റെയിൻബോ ഗ്രാവിറ്റിയും റിലേറ്റീവ് ലോക്കാലിറ്റിയും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രപഞ്ചത്തിനൊരു തുടക്കമുണ്ടാകാന്‍ സാധ്യതയില്ല. മഹാവിസ്‌ഫോടനം സംഭവിച്ചു കാണുകയുമില്ല. പ്രപഞ്ചത്തിന് തുടക്കമില്ലെങ്കില്‍ കാലത്തിനും തുടക്കമുണ്ടാകില്ല. സ്ഥലവും കാലവും രൂപപ്പെട്ടത് ദ്രവ്യ-ഊര്‍ജ്ജ സാന്ദ്രത അനന്തമായ വൈചിത്ര്യത്തില്‍ (Singularity) ഉണ്ടായ ത്വരിത വികാസം കാരണമാണെന്ന പരമ്പരാഗത മഹാവിസ്‌ഫോടന മാതൃകയെ ചോദ്യം ചെയ്യുകയാണ്. മഹാവിസ്‌ഫോടനം സര്‍വതിന്റെയും തുടക്കമല്ലെന്ന് വാദിക്കുന്ന റോജര്‍ പെൻറോസിന്റെയും പ്രപഞ്ച വികാസത്തെ ചോദ്യം ചെയ്യുന്ന ക്രിസ്‌റ്റോഫ്‌ വെറ്റെറിച്ചിന്റെയും വാദങ്ങള്‍ക്ക് പിന്‍ബലമായി ‘റെയിന്‍ബോ ഗ്രാവിറ്റി’ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗുതുത്വ ബലത്തിന്റെ പ്രഭാവം സ്‌പേസില്‍ ഒരുപോലെയല്ല അനുഭവപ്പെടുന്നതെന്നും വ്യത്യസ്ഥ ആവൃത്തിയിലുളള പ്രകാശ തരംഗങ്ങള്‍ ഉപയോഗിച്ച് അളക്കുമ്പോള്‍ അത് വ്യത്യസ്ഥമായാണ് കാണപ്പെടുന്നതെന്നും – ലളിതമായി പറഞ്ഞാല്‍ മഴവില്ലിന്റെ വര്‍ണങ്ങള്‍ പോലെ വ്യത്യസ്ഥമായിരിക്കും ഗുരുത്വ ക്ഷേത്രവുമെന്നാണ് റെയിൻബോ ഗ്രാവിറ്റി പറയുന്നത്.

സാമാന്യ ആപേക്ഷികതയും ക്വാണ്ടം മെക്കാനിക്ക്‌സും സംയോജിപ്പിച്ചുകൊണ്ട് ഒരു സമ്പൂര്‍ണ പ്രപഞ്ച സിദ്ധാന്തം രൂപീകരിക്കുന്നതിന് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഭൗതിക ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുന്നുണ്ട്. ചരടു സിദ്ധാന്തങ്ങള്‍ (String theories), എം – തിയറി, ടെക്‌നികളര്‍, സൂപ്പര്‍ ഗ്രാവിറ്റി, ലൂപ് ക്വാണ്ടം ഗ്രാവിറ്റി തുടങ്ങി നിരവധി സിദ്ധാന്തങ്ങള്‍ സര്‍വതിന്റെയും സമ്പൂര്‍ണ സിദ്ധാന്ത (Theory of Everything) മാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളെന്ന് പൊതുവെ വിളിക്കുന്ന ഇത്തരം ഗണിത പ്രമാണങ്ങളിലൊന്നാണ് ‘റെയിന്‍ബോ ഗ്രാവിറ്റി’. മറ്റ് ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളെപ്പോലെ തന്നെ റെയിന്‍ബോ ഗ്രാവിറ്റിയും ശൈശവ ദശയിലാണ്.

പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ച് പറയുമ്പോള്‍ ‘ഹോട്ട് ബിഗ് ബാംഗ്’ വലിയൊരു കീറാമുട്ടി തന്നെയാണ്. കാലത്തിന്റെ തുടക്കവും വൈചിത്ര്യ ബിന്ദുവും (Point of Singularity) ഈ മാതൃകയുടെ വലിയ പോരായ്മ തന്നെയാണ്. റെയിന്‍ബോ ഗ്രാവിറ്റി ശരിയാണെങ്കില്‍ സ്ഥലകാലങ്ങളുടെ ഉദ്ഭവം മഹാവിസ്‌ഫോടന മാതൃകയില്‍ നിന്ന് തികച്ചും വിഭിന്നമായിരിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (Genereal theory of Relativity) അനുസരിച്ച് പിണ്ഡമുള്ള വസ്തുക്കള്‍ അവ സഞ്ചരിക്കുന്ന സ്ഥലകാലങ്ങളില്‍ വക്രതയുണ്ടാക്കും. സ്‌പേസിലുണ്ടാകുന്ന വക്രത അതില്‍ സഞ്ചരിക്കുന്ന പ്രകാശത്തിനും ബാധകമായിരിക്കും. പരമ്പരാഗത മാതൃകയനുസരിച്ച് സ്‌പേസിന്റെ വക്രത അതില്‍ സഞ്ചരിക്കുന്ന കണികകളുടെ ഊര്‍ജ്ജ നിലയുമായി ബന്ധപ്പെടുത്തിയല്ല പരിഗണിക്കുന്നത്. എന്നാല്‍ റെയിന്‍ബോ ഗ്രാവിറ്റി ഇതംഗീകരിക്കുന്നില്ല. വ്യത്യസ്ഥ ഊര്‍ജ്ജ നിലയില്‍ സഞ്ചരിക്കുന്ന കണികകള്‍ വ്യത്യസ്ഥ സ്ഥലകാലങ്ങളിലും വ്യത്യസഥ ഗുരുത്വ ക്ഷേത്രത്തിലുമാണ് നിലനില്‍ക്കുന്നത് എന്നാണ് ഈജിപ്തിലെ സിറ്റി ഓഫ്‌ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ റെയിന്‍ബോ ഗ്രാവിറ്റി ഗവേഷകനായ ഡോ. അഡെല്‍ അവാദ് പറയുന്നത്. ശാസ്ത്ര സംഘത്തിന്റെ ഗവേഷണ പ്രബന്ധം ജേര്‍ണല്‍ ഓഫ് കോസ്‌മോളജി ആന്‍ഡ് ആസ്‌ട്രോപാര്‍ട്ടിക്കള്‍ ഫിസിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകാശത്തിന്റെ ഘടക വര്‍ണങ്ങള്‍ നിരീക്ഷിക്കുക. വ്യത്യസ്ഥ ആവൃത്തിയിലുള്ള പ്രകാശകണങ്ങളാണ് (photons) വ്യത്യസ്ഥ വര്‍ണങ്ങള്‍ സൃഷ്ടിക്കുന്നത്. അവ വ്യത്യസ്ഥ ഊര്‍ജ്ജ നിലയിലുള്ളവയും വ്യത്യസ്ഥ സഞ്ചാര പാതയിലുള്ളവയുമായിരിക്കും. ഈ ഫോട്ടോണുകള്‍ സ്ഥലകാലങ്ങളില്‍ സഞ്ചരിക്കുന്നത് വ്യത്യസ്ഥ ഗുരുത്വ ക്ഷേത്രങ്ങളിലൂടെയുമായിരിക്കും.

ഫോട്ടോണുകളുടെ ആവൃത്തിയിലുള്ള വ്യത്യാസം നിസാരമായതുകൊണ്ട് നക്ഷത്രങ്ങളുടെയും ഗാലക്‌സികളുടെയുമെല്ലാം നേരിട്ടുള്ള നിരീക്ഷണത്തിലൂടെ ഈ പ്രതിഭാസം തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഗാമാറേ ബസ്റ്റ് (Gamma Ray Burst-GRB) പോലെയുള്ള അത്യന്തം തീവ്രമായ ഊര്‍ജ്ജ വിസ്‌ഫോടന വേളകളില്‍ ഈ പ്രതിഭാസം അനുഭവപ്പെടുമെന്നാണ് ഡോ. അവാദ് വാദിക്കുന്നത്. ഇത്തരം സന്ദഭങ്ങളില്‍ വ്യത്യസ്ഥ തരംഗ ദൈര്‍ഘ്യമുള്ള ഫോട്ടോണകുള്‍ ഭൂമിയിലെത്തിച്ചേരുന്ന സമയവും വ്യത്യസ്ഥമായിരിക്കും. സ്‌പേസിലൂടെ ശതകോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിച്ച് ഭൂമിയിലെത്തുന്ന ഫോട്ടോണുകളുടെ ഈ കാലവിളംബം ഗണിക്കത്തക്കതായിരിക്കും. ഗണിത പരമായി തെളിയിക്കാന്‍ കഴിയുമെങ്കിലുിം ഒരു നിഗമനത്തിലെത്തിച്ചേരാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയിലെ സാപിയന്‍സാ യൂണിവേഴ്‌സിറ്റി ഓഫ് റോമിലെ ഭൗതിക ശാസ്ത്രജ്ഞന്‍ ജിയോവാനി അമെലിനോ കമേലിയ പറയുന്നത്. എന്നാല്‍ വരും നാളുകളില്‍ കൂടുതല്‍ സംവേദന ക്ഷമതയുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും റെയിന്‍ബോ ഗ്രാവിറ്റി തെളിയിക്കപ്പെടുകയും ചെയ്യുമെന്ന് ശുഭാപ്തി വിശ്വാസിയാണ് കമേലിയ.

ഉന്നത ഊര്‍ജ്ജ നിലയിലാണ് റെയിന്‍ബോ ഗ്രാവിറ്റി നിലനില്‍ക്കുന്നത്. പ്രപഞ്ചത്തില്‍ ഇത്രയധികം സാന്ദ്രമായ ദ്രവ്യ-ഊര്‍ജ്ജ വിതരണം വിരളമാണ്. എന്നാല്‍ ശൈശവ പ്രപഞ്ചത്തിലെ സ്ഥിതി ഇതായിരുന്നില്ല. ഒരുപക്ഷെ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും സങ്കീര്‍ണമായിരുന്നു അത്. റെയിന്‍ബോ ഗ്രാവിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് ഡോ. അവാദും സംഘവും മുന്നോട്ടു വെക്കുന്നത്. നിങ്ങള്‍ കാലത്തില്‍ പി ന്നിലേക്ക് സഞ്ചരിച്ചാല്‍ പ്രപഞ്ചത്തിന്റെ സാന്ദ്രത വര്‍ധിക്കുന്നത് ‘കാണാന്‍’ കഴിയും ഈ യാത്ര തുടര്‍ന്നാല്‍ സാന്ദ്രത അനന്തമായ ഒരു ബിന്ദുവിലയിരിക്കും അവസാനിക്കുക. എന്നാല്‍ മഹാവിസ്‌ഫോടന മാതൃക പറയുന്ന ഈ വൈചിത്ര്യത്തില്‍ നിങ്ങള്‍ ഒരിക്കലും എത്തിച്ചേരുകയില്ല. രണ്ടാമത്തെ സാധ്യത കാലത്തില്‍ പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ എത്തിച്ചേരുന്നത് അത്യന്തം സാന്ദ്രമായ ഒരു തലത്തിലായിരിക്കും. എന്നാല്‍ അതൊരിക്കലുമൊരു വൈചിത്ര്യത്തില്‍ (Singularity) ആയിരിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ട് സാധ്യതയും വൈചിത്ര്യത്തെ അംഗീകരിക്കില്ല. ഡോ. അവാദിന്റെയും സംഘത്തിന്റെയും ഗവേഷണം വിരല്‍ചൂണ്ടുന്നത് തുടക്കമില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ സാധ്യതയിലേക്കാണ്. കാലത്തില്‍ പിന്നിലേക്കുള്ള പ്രയാണം ഒരിക്കലും അവസാനിക്കുകയുമില്ല.

മഴവില്‍ പ്രപഞ്ചത്തിന് വിമര്‍ശകരുമുണ്ട്. മഹവിസ്‌ഫോടനത്തെ മാറ്റി നിര്‍ത്തുന്നത് മാത്രല്ല, സാമാന്യ ആപേക്ഷികതയില്‍ പരിഷ്‌കരണം വരുത്തുന്നതും അവരെ അസ്വസ്ഥരാക്കുന്നുമുണ്ട്. എന്നാല്‍ ലീ സ്‌മോളിനെപോലെയുള്ള പ്രതിഭാശാലികള്‍ രൂപം കൊടുത്ത ‘റിലേറ്റീവ് ലോക്കാലിറ്റി’ മാതൃകയുമായി റെയിന്‍ബോ ഗ്രാവിറ്റി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള സൈദ്ധാന്തിക ഗവേഷണം ആരംഭിച്ചുകഴിഞ്ഞു. ഈ മാതൃകയനുസരിച്ച് സ്ഥലകാലങ്ങളില്‍ വ്യത്യസ്ഥ ലൊക്കേഷനുകളിലെ നിരീക്ഷകര്‍ സംഭവങ്ങളെ വ്യത്യസ്ഥമായാണ് അനുഭവിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലൊക്കേഷന്‍ ആപേക്ഷികമാണ്. റെയിന്‍ബോ ഗ്രാവിറ്റിയുടെ ആഴത്തിലുള്ള പഠനമാണ് റിലേറ്റീവ് ലോക്കാലിറ്റിയില്‍ അവതരിപ്പിക്കുന്നത്.

സാബു ജോസ്

 237 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo