മത രാഹിത്യത്തെ കുറിച്ച് വിശ്വാസികളുടെ ചോദ്യത്തിന് ജസ്ല മാടശ്ശേരിയുടെ മറുപടി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇസ്ലാം മതം ഉപേക്ഷിച്ച ജസ്ല മാടശ്ശേരി എന്നും മത വിശ്വാസികളുടെ കണ്ണിലെ കരടാണു്. ഇപ്പോൾ ടിക്ക് ടോക്ക് വീഡിയോയിൽ ഒരു മാപ്പിള പാട്ടിന് ടിക്ക് ടോക്ക് ചെയ്തതാണു് മതവിശ്വാസികളെ ചൊടിപ്പിച്ചത്… മത വിശ്വാസി അല്ലാത്ത നിന്റെ ശവശരീരം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയുമായി പുതിയ ഫെയ്സ് ബുക്ക് പോസ്റ്റിൽ അവർ കുറിക്കുന്നു..

വിശ്വാസിയുടെ സംശയങ്ങൾ.

മതവും ജാതിയുമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ലന്നു് അടി ഉറച്ച് വിശ്വസിക്കുന്നവരാണു് വിശ്വാസികൾ. മതം ഇല്ലങ്കിൽ നിങ്ങളുടെ ദൈവം ഏതാണു്.? നിങ്ങൾ ആരോട് പ്രാർഥിക്കും.? നിങ്ങൾ ആരെ അനുസരിക്കും.? നിങ്ങൾ തോന്നിയപോലെ നടക്കുമോ.? അങ്ങനെ, അങ്ങനെ നിങ്ങളുടെ മരണത്തിന് ശേഷം “ആത്മാവ് ” എങ്ങോട്ടു് പോകും.? ശരീരം എവിടെ അടക്കും. അങ്ങനെ പലതുമുണ്ടു് സംശയങ്ങൾ വിശ്വാസിക്ക്.

ഒരു വിശ്വാസിയുടേയും മതം തിരഞ്ഞെടുത്തത് പ്രത്യേക മതപരിവർത്തനം ഒഴിച്ച് ആ വ്യക്തിയല്ല. മതം പ്രത്യുൽപ്പാദനം വഴി വ്യാപിക്കുന്ന ഒന്നാണു്, നിങ്ങളുടെ മതം നിങ്ങളുടെ മാതാപിതാക്കൾ വഴി നിങ്ങൾക്ക് കിട്ടിയ പകർച്ചവ്യാഥിയാണു്.. അത് നിങ്ങളുടേതല്ല, അത് നിങ്ങൾ തിരഞ്ഞെടുത്തതുമല്ല.. നിങ്ങളുടെ ശരീരത്തിലെ അവയവം അല്ലാത്തതിനാൽ അത് എപ്പോഴും നിങ്ങൾക്ക് ഉപേക്ഷിക്കാം.

മനുഷ്യത്വമാണു് എന്റെ മതം “മനുഷ്യാണാം മനുഷ്യത്വം ജാതി” എന്നു് പറഞ്ഞതു് ശ്രീ നാരായണ ഗുരുവാണു്.. ഞാനാല്ല.. ഇന്നു് ഗുരു പോലും ഒരു മതത്തിന്റെയും ജാതിയുടേയും വക്താവാക്കി പിൻഗാമികൾ കൊണ്ടു നടക്കുന്നുണ്ടങ്കിൽ ശ്രീനാരായണ ഗുരു പോലും മതത്തേയും ജാതിയേയും നിരാകരിക്കുന്നുണ്ടു്.. യുക്തിവാദിയായ സഹോദരൻ അയ്യപ്പൻ ഗുരുവിന്റെ ശിഷ്യനും, ചില കാര്യങ്ങളിൽ ഗുരുവും കൂടിയായിരുന്നു.. അതു് ഗുരുവിന്റെ വരെ ചിന്തകളേയും പ്രവർത്തികളേയും വരെ സ്വാധീനിച്ചുമിരുന്നു..

ഗുരു തുടർന്ന് പറയുന്നുണ്ടു്.

“നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു”. “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.”

ഗുരുവിന്റെ ശിഷ്യന്റെ അമ്മ മരിക്കുമ്പോൾ അവിടെ എത്തിയ ഗുരുവിനോട് അവിടുത്തെ കര പ്രമാണിമാർ ചോദിക്കുന്നുണ്ടു്.. അല്ല നാണുവേ, നീ നിന്റെ ശിഷ്യന്റെ അമ്മയുടെ ശവശരീരം എന്തു് ചെയ്യാനാണു് ഉപദേശിക്കുക.?

അതിന് ഗുരു പറഞ്ഞ മറുപടി ഇതാണ്.. ഒരു ചക്ക് കിട്ടിയാൽ (എണ്ണയാട്ടുന്ന കല്ല്) അതിലിട്ട് ആട്ടി, നല്ലതു് വല്ലതും ഉണ്ടങ്കിൽ എടുത്ത ശേഷം ബാക്കി തെങ്ങിന് വളമാക്കാം എന്നാണു്.

തന്റെ മൃതദേഹം അടക്കുന്നതിനെ കുറിച്ചും ഗുരു പറഞ്ഞതു് ഇതാണു്.. ” എന്റെ ശവശരീരം എന്തു ചെയ്യണമെന്ന് എനിക്ക് ഒരു വേവലാതിയും ഇല്ല, കഴിയുമെങ്കിൽ അതൊരു വഴിവക്കിൽ അടക്കം ചെയ്യണം.. അതിലെ ചാരത്തിന് മുകളിൽ ഒരു പുന്നമരം നടണം.. ആ പുന്ന വലുതായി വഴിയാത്രക്കാർക്ക് തണലും, അതിലെ പുന്നയ്ക്കാ ആട്ടിയാൽ കിട്ടുന്ന എണ്ണ കൊണ്ട് അവിടൊരു വിളക്കും കൊളുത്താം.. വെട്ടവും തണലും ഉണ്ടാവട്ടെ എന്നാണു്.

മതത്തിലും ജാതിയിലും പെടാതെ മനുഷ്യത്വം എന്ന മതം സ്വീകരിച്ചാൽ നിങ്ങൾക്കും മനുഷ്യനായി ജീവിക്കാം. ജാതിയും മതവും ഇല്ലാതെ ജീവിച്ചാൽ നിങ്ങൾ ഇന്ന് ചോദിക്കുന്ന പല പൊട്ടച്ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും. അല്ലാത്ത പക്ഷം, ചോദ്യങ്ങളുടെ യുക്തി നിങ്ങളുടെ ബുദ്ധിയ്ക്ക് ഉൾക്കൊള്ളാനാവാതെ കഥകളിലും, മിത്തുകളിലും വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.

 338 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo