Batting With Virus

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

(1) ഡ്രാക്കുളയുടെ അകമ്പടിജീവിയായിട്ടാണ് നാം വവ്വാലിനെ(bats) കാണുന്നത്. വവ്വാലില്ലാതെ പ്രേതകഥള്‍ നിര്‍മ്മിക്കുക ഏതാണ്ട് അസാധ്യമാണ് 🙂 നാം അത്ര സാധാരണമായി കാണാറില്ലെങ്കിലും ഭൂമിയിലുള്ള സസ്തനികളുടെ ഏതാണ്ട് 20 ശതമാനം വവ്വാലുകളാണ്. സാമൂഹികജീവിതം വളരെയധികം ആസ്വദിക്കുന്ന ജീവികളാണിവ. വവ്വാല്‍കോളനികളില്‍ ചെല്ലാന്‍ സമീപവാസികള്‍ പോലും താലപര്യപെടാറില്ല. പലരും ഇവറ്റകളെ കൊന്നു തിന്നാറുണ്ട്. ഇന്തോനേഷ്യയിലൊക്കെ ഈ കൊറോണകാലത്തും വവ്വാല്‍ മാംസത്തോട് വലിയ താല്പര്യമാണ് ജനങ്ങള്‍ കാണിക്കുന്നത്.

(2) ഏതാണ്ട് 1200 സ്പീഷിസുകളില്‍ പെട്ട വവ്വാലുകളുണ്ട്. 5 ഗ്രാം മുതല്‍ ഒന്നര കിലോ വരെ ഭാരമുള്ള ഉണ്ട്. മനുഷ്യന് അപകടകരമായ പല വൈറസുകളുടെയും സംഭരണകേന്ദ്രമായി(reservoir) വവ്വാലുകള്‍ പ്രവര്‍ത്തിക്കുന്ന എന്ന വാര്‍ത്തയാണ് കോവിഡ് കാലത്ത് വവ്വാലുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ കാരണം. ഇതുമൂലം പല പുതിയ വൈറസുകളും മനുഷ്യരിലേക്ക് പകരുന്ന അവസ്ഥ ഉണ്ടാകുന്നു. എബോള, സാര്‍സ്, മെര്‍സ്, കോവിഡ് തുടങ്ങിയ വൈറസ് രോഗങ്ങള്‍ വവ്വാല്‍വഴി മനുഷ്യരില്‍ എത്തിയവ ആണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഒന്നുകില്‍ നേരിട്ട് അല്ലെങ്കില്‍ മരപട്ടി, ഇനാംപേച്ചി, ഒട്ടകം, പന്നി തുടങ്ങിയ ഇടനില ജീവികള്‍ വഴി. ഇത്രയും മാരകമായ വൈറസുകളുമായി ജീവിക്കുന്ന വവ്വാലുകള്‍ക്ക് എന്തുകൊണ്ട് രോഗംവരുന്നില്ല എന്ന ചോദ്യമാണ് അവിടെ ഉയരുന്നത്.

(3) മനുഷ്യന് ഹാനികരമായ ഏതാണ്ട്‌ 12 വൈറസുകള്‍ വവ്വാലുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പറക്കുന്ന ഏക സസ്തനമാണല്ലോ വവ്വാലുകള്‍. വലിയ ദൂരം ഒരു സസ്തനം ചിറകടിച്ചു പറക്കുന്നു എന്നു പറയുമ്പോള്‍ അത് വലിയ ആയാസം ഉളവാക്കുന്ന പ്രവര്‍ത്തി തന്നെയാണ്. വൈറസുകള്‍ക്കെതിരെ വവ്വാലുകളെ തുണയ്ക്കുന്നതും അവയുടെ പറക്കല്‍(flight) തന്നെയാണ്. വവ്വാലുകളുടെ കോശങ്ങളിലെ മൈറ്റോകോണ്‍ട്രിയയെ(mitochondria) അമിതമായ പ്രവര്‍ത്തിപ്പിച്ചാണ്‌ പറക്കാനുള്ള ഊര്‍ജ്ജം വവ്വാല്‍ ശേഖരിക്കുന്നത്. പറക്കല്‍ ഉണ്ടാക്കുന്ന ആഘാതം വവ്വാലിന്റെ ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. പറക്കലിന്റെ ആയാസംമൂലം അതിന്റെ കോശങ്ങള്‍ക്കും പ്രോട്ടീന്‍ വ്യവസ്ഥകള്‍ക്കും മാത്രമല്ല കോശാന്തര്‍ഭാഗത്തുള്ള DNA യ്ക്ക് വരെ തകരാര്‍ ഉണ്ടാകാറുണ്ട്. ഇതൊരു നിത്യസംഭവമായതിനാല്‍ പ്രസ്തുത തകരാറുകള്‍ സദാ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള മെക്കനിസം വവ്വാലുകളുടെ ശരീരത്തിലുണ്ട്.

(4) DNA യ്ക്ക് സംഭവിക്കുന്ന ഏതൊരു തകരാറും പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കും. സാധാരണ ഒരു വൈറസ് ബാധയുണ്ടായാല്‍ (infection) ഉണ്ടാകുന്ന അതേ പ്രതികരണം അവിടെയുണ്ടാകും. സാധാരണ നീര്‍വീക്കം(inflammation), തുമ്മല്‍, ചുമ, അലര്‍ജിഎന്നിവയൊക്കെ നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലം ഉണ്ടാകുന്ന ശാരീരിക പ്രവര്‍ത്തനങ്ങളാണ്. നമുക്കിത് വല്ലപ്പോഴുമാണ് ഉണ്ടാകുന്നതെങ്കില്‍ വവ്വാലുകളില്‍ സദാ ഇത്തരം നീര്‍വീക്കങ്ങള്‍പോലുള്ള പ്രതികരണങ്ങള്‍ (inflammatory responses) ഉണ്ടാകാനുള്ള സാഹചര്യമാണ് അതിന്റെ പറക്കല്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ക്ക് പുറത്തുനിന്നുള്ള വൈറസ് ആക്രമണം ഒരു സഥിരാനുഭവത്തിന്റെ തുടര്‍ച്ച പോലെയേ ഉണ്ടാവൂ. സ്വാഭാവികമായും,വൈറസുകളോട് വവ്വാലിന്റെ പ്രതിരോധവ്യവസ്ഥ അമിതസക്രിയതയോ ഉഗ്രപ്രതിരോധമോ കാണിക്കില്ല. സ്വയം വൈറസിന്റെ ബാധയില്‍ നിന്നും രക്ഷിക്കുമെങ്കിലും വൈറസുകളെ കൊല്ലാന്‍ വവ്വാലിന്റെ പ്രതിരോധവ്യവസ്ഥഎപ്പോഴും ശ്രമിക്കാറില്ല. സഹജീവനമാണ് അവിടെ സംഭവിക്കുക.

(5) സാധാരണ സസ്തനികളില്‍ പ്രതിരോധം സക്രിയമാക്കുന്ന സ്റ്റിംഗ് പ്രോട്ടീനുകളുടെ(Sting proteins) ഉത്തേജനം വവ്വാലുകളില്‍ പൊതുവെ ഉദാസീനമാക്കപെട്ട (dampened) അവസ്ഥയിലാണ്. ഇതുമൂലം വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഉണ്ടാകാനിടയുള്ള ഉഗ്രപ്രതിരോധവും സംഘര്‍ഷവും ഒഴിവാക്കുന്നു. സ്റ്റിംഗ് പ്രോട്ടീനുകള്‍(Sting protein) ക്കൊപ്പം അമിതപ്രതികരണത്തിന് ഹേതുവാകുന്ന PYHIN പ്രോട്ടീനുകള്‍ ഉദ്പാദിപ്പിക്കാനുള്ള ജീനുകള്‍ വവ്വാലിന്റെ ജീനോമില്‍ ഇല്ലാത്തതും ഇവിടെ നിര്‍ണ്ണായകമാകുന്നു.

(6) സ്റ്റിംഗ് പ്രോട്ടീനുകളും PTHIN പ്രോട്ടീനുകളും കോശത്തിന് പുറത്ത് നിര്‍വഹിക്കുന്ന ധര്‍മ്മം കോശത്തിനകത്ത് ചെയ്യുന്നവയാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ (intereferon alpha) പ്രോട്ടീനുകള്‍. ഇവ പ്രതിരോധത്തിന് സഹായിക്കുന്ന രാസവസ്തുക്കളെ ഉത്തേജിപ്പിച്ച് (trigger) അധിനിവേശം നടത്തിയ വൈറസ് കോശപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സ്വന്തം കോപ്പികളെടുക്കുന്നത് തടയുന്നു. നമ്മുടെ കോശങ്ങളില്‍ വൈറസ് ആക്രമണം ഉണ്ടാകുന്ന മുറയ്ക്ക് മാത്രമേ ഇവ സക്രിയമാക്കപ്പെടൂ. എന്നാല്‍ വവ്വാലുകളുടെ കോശങ്ങളില്‍ ഈ മെക്കനിസം സദാസമയവും സക്രിയമാണ്. അതുകൊണ്ട് തന്നെ വൈറസ് DNA/RNA യ്ക്ക് വവ്വാല്‍ കോശങ്ങളില്‍വെച്ച് കോപ്പികളെടുക്കാന്‍ തുടക്കത്തില്‍ തന്നെ പ്രതിരോധം നേരിടേണ്ടി വരുന്നു. വീട്ടിലെ വണ്ടിയില്‍ ആശുപത്രിയിലേക്ക് പോകുന്നതും വണ്ടിവിളിച്ച് പോകുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെയുണ്ട്.

(7) മനുഷ്യരുള്‍പ്പടെയുള്ള സസ്തനികളുടെ കോശങ്ങള്‍ക്കുള്ളില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന മറ്റൊരു എന്‍സൈമാണ് റൈബോന്യൂക്ലിയസ്-L(Ribonucleas-L). രോഗണാക്കളുടെ DNA/RNA ശൃംഖല മുറിച്ച് അവയുടെ വ്യാപനം തടയുകയാണ് ഈ എന്‍സൈം ചെയ്യുന്നത്. മനുഷ്യരുടെ കാര്യത്തില്‍ റൈബോന്യൂക്ലിയസ് -L സക്രിയമാക്കാന്‍ നിരവധി ഘട്ടങ്ങള്‍ തരണംചെയ്യേണ്ടതുണ്ട്. വവ്വാലുകളിലാകട്ടെ, അതിലെ ഇന്റര്‍ഫെറോണ്‍ ആല്‍ഫ നേരിട്ട് റൈബോന്യൂക്ലിയാസ് L ന്റെ നിര്‍മ്മാണം ഉത്തേജിപ്പിച്ച് വളരെ പെട്ടെന്ന് അവയെ രംഗത്തിറക്കും. റൈബോ ന്യൂക്ലിയസ്-L ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ അതിന്റെ നിര്‍മ്മാണം തടയാന്‍ ചില വൈറസുകള്‍ക്ക് സാധിക്കാറുണ്ട്(ഉദാഹരണമായി-HIV വൈറസ്) ഞൊടിയിടയില്‍ ഉദ്പാദനം നടക്കുന്നതിനാല്‍ വവ്വാലുകളില്‍ ഇതും നടക്കില്ല. ചുരുക്കത്തില്‍ വൈറസുകളെ അതിജീവിക്കുന്ന കാര്യത്തില്‍ ഈ രണ്ട് പ്രോട്ടീനുകളുടെയും സഹായം ഉടനടി ലഭ്യമാകുന്നത് രോഗപ്രതിരോധ കാര്യത്തില്‍ വവ്വാലുകളെ തുണയ്ക്കുന്നു.

(8) ശത്രുവുമായി രമ്യതപെട്ട് പോകാമെങ്കില്‍ സഹജീവനംപോലും സാധ്യമാണെന്നാണ് ഇവിടെ തെളിയുന്നത്. പക്ഷെ ഇതൊരു വണ്‍വേ ട്രാഫിക്കല്ല. വവ്വാലുകളുടെ ശ്വാസകോശത്തിലും സ്പീളിനിലും കണ്ടുപിടിക്കപെടതെ ഉദാസീനമായി കഴിയാനുള്ള വൈറസുകളുടെ കഴിവിനെക്കുറിച്ചും ഗവേഷകര്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയും കേമന്‍മാരായ വവ്വലുകള്‍ക്ക് എല്ലാത്തരം സൂക്ഷ്മജീവികള്‍ക്കെതിരെയും സമാനമായ പ്രതിരോധം ഇല്ലെന്നതും ശ്രദ്ധേയമാണ്. വവ്വാലുകള്‍ ഉദാസീനമായി കഴിയുന്ന സമയത്ത് (hibernation) അവയെ പലതരം ഫംഗസുകള്‍ ബാധിക്കാറുണ്ട്. വടക്കെ അമേരിക്കയിലെ വവ്വാലുകളുടെ കൂട്ടമരണത്തിലേക്ക് നയിച്ച വൈറ്റ് നോസ് (White nose) രോഗം ഇത്തരത്തിലുള്ള ഒരു ഫംഗസ് ബാധയാണ്. മനുഷ്യര്‍ക്ക് പ്രശ്‌നമില്ലാത്ത പല പതജനുകളും വവ്വാലുകള്‍ക്ക് രോഗമുണ്ടാക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്, തിരിച്ചും.

(9) ചുരുക്കത്തില്‍ കൊറോണ വൈറസുകളെപ്പോലെ ഒരുപിടി രോഗാണുക്കളെയുംപേറി നടക്കാന്‍ വവ്വാല്‍ശരീരം പാകമാണ് എന്നതുകൊണ്ടാണ് അത്തരം വൈറസുകള്‍ കൂടുതലായി അവയുടെ ശരീരത്ത് എത്തിപെടുന്നത്. മനുഷ്യരില്‍ അത് സാധ്യമല്ല. നാം വൈറസുകളുമായി യുദ്ധംചെയ്യും. ഒന്നുകില്‍ നാം അല്ലെങ്കില്‍ അവര്‍. യുദ്ധസമയത്ത് നാം ആശുപത്രിയിലായിരിക്കും.

രവിചന്ദ്രൻ സി

 42 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo