ആശ്വാസ ക്രിയ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രഭാകരൻ എത്തിയാലെ ഇനി ഒരു സമാധാനം കിട്ടു. സംഭവത്തിന്റെ ഗൗരവം കൃത്യമായി അവൻ ബോധിപ്പിക്കുമെന്നു തീർച്ച. ആദ്യ വീഴ്ച കുളിമുറിയിൽ ആയിരുന്നു. കൈ എല്ലിന് സാരമായി പൊട്ടൽ.ഡോക്ടറുടെ ചികിത്സ കൊണ്ട് ഒരുവിധം സുഖപെട്ടപ്പോഴാണ് കുളത്തിൽ രണ്ടാമത്തെ വീഴ്ച.. പിന്നൊരിക്കൽ പാതിരാത്രി മുറ്റത്ത്‌ ഇറങ്ങിയപ്പോഴാണ് കുളത്തിൽ ഒരു വിഷപാമ്പിനെ കണ്ടത്. പ്രഭാകരൻ വടിയുമായി എത്തിയതാണ്. മനസിന്റെ ഭീതി കൊണ്ട് അതിനെ കൊല്ലാൻ കഴിഞ്ഞില്ല. മകളെ വേട്ടയാടുന്ന തീരാ വ്യാധി വേറെയും. ആകെ കൂടി കുടുംബത്തിൽ എന്തോ ഒരു ദുർ ലക്ഷണങ്ങൾ. ഏതോ ഒരു ബാധ വിട്ടു പിരിയാതെ കുടുംബത്തെ ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു പരിഹാര ക്രിയ…
ജാനകി അമ്മ കിഴക്കോട്ടു നോക്കി.മനസ് ആകെ അസ്വസ്ഥമായിരിക്കുന്നു. ഒരു ജോലി ചെയ്യാനും സമ്മതിക്കാത്ത അവസ്ഥ. ഇനി പ്രഭാകരൻ തിരിച്ചെത്തിയാലെ ഒരു സമാധാനം കിട്ടു. പ്രഭാകരനോട് പ്രത്യേകം ഓർമപെടുത്തിയതായിരുന്നു. പോകുന്നത് ഉണ്ണുമ്മൻ ജ്യോൽസ്യന്റെ അടുക്കൽ തന്നെ വേണം.നാട്ടിൽ ഒരുപാട് ജ്യോൽസ്യന്മാർ ഉണ്ടെങ്കിലും ഉണ്ണുമ്മന്റെ അത്ര മിടുക്ക് മറ്റാർക്കും ഇല്ല. ഡോക്ടറെകാളും തിരക്കുള്ള ആളാണ്.മുൻകൂട്ടി വിളിച്ചു പറഞ്ഞാൽ എളുപ്പത്തിൽ വരാം. അല്ലെങ്കി ടോക്കൺ എടുത്ത് കാത്തു നിൽക്കണം. പ്രഭാകരൻ മറ്റെവിടെയെങ്കിലും പോകുമോ എന്നാണ് സംശയം. പിന്നെ ഓർത്തു അവൻ അത്ര ബുദ്ധി മോശം കാണിക്കുമോ? ജാനകിയമ്മ അക്ഷമയോടെ പിന്നെയും കിഴക്കോട്ടു നോക്കി. പെട്ടെന്ന് കിഴക്കേ റോഡിൽ ബൈക്കിന്റെ ഒച്ച കേട്ടപ്പോൾ ജാനകി അമ്മയുടെ ഉത്കണ്ടക്ക് അറുതി വന്നു. തിടുക്കത്തിൽ കയറി വന്ന പ്രഭാകരൻ അകത്തേക്ക് പോയി. പിന്നാലെ ജാനകി അമ്മയും.. ഉണ്ണുമ്മൻ ജ്യോ ൽസ്യന്റെ അടുക്കൽ തന്നല്ലേ പോയത് മോനെ… ഉം… ഓ… എന്തൊരു തിരക്കാ അമ്മേ. പിന്നെ തിരക്കില്ലാതെ ഇരിക്കുവോ.. അത്രയ്ക്ക് സിദ്ധിയുള്ള ജ്യോൽസ്യരല്ലേ ഉണ്ണുമ്മൻ.. എന്താ മോനെ ജ്യോൽസ്യരു പറഞ്ഞത്..ഉത്കണ്ട അവസാനിക്കുന്നില്ല.പാമ്പ് നമ്മുടെ ശത്രു അല്ല അമ്മേ.സുക്ഷിച്ചാൽ സങ്കടപെടേണ്ടി വരില്ലെന്നാ… ജ്യോൽസ്യർ എല്ലാ സംഗതികളും കൃത്യമായി പറഞ്ഞിട്ടുണ്ട്.. അമ്മയ്ക്ക് വലിയൊരു വീഴ്ച സംഭവിക്കേണ്ടതാ.. ഗുളികൻ അത് തടുത്ത താ.. ശനി ദശ ഒഴിയുന്ന സമയമായതുകൊണ്ട് ഇനിയുള്ള കാലം ശുക്രന്റെ പ്രവേശനമാണത്രെ. മനസു ധൈര്യം വീണ്ടെടുക്കുന്ന കാലമാ. പിന്നെ വിചാരിച്ച ദൈവങ്ങളൊക്കെ അമ്മയുടെ കൂടെ ഉണ്ടത്രേ. കരുതലും ശ്രദ്ധയും വേണമെന്നർഥം. മനസിനെ ആധി പിടിപ്പിക്കുന്ന ഒരു ചിന്തയും അരുത്. കഴിവതും മനസിനെ ശാന്തമാക്കുക. ഏടത്തിയുടെ അസുഖത്തെ കുറിച്ചും വിശദമായി പറഞ്ഞു. വിശദമായ ചികിത്സ കൊണ്ട് ഭേദമാകുന്ന രോഗമാണ്.. വന്നുപെട്ട ദുർഘടം മാറാൻ ഒരു യാത്രയും കാണുന്നുണ്ടത്രെ. മംഗലാപുരത്തെ ഒരു ചികിത്സാലയത്തിൽ ഏടത്തിയെ കൊണ്ടു പോകണമെന്നാണ് അതിന്റെ അർഥം. ചില ദൈവദോഷങ്ങളും തെളിഞ്ഞിട്ടുണ്ട്. അത് പരിഹാര ക്രിയ കൊണ്ട് മാറ്റാവുന്നതെ ഉള്ളു. ഗണപതിക്ക് നാളികേര നേർച്ചയും ചുടലക്കാവിലെ ദേവിക്ഷേത്രത്തിൽ ചുറ്റു വിളക്കും മതി. പ്രഭാകരൻ അത്രയും വിശദമാക്കിയപ്പോൾ ജാനകിയമ്മയുടെ മുഖം തെളിഞ്ഞു. ഉത്കണ്ടയും ഭീതിയും ഒരു കുത്തൊഴുക്കിലേക്കു പോയതുപോലെ ഒരാശ്വാസം. അല്ലെങ്കിലും ഉണ്ണുമ്മൻ ജ്യോൽസ്യൻ ചില്ലറക്കാരൻ ഒന്നും അല്ലല്ലോ. പ്രഭാകരൻ ആശ്വാസത്തോടെ ഓർത്തു. അമ്മയുടെ സമാധാനത്തിനു ഇത്രയും മതി.അല്ലെങ്കിലും ജ്യോൽസ്യർ ചെയ്യുന്നത് കുറെ പാണ്ഡിത്യ പ്രകടനവും നിർദേശങ്ങളുമാണല്ലോ. അത് ഞാൻ തന്നെ ചെയ്തു.. അത്ര തന്നെ..

തമ്പാൻ തായിനേരി

 194 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo