മെയ് ഒന്ന് ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിവസമാണ്. ഒരു ദിവസം എട്ടുമണിക്കൂര്‍ പണിയെടുക്കുക പിന്നെ എട്ടു മണിക്കൂര്‍ വിനോദത്തിനും എട്ടുമണിക്കൂര്‍ വിശ്രമത്തിനുമായി അനുവദിക്കുക എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ അങ്കം വെട്ടുകയും അടര്‍ക്കളത്തില്‍ ബലിപുഷ്പങ്ങളായിത്തീരുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം നമ്മിലുണര്‍ത്തുന്നത്.
വിവിധ ഭൂഖണ്ഡങ്ങളില്‍, രാജ്യങ്ങളില്‍ വിവിധ കാലങ്ങളില്‍ എണ്ണമറ്റ തൊഴിലാളികള്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. അവ ഇനിയും പൂര്‍ണമായിട്ടില്ല. വിശപ്പില്‍ നിന്നുള്ള മോചനം, വിദ്യാഭ്യാസം, അഭിരുചികള്‍ക്കനുസരിച്ച് വളരാനുള്ള അവസരം, പാര്‍പ്പിടം, ശുദ്ധജലവും ശുദ്ധവായുവും…… അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങള്‍ ഇനിയും നിറവേറാത്ത രാജ്യങ്ങളുണ്ട്. അവിടുത്തെ മനുഷ്യര്‍ക്കും മെയ്ദിനം ആവേശം പകരും.

സമാനതകളില്ലാത്ത സമരമുഖം1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത്. 1889ല്‍ അതായത് ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്.1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് കാരണമായത്.1866 ആഗസ്തില്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ എട്ടു മണിക്കൂര്‍ ജോലി എന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. ന്യൂസിലാന്‍ഡിലും തുടര്‍ന്ന് ഓസ്ട്രേലിയയിലും നടന്ന തൊഴിലാളിസമരത്തില്‍ ഈ ആവശ്യങ്ങള്‍ വിജയം കണ്ടെങ്കിലും ലോകത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്.
ജീവിതസമരം18, 19 നൂറ്റാണ്ടുകള്‍ വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങള്‍ തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിച്ചു. വന്‍കിട വ്യവസായങ്ങള്‍ വളര്‍ന്നുവന്നു. ഫോര്‍ഡ്, റോക്ക് ഫെല്ലര്‍, ഷോര്‍ഗന്‍സ് മുതലായ കുത്തകകള്‍ ജന്മമെടുത്തത് ഇക്കാലത്താണ്. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്താണ് കുത്തകകള്‍ തടിച്ചുകൊഴുത്തത്. സ്ത്രീകളും കുട്ടികളുംപോലും അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളില്‍ 12-16 മണിക്കൂര്‍ പണിയെടുക്കണം. ആഴ്ചയില്‍ ആറുദിവസം, 78 മണിക്കൂര്‍ സാധാരണ പ്രവൃത്തിസമയം. ഒരു ഡോളര്‍പോലും കൂലിയില്ല. ഈ “മുതലാളിത്ത സ്വര്‍ഗ’ത്തിലാണ് “എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും’ എന്ന മുദ്രാവാക്യം കാട്ടുതീപോലെ പടര്‍ന്നത്. തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുവേണ്ടിയും ശബ്ദമുയര്‍ന്നു. എബ്രഹാം ലിങ്കന് 1860കളില്‍ തന്നെ ഇതിന്റെ വക്താവായിരുന്നു. ബാള്‍ട്ടിമൂര്‍, ഫിലാഡെല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂ ഹാംഷെയര്‍, റോസ് ഐലന്റ്, കാലിഫോര്‍ണിയ, ഇല്ലിനോയിഡ്, മസാച്ചുസെറ്റ്സ് തുടങ്ങിയ നഗരങ്ങളില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. ഇക്കാലത്തുതന്നെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു.1827ല്‍ ഫിലാഡെല്‍ഫിയയിലെ കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ 10 മണിക്കൂറായി ജോലിസമയം കുറച്ചുകിട്ടുന്നതിന് പണിമുടക്ക് നടത്തി. ആദ്യ ട്രേഡ് യൂണിയനെന്നു കരുതപ്പെടുന്ന ഫിലാഡെല്‍ഫിയാ മെക്കാനിക്സ് യൂണിയന് ജന്മമെടുക്കുന്നത് ഈ പ്രക്ഷോഭത്തില്‍നിന്നാണ്.

ചരിത്രം രചിച്ച ചിക്കാഗോഏഴ് നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന് ചിക്കാഗോയില്‍ ദേശീയസമരം നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 25നും മെയ് നാലിനും ഇടയ്ക്ക് സമ്മേളനങ്ങളും റാലികളും നടത്തി.മെയ് ഒന്നിന് ശനിയാഴ്ച 35,000 തൊഴിലാളികള്‍ ജോലി നിര്‍ത്തി. മെയ് മൂന്നിനും നാലിനും ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവരെ അനുഗമിച്ചു. മെയ് മൂന്നിന് നടന്ന സമരത്തില്‍ പോലീസ് വെടിവച്ചതിനെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. സമരക്കാര്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കി. മെയ് നാലിന് ദെസ് പ്ലെയിന്‍സ് സ്ട്രീറ്റില്‍ നടന്ന സമ്മേളനം സമാധാനപരമായിരുന്നു. സമരക്കാരെ ശല്യപ്പെടുത്തരുതെന്ന് മേയര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് വീഥികളിലെ സമരക്കാരില്‍ ഭൂരിഭാഗവും ഒഴിഞ്ഞുപോയി. ഏകദേശം 200 പേര് മാത്രമേ ശേഷിച്ചുള്ളു. സമരക്കാരെ നേരിടാന്‍ പോലീസുകാര്‍ നിരത്തിലിറങ്ങി. ആരോ പോലീസിനെതിരെ ബോംബെറിഞ്ഞു. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പോലീസ് വെടിവയ്പ് തുടങ്ങി. 60 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. നിരവധി തൊഴിലാളികളും കൊല്ലപ്പെട്ടു. പലര്‍ക്കും പരിക്കേറ്റു. ഹേ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പിനെത്തുടര്‍ന്ന് സമ്മേളനങ്ങളും റാലികളും നടത്താന്‍ പാടില്ലെന്ന് മേയര്‍ ഉത്തരവിട്ടു. പോലീസ് നൂറോളം പേരെ അറസ്റ്റു ചെയ്തു. ബോംബെറിഞ്ഞയാള്‍ ആരാണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കാത്തതുകൊണ്ട് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോംബേറില്‍ പങ്കുകൊണ്ടതായി ആരോപിച്ച് എട്ടുപേരെ അറസ്റ്റു ചെയ്തു. ചിക്കാഗോയിലെങ്ങും വാറന്റില്ലാതെ റെയ്ഡ് നടത്തി.പത്രങ്ങള്‍ പോലീസിനെയായിരുന്നു പിന്താങ്ങിയത്. ഇത് സമരവീര്യം കുറച്ചു. പോലീസുകാര്‍ എട്ടുപേരെ പിടികൂടി വിചാരണക്കായി കൊണ്ടുവന്നു. ഇതില്‍ മൂന്നു പേര് സംഭവസ്ഥലത്ത് ഇല്ലാത്തവരായിരുന്നു. പക്ഷെ ജഡ്ജി എട്ടുപേരെയും കുറ്റക്കാരായി വിധിച്ചു. തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും ചുമത്തി. ലോകജനതയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ നാലു പേരെ തൂക്കിലേറ്റി. ഒരാള്‍ ആത്മഹത്യ ചെയ്തു. രക്തസാക്ഷികളുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി.ബാക്കിയുള്ള കുറ്റവാളികളെ 1893-ല്‍ ഗവര്‍ണര്‍ മാപ്പുനല്കി വിട്ടയച്ചു. തൂക്കിലേറ്റപ്പെട്ടവര്‍ക്കും മാപ്പു നല്‍കുന്നുവെന്ന് പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. വിചാരണ കുറ്റമറ്റതായിരുന്നില്ല എന്നതായിരുന്നു കാരണം. ഈ വിചാരണ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായി കണക്കാക്കപ്പെടുന്നു.ഈ സമരത്തിന്റെ ഓര്‍മയ്ക്കായി മെയ് ഒന്ന് മെയ്ദിനമായി അതായത് തൊഴിലാളിദിനമായി ആചരിക്കുന്നു.
ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ ലോകം അപലപിച്ചു. 1893ല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സ്മാരകം നിര്‍മിക്കപ്പെട്ടു.സമര കേരളം ഇന്ത്യയിലെ ആദ്യ കര്‍ഷകതൊഴിലാളി സമരം നടന്നത് കേരളത്തിലാണ്. അയ്യന്‍കാളി 1907ല്‍ സ്ഥാപിച്ച “സാധുജന പരിപാലന സംഘ’ത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. തിരുവനന്തപുരം ജില്ലയിലെ കണ്ടള, പള്ളിച്ചല്‍, മുടവൂര്‍പ്പാറ, വിഴിഞ്ഞം, കണിയാപുരം മുതലായ പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളില്‍ 1913 ജൂണ്‍ മുതല്‍ ഒരു കൊല്ലം ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളാണ് ഭീഷണികളെയും മര്‍ദനങ്ങളെയും അതിജീവിച്ച് പണിമുടക്കിയത്. അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശത്തിനും വേണ്ടി നടന്ന സമരം നാടിന്റെ സമരചരിത്രത്തിലെ ഉജ്വല അധ്യായമാണ്.മെയ്ദിന വിജയഗാഥ പോര്‍ട്ടുഗലില്‍ 1919-ല്‍ നാഷണല്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരങ്ങളിലൂടെ തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ ജോലി ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുത്തു. സ്പെയിനില്‍ 1873-ല്‍ തൊഴിലാളിസമരം തുടങ്ങി. 1919-ല്‍ 44 ദിവസം നീണ്ട സമരത്തില്‍ ഏകദേശം ഒരു ലക്ഷം പേര് പങ്കെടുത്തു. ഈ സമരത്തിന്റെ ഒടുവില്‍ സര്‍ക്കാര്‍ എട്ടു മണിക്കൂര്‍ ജോലി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം പാസാക്കി. എട്ടു മണിക്കൂര്‍ ജോലിയെ സംബന്ധിച്ച ദേശീയനിയമം ആദ്യമായി പാസാക്കിയത് സ്പെയിനാണ്.ഇംഗ്ലണ്ടില്‍ 1833-ലെ ഫാക്ടറി ആക്ട്, ഫാക്ടറികളില്‍ കുട്ടികളെ ജോലി ചെയ്യിക്കുന്നതിനെ സംബന്ധിക്കുന്നതായിരുന്നു. ഇതനുസരിച്ച് ഒമ്പത് വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിക്ക് അയയ്ക്കരുതെന്നും അവരെ സ്കൂളിലയയ്ക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.എട്ടു മണിക്കൂര്‍ ജോലി എന്ന ആശയം അംഗീകരിച്ച് നടപ്പാക്കിയ ആദ്യരാജ്യം ന്യൂസിലാന്‍ഡാണ്.യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് മെയ് ഒന്നിന് മെയ് ദിനാചരണം ആരംഭിച്ചതെങ്കിലും ഈ ദിനത്തെ സാര്‍വ്വദേശീയ തൊഴിലാളിദിനമായി യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും ദക്ഷിണാഫ്രിക്കയും അംഗീകരിച്ചിട്ടില്ല.

മെയ്ദിനം ഇന്ത്യയില്‍ ഇന്ത്യയിലാദ്യമായി മെയ്ദിനം ആഘോഷിച്ചത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത്.
218 കാഴ്ച