അച്യുതാനന്ദനെ ഏറ്റവും വലിയ ഹീറോ ആയും വിജയനെ ഏറ്റവും വലിയ വില്ലനായും മാദ്ധ്യമങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നിങ്ങൾ ഒാർക്കുന്നില്ലേ? വി.എസ് അച്യുതാനന്ദനെ ഏറ്റവും വലിയ ഹീറോ ആയും പിണറായി വിജയനെ ഏറ്റവും വലിയ വില്ലനായും മാദ്ധ്യമങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വിജയനെ ജീവനോടെ ദഹിപ്പിക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്.

ഒരു കള്ളക്കേസിന്റെ ചുവടുപിടിച്ചായിരുന്നു വേട്ടകൾ മുഴുവനും. പത്രങ്ങൾ ലാവ്ലിനെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളെഴുതി. ചാനൽ ചർച്ചകൾ കൊഴുത്തു. പിണറായി അക്ഷന്തവ്യമായ കുറ്റംചെയ്തുവെന്ന് നാടായ നാടുമുഴുവനും വിധിയെഴുതി. ഒരു സാധാരണ മനുഷ്യന് സഹിക്കാൻ കഴിയുന്ന അധിക്ഷേപത്തിന്റെ പരിധികളെല്ലാം ലംഘിക്കപ്പെട്ടു.

അവസാനം എന്താണ് സംഭവിച്ചത്? പിണറായി നിരപരാധിയാണെന്ന് തെളിഞ്ഞു. പക്ഷേ അദ്ദേഹത്തെ ചില ആളുകൾ ഇപ്പോഴും വിളിക്കുന്നത് ‘ലാവ്ലിൻ കള്ളൻ’ എന്നാണ് ! ആ നുണ പലരുടെയും മനസ്സുകളിൽ മായ്ക്കാനാവാത്തവിധം പതിഞ്ഞുപോയി. മരണംവരെ മാറില്ല അത്. കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഒരു കള്ളം നൂറുതവണ കേട്ടാൽ അത് സത്യമായി അനുഭവപ്പെടുമല്ലോ. അങ്ങനെ നോക്കുമ്പോൾ ഇവിടത്തെ ചില മാദ്ധ്യമങ്ങൾ പിണറായിയോട് ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണ്.

ഇത്രയൊക്കെ അനുഭവിച്ചിട്ടും പിണറായി ഒരിഞ്ചുപോലും മാറിയില്ല എന്നത് അവിശ്വസനീയമാണ്. വിശേഷിച്ചും ഒരു പൊതുപ്രവർത്തകന് ഇമേജ് പരമപ്രധാനമാണ് എന്നത് കണക്കിലെടുക്കുമ്പോൾ. പിണറായിയുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ മാദ്ധ്യമങ്ങളെ പിണക്കാതിരിക്കുന്നതിൽ ശ്രദ്ധചെലുത്തുമായിരുന്നു.

പിണറായി അത് ചെയ്തില്ല. പലപ്പോഴും കുറിയ്ക്കുകൊള്ളുന്ന മറുപടികൾ നൽകി ജേണലിസ്റ്റുകളുടെ അപ്രീതി സമ്പാദിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളുടെ കാരുണ്യത്തിൽ ജനകീയരായി തുടരുന്ന നേതാക്കൾ ഒത്തിരിയുള്ള നാടാണ് ഇത് എന്ന് ഒാർക്കണം. അപ്പോഴാണ് ഒരു മനുഷ്യൻ ഒന്നിനെയും കൂസാതെ ഇപ്രകാരം മുന്നോട്ടുപോയത് !

അങ്ങനെയുള്ള പിണറായി വിജയനെയാണ് ചിലർ ‘പി.ആർ വിജയൻ’ എന്നൊക്കെ പരിഹസിച്ചത്. കൊറോണക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മറ്റൊരു തലത്തിലെത്തി എന്നത് സത്യംതന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു അത്. നമ്മുടെ മുഖ്യമന്ത്രി കുറുക്കുവഴികളെ ആശ്രയിച്ചിട്ടില്ല.

ലോകം മുഴുവൻ വാഴ്ത്തുന്ന കേരളാ മോഡലിന്റെ ക്രെഡിറ്റ് പിണറായി വിജയൻ ഏറ്റെടുത്തിട്ടില്ല. പൊങ്ങച്ചം പറയാൻ പത്രസമ്മേളനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന് തിരിച്ചുകിട്ടുന്നത് എന്താണ്? മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് വരെ അപവാദങ്ങൾ പുലമ്പുന്നു. തെളിവ് ചോദിച്ചാൽ വിയറ്റ്നാം കോളനിയിലെ ശങ്കരാടിയെപ്പോലെ കൈരേഖ പ്രദർശിപ്പിക്കും!

മുഖ്യമന്ത്രിയുടെ ഏറ്റവും അവസാനത്തെ പത്രസമ്മേളനം കണ്ടില്ലേ? അത്ര ശുഭകരമല്ലാത്ത കുറേ വിവരങ്ങൾ പങ്കുവെയ്ക്കാനാണ് അദ്ദേഹം എത്തിയത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനും ആരോഗ്യപ്രവർത്തകയ്ക്കും കൊറോണ സ്ഥിരീകരിച്ച ദിനമായിരുന്നു. രോഗമുക്തി നേടിയത് ഒരേയൊരാൾ മാത്രമായിരുന്നു. ഇവയ്­­ക്കുപുറമെ ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.

എന്നാൽ ആ മുറിയിൽ സമ്മേളിച്ചിരുന്ന പത്രപ്രവർത്തകർ കൊറോണയെക്കുറിച്ചോ സംസ്ഥാനത്തിന്റെ സ്ഥിതിയെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ല. പിണറായി വിജയനെ കുടുക്കാൻ വല്ല പഴുതും കിട്ടുമോ എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മുഖ്യമന്ത്രിയെ പറഞ്ഞുതീർക്കാൻ പോലും അനുവദിക്കാതെ ഇടപെടുന്ന കാഴ്ച്ച ഒന്നിലേറെത്തവണ കണ്ടു. സൗമ്യതയുടെ ആൾരൂപമായ ശൈലജ ടീച്ചറുടെ മുഖത്തുവരെ നീരസം പ്രകടമായിരുന്നു.

മകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ഉത്തരം ഇതായിരുന്നു-

”എനിക്ക് ഈ കാര്യത്തിലൊന്നും ഒരുതരത്തിലുമുള്ള ആശങ്കയില്ല.മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ.ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ഇനി­യങ്ങോട്ടുമുള്ളതും ആ ധൈര്യമാണ്. അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ….”

മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ച് ദുഃസ്സൂചനകൾ ഉന്നയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു-

”പറഞ്ഞവർ അത് കണ്ടെത്തട്ടെ.അവരുടെ ശീലംവെച്ച് മറ്റുള്ളവരെ അളക്കാൻ പുറപ്പെടരുത്. ആ ശീലത്തോടെ വളർന്നുവന്നവനല്ല ഇവിടെയിരിക്കുന്നത്….!”

ശരിക്കും അളന്നുമുറിച്ചുള്ള സംസാരം.തപ്പിത്തടയുന്നില്ല.”ബ്ബ ബ്ബ ബ്ബ” പറയുന്നില്ല. കുറ്റം ചെയ്യാത്ത മനുഷ്യൻ പ്രകടിപ്പിക്കുന്ന അനന്തമായ ആത്മവിശ്വാസം!

മകളെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും അദ്ദേഹം സമചിത്തത വെടിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. തന്നെ ഇവിടംവരെയെത്തിച്ച പ്രസ്ഥാനത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് ആ സ്വരം അൽപമൊന്ന് ഉയർന്നുകണ്ടത്. ഇപ്പോഴും മാദ്ധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല.നിങ്ങളിൽ ‘ചിലരുടെ’ മനോഭാവം ശരിയല്ല എന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. തന്നെ വേട്ടയാടുകയാണ് എന്ന അഭിപ്രായവും പിണറായി വിജയനില്ല.

പ്രസ്മീറ്റിലെ ചോദ്യങ്ങൾക്കെല്ലാം മുഖ്യമന്ത്രി തീപ്പൊരി മറുപടികൾ നൽകിയപ്പോൾ കുറച്ചുനേരത്തേക്ക് അവിടെ നിശബ്ദത പരന്നിരുന്നു. പിൻഡ്രോപ് സൈലൻസ് തന്നെ! ”ചോദിക്ക് ചോദിക്ക്…” എന്ന് പറഞ്ഞ് അതിനെ ഭേദിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു.

നമ്മുടെ അഭിമാനമായ പിണറായി വിജയനുനേരെ ഇല്ലാത്ത ആരോപണങ്ങൾ തൊടുത്തുവിടുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയാവും. ഒടുവിൽ അവശേഷിക്കുന്നത് നിസ്സഹായതയുടെ നിശബ്ദത മാത്രമാവും…

– സന്ദീപ് ദാസ്‌

 297 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo