മാര്‍സ് 2020 റോവര്‍
Perseverance (rover)
നാസയുടെ അത്യാധുനിക ചൊവ്വ റോവര്‍ ദൗത്യമായ മാര്‍സ് 2020 അണിയറയില്‍ ഒരുങ്ങുകയാണ്. ചൊവ്വയുടെ ധാതുഘടനയെക്കുറിച്ചും മണ്ണിലുള്ള ഓര്‍ഗാനിക് സംയുക്തങ്ങളെ കുറിച്ചും പഠിക്കുന്നതിനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളുടെ ഒരു ലബോറട്ടറി തന്നെയാണ് മാര്‍സ് 2020 Perseverance (rover) ദൗത്യം. 2020 ജൂലൈ 17 ന് ആയിരിക്കും പേടകം വിക്ഷേപിക്കുന്നത്. മനുഷ്യനെയുംവഹിച്ചുകൊണ്ടുള്ള ചൊവ്വായാത്രയുടെ സാധ്യതകള്‍ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്കരിച്ച രൂപമാണ് മാര്‍സ് 2020 റോവറിനുള്ളത്. എന്നാല്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ ക്യൂരിയോസിറ്റിയില്‍ ഉള്ളതില്‍ നിന്നും ഏറെ വിഭിന്നമായിരിക്കും 2014 ഏപ്രില്‍ മാസത്തില്‍ പേടകത്തില്‍ സജ്ജീകരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളെ കുറിച്ചുള്ള ധാരണയില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരുന്നു. ഉപകരണങ്ങളുടെ ഡിസൈനിങും നിര്‍മാണവും നാസയുടെ കീഴിലുള്ള ജെറ്റ്പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് നിര്‍വഹിക്കുന്നത്. ചൊവ്വയില്‍ നിന്നും 31 തരം പാറകളുടെ സാംപിളും ചൊവ്വ ധൂളിയും ഭൂമിയിലെത്തിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തുന്നതിന് ഈ ദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
• രൂപകല്‍പ്പന:
നാസയുടെ ക്യൂരിയോസിറ്റി റോവറുമായി വളരെ അടുത്ത സാദൃശ്യമുണ്ട് മാര്‍സ് 2020Perseverance റോവറിന്. ക്യൂരിയോസിറ്റിയിലുപയോഗിച്ച സ്കൈ ക്രെയിന്‍ ലാന്‍ഡിങ് സിസ്റ്റവും ഹീറ്റ് ഷീല്‍ഡും പുതിയ ദൗത്യത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ക്യൂരിയോസിറ്റിയിലുള്ള റേഡിയോ ഐസോടോപ്പ് തെര്‍മോ ഇലക്ട്രിക് ജനറേറ്ററും പുതിയ പേടകത്തിലുണ്ടായിരിക്കും. എഞ്ചിനീയറിങ് വിഭാഗത്തിലും ശാസ്ത്രീയ ഉപകരണങ്ങളുടെ കാര്യത്തിലും മാത്രമാണ് വ്യത്യാസമുള്ളത്. 250 കോടി യു എസ് ഡോളറാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.
• ശാസ്ത്രീയ ഉപകരണങ്ങള്‍
. മാസ്കാം :
സൂം ചെയ്യാവുന്ന സ്റ്റീരിയോസ്കോപിക് ക്യാമറ. ചൊവ്വയുടെ മണ്ണിന്റെ ധാതുഘടന പരിശോധിക്കുന്നതിനും ഈ ഉപകരണത്തിന് കഴിയും.
• സൂപ്പര്‍ കാം:
ചൊവ്വാ ധൂളിയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ഉപകരണം.
• പിക്സല്‍ (പ്ലാനറ്ററി ഇന്‍സ്ട്രമെന്റ് ഫോര്‍ എക്സ്-റെ ലിത്തോകെമിസ്ട്രി-PIXL) :
ചൊവ്വാധൂളിയിലിടങ്ങിയിട്ടുള്ള രാസമൂലകങ്ങളുടെ അനുപാതം പരിശോധിക്കുന്നതിനുള്ള സ്പെട്രോമീറ്ററാണിത്.
• ഷെര്‍ലോക് (സ്കാനിങ് ഹാബിറ്റബിള്‍ എന്വിറോണ്മെന്റ്സ് വിത്ത് രാമന് ആന്റ് ലൂമിനസെന്‍സ് ഫോര്‍ ഓര്‍ഗാനിക്സ് ആന്റ് കെമിക്കല്‍സ്- SHERLOC) :
ചൊവ്വാ ധൂളിയുടെ ധാതുഘടനയും ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്ദ്രതയും കണ്ടെത്തുന്നതിനുള്ള ഒരു അള്‍ട്രാവയലറ്റ് രാമന് സ്പെക്ട്രോമീറ്ററാണിത്.
• മോക്സി (മാര്‍സ് ഓക്സിജന്‍ ഐഎസ്ആര്‍യു എക്സ്പെരിമെന്റ്-MOXIE) :
ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് വാതകത്തില്‍നിന്ന് ഓക്സിജന്‍ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷണം
• മെഡ (മാര്‍സ് എന്വിറോണ്മെന്റല് ഡൈനമിക്സ് അനലൈസര്‍ – MEDA) :
ചൊവ്വയുടെ അന്തരീക്ഷ താപനില, കാറ്റിന്റെ വേഗതയും ദിശയും വാതക മര്‍ദം, ആപേക്ഷിക ആര്‍ദ്രത, ധൂളിയുടെ ആകൃതിയും വലിപ്പവും എന്നിവ കണ്ടെത്തുന്നതിനുള്ള സെന്സറുകളാണിത്.
• റിംഫാക്സ് (റഡാര്‍ ഇമേജര്‍ ഫോര്‍ മാര്‍സ് സബ്സര്‍ഫസ് എക്സ്പെരിമെന്റ്- RIMFAX) :
ഗ്രഹോപരിതലം തുളച്ചുകടന്ന് പരിശോധിക്കുന്നതിനുള്ള റഡാര്‍ സംവിധാനം.
നാസയുടെ ചൊവ്വാ പര്യവേഷണ പദ്ധതിയുടെ ഭാഗമായ ഓപ്പര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ റോവറുകള്‍ക്കും ഒഡീസി, എം ആര് ഒ, മാവെന് എന്നീ ഓര്ബിറ്ററുകള്ക്കും ശേഷമുള്ള സുപ്രധാന ദൗത്യമാണ് മാര്‍സ് 2020 Perseverance റോവര്‍.
സാബു ജോസ്

133 കാഴ്ച