2012 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗ്രഹമാണെന്നു സംശയിച്ച 2012 VP113 എന്ന ദ്രവ്യപിണ്ഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കാരണമായത്. കാര്‍നഗി ഇന്‍സ്റ്റിറ്റിയൂട്ടിലും, ജെമിനി ഒബ്സര്‍വേറ്ററിയിലും വച്ച് ചാഡ് ട്രജിലോ, സ്കോട്ട് ഷെപേര്‍ഡ് എന്നീ ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 2012 VP 113 എന്ന ദ്രവ്യപിണ്ഡം സൂര്യന്റെ ഏറ്റവും അടുത്തെത്തുമ്പോള്‍ അവ തമ്മിലുള്ള ദൂരം ഏകദേശം 1250 കോടികിലോമീറ്ററാണ്. ഭൂമിക്കും സൂര്യനുമിടയിലുള്ള ശരാശരി ദൂരത്തിന്റെ 80 മടങ്ങ്. ദ്രവ്യപിണ്ഡം സൂര്യനില്‍ നിന്നും ഏറ്റവും അകലെയായിരിക്കുമ്പോള്‍ അവ തമ്മിലുള്ള ദൂരം ഏകദേശം 4790 കോടികിലോമീറ്ററാകും. കുയ്പര്‍ ബെല്‍റ്റിലുള്ള ദ്രവ്യപിണ്ഡങ്ങളുടെ പരിക്രമണം ഇത്തരം അതിദീര്‍ഘ വൃത്തപഥത്തിലാണ് കാണപ്പെടുന്നത്. 2003 ല്‍ കണ്ടെത്തിയ സെഡ്നയും എറിസുമെല്ലാം ഇത്തരം ദ്രവ്യപിണ്ഡങ്ങളാണ്. എന്നാല്‍ ഇവക്കൊന്നും ഗ്രഹപദവിയില്ല. പ്ലൂട്ടോയിഡുകള്‍ എന്നോ കുള്ളന്‍ ഗ്രഹങ്ങള്‍ എന്നോ ആണ് ഇവയെ വിളിക്കുന്നത്. ഗ്രഹപദവി ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. അതുപ്രകാരം അവയ്ക്ക് ഗോളാകൃതി പ്രാപിക്കാന്‍ തക്ക പിണ്ഡമുണ്ടായിരിക്കണം. സൂര്യനും ചുറ്റുമുള്ള പരിക്രമണ പഥത്തില്‍ മറ്റു ഗ്രഹങ്ങളുടെ പരിക്രമണപഥം മുറിച്ചുകടക്കരുത്. സൂര്യനെയല്ലാതെ മറ്റു ദ്രവ്യപിണ്ഡങ്ങളെ വലം വയ്ക്കരുത് എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്‍ കുയ്പര്‍ ബെല്‍ട്ടിലെ പിണ്ഡങ്ങള് പരസ്പരം ഭ്രമണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ അവയെ ഗ്രഹങ്ങളായി പരിഗണിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ ദ്രവ്യപിണ്ഡം ഈ നിബന്ധനകളെല്ലാം അംഗീകരിക്കുന്നുണ്ട്.
കുയ്പര്‍ ബെല്‍ട്ടിലെ ദ്രവ്യപിണ്ഡങ്ങളുടെ അസാധാരണ ഗുരുത്വ ചലനങ്ങളാണ് പുതിയൊരു ഗ്രഹത്തിന്റെ സാന്നിധ്യം സംശയിക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. കാള്‍ടെക്കിലെ ജ്യോതിശാസ്ത്രജ്ഞരായ മൈക്ക് ബ്രൗണ്‍, കോണ്സ്റ്റാന്റിന് ബാറ്റിജിന്‍ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ആസ്ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 ല്‍ പ്ലൂട്ടോയെ കുള്ളന്‍ഗ്രഹമായി പുനര്‍നിര്‍വചിച്ച് അതിന്റെ ഗ്രഹപദവി നഷ്ടമാക്കിയ ശാസ്ത്രസംഘത്തിലെ പ്രമുഖനാണ് മൈക്ക് ബ്രൗണ്‍. 2005 ല്‍ ജ്യോതിശാസ്ത്രജ്ഞനായ യൂജിന്‍ ചിയാങ് മുന്നോട്ടുവച്ച ഒലിഗര്‍ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട് പുതിയ കണ്ടെത്തല്‍. ഗ്രഹരൂപീകരണവുമായി ബന്ധപ്പെട്ടുള്ളതാണ് ഒലിഗര്‍ സിദ്ധാന്തം. സൗരയൂഥത്തിന്റെ പരിണാമ ദശയില്‍ നിരവധി ഗ്രഹ സദൃശ്യപിണ്ഡങ്ങള് (Oligarchs) രൂപപ്പെടുകയും ഗുരുത്വപ്രഭാവങ്ങള് കാരണം സൗരയൂഥത്തിന്റെ അതിര്‍ത്തികളില്‍ സൂര്യനില്‍ നിന്ന് ആയിരം മുതല്‍ പതിനായിരം ആസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെ വരെ വിന്യസിക്കപ്പെട്ടിരിക്കുകയും ചെയ്യാം. ഇവയില്‍ ചിലത് സൂര്യന്റെ ആകര്‍ഷണഫലമായി സൗരയൂഥത്തിനുള്ളില്‍ പ്രവേശിക്കുകയും മറ്റു ഗ്രഹങ്ങളെപ്പോലെ സൂര്യനെ ചുറ്റുകയും ചെയ്യാനിടയുണ്ട്. മറ്റുചിലത് സൂര്യന്റെ ഗുരുത്വാകര്‍ഷണം മറികടന്ന് സ്പേസില്‍ സ്വതന്ത്രമായി അലഞ്ഞുനടക്കുകയും ചെയ്യാനിടയുണ്ട്. വേറെ ചിലതാകട്ടെ കുയ്പര്‍ ബെല്‍റ്റിലും, ഊര്‍ട്ട് മേഘങ്ങളിലും എത്തിപ്പെടാം. സൂര്യനില്‍ നിന്നും ഏകദേശം ഒരു പ്രകാശവര്‍ഷം അകലെയുള്ള പ്രദേശമാണ് ഊര്‍ട്ട് മേഘങ്ങള്‍. ധൂമകേതുക്കളുടെ തറവാടാണ് ഊര്‍ട്ട് മേഘങ്ങള്‍. ഈ മേഖലയിലുള്ള ദ്രവ്യശകലങ്ങളില്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കുയ്പര്‍ ബെല്‍ട്ടിലെ വലിയ ദൂരങ്ങളില്‍ ഉണ്ടാകാനിടയുള്ള ഇത്തരം ദ്രവ്യപിണ്ഡങ്ങളെ തിരഞ്ഞുപിടിക്കുന്നത് ക്ലേശകരമായ ദൗത്യമാണ്. ഇവയുടെ അതിദീര്‍ഘ ഭ്രമണപഥമാണ് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്നത്. ഇപ്പോള്‍ ഗ്രഹമായി സംശയിക്കുന്ന പ്ലാനറ്റ് – 9 നോട് അടുത്ത സാദൃശ്യമുള്ള ആറു ദ്രവ്യപിണ്ഡങ്ങളെങ്കിലും ഈ മേഖലയില്‍ സ്ഥിരീകരണം കാത്തുനില്‍ക്കുന്നുണ്ട്. പൊതുവെ കുയ്പര്‍ ബെല്‍ട്ടിലെ വസ്തുക്കളുടെ ഭ്രമണപഥം സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായ തലത്തിലായിരിക്കുമുള്ളത്. കംപ്യൂട്ടര്‍ സിമുലേഷനുകളും ഗണിത മാതൃകകളും നല്കുന്ന സൂചനകള്‍ പ്ലാനറ്റ് – 9 ഒരു ഗ്രഹമാണെന്നു തന്നെയാണ്. എന്നാല്‍ നേരിട്ടുള്ള നിരീക്ഷണം സാധ്യമാകാത്തത് വലിയ പരിമിതി തന്നെയാണ്. പക്ഷേ യുറാനസ് എന്ന ഗ്രഹത്തിനപ്പുറം മറ്റൊരു ഗ്രഹമുണ്ടെന്ന് കണ്ടെത്തിയത് നേരിട്ടുള്ള നിരീക്ഷണത്തിലൂടെ ആയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. യുറാനസിന്റെ ഭ്രമണത്തിലെ ചാഞ്ചാട്ടം മറ്റൊരു ശക്തമായ ഗുരുത്വക്ഷേത്രത്തിന്റെ സ്വാധീനം കൊണ്ടാണെന്നു മനസ്സിലാക്കിയ അര്‍ബന്‍ ലെ വെറിയിര് എന്ന ഗണിതശാസ്ത്രജ്ഞന് 1846 ല്‍ പുതിയൊരു ഗ്രഹത്തിന്റെ സാന്നിധ്യം പ്രവചിക്കുകയായിരുന്നു. പിന്നീട് ശക്തമായ ദൂരദര്‍ശിനികളുടെ ആവിര്‍ഭാവത്തിനുശേഷം ബെര്‍ലിന്‍ ഒബ്സര്വേറ്ററിയില് വച്ചാണ് നെപ്ട്യൂണ്‍ എന്ന എട്ടാമത്തെ ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്. പ്ലാനറ്റ് – 9 സൂര്യന്റെ ഏറ്റവും അടുത്തെത്തുമ്പോള്‍ ജ്യോതിശാസ്ത്ര നിരീക്ഷണത്തിലൂടെ ഗ്രഹസാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയും. എന്നാല്‍ അകലെയായിരിക്കുമ്പോള്‍ നിരീക്ഷണത്തിന് കെക്ക് ടെന്‍ മീറ്റര്‍ ടെലസ്ക്കോപ്പ് പോലെയുള്ള വലിയ ദൂരദര്‍ശിനികള്‍ ആവശ്യമാണ്. അല്‍മ, വൈസ് മുതലായ ദൂരദര്‍ശിനികള്‍ക്കും ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും. എന്നാല്‍ ഗ്രഹത്തിന്റെ സഞ്ചാരപാത ആകാശത്തിന്റെ വലിയൊരു മേഖലയിലായതുകൊണ്ട് നിരീക്ഷണം അത്ര സുഗമമാവില്ല.
സൗരയൂഥത്തിനു വെളിയിലുളള ഗ്രഹങ്ങളെ തിരയുന്ന ഗവേഷകര്‍ക്ക് ഏറെക്കാലമായി തലവേദനയുണ്ടാക്കിയിരുന്ന ഒരു പ്രഹേളിക കൂടി പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ പരിഹരിക്കുകയാണ്. ഗ്രഹകുടുംബങ്ങളില്‍ ജീവന് ഉദ്ഭവിക്കുന്നതിനും നിലനില്ക്കുന്നതിനും സാധ്യതയുള്ളത് സൂപ്പര്‍ എര്‍ത്ത്-മിനി നെപ്ട്യൂണ്‍ ശ്രേണിയിലുള്ള ഗ്രഹങ്ങളിലാണ്. അതായത് ഭൂമിയുടെയും നെപ്ട്യൂണിന്റെയും ഇടയില്‍ വലിപ്പവും പിണ്ഡവുമുള്ള ഗ്രഹങ്ങളില്‍. ഇത്തരം ഗ്രഹങ്ങള്‍ എല്ലാ ഗ്രഹകുടുംബങ്ങളിലും ഉണ്ടായിരിക്കും. സൗരയൂഥത്തിനു വെളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ ഗ്രഹകുടുംബങ്ങളിലും ഇത്തരം ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സൗരയൂഥത്തില്‍ മാത്രം ഈ ശ്രേണിയില്‍ പെട്ട ഗ്രഹങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണം ദുരൂഹമായിരുന്നു. പുതിയ ഗ്രഹത്തിന്റെ സ്ഥിരീകരണത്തോടുകൂടി ആ പ്രശ്നവും പരിഹരിക്കപ്പെടും.

കുയ്പര്ബെല്ട്ടും നെപ്ട്യൂണിനപ്പുറമുള്ള ഗ്രഹങ്ങളും
1846 ല്‍ നെപ്ട്യൂണ്‍ ഗ്രഹത്തെ കണ്ടെത്തിയതു മുതല്‍ തന്നെ അതിനുമപ്പുറം ഗ്രഹങ്ങളുണ്ടാകാനുള്ള സാധ്യത ജ്യോതിശാസ്ത്രജ്ഞര്‍ സംശയിച്ചിരിന്നു. പെന്സിവല് ലോവല്‍ എന്ന ഗണിതശാസ്ത്രജ്ഞന് പ്ലാനറ്റ് -എക്സ് എന്നൊരു പരികല്പന മുന്നോട്ടു വയ്ക്കുകയുണ്ടായി. യുറാനസ്, നെപ്ട്യൂണ്‍, എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ ഉണ്ടാകുന്ന അപശ്രുതികള്‍ അവയ്ക്കപ്പുറമുള്ള വലിയൊരു ദ്രവ്യപിണ്ഡത്തിന്റെ സാന്നിധ്യത്തിനുള്ള തെളിവാണ്. ലോവലിന്റെ പരികല്പനയുടെ പിന്‍ബലത്തില്‍ 1930 ല്‍ ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടുപിടിച്ചു. 1978 ല്‍ പ്ലൂട്ടോയെ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്ലൂട്ടോയുടെ വലിപ്പത്തെ ചൊല്ലി അന്നുമുതല്‍ തന്നെ തര്‍ക്കവും ഉടലെടുത്തിരുന്നു. 1990 കളില്‍ വോയേജര്‍-2 സ്പേസ്ക്രാഫ്റ്റ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഭീമന് ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ ചാഞ്ചാട്ടമുണ്ടാക്കാനുള്ള ഗുരുത്വബലമൊന്നും പ്ലൂട്ടോയ്ക്കില്ലെന്നു മനസ്സിലായി. 2006 ല്‍ ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന് പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമായി തരം താഴ്ത്തി. ഇതിനിടയില്‍ 2003 ല്‍ കണ്ടെത്തിയ എറിസ്, മേക്കമേക്ക്, സെഡ്ന, ക്വാവാര്, വരുണ, ഹോമേ എന്നിവയെയെല്ലാം ഗ്രഹങ്ങളായി സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ ഗ്രഹനിര്വചന പരിധിയില്‍ വരുന്നവയായിരുന്നില്ല. ഒരു ഗ്രഹം സൂര്യനുചുറ്റുമുള്ള അതിന്റെ പരിക്രമണപാതയില്‍ മറ്റൊരു ദ്രവ്യത്തെയും അനുവദിക്കുകയില്ല എന്ന വളരെ പ്രധാനപ്പെട്ട ഗ്രഹനിര്വചനമാണ് ഇപ്പറഞ്ഞ ദ്രവ്യ പിണ്ഡങ്ങളെല്ലാം ലംഘിക്കുന്നത്. ഇവയില്‍ പലതും പരസ്പരം ഭ്രമണം ചെയ്യുന്നതും കുയ്പര്ബെല്ട്ടിലെ നിരവധി ദ്രവ്യപിണ്ഡങ്ങളില്‍ ചിലതുമാണ്. പ്ലൂട്ടോ ഉള്‍പ്പടെ ഈ മേഖലയില്‍ കാണപ്പെടുന്ന വലിയ ദ്രവ്യപിണ്ഡങ്ങളെ പ്ലൂട്ടോയിഡുകള്‍ അല്ലെങ്കില്‍ കുളളന്‍ ഗ്രഹങ്ങള്‍ എന്നാണുവിളിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള കുള്ളന്‍ ഗ്രഹങ്ങളില്‍ ഏറ്റവും വലുത് പ്ലൂട്ടോയാണ്. എന്നാല്‍ പിണ്ഡം കൂടുതലുള്ളത് എറിസിനാണ്.
കുള്ളന്‍ ഗ്രഹങ്ങള്‍ ഉള്‍പ്പടെ നെപ്ട്യൂണിനപ്പുറം കുയ്പര്‍ ബെല്‍ട്ടിലുള്ള എല്ലാ ദ്രവ്യപിണ്ഡങ്ങളെയും ചേര്‍ത്ത് ട്രാന്‍സ് നെപ്ട്യൂണിയന് ഒബ്ജക്ട്സ് എന്ന ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൂര്യനില്‍ നിന്നും 30 ആസ്ട്രോണമിക്കല്‍ യൂണിറ്റിനും 50 ആസ്ട്രോണമിക്കല്‍ യൂണിറ്റിനും ഇടയിലുള്ള വിശാലമായ മേഖലയാണ് കുയ്പര്‍ബെല്‍ട്ട്. 1949 ല്‍ ജെറാര്‍ഡ് കുയ്പര്‍ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇത്തരമൊരു പ്രദേശം സൗരയൂഥത്തിലുണ്ടെന്ന് കണ്ടെത്തിയത്. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും, ഗ്രഹ സദൃശ്യവസ്തുക്കളും, കുള്ളന്‍ ഗ്രഹങ്ങളും, ധൂമകേതുക്കളും ഉള്ള മേഖലയാണിത്. ഇപ്പോള്‍ ഗ്രഹമാണെന്നു സംശയിക്കുന്ന പ്ലാനറ്റ് – 9 ഉം ഈ മേഖലയിലാണുള്ളത്. യുറാനസിന്റെയും നെപ്ട്യൂണിന്റെയും ഭ്രമണപഥത്തില്‍ ചാഞ്ചാട്ടം വരുത്താന്‍ കഴിയുന്ന തരത്തിലുള്ള ഗുരുത്വബലം ഈ വലിയ ഗോളത്തിനുണ്ട്. മറ്റു ട്രാന്‍സ് നെപ്ട്യൂണിയന് പിണ്ഡങ്ങളുടെ പാതയില്‍ നിന്നു വ്യത്യസ്തമായി ചരിവുള്ള ഭ്രമണപഥമായതുകൊണ്ട് ഈ ദ്രവ്യപിണ്ഡത്തിന്റെ പാതയില്‍ മറ്റു തടസ്സങ്ങളുമില്ല. ഗ്രഹനിര്വചനത്തിന് എന്തുകൊണ്ടും അനുയോജ്യമാണെന്നര്ത്ഥം.
സാബു ജോസ്

296 കാഴ്ച