൂറ് കാരണങ്ങൾ നമുക്ക് നമ്മുടെ പരിസരങ്ങളിൽ നിന്നുതന്നെ കണ്ടെത്താനാകും.

ഒരു സ്ത്രീ പ്രസവിക്കുന്നത് പെൺകുഞ്ഞിനെ ആണ് എങ്കിൽ, ആൺകുഞ്ഞിനെ ലഭിക്കാത്തതിൽ പരിതപിക്കുന്ന, പെൺകുഞ്ഞാണ് എങ്കിൽ കൊന്നുകളയുന്ന ഒരു സാമൂഹ്യ സാഹചര്യം ഇന്നും നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ആൺകുഞ്ഞിന് പെൺകുഞ്ഞിനെക്കാൾ കുറച്ചുകൂടി ആരോഗ്യകരമായ ഭക്ഷണം നൽകുന്ന, ആരോഗ്യം വേണ്ടത് ആണിനെന്ന് കരുതുന്ന സമൂഹത്തിൽ തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത്. പഠിക്കാനായി വിടാനാരംഭിച്ചാൽ ആണിന് നല്ല വിദ്യാഭ്യാസം നൽകുകയും, പത്ത് കഴിഞ്ഞാൽ പെണ്ണിനെ കെട്ടിച്ച് വിടണം എന്നും ചിന്തിക്കുന്ന ആളുകൾ ഇന്നും നമ്മുടെ പരിസരങ്ങളിലുണ്ട് എന്നത് ആരും കാണാതെ പോകരുത്. വിവാഹം കഴിച്ച് വിടാനായി പൊന്നും പണവും കാറും ഒക്കെവച്ച് തൂക്കം നോക്കി തന്നെയാണ് അവൾക്കായി ഇപ്പോഴും വരനെ കണ്ടെത്തപ്പെടുന്നത്. അവിടെ അവളുടെ ഇഷ്ടങ്ങൾക്കോ താൽപര്യങ്ങൾക്കോ എത്രമാത്രം പരിഗണ ലഭിക്കുന്നു എന്നത് ആരുടേയും പരിഗണനാ വിഷയമേയല്ല. ജോലിക്കായി ആളുകളെ പരിഗണിക്കുമ്പോൾ പോലും ഒരേ ജോലി ചെയ്യുന്ന ആണിനും പെണ്ണിനും രണ്ടുവേതനവും, അതിൽ ആണിന് കൂടിയ വേതനവും ലഭിക്കുന്ന സാമൂഹ്യ സാഹചര്യം ഇന്നും നിലനിൽക്കുന്നു.

പെണ്ണ് വീട്ടുജോലികൾ ചെയ്ത് വീട്ടിലിരിക്കേണ്ടവളും; ആണ് അധ്വാനിച്ച് അവളെ സംരക്ഷിക്കേണ്ടവനും എന്ന ധാരണ ഇനിയും നമ്മുടെ സമൂഹത്തിൽ നിന്നും മാറിയിട്ടില്ല. ചെറുപ്പത്തിൽ പിതാവിനാലും, യൌവ്വനത്തിൽ ആങ്ങളയാലും, പിന്നീട് ഭാര്യയായി കഴിഞ്ഞാൽ ഭർ‌ത്താവിനാലും സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന പൊതു ധാരണയും ഇപ്പോഴും നിലനിൽക്കുന്നു. ഇനിയും നൂറു നൂറു കാരണങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് നിരത്തിത്തരാം, അതിനായി ഈയൊരു പോസ്റ്റ് മതിയാകില്ല. ഈ ചിന്തകൾക്ക് സ്ത്രീകൾ തന്നെയാണ് ഏറ്റവുമധികം അടിപ്പെട്ടിരിക്കുന്നതെന്നതും യാഥാർത്ഥ്യമാണ്. സിനിമയിലഭിനയിച്ചും സ്വന്തമായി സമ്പാദിച്ചും ജീവിച്ചിട്ടുള്ള ജീവിക്കുന്ന രണ്ടു സ്ത്രീകളാണ് ആനിയും സരയുവും. ഇവരുടെ സമ്പാദ്യശീലമോ അദ്ധ്വാന, ജോലി സാഹചര്യങ്ങളോ പോലും അവരിലെ ചിന്താതലത്തെ പൊതുബോധത്തിൽ നിന്നും വേർപെടുത്തിയിട്ടില്ല എന്നത് വേദനാജനകമാണ്.

കാരണം..

ഫെമിനിസം എന്നാൽ ലിംഗവ്യത്യാസമില്ലാത്ത തുല്യതയെന്നുപോലും ഇനിയും ഇവർ മനസ്സിലാക്കാത്തത് അവരുടെ തെറ്റല്ല. മറിച്ച് നമ്മുടെ സമൂഹത്തെ മോൾഡ് ചെയ്തുകൊണ്ടുവന്ന രീതിയതാണ്. ആരും ആരുടേയും ഉടമയും, ആരും ആരുടേയും അടിമയും അല്ല എന്നും ആർക്കും ആരോടും ആരിലും അധികാരം പ്രയോഗിക്കേണ്ട അവസ്ഥ പാടില്ലാതെ എല്ലാവരെയും തുല്യരായി കാണണം എന്നും എല്ലാവരും സമൻമരാണ് എന്നും പറയുന്നതാണ് തുല്യതകൊണ്ട് അർത്ഥമാക്കുന്നത്. തുല്യത ഇല്ലാത്തത് ആണിനും പെണ്ണിനും ഇടയിൽ മാത്രമല്ല, കറുത്തവനും വെളുത്തവനും തമ്മിലും, സമ്പന്നനും ദരിദ്രനും തമ്മിലും, ജാതീയമായി താഴ്ന്നവരും ജാതീയമായി ഉയർന്നവരും തമ്മിലും ഒക്കെ തുല്യതയില്ലായ്മ നിലനിൽക്കുന്നുണ്ട്. അതൊക്കെ ഡിസ്ക്രിമിനേഷനുകളാണ്. ആ ഡിസ്ക്രിമിനേഷനുകളിൽ ആണും പെണ്ണും തമ്മിലുള്ള ഡിസ്ക്രിമിനേഷനെതിരായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഇടപെടുന്നതും മാത്രമാണ് ഫെമിനിസം. ഇങ്ങനെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ഇടപെടുന്നവരുമാണ് ഫെമിനിസ്റ്റ്. പെണ്ണ് മാത്രമല്ല ഫെമിനിസ്റ്റ്, ആണിനും നല്ലൊരു ഫെമിനിസ്റ്റാകാം..

ആണ് പെണ്ണിന് വിധയപ്പെടുന്നതോ, പെണ്ണ് ആണിന് വിധേയപ്പെടുന്നതോ അല്ല ഫെമിനിസം മുന്നോട്ട് വെക്കുന്ന ആശയം. മറിച്ച് പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകളും, അവസരങ്ങളുടെ തുല്യ വിതരണവുമാണ് ഫെമിനിസം മുന്നോട്ട് വെക്കുന്ന അടിസ്ഥാന ആശയങ്ങൾ..

ജോമോൾ ജോസഫ്

 200 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo