വയനാട് ജില്ലയിൽ മൾട്ടി സ്പെഷ്യാലിറ്റി ടെലിമെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്തു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ (കെ.ജി.എം.ഒ.എ.) ആഭിമുഖ്യത്തിൽ വിവിധ സ്പെഷ്യാലിറ്റികളുടെ പങ്കാളിത്തത്തോടെ വയനാടു ജില്ലയിൽ ‘കൂടെ’ എന്ന പേരിൽ വിപുലമായ ടെലി മെഡിസിൻ സംവിധാനം ഒരുങ്ങി. ഇതാദ്യമായാണ് വയനാട് ജില്ലയിൽ സ്പെഷ്യാലിറ്റി കൺസൾട്ടേഷനും ജനറൽ കൺസൾട്ടേഷനും സൗകര്യമൊരുക്കുന്ന ഒരു ടെലി മെഡിസിൻ സംവിധാനം നിലവിൽ വരുന്നത്.. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള , ടെലി മെഡിസിന്റെ പേരു സൂചിപ്പിക്കുന്ന പോസ്റ്റർ കെ.ജി.എം.ഒ.എ. പ്രസിഡൻറ് ഡോ.കർണ്ണന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കളക്ട്രേറ്റിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ഡി.എം.ഒ. ഡോ. ആർ. രേണുക, ഡി.പി.എം. ഡോ.അഭിലാഷ്, കെ.ജി.എം.ഒ.എ. സെക്രട്ടറി ഡോ.ജോസ്റ്റിൻ ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു….

‘കൂടെ’ എന്ന ടെലി മെഡിസിൻ സംവിധാനത്തിന്റെ കാലിക പ്രസക്തിയെന്താണ്?

കെ.ജി.എം.ഒ.എ. സെക്രട്ടറി ഡോ.ജോസ്റ്റിൻ ഫ്രാൻസീസ് വിശദീകരിക്കുന്നു

കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവശ്രദ്ധ പതിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ നാം വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് കോവിഡ് ഇതര രോഗികളുടെ ആരോഗ്യപരിപാലനം. ഒരു വിഭാഗം രോഗികളെങ്കിലും കോവിഡ് ഭീതി മൂലം ആശുപത്രികളെ സമീപിക്കാൻ മടിക്കുന്നു. ലോക്ഡൗണിന്റെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും താമസംവിനാ ലോക് ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കോവിഡ് ഇതര രോഗികൾ ആശുപത്രികളിലേക്ക് കൂട്ടമായി എത്തുകയും ഇത് കോവിഡ് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യാം എന്ന സാധ്യത വിദൂരമല്ല.. കൂടാതെ ആശുപത്രികളെ പ്രധാനമായും ആശ്രയിക്കുന്നത് ജീവിത ശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരും ഹൃദ്‌രോഗികളുമൊക്കെയാണ്. ഇവർക്ക് കോവിഡ് രോഗബാധയുണ്ടായാൽ മരണ നിരക്കു കൂടുതലായിരിക്കും എന്ന വസ്തുത കൂടി നാം പരിഗണിക്കണം. ഈ സാഹചര്യത്തിലാണ് ടെലി മെഡിസിൻ പ്രസക്തമാകുന്നത്. ജനങ്ങൾക്ക് വീട്ടിലിരുന്ന് വെറുമൊരു ഫോൺ കോളിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ടെലി മെഡിസിൻ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.

ടെലി മെഡിസിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ടെലി മെഡിസിന്റെ സേവനം ലഭ്യമാകും.

ടെലി മെഡിസിനിൽ ജനറൽ കൺസൾട്ടേഷനും സ്പെഷ്യാലിറ്റി കൺസൾട്ടേഷനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ടെലി മെഡിസിൻ സേവനം ആവശ്യമുള്ളവർ 7994513331 എന്ന നമ്പറിൽ ഫോൺ വിളിച്ച് രജിസ്ട്രർ ചെയ്യണം

രാവിലെ 9 മണി മുതൽ 12 മണി വരെ ഈ നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യാം

രോഗവിവരങ്ങൾക്കനുസൃതമായി ഏതു സ്പെഷ്യലിറ്റാണ് കാണേണ്ടത് എന്നു നിശ്ചയിക്കപ്പെടും.

അതിനു ശേഷം അനുയോജ്യമായ സമയത്ത് ഡോക്ടർമാർ രോഗികളെ ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ തിരക്കും.

ചികിത്സയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളും വിവരങ്ങളും രോഗികൾക്ക് ഡോക്ടർ നേരിട്ടു നൽകും.

സ്ഥിരമായി മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നവർക്കും ലഘുവായ രോഗങ്ങളുള്ളവർക്കും മരുന്നു കുറിപ്പടി മെയിലിലോ വാട്ട്സ പ്പിലോ അയച്ചുകൊടുക്കും. ഈ കുറിപ്പടി ഉപയോഗിച്ച് തൊട്ടടുത്ത ഫാർമസിയിൽ നിന്നു മരുന്നുകൾ വാങ്ങാം..

ഗുരുതര രോഗലക്ഷണങ്ങളുള്ളവർക്ക് തുടർ ചികിത്സക്കാവശ്യമായ നിർദ്ദേശങ്ങളും വിവരങ്ങളും കൈമാറും…

 252 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo