ഹൈഡ്രോക്സിൻ ക്ലോറിക്വിനും ഇന്ത്യയും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഹൈഡ്രോക്‌സി ക്ലോറോക്വിന്

കോവിഡ് പ്രതിരോധത്തിന് അമേരിക്കയിലേയ്ക്ക് ഇന്ത്യ കയറ്റി അയയ്ക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയുടെ നിര്‍മ്മാണത്തിന് പിന്നില്‍ അഭിമാനാര്‍ഹമായ ഒരു ചരിത്രമുണ്ട്. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവായ കല്‍ക്കട്ട പ്രസിഡന്‍സി കോളേജിലെ പി.സി. റേ, 700 രൂപ മുതല്‍ മുടക്കി തുടങ്ങിയ ബംഗാള്‍ കെമിക്കല്‍സാണ് 1934ല്‍ രാജ്യത്ത് ആദ്യമായി ഈ മരുന്ന് നിര്‍മ്മിച്ചത്. മലേറിയയ്ക്ക് ഏറ്റവും ഫലപ്രദമായ മരുന്നെന്ന നിലയില്‍ 2-ാംലോകമഹായുദ്ധകാലത്ത് ഏറെ പ്രചാരവും കിട്ടി. ‘ഇന്ത്യയിലെ ആദ്യ കെമിക്കല്‍ കമ്ബനിയും മരുന്നുനിര്‍മ്മാണ ശാലയുമായിരുന്നു ബംഗാള്‍ കെമിക്കല്‍സ്. പ്രസിഡന്‍സിയില്‍ തനിച്ചു താമസിച്ചിരുന്ന അദ്ദേഹത്തെ സംന്യാസി എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. രസതന്ത്രരംഗത്ത് ഭാരത്തിന്റെ പാരമ്ബര്യം വിവരിക്കുന്ന ഹിന്ദു കെമിസ്ട്രി എന്ന റേയുടെ കൃതി മഹത്തായ രചനയാണെന്ന് ഡോ. എം.എസ് വല്യത്താന്‍ പറഞ്ഞു. കോവിഡ് ചികിത്സയിലോ പ്രതിരോധത്തിലോ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ ഉപയോഗം ശാസ്ത്രീയമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇതൊരു ഗെയിം ചെയ്ഞ്ചറാകും എന്നാണ് യു.എസ്. പ്രസിഡന്റെ് ട്രംപ് പറഞ്ഞത്. വികസിതരാജ്യങ്ങളില്‍ മലേറിയ ഇല്ലാത്തതിനാല്‍ ഈ ഗുളിക ഉത്പാദിപ്പിക്കുന്നില്ല. ലോകത്ത് 70 ശതമാനം ഗുളികയും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. സമീപകാലത്ത് ഗുളികയുടെ കയറ്റുമതി ഇന്ത്യ വിലക്കിയിരുന്നു. സിങ്കോണ എന്ന ചെടിയുടെ തൊലിയുടെ സത്തയായ ക്വിനൈന്‍ അടിസ്ഥാനമാക്കിയാണ് അന്ന് ബംഗാള്‍ കെമിക്കല്‍സ് ക്ലോറോക്വിന്‍ നിര്‍മ്മിച്ചത്. ഇതിന് ബംഗാളിലെ ഡാര്‍ജിലിംഗിലും തമിഴ്‌നാട്ടിലെ ഊട്ടിയിലും ഈസ്റ്റ് ഇന്ത്യാ കമ്ബനി വന്‍തോതില്‍ സിങ്കോണ പ്ലാന്റേഷനുകള്‍ തുടങ്ങി. ഡാര്‍ജിലിംഗില്‍ ഇന്നും 27,000 ഏക്കര്‍ തോട്ടമുണ്ട്. തെക്കേ അമേരിക്കയിലെ പെറുവില്‍ നിന്നെത്തിയതാണ് സിങ്കോണ. ഈ ചെടിയുടെ തൊലിയില്‍ നിന്നുള്ള സത്ത് മലേറിയ മരുന്നാണെന്ന് ലോകത്തോടു പറഞ്ഞത് പെറു ജനതയായ ഇങ്കകളാണ്. ഇങ്കഭാഷയില്‍ സത്തിന് ക്വിനൈന്‍ എന്നാണ് പേര്. ഇത് ഈസ്റ്റിന്ത്യാ കമ്ബനി വഴി ഇന്ത്യയിലെത്തിയപ്പോള്‍ ക്വിന്‍ എന്ന് ചുരുങ്ങി. ‘കേരളത്തില്‍ കൊയിന എന്നാണ് ഈ ചെടിയെ വിളിക്കുന്നത്. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതാണ് കൊയിന ഗുളിക. മലേറിയയ്ക്ക് കൊയിന ഗുളിക കഴിക്കൂ എന്ന് പ്രചാരണം ഏറെക്കാലം ഉണ്ടായിരുന്നു.’ തിരുവനന്തപുരം ആയൂര്‍വേദകോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍ പറഞ്ഞു. ഇംഗ്ലീഷ് മരുന്നു നിര്‍മ്മാണ രീതിയില്‍ ക്വിന്‍ ശുദ്ധി ചെയ്യാന്‍ ക്ലോറിന്‍ ഉപയോഗിച്ചു തുടങ്ങിയതോടെ പേര് ക്ലോറോക്വിന്‍ ആയി. അതിശക്തമായ മരുന്നായതിനാല്‍ ശരീരത്തിലുണ്ടാകുന്ന പ്രതിപ്രവര്‍ത്തനത്തെ തടയാന്‍ മരുന്നിനെ നേര്‍പ്പിക്കേണ്ടി വന്നു. ഇതിനായി ഹൈഡ്രോക്‌സിന്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെ മരുന്നിന്റെ പേര് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന് പരിണമിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ സിങ്കോണ സത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദനമില്ല. സിന്തറ്റിക് അസംസ്‌കൃതവസ്തുവില്‍ നിന്നുള്ള മരുന്നാണ് വിപണിയിലുള്ളത്. ചൈനയാണ് അസംസ്‌കൃതവസ്തുവിന്റെ ആഗോള കുത്തക. ബംഗാള്‍ കെമിക്കല്‍സ് അസംസ്‌കൃതവസ്തു ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഗുളിക നിര്‍മ്മാണം പതിറ്റാണ്ടുകള്‍ക്ക് മുമ്ബേ നിറുത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുളിക നിര്‍മ്മാണം പുനഃരാരംഭിക്കാന്‍ നീക്കമുണ്ട്. സിങ്കോണ തോട്ടമൊക്കെ ഇല്ലാതായെങ്കിലും തമിഴ്‌നാട്ടില്‍ ഇപ്പോഴും സിങ്കോണ എന്ന സ്ഥലപ്പേരും അവിടെ അതേപേരില്‍ പോസ്റ്റോഫീസും ഉണ്ടെന്ന് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് മധുര ഡിവിഷണിലെ ഉന്നത ഉദ്യോഗസ്ഥനായ എം. മോഹന്‍ദാസ് പറഞ്ഞു. കോയമ്ബത്തൂരില്‍ വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള വഴിയിലാണ് പഴയ തോട്ടത്തിന്റെ ഭാഗമായി പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. 642106 എന്ന പിന്‍കോഡില്‍ ഒരു മരുന്നിന്റെ ചരിത്രവും മറഞ്ഞിരിക്കുന്നു.

 199 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo