പാൻഡെമിക്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പാൻഡെമിക് പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും പാൻഡെമിക്കുകൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്സ് പാൻഡെമിക്, H1N1 പാൻഡെമിക്, 1918-ലും 2009-ലും ഉണ്ടായ ഫ്ലൂ പാൻഡെമിക്കുകൾ, കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്.

നിർവചനവും ഘട്ടങ്ങളും ലോകമാസകലമോ വളരെ വലിയ ഒരു പ്രദേശത്തെയോ ബാധിക്കുന്നതും അന്താരാഷ്ട്ര അതിർത്തികൾക്കുമപ്പുറം നാശം വിതയ്ക്കുന്നതുമായ പകർച്ചവ്യാധികളെ പാൻഡെമിക്കിന്റെ നിർവചനത്തിൽ പെടുത്താം. ലോകാരോഗ്യ സംഘടന ഇൻഫ്ലുവൻസ എന്ന രോഗം ആദ്യത്തെ ചില രോഗബാധകളിൽ നിന്ന് പാൻഡെമിക് എന്ന അവസ്ഥയിലേയ്ക്ക് മാറുന്നതിന്റെ ആറു ഘട്ടങ്ങൾ തരം തിരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്. വൈറസ് പ്രധാനമായും മൃഗങ്ങളെ ബാധിക്കുന്നതാണ് ആദ്യ ഘട്ടം, ഇപ്പോൾ ചില മനുഷ്യർക്ക് മൃഗങ്ങളിൽ നിന്ന് രോഗബാധയുണ്ടാകും. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരാൻ തുടങ്ങും. അസുഖം ലോകവ്യാപകമായി പടരുന്നതാണ് അവസാന ഘട്ടം. കാൻസർ എന്ന അസുഖം ലോകവ്യാപകമായി കാണപ്പെടുകയും ധാരാളം പേർ ഈ അസുഖത്താൽ മരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനെ പാൻഡെമിക് എന്ന ഗണത്തിൽ പെടുത്താനാവില്ല. പകർച്ചവ്യാധി അല്ലാത്തതാണ് കാരണം. പാൻഡെമിക്കുകളെ നേരിടാൻ ഇൻഫ്ലുവൻസ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഡബ്ല്യൂ.എച്ച്.ഒ. 1999ൽ ഒരു രേഖ തയ്യാറാക്കിയിരുന്നു. 2005-ലും 2009-ലും ഈ രേഖ തിരുത്തപ്പെടുകയുമുണ്ടായി. ഈ രേഖയുടെ എല്ലാ എഡിഷനുകളും ഇൻഫ്ലുവൻസയെപ്പറ്റിയാണ് പറയുന്നത്. വിറുലൻസ് (വൈറസിന്റെ പകരാനുള്ള ശേഷി), മോർട്ടാലിറ്റി റേറ്റ് (രോഗബാധിതരുടെ എത്ര ശതമാനം പേർ മരണമടയുന്നു എന്ന നിരക്ക്) എന്ന ഘടകങ്ങളെ ആശ്രയിച്ചാണ് രോഗം പടരുന്നതിന്റെ വിവിധ ഘട്ടങ്ങൾ തരംതിരിക്കപ്പെടുന്നത്. എയിഡ്സ് ഉണ്ടാക്കുന്ന വൈറസായ എച്ച്.ഐ.വി. നിലവിൽ ഒരു പാൻഡമിക് ആണ്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിലും പൂർവ്വ മേഖലയിലും രോഗബാധിതർ ജനസംഖ്യയുറടെ 25% വരും. 2006-ൽ ദക്ഷിണാഫ്രിക്കയിൽ എച്ച്.ഐ.വി. ബാധിതരായ ഗർഭിണികൾ 29.1% ഉണ്ടായിരുന്നു. ആരോഗ്യവിദ്യാഭ്യാസം പല രാജ്യങ്ങളിലെയും രോഗബാധയുടെ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് സഹായിച്ചിട്ടുണ്ട്. ഏഷ്യയിലും അമേരിക്കകളിലും രോഗബാധാനിരക്ക് വർദ്ധിച്ചുവരികയാണ്. 2025-ഓടെ ഇന്ത്യയിൽ 3.1 കോടി ആൾക്കാരും ചൈനയിൽ 1.8 കോടി ആൾക്കാരും ഈ അസുഖത്താൽ മരണമടയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. ആഫ്രിക്കയിൽ എയിഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണം 2025 -ഓടെ 9 കോടി മുതൽ 10 കോടി വരെ ആകാൻ സാധ്യതയുണ്ട്. 2019 ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് 2 ചൈനയിൽ ഹൂബെയ് പ്രവിശ്യയിലെ വൂഹാനിൽ തിരിച്ചറിയപ്പെട്ടത്. ഇരുന്നൂറോളം രാജ്യങ്ങളിലും ടെറിട്ടറികളിലുമായി പകർന്ന കൊറോണവൈറസ് പാൻഡമിക് പ്രധാനമായും പകർന്നു പിടിച്ചത് അമേരിക്കൻ ഐക്യനാടുകൾ, ചൈന, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിലായാണ്. 2020 മാർച്ച് 11-നാണ് ലോകാരോഗ്യസംഘടന 2019–20 കൊറോണവൈറസ് പാൻഡമിക് ആയി പ്രഖ്യാപിച്ചത്. 2020 ഏപ്രിൽ മൂന്നാം തീയ്യതിയിൽ ലഭ്യമായ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ്-19 കാരണമായ മരണസംഖ്യ 55,132-ഉം രോഗമുക്തി നേടിയവരുടെ എണ്ണം 225,335-ഉം ആയിരുന്നു.

ജൈവയുദ്ധതന്ത്രം: 1346-ൽ പ്ലേഗ് ബാധ മൂലം മരിച്ച മംഗോൾ പോരാളികളുടെ ശരീരങ്ങൾ ക്രിമിയയിലെ സൈന്യത്താൽ വളയപ്പെട്ടിരുന്ന കാഫ (ഇപ്പോൾ തിയോഡോഷ്യ) എന്ന നഗരത്തിന്റെ കോട്ടയ്ക്കകത്തേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു. കോട്ടയുടെ ഉപരോധം നീണ്ടുപോയപ്പോൾ കോട്ടയ്ക്കുള്ളിലുള്ളവർക്കും അസുഖം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഈ നടപടി മൂലമാവണം യൂറോപ്പിൽ ബ്ലാക്ക് ഡെത്ത് എത്തിയതെന്ന് കരുതപ്പെടുന്നുണ്ട്. അമേരിക്കൻ ആദിവാസികൾ പഴയലോകത്തുനിന്നുള്ള പര്യവേഷകരുമായി ബന്ധത്തിൽ വന്നതിനുശേഷം മാരക പാൻഡെമിക്കുകൾക്കിരയായ കാര്യം പ്രസ്താവിച്ചിരുന്നുവല്ലോ? ഇതിൽ ഒരു തവണയെങ്കിലും അസുഖമുണ്ടാക്കിയത് ജൈവ യുദ്ധത്തിലൂടെയായിരുന്നു. ബ്രിട്ടീഷ് കമാൻഡർ ജെഫ്രി ആംഹെർസ്റ്റ്, സ്വിസ്സ്-ബ്രിട്ടീഷ് ഓഫീസർ കേണൽ ഹെൻട്രി ബൗക്വെസ്റ്റ് എന്നിവർ വസൂരി രോഗാണുക്കളുള്ള പുതപ്പുകൾ ആദിവാസികൾക്ക് നൽകുകയുണ്ടായി. 1763-ൽ പോണ്ടിയാക്കിന്റെ കലാപം എന്ന യുദ്ധത്തിന്റെ ഭാഗമായായിരുന്നു ഇത് ചെയ്തത്. ഇതുമൂലം ആദിവാസികൾക്ക് രോഗബാധയുണ്ടായോ എന്ന കാര്യം വ്യക്തമല്ല. ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിന്റെ (1937–1945) കാലത്ത് ജപ്പാന്റെ സൈന്യത്തിന്റെ, 731-ആം യൂണിറ്റ് ആയിരക്കണക്കിന് ചൈനക്കാരിൽ ജൈവയുദ്ധപരീക്ഷണങ്ങൾ നടത്തുകയുണ്ടായി. യുദ്ധത്തിൽ ചൈനക്കാർക്കുമേൽ ജൈവായുധങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്ലേഗ് ബാധിച്ച എലിച്ചെള്ളുകൾ, രോഗാനുക്കളുള്ള വസ്തുക്കൾ എന്നിവ വിവിധ ലക്ഷ്യങ്ങൾക്കുമേൽ വിമാനത്തിൽ നിന്ന് വർഷിക്കുകയായിരുന്നു ചെയ്തിരുന്നത്. കോളറ, ആന്തറാക്സ്, പ്ലേഗ് എന്നീ അസുഖങ്ങൾ ബാധിച്ച് നാലുലക്ഷത്തോളം ചൈനക്കാരായ സാധാരണക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ആന്ത്രാക്സ്, എബോള, മാർബർഗ് വൈറസ്, പ്ലേഗ്, കോളറ, ടൈഫസ്, റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ, ടുളറീമിയ, ബ്രൂസല്ലോസിസ്, ക്യു ഫീവർ, മാച്ചുപോ, കോക്സീഡിയോയ്ഡസ് മൈകോസിസ്, ഗ്ലാൻഡേഴ്സ്, മിലിയോയ്ഡോസിസ്, ഷിഗല്ല, സിറ്റക്കോസിസ്, ജാപ്പനീസ് എൻകെഫലൈറ്റിസ് ബി, റിഫ്റ്റ് വാലി ഫീവർ, മഞ്ഞപ്പനി, വസൂരി എന്നീ അസുഖങ്ങൾ ഉപയോഗിച്ചുള്ള ജൈവയുദ്ധം ആവിഷ്കരിക്കുകയോ ആസൂത്രണം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. 1979-ൽ സോവിയറ്റ് യൂണിയനിലെ സ്വെർഡ്ലോവ്സ്ക് (യെകാറ്ററിംഗ്ബർഗ്) എന്ന പട്ടണത്തിൽ യുദ്ധാവശ്യത്തിനായി നിർമിച്ച ആന്തറാക്സ് സ്പോറുകൾ പുറത്തുപോവുകയുണ്ടായി. ഈ സംഭവത്തിനെ ബയോളജിക്കൽ ചെർണോബിൽ എന്ന് വിളിക്കാറുണ്ട്. 1980-കളുടെ അവസാനസമയത്ത് ചൈനയിൽ ഒരു ജൈവയുദ്ധസന്നാഹത്തിൽ ഇത്തരം ചോർച്ചയുണ്ടായിട്ടുള്ളതായി സംശയിക്കുന്നു. രക്തസ്രാവമുണ്ടാക്കുന്ന തരം പനി രണ്ടുതവണ ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്. 2009 ജനുവരിയിൽ അൾജീരിയയിൽ അൽ ക്വൈദ നടത്തിവന്ന ഒരു പരിശീലന പദ്ധതിയിൽ പങ്കെടുത്തിരുന്ന നാല്പതുപേർ പ്ലേഗ് ബാധിച്ച് മരണമടഞ്ഞിരുന്നു. ഇവർ ജൈവ ആയുധങ്ങൾ വികസിപ്പിക്കുകയായിരുന്നു എന്നാണ് ചില വിദഗ്ദ്ധർ കരുതുന്നത്. ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അൾജീരിയൻ ആരോഗ്യ മന്ത്രാലയം ഇത് നിഷേധിക്കുകയുണ്ടായി…

 198 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo