ഈ പ്രപഞ്ചത്തിൽ നാം തനിയെ ആണോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഈ പ്രപഞ്ചത്തിൽ നാം തനിയെ ആണോ എന്ന മനുഷ്യന്റെ ചിന്ത അടക്കാനാവാത്ത ജിജ്ഞാസ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിശയോക്തി നിറഞ്ഞ പറക്കും തളിക, UFO ചിത്രങ്ങളും വീഡിയോകളും ഒക്കെ യുട്യൂബിൽ ധാരാളം ഉണ്ട്. NASA യുടെ രഹസ്യ UFO വിവരങ്ങൾ ചോർന്നു എന്നൊക്കെ പറഞ്ഞാണ് പലതും ഷെയർ ചെയ്യപ്പെടുന്നത്. നമ്മളെക്കാൾ വികാസം പ്രാപിച്ച ഒരു എലിയൻ വര്ഗ്ഗം നമ്മുടെ സൗരയൂഥത്തിൽ തന്നെ ഒളിച്ചു കഴിയുന്നതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ നമ്മുടെ നക്ഷത്ര അയല്പക്കത്ത് നിന്നു നമ്മളെ രഹസ്യമായി നിരീക്ഷിക്കാൻ ഇതര ഹൈടെക് ജീവികൾ എത്താറുണ്ടെന്നുള്ള ഊഹാപോഹങ്ങൾക്ക് ഇത്തരം വിഡിയോകൾ കൂടുതൽ ശക്തി പകരുന്നു.

ശാസ്ത്രീയമായി എക്സ്ട്രാ ടെറസ്ട്രിയൽ ജീവൻ ഉണ്ടോ എന്ന അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രപഞ്ചത്തിന്റെ കോണുകളിൽ നിന്ന് വരുന്ന റേഡിയോ സിഗ്നലുകൾ പിടിച്ചെടുത്തു അവയുടെ ഉറവിടം കണ്ടുപിടിക്കുകയും ആ ഭാഗത്തെ പറ്റി കൂടുതൽ മനസിലാക്കി അത് ഏതെങ്കിലും തരത്തിലുള്ള ജീവികൾ അയച്ച സന്ദേശം ആണോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന ഒരു സ്‌പെയ്‌സ് സയൻസ് മേഖല തന്നെ ഇന്നുണ്ട്. മറ്റേതെങ്കിലും കോണിൽ ഉള്ളവർ നമ്മളെ കണ്ടെത്തികൊള്ളട്ടെ എന്ന് കരുതി നമ്മളും റേഡിയോ സിഗ്നൽ ബീക്കൻ പ്രവർത്തിപ്പിക്കുന്നുണ്ട്.

FRB

അതിവേഗ റേഡിയോ വികിരണ സ്ഫോടനം ഒരു നിഗൂഡമായ പ്രപഞ്ച പ്രതിഭാസമാണ്. വളരെ വേഗത്തിൽ ഏതാനും മില്ലി സെക്കന്റുകളോ അതിലും കുറവ് നേരം മാത്രം ദൈർഘ്യം ഉള്ള റേഡിയോ സിഗ്നലുകൾ ആണ് FRB. അതീവ ഊർജ്ജ പ്രതിഭാസങ്ങളാവും ഉറവിടം എന്നു കരുതുന്നു. ഭൂമിയിൽ എത്തുമ്പോൾ ഇതിൻറെ ശക്‌തി ഏതാണ്ട് മൊബൈൽ ഫോണ് സിഗ്നലിന്റെ ആയിരത്തിൽ ഒന്നു മാത്രമൊക്കെയെ വരൂ.
യാദൃശ്ചികമായി ആണ് ഇവ ആദ്യമായി കണ്ടെത്തുന്നത്. 2007 ഡേവിഡ് നാർകെവിക് എന്ന സയന്റിസ്റ്റ് അയാളുടെ വിദ്യാർത്ഥിയോടൊപ്പം പൾസാർ സർവേ ആർകൈവ് ഡേറ്റ പരിശോധിക്കുമ്പോൾ ആണ് ആദ്യമായി ഇത് കണ്ടെത്തുന്നത് .

FRB ഉറവിടങ്ങൾ

പ്രധാനമായും രണ്ടു തരം ഉറവിടങ്ങൾ ഉണ്ടാവാം. ഒന്നു തീർച്ചയായും അതീവ ഊർജ പ്രപഞ്ചപ്രതിഭാസങ്ങളിലിൽ നിന്നും ആവാം. അതിവേഗം കറങ്ങുന്ന ന്യൂട്രോൻ സ്റ്റാർ/ തമോദർത്തങ്ങളോ ആവാം ഉറവിടം. രണ്ടാമത് കൃത്രിമ ഉറവിടങ്ങളിൽ നിന്നും ആവാം.
ഉറവിടത്തെ പറ്റിയുള്ള സൂചന ലഭിക്കുന്നത് എന്തൊക്കെ കാര്യങ്ങളിൽ നിന്നാണ് എന്നു നോക്കാം.

👉1. ഈ റേഡിയോ സിഗ്നലുകൾ പോളറൈസ്ഡ് ആണോ അല്ലയോ എന്നത് ഇവ പ്രകൃതി ദത്തമായ ഉറവിടങ്ങളിൽ നിന്നാണോ എന്ന സൂചന നൽകുന്നു.
മനുഷ്യ നിർമിത റേഡിയോ സിഗ്നലുകൾ മിക്കവയും പോളറൈസ്ഡ് ആണ്. അവയുടെ ഇലക്ട്രിക്ക് ഫീൽഡ് ക്രമീകരണം പരിശോധിച്ചാണ് ഇത് സ്ഥിതീകരിക്കുന്നത്.

👉2. ഇവയുടെ പ്രസരണ സ്വഭാവം/ പൾസ് കൃത്യമായ ഇടവേളകളിൽ ആണോ അതോ ക്രമമില്ലാതെയാണോ എന്നു പരിശോധിക്കുന്നു.

👉3. സിഗ്നലുകൾ എത്രമാത്രം ചിതറുന്നു എന്നത് ഇവയുടെ ഉറവിടങ്ങൾ എത്രമാത്രം ദൂരെയാവാം എന്നുള്ള സൂചന തരുന്നു.

മിക്കവാറും FRB പൾസുകൾ നമ്മുടെ ഗാലക്സിക്ക് വെളിയിൽ നിന്നുള്ളവ എന്നു കരുതപ്പെടുന്നു. 2019 ൽ വളരെ വിചിത്രമായ ക്രമമുള്ള ഒരു FRB കനേഡിയൻ റിസേഴ്‌ചർമാർ കണ്ടെത്തി. നാലു ദിവസ പൾസ് സൈക്കിൾ ആണ് ഇതിന്റെ വികിരണ ക്രമം. പിന്നെ ഇത് 12 ദിവസത്തേക്ക് നിശ്ശബ്ദമാവും. ഓരോ മണിക്കൂർ വീതം നാലു ദിവസത്തെ പ്രസരണം കൃത്യമായി വരുന്നു എന്നതാണ് വിചിത്രമായ സംഗതി.

ജ്യോതിശാസ്ത്രത്തിൽ പൾസ് സിഗ്നലുകൾ സൂചിപ്പിക്കുന്നത് കറങ്ങുന്ന ഉറവിടങ്ങളെ ആണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ പൾസുകൾ ഒരു ആകാശ വസ്തുവിന് എങ്ങിനെ പുറപ്പെടുവിക്കാനാവുമെന്നത് ശാസ്ത്രജ്ഞരെ കുഴക്കുകയും അതേ സമയം അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
ആദ്യമായി നമ്മുടെ ഗാലക്‌സിയിൽ നിന്നും FRB കണ്ടെത്തിയതായി 2 ദിവസം മുമ്പ് ഒരു റിപ്പോർട്ട് വന്നു. magnetar star SGR 1935+2154 എന്ന അതീവ കാന്തിക മണ്ഡലമുള്ള ഒരു നക്ഷത്രം ശക്തമായ FRB പുറപ്പെടുവിച്ചതായി സംശയിക്കുന്നു. ലോകത്തെ പലയിടങ്ങളിലെ റേഡിയോ ടെലസ്കോപ്പുകൾ ഈ പൾസ് പിടിച്ചെടുത്തു ട്രാക്ക് ചെയ്തു ഒരേ ഉറവിട മേഖലയിൽ നിന്ന് എന്നുള്ള അനുമാനത്തിൽ എത്തി.

മിക്ക ശാസ്തജ്ഞരും FRB കൾ കൃത്രിമ ഉറവിടങ്ങളിൽ നിന്നു വരുന്നവയല്ല എന്നു കരുതുന്നുണ്ടെങ്കിലും പൂർണമായും സ്ഥിതീകരിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല.
ടെക്നോളജി വികസിക്കുന്നതനുസരിച്ച് വരും കാലങ്ങളിൽ കൂടുതൽ കൃത്യതയോടെ FRB യുടെ ഉറവിടങ്ങൾ പിൻ പോയിന്റ് ചെയ്യാനാവും എന്നു കരുതുന്നു.


ജോയ് ബെന്നി

 95 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo