മധുരപ്പതിനേഴ്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നമുക്കൊരു
പതിനേഴുകാരിയെ വരയ്ക്കാം.
തളിർത്ത
കാടുപോലൊരു
പതിനേഴുകാരി.
തിളങ്ങുന്ന കണ്ണ് ,
കരിമഷിയെഴുതിയത് .
നെറ്റിയിലേ-
ക്കൂർന്നു വീണോരു
ചുരുൾമുടി .
തിളങ്ങുന്ന
വയലറ്റ് ബ്ലൗസ് ,
ചുവന്ന പട്ടുപാവാട .
ചുണ്ടിലൊരു
മൂളിപ്പാട്ട് .
കണ്ണിലൊരു
കടലോളം സ്വപ്നങ്ങൾ .
സ്വർണ്ണ നിറമാർന്ന
കണങ്കാലിൽ
ഒരു വെള്ളിപ്പാദസ്വരം.
ഒരു നൃത്തച്ചുവട് .
നിങ്ങളിപ്പോൾ പറയും
വൗ , എന്തൊരു മൊഞ്ചത്തിയെന്ന് ,
കൈയിലൊരു
റോസാപ്പൂ കൂടി
വരച്ചുകൂടെയെന്ന് .
നിങ്ങൾക്ക് നേരേ
നീട്ടിപ്പിടിച്ചിരിക്കുന്നോരു
ചുവന്ന റോസാപ്പൂ ,
ഇതളുകളിൽ
മഞ്ഞുകണങ്ങളിറ്റു വീഴുന്നത് .
ഇല്ല , ഇവൾക്കത്
പിടിക്കാനാവില്ല .
കയ്യിലൊരു കുഞ്ഞുണ്ട്,
വിധവയാണവൾ .
കവിളത്ത്
രണ്ട് കണ്ണുനീർച്ചാലുകൂടി
നമുക്ക് വരച്ച് ചേർത്തേക്കാം .
ലാലു കെ ആർ

211 കാഴ്ച