മഴ നനയുന്നവർ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കാട്ടിലെ ഓഫീസിലേക്ക് പുതിയ ജോലി കിട്ടി വന്നത് ഒരു മഴക്കാലത്തായിരുന്നു. കാട്ടിൽ മഴ പെയ്യുകയായിരുന്നില്ല നൃത്തം ചെയ്യുകയായിരുന്നു. നനഞ്ഞു കുളിച്ച കാട്ടുമരങ്ങളോടൊപ്പം ആടിത്തിമിർക്കുന്ന മഴ, ഓരോ നിമിഷവും അത് ഭയാനകമായൊരു ശബ്ദത്തിലേക്ക് ഇരമ്പിയാർത്തു കൊണ്ടിരിക്കും .

ഡിവിഷനോഫീസിലെ ഡി എഫ് ഓയുടെ ക്യാബി നൊഴിച്ച് ബാക്കിയെല്ലാ മുറികളും ചോരുന്നവയായിരുന്നു.
കോമ്പൗണ്ട് വാളുകൾക്കപ്പുറത്ത് തേക്കുമരക്കാടുകളിലൂടെ മഴയിരമ്പി വരുമ്പോഴെ ജീവനക്കാരെല്ലാം ക്യാമ്പ് ഷെഡിലേക്കോടും . നീണ്ട ഇടനാഴിയും ഇരുവശങ്ങളിലായി ഞങ്ങളുടെ ഓരോരുത്തരുടെയും മുറികളുമുള്ള ക്യാമ്പ് ഷെഡ്. ഇടനാഴിയുടെ അങ്ങേയറ്റത്ത് കിച്ചണും ഡൈനിങ്ങ് ഹാളും . രണ്ടു മുറികൾക്ക് കൂടി ഒരു ബാത്റൂമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു മുറിയിൽ നിന്നും ബാത്റൂമിലേക്ക് വാതിലുകളുണ്ട്. അതായത് സഹമുറിയനല്ല , സഹ ബാത്റൂംകാരനാണ് ഓരോരുത്തർക്കുമുണ്ടായിരുന്നത്. ആദിവാസിയായ കുക്ക് ശെൽവനായിരുന്നു എന്റെ സഹ ബാത്റൂം കാരൻ .

താരതമ്യേന ഉന്നതകുലജാതരായ പല ജീവനക്കാർക്കും ശെൽവന്റെ സഹബാത്റൂം കാരനാകാൻ താല്പര്യമില്ലായിരുന്നെന്ന് പിന്നീടാണെനിക്ക് മനസിലായത്. ശെൽവൻ വെക്കുന്ന ഭക്ഷണം കഴിക്കാനും പലർക്കും താല്പര്യമില്ലായിരുന്നെങ്കിലും കാട്ടിൽ മറ്റുവഴിയൊന്നുമില്ലാത്തതുകൊണ്ടും പട്ടിണി കിടക്കാനാവാത്തതുകൊണ്ടും അൽപം നെറ്റി ചുളിച്ചു കൊണ്ടെങ്കിലും അവരെല്ലാം ശെൽവനുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് കാലം കഴിച്ചു പോന്നു .

കിച്ചണിൽ ചെന്ന് ശെൽവനെ സഹായിക്കുകയും സ്നേഹത്തോടെ പെരുമാറുകയുമൊക്കെ ചെയ്തതു കൊണ്ടാവും ചെന്ന് രണ്ടാം ദിവസം തന്നെ ശെൽവനും ഞാനും ആത്മമിത്രങ്ങളായി .

രാത്രി ബാത്റൂമിന്റ വാതിലിൽ ആരോ പതിയെ മുട്ടുന്നത് മഴയുടെ നിറുത്താത്ത ആരവത്തിനിടയിലും ഞാൻ കേട്ടു. വാതിൽ തുറക്കുമ്പോൾ തെല്ല് ജാള്യതയോടെ നിൽക്കുന്ന ശെൽവൻ . ഞാൻ ശെൽവനെ റൂമിലേക്ക് ക്ഷണിച്ചു .

“സാറ് കൂമ കഴിക്കോ ?”

തമിഴ്നാട്ടിലെ വില കുറഞ്ഞ മദ്യത്തെയാണ് കോളനിക്കാര് കൂമയെന്ന് പറയുന്നത്.

കാട്ടിലേക്ക് ജോലിക്കായി വരുമ്പോഴെ ഇനിയൊരിക്കലും മദ്യപിക്കരുതേയെന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടി. ശെൽവന്റെ മുഖത്ത് നിരാശ പടരുന്നത് ഞാൻ കണ്ടു. ആദിവാസിയായ എന്റെ കൂടെ ങ്ങള് കഴിക്കില്ലാന്ന് എനിക്കറിയാം സാറേന്ന ഒരു ഭാവം ശെൽവനിലുണ്ടായോ എന്ന സംശയത്തിൽ പിൻതിരിഞ്ഞ ശെൽവന്റെ തോളിൽ കൈവെച്ച് ഞാൻ പറഞ്ഞു

” ശെൽവൻ എടുത്തോണ്ട് വാ, ഞാൻ കമ്പനി തരാം “

കുറച്ചു കൂടി അടുത്തേക്ക് വന്ന് ശെൽവനപ്പോൾ ഒരു രഹസ്യം പറഞ്ഞു.

” കൂമയല്ല സാറേ വാറ്റുചാരായാണ് , കാട്ടു നെല്ലിക്കയിട്ട് വാറ്റിയത് .”

ശെൽവൻ പെട്ടെന്ന് തിരികെ വന്നു. ഒരു കയ്യിലെ പളുങ്കു കുപ്പിയിൽ വയനയില കൊണ്ട് അടപ്പിട്ട നെല്ലിച്ചാരായം , മറുകയ്യിൽ കുറുന്തേനിന്റെ നിറകുപ്പി .

അന്നാണ് ആദ്യമായി ഞാൻ ചാരായം തേനും ചേർത്ത് കഴിച്ചത്. കാട്ടു നെല്ലിക്കകളുടെ ചവർപ്പിലേക്ക് തേൻ മധുരവും നുണഞ്ഞിറക്കി ഇരുട്ടിലേക്ക് തുറന്നിട്ട ഒരു ജനാലയ്ക്കിരകിൽ പാതിരാവോളം ഞാനും ശെൽവനും കുത്തിയിരുന്നു. കാട്ടിലപ്പോഴും മഴ പെയ്തു കൊണ്ടിരുന്നു .

പിന്നീട് ഡിവിഷനോഫീസിലെ വിരസമായ പകലുകൾക്ക് ശേഷം ഓരോ രാത്രികളിലും ബാത്റൂം വാതിലുകളിലൂടെ ശെൽവന്റെയോ എന്റെയോ മുറിയിൽ ഞാനും ശെൽവനും ഒത്തുകൂടി.

ചാരായം കുടിച്ച ശെൽവൻ കൗതുകമൂറുന്ന കണ്ണുകളോടെ എന്നെ നോക്കിയിരിക്കും .

എന്റെ നാടിനെ കുറിച്ചറിയാൻ ശെൽവന് വല്ലാത്ത കൗതുകമായിരുന്നു . അവനിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും … എന്റെ നാടിനെ കുറിച്ച് , വീടിനെ കുറിച്ച് , കുഞ്ഞുങ്ങളെ കുറിച്ച് , അവരുടെ സ്കൂളിനെ കുറിച്ച് ….

അകത്ത് ചെന്ന ചാരായത്തിന്റെ ലഹരിയിൽ ഞാൻ വാചാലനാകും . അകലെ ഗ്രാമത്തിലെ നാട്ടുവഴികളിലും തോട്ടുവക്കത്തും പുന്നയും ചെമ്പകവും തളിർക്കും , പൂക്കും . ജൂണിലെ പുതു വെള്ളത്തിൽ വേമ്പനാട്ടു കായലിലെ പരൽ മീനുകൾ കൂട്ടം കൂട്ടമായ് നൃത്തം ചെയ്ത് വന്ന് കരപ്പുറത്തെ നെൽപ്പാടങ്ങളിൽ മുട്ടയിട്ട് പെരുകി മക്കളും പേരക്കുഞ്ഞുങ്ങളുമായി തുലാ വെള്ളത്തിൽ കായലിലേക്കൊഴുകും .

എല്ലാം കേട്ടു കഴിഞ്ഞ ഒരു രാത്രി ശെൽവൻ കാട്ടിലെ അവന്റെ ബാല്യകാലത്തെ കുറിച്ച് പറഞ്ഞു തുടങ്ങി. ചുട്ട കാട്ടുചേമ്പും കാരക്കായകളും കഴിച്ച് , കാട്ടരുവികളിൽ കുളിച്ച് , ചോരുന്ന കൂരയിൽ മഴനനഞ്ഞ് കിടന്ന് വളർന്ന അവന്റെ ബാല്യം ..

“ഇപ്പഴത്തെ സാറന്മാരെപ്പോലെ സ്നേഹോള്ളോരൊന്നും ആരുന്നില്ല സാറേ അന്നുള്ളോര് . ഇപ്പോ ഞങ്ങക്ക് സ്വർഗ്ഗാണ്”

ഒരുപാട് മദ്യപിച്ച ഒരു രാത്രിയിൽ അങ്ങനെയാണ് ശെൽവൻ പറഞ്ഞു തുടങ്ങിയത്.

” തേക്കില പെറുക്കിയാലും ഈറ്റവെട്ടിയാലും…….

പറഞ്ഞു തുടങ്ങിയ ശെൽവനിൽ മൗനമുറഞ്ഞു കൂടി. ജനാലയ്ക്ക് പുറത്ത് കാട്ടിലെ ഇരുട്ടിലേക്ക് കണ്ണു പായിച്ച് അവനേതോ ചിന്തയിൽ മുഴുകി. പിന്നെ വല്ലാത്തൊരസ്വസ്ഥതയോടെ ഗ്ലാസ് നിറയെ ചാരായ മൊഴിച്ചു. വെള്ളം തൊടാത്ത ചാരായത്തിനൊപ്പം ഇത്തവണയവൻ തേൻ നുണഞ്ഞില്ല .

“സാറ്ക്കറിയോ, പഴേ സാറന്മാര് ഞങ്ങളേക്കെ ഒരുപാട് ഉപദ്രവിച്ചിട്ടൊണ്ട് “

എനിക്ക് അപകടം മണത്തു. ശെൽവൻ ഡിപ്പാർട്ട്മെന്റിനെ വിമർശിച്ചു തുടങ്ങുകയാണ്. അത്തരം ചർച്ചകൾ വേണ്ടന്ന് എന്റെ മനസു പറഞ്ഞു. വിഷയം വ്യതിചലിപ്പിക്കാൻ എനിക്ക് കഴിയും മുമ്പേ ശെൽവൻ തുടർന്നു.

” സാറിന് ഞാൻ പറയുന്നതൊന്ന് മനസിൽ സങ്കൽപ്പിക്കാവോ ? “

“കുഞ്ഞുന്നാളില് ഞാൻ കണ്ടൊരു കാഴ്ചേണ് .. “

വേണ്ടെന്ന് വിലക്കും മുമ്പേ ശെൽവനത് പറഞ്ഞു തുടങ്ങിയിരുന്നു.

“ഒരു രാത്രീല് കുടിലില് കേറി വന്ന സാറന്മാരോട് അച്ഛൻ തൊഴുതു നിന്ന് പറയേണ് എന്റെ പെണ്ണിനെ ചെയ്തോ സാറേ , മോളെ ഒന്നും ചെയ്യല്ലേന്ന്.”

  **********

പിന്നീട് കുറേ ദിവസം ശെൽവനെ ഞാൻ ഒളിച്ചു നടന്നു. വല്ലാത്തൊരു ചെയ്ത്താണ് അന്ന് രാത്രി അവനെന്നോട് ചെയ്ത് കളഞ്ഞത്. ഏതോ കോൾ വന്നെന്ന വ്യാജേന ഫോണെടുത്ത് ചെവിയോട് ചേർത്ത് അവന്റെ മുറിയിൽ നിന്ന് ഞാനന്ന് ഓടി രക്ഷപ്പെടുകയായിരുന്നു .

അവൻ സങ്കൽപ്പിക്കാൻ പറഞ്ഞതോർത്ത് രാത്രി മുഴുവൻ ഞാൻ തലകുടഞ്ഞു കൊണ്ടിരുന്നു . അവൻ പറഞ്ഞതിലേക്ക് മനസ് ചെന്നു വീഴുമ്പോഴെല്ലാം എനിക്ക് പ്രാന്തെടുത്തു . ദൂരെ കാട്ടുപട്ടികൾ ഓരിയിട്ടു . എനിക്കാരെയൊക്കെയോ കൊല്ലണമെന്ന് തോന്നി.

എല്ലാം പറഞ്ഞ് കഴിഞ്ഞ് ശെൽവൻ സ്ഥിരം പറയുന്നൊരു ഡയലോഗുണ്ട് ” ഇപ്പോ ഇവിടെ സ്വർഗ്ഗാണ് സാറേ, സ്വർഗ്ഗം “

തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ അന്ന് നേരം വെളുക്കോളം ഉറങ്ങിയില്ല.
പിന്നീടുള്ള ദിവസങ്ങളിൽ ശെൽവനെ ഞാൻ കണ്ടില്ല . ശെൽവനില്ലാത്ത നേരം നോക്കി കിച്ചണിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങി, ഓഫീസിലും മുറിയിലുമൊക്കെയായി ഞാൻ ഒതുങ്ങിക്കൂടി .

പിന്നീട് വന്ന ശനിയാഴ്ച ചില തിരക്കുകൾ കൊണ്ട് എനിക്ക് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല . ഉച്ചകഴിഞ്ഞ് ഓഫീസിൽ ഞാൻ മാത്രമായ നേരത്ത് ശെൽവൻ എന്നെത്തേടിയെത്തി.

” നമ്മള് രണ്ടാളേയുള്ളു. സാറ് എന്റെ കോളനീ ലേക്ക് വരുന്നോ ? നമുക്ക് പൊഴേല് പോയി മീൻ പിടിക്കാം ”

മനസ് അസ്വസ്ഥമായിരുന്നു. ഞാൻ തലകുലുക്കി സമ്മതം മൂളി . ശെൽവന് സന്തോഷമായി.

വൈകിട്ട് നേരത്തേ ഓഫീസും ക്യാമ്പ് ഷെഡും പൂട്ടി ശെൽവനും ഞാനും കോളനിയിലേക്ക് നടന്നു.
കല്ലുവെട്ടിയ റോഡിലൂടെ പോകുന്നതിന് പകരം ചോലക്കാടുകളും പുൽമേടുകളും താണ്ടി വെങ്കോളിമലയുടെ ഓരം ചേർന്ന് ഞങ്ങൾ നടന്നു. പ്ലാശും മരുതും പൂത്ത വഴികളിലൂടെ ശെൽവൻ എന്നെക്കൂട്ടിക്കൊണ്ടുപോയി. എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

മലയുടെ അടിവാരത്തിൽ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയ്ക്കും കാടിനും നടുക്കായിരുന്നു ശെൽവന്റെ കോളനി. ട്രഞ്ചിന് നടുവിലായി ചിതറിക്കിടക്കുന്ന പത്തോ മുപ്പതോ ഈറ്റക്കുടിലുകൾ . കുടിലുകൾക്കിടയിൽ പടർന്നു പന്തലിച്ച കാട്ടുമാവുകൾ .

കുടിലിന്റെ മുറ്റത്ത് തന്നെ ശെൽവന്റെ മക്കൾ നഗ്നരായി കളിക്കുന്നു . ആറേഴ് വയസ് പ്രായം വരുന്ന രണ്ടാൺ കുട്ടികളും പിച്ചവെച്ചു തുടങ്ങിയ ഒരു പെൺകുഞ്ഞും .

കാട്ടിൽ നിന്ന് അവർക്ക് മറ്റൊന്നും വാങ്ങിക്കൊടുക്കാനില്ലാത്തതു കൊണ്ട് ക്യാന്റി നിൽനിന്ന് കുറേ മിഠായികൾ വാങ്ങി ഞാൻ പോക്കറ്റിലിട്ടിരുന്നു . ആദ്യം നാണിച്ചോടിയ ശെൽവന്റെ മക്കൾ മിഠായി കണ്ടതും തോർത്തും പഴന്തുണികളും ചുറ്റി എന്റെയടുത്തേക്ക് തിരികെ വന്നു .

പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളുവെങ്കിലും ശെൽവന്റെ മോളാണ് എന്നോട് കൂടുതലടുത്തത്. കസ്തൂരി . ചെളി പുരണ്ട കൈവിരലുകൾ കൊണ്ട് അവളെന്റെ കയ്യും കവിളും തൊട്ടു നോക്കി.

”ഓക്ക് ദീനാണ് ”

ശെൽവന്റെ മൂത്ത മകൻ അത് പറയുമ്പോൾ കസ്തൂരി എന്നോട് കുറേ കൂടി ചേർന്നു നിന്നു . അവളുടെ പാറിപ്പറന്ന് ചെളി കെട്ടിയ മുടിയിഴകളിൽ ഞാൻ തലോടി. അവളുടെ കുഞ്ഞിക്കണ്ണുകൾക്ക് തിളക്കമായിരുന്നില്ല , പട്ടിണിയുടെ വിളർച്ചയായിരുന്നു അതിലാകെ നിഴലിച്ചിരുന്നത് . ഞാനപ്പോൾ എന്റെ നാടിനെ ഓർത്തു. മക്കളെ ഭക്ഷണം കഴിപ്പിക്കാൻ അലമുറയിടുന്ന ഭാര്യയെ ഓർത്തു .

കൂരമുറ്റത്തെ കാട്ടുമരത്തണലിൽ ശെൽവന്റെ മക്കളും ഞാനും പെട്ടെന്ന് കൂട്ടുകാരായി. എന്റെ ഫോൺ ഗാലറി അവരോടൊത്തുള്ള സെൽഫികളും വീഡിയോയും കൊണ്ട് നിറഞ്ഞു . ഞാനറിയാത്ത ഭാഷയിൽ അവർ പാട്ടു പാടി . കോളനിക്കാരുടെ ഉത്സവനൃത്തത്തിന്റെ ചുവടുകൾ വെച്ചു. കസ്തൂരി അപ്പോഴൊക്കെയും കൊഞ്ചിക്കുഴഞ്ഞ് എന്റെ കരവലയത്തിനുള്ളിൽ തന്നെയായിരുന്നു .നേരം പോയതറിഞ്ഞില്ല .

ട്രഞ്ചിനപ്പുറത്ത് കാട്ടിലെവിടെയോ നിന്ന് വലിയോരു കാട്ടുകിഴങ്ങ് മാന്തി തോളിലേറ്റി ശെൽവനും ഭാര്യയുമെത്തിയപ്പോഴാണ് എനിക്ക് പരിസരബോധമുണ്ടായത്.

പുഴുങ്ങിയ കാട്ടുകിഴങ്ങും
കട്ടൻ ചായയും കഴിച്ച് ഞാനും ശെൽവനും മീൻ പിടിക്കാനിറങ്ങുമ്പോൾ കസ്തൂരി എന്റെ വിരലിൽ തൂങ്ങി . ദീനക്കാരിയെ കരയിക്കാതിരിക്കാൻ ശെൽവന്റെ ഭാര്യ നന്നേ പാടുപെട്ടു . ചോക്ലേറ്റ് വാഗ്ദാനങ്ങളും ഉമ്മയും നൽകി അവളെ തിരിച്ചയക്കുമ്പോൾ ഏതോ മുൻജന്മബന്ധം പോലെ എനിക്കും നോവുന്നുണ്ടായിരുന്നു.

ഞങ്ങൾ കൽപ്പടവുകളിറങ്ങി ഡാമിന്റ ക്യാച്ച്മെന്റ് ഏരിയ കഴിയും വരെ കുടിലിന്റെ മുറ്റത്ത് നിന്ന് അവൾ കുഞ്ഞിക്കൈകൾ എനിക്ക് നേരേ വീശിക്കൊണ്ടേയിരുന്നു.

രാത്രി മുഴുവൻ ശെൽവനും ഞാനും പുഴക്കരയിലായിരുന്നു . വറ്റിയ പുഴയിലെ ഉരുളൻ കൽക്കൂട്ടങ്ങൾക്കിടയിൽ ഞാനും ശെൽവനും പുഴ നോക്കിയിരുന്നു. പുഴയ്ക്ക് കുറുകെ കെട്ടിയ വലയിൽ വലിയ കുയിൽ മീനുകൾ വന്ന് കുരുങ്ങി പിടയ്ക്കുമ്പോൾ ശെൽവൻ ഉച്ചത്തിൽ ചിരിച്ചു. ശെൽവനന്ന് ഒരുപാട് മദ്യപിച്ചിരുന്നു. കിഴക്ക് മുളങ്കാടുകൾക്കുള്ളിൽ നിന്ന് നിലാവ് ഉദിച്ചുയർന്നതും നോക്കിയിരുന്ന് ഞങ്ങൾ വാറ്റുചാരായം കുടിച്ചു കൊണ്ടേയിരുന്നു .

നാവ് കുഴഞ്ഞിട്ടും ശെൽവൻ പഴയ ഓർമ്മകളെ പിന്നെയും തുറന്നു വിട്ടു .

“സാറേ , ഞാനന്ന് പറഞ്ഞില്ലേ എന്റെ കുഞ്ഞു പെങ്ങളെ കുറിച്ച് ”

എനിക്ക് വീണ്ടും പേടിയായി. അന്ന് ശെൽവന്റെ മുറിയിൽ നിന്ന് ആ കഥ മുഴുവൻ കേൾക്കാതെ ഒരു വിധം ഞാൻ രക്ഷപ്പെട്ടതാണ്. ഇപ്പോഴിതാ ഈ പാതിരാവിൽ കാടിനും പുഴയ്ക്കുമിടയിൽ എന്നെ പൂട്ടിയിട്ട് ശെൽവൻ വീണ്ടും എന്നെ അക്രമിച്ചു തുടങ്ങുന്നു .

കുഴഞ്ഞകാലുകളീൽ എഴുന്നേറ്റ് നിന്ന് ശെൽവൻ ഓർമ്മയിലെ ആ രാത്രിയെ വരച്ചു കാണിച്ചു.

ഭാര്യയെ വേണമെങ്കിൽ ചെയ്തോളു എന്റെ മകളെ തൊടരുത് എന്ന് പറഞ്ഞ ശെൽവന്റെ അച്ഛൻ ഒടുവിൽ ഗതിയില്ലാതെ അരിവാളെടുത്ത് ഉറഞ്ഞു തുള്ളുന്നത് …

പകയുമായി പഴയ സാറന്മാര് ശെൽവന്റെ വീട്ടിൽ നിന്ന് നാണം കെട്ടിറങ്ങിപ്പോകുന്നത് …

എല്ലാം അഭിനയിച്ചു കാണിച്ച് ശെൽവൻ ഒരു പാറയിലേക്ക് കുഴഞ്ഞിരുന്നു.

” പക്ഷേങ്കില് അവളെ ഞങ്ങക്ക് പോയി സാറേ “

ശെൽവനിപ്പോൾ പതിയെ തേങ്ങുകയാണ്.

” പിറ്റേന്ന് കുടീല് ആരൂല്ലാഞ്ഞ നേരത്ത് അവളെ കരടി പിടിച്ച് . “

വലയിൽ ഒരു കുയിൽ മീൻ കൂടി കുടുങ്ങിപ്പിടഞ്ഞു . ശെൽവൻ ചിരിച്ചില്ല .

” മേല് മുഴുവൻ കരടി മാന്തിക്കീറിയ അവളെ പിറ്റേന്ന് രാവിലെ ട്രഞ്ചില് കിടന്നാണ് കിട്ടിയത്. ”

കുപ്പിയിലെ ബാക്കി ചാരായം കുടിച്ച് തീർത്ത ഞാൻ പുഴ നോക്കിയിരുന്നു. പുഴയ്ക്കക്കരെ ചോലക്കാടുകളിൽ കാട്ടുപട്ടികൾ നിറുത്താതെ ഓരിയിട്ടു .

” ശെൽവാ നമുക്ക് പോണ്ടേ ? “

എനിക്ക് രക്ഷപ്പെടണമായിരുന്നു.

ശെൽവനപ്പോഴും കുഴഞ്ഞ നാവ് കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു

” ഇപ്പോ ഞങ്ങൾക്കിവിടം സ്വർഗ്ഗാണ് സാറേ , സ്വർഗ്ഗം “

ശെൽവാ നിന്റെ പെങ്ങളെ മാന്തിക്കീറിയത് കരടിയല്ലെന്ന് നിനക്കറിയാം. എന്നിട്ടും നിന്റെ പഠിക്കാത്ത ബുദ്ധി കൊണ്ട് നീയെന്നെ കൊല്ലാക്കൊല ചെയ്യുകയാണ്

   **********

ഓണാവധിയും കഴിഞ്ഞാണ് പിന്നീട് ഞാൻ കാട്ടിലെത്തിയത്.

ശെൽവന്റെ മോള് ഹോസ്പിറ്റലിലാണെന്ന് വന്നപ്പോഴെ ഞാനറിഞ്ഞിരുന്നു. ശെൽവൻ കുറേ ദിവസങ്ങളായി മെസിൽ വരുന്നുണ്ടായിരുന്നില്ല . പിന്നീടാണറിഞ്ഞത് അവന്റെ മോള് ഹോസ്പിറ്റലിലല്ല , തമിഴ്നാട്ടിലെ സേത്തു മടയിലുള്ള ഏതോ ലാട വൈദ്യന്റെയടുത്ത് ചികിത്സയിലാണെന്ന്.

അന്ന് ഉച്ചയോടെ എന്നെ സൂപ്രണ്ട് ക്യാബിനിലേക്ക് വിളിപ്പിച്ചു.

” ശെൽവന്റെ മസ്റ്ററോള് ( ദിവസക്കൂലി രജിസ്റ്റർ) കണ്ടിന്യുവസ് ആബ്സന്റാണ് . ഒരു നോട്ടെഴുതി വെക്കണം “

‘ ‘ സർ അവന്റെ മോൾക്ക് വയ്യാഞ്ഞിട്ട് …..

പുച്ഛം നിറഞ്ഞ ഒരു ചിരി സൂപ്രണ്ടിനെ കൂടുതൽ വികൃതനാക്കി.

” ഒക്കെ കള്ളക്കൂട്ടങ്ങളാണ്. നാട്ടീന്ന് ഒരു കുക്ക് വരണ് ണ്ട് , ഒരു മധു പോറ്റി . നാട്ടില് പോറ്റി ഹോട്ടലില് നിന്നിട്ടുള്ള കക്ഷിയാ ”

” പക്ഷേ സർ , മസ്റ്ററോളില് കോളനിക്കാരെ തന്നെ വെക്കണോന്ന് ഉത്തരവുള്ളതല്ലേ ?

ദേഷ്യം നുരഞ്ഞുപൊന്തുന്ന ഒരു നോട്ടമെറിഞ്ഞ് സൂപ്രണ്ട് കൽപിച്ചു ” നിങ്ങള് ശെൽവനെ ടെർമിനേറ്റ് ചെയ്യാൻ നോട്ടെഴുതി വെക്ക്, പോറ്റിക്ക് മസ്റ്ററോളെഴുതാൻ സെക്ഷനില് ഞാൻ വിളിച്ച് പറഞ്ഞോളാം “

കുക്കിന്റെ മസ്റ്ററോൾ രേഖപ്പെടുത്തുന്നത് സെക്ഷൻ ഫോറസ്റ്ററാണ്. സൂപ്രണ്ട് പറഞ്ഞാൽ പിന്നെ മറുവാക്കുകളൊന്നുമുണ്ടാകില്ല.

ശെൽവന് ജോലി നഷ്ടപ്പെടുകയാണ്. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല .

ശെൽവന്റെ ജോലി കളയാൻ നട്ടെല്ല് നിവർത്തി നിൽക്കുന്ന നിയമം പോറ്റിയുടെ മസ്റ്ററോളെഴുതാൻ തലകുനിച്ച് കൊടുക്കും അല്ലേ സുപ്രണ്ടേ ?

എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.

ഓഫീസിലും ക്യാമ്പ് ഷെഡിലുമൊന്നും ആരും ശെൽവനെ കുറിച്ച് സംസാരിക്കുന്നില്ല. അവരെല്ലാം പുതിയ കുക്ക് വരുന്ന സന്തോഷത്തിലായിരുന്നു.

രാത്രി മുറിയിൽ വല്ലാത്ത മടുപ്പ് തോന്നി. വായിച്ചു മടക്കി വച്ച പുസ്തകങ്ങളിലൂടെ പിന്നെയും സഞ്ചരിക്കുമ്പോഴും മനസ് ശെൽവനിലായിരുന്നു . അടഞ്ഞ ബാത്റൂം വാതിലിൽ ഒരു മുട്ട് കേൾക്കുന്നതും പതിവ് ചിരി ചിരിച്ച് ശെൽവൻ കടന്നു വരുന്നതുമൊക്കെ ഓരോരോ ദൃശ്യങ്ങളായി മനസിലൂടെ കടന്നു പോയി.

ഉറക്കം വരാതെ കിടന്ന ആ രാത്രിയിൽ ഞാൻ തീരുമാനിച്ചുറച്ചു. രാവിലത്തെ ബസിന് സേത്തുമടയ്ക്ക് പോകണം . കോളനിക്കാരോടന്വഷിച്ച് ലാട വൈദ്യന്റെ വീട് കണ്ടു പിടിച്ച് അസുഖം മാറിയിട്ടില്ലെങ്കിൽ കസ്തൂരിയെ പാലക്കാട്ടെ ഏതെങ്കിലും ആശുപത്രിയിലെത്തിക്കണം .

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ദുസ്വപ്നങ്ങളുടെ ഘോഷയാത്രകൾക്ക് ശേഷം പുലർച്ചെയെപ്പോഴോ ആണ് ഉറങ്ങിത്തുടങ്ങിയത്.
രാവിലെ ഉണരാൻ ഒരുപാട് വൈകി.

അതിവേഗമൊരുങ്ങി റോഡിലെത്തുമ്പോൾ രാവിലത്തെ ബസ് എത്തിയിരുന്നു.

കോളനിയിലേക്കുള്ള വഴിയിലൂടെ നടന്നു വരുന്ന ശെൽവന്റെ മുന്നിൽ തന്നെയാണ് ഞാനെത്തിച്ചേർന്നത്.

ഒറ്റയ്ക്ക് വരുന്ന ശെൽവനെ കണ്ടതും എനിക്ക് ഭയം തോന്നിത്തുടങ്ങി.

” ശെൽവാ മോള് ?”

” മോള് മരിച്ചു പോയി സർ”

ഞാൻ ശെൽവനെ തന്നെ നോക്കി നിന്നു. അവൻ എന്നെയും . പൊടുന്നനെയാണ് കയ്യിലെ വലിയ ബിഗ്ഷോപ്പർ വിടർത്തി എന്റെ കണ്ണുകളെയവൻ അതിലേക്ക് ക്ഷണിച്ചത് .

എനിക്കൊന്നും മനസിലായില്ല .

ബിഗ്ഷോപ്പറിന്റെ ആഴത്തിൽ ഗർഭപാത്രത്തിലെന്നതു പോലെ കസ്തൂരിയുടെ ശരീരം …. ചലനമറ്റ് ചുരുണ്ടു കിടക്കുന്ന കസ്തൂരി …

ഒന്നേ നോക്കിയുള്ളു.
വഴിയിലേക്ക് ഞാന്നു കിടന്ന ഒങ്ങുമരത്തിന്റെ കൊമ്പിൽ ഞാൻ മുറുകെ പിടിച്ചു.

തേക്കിൻകാടുകൾക്കിടയിയിൽ നിന്ന് ഒരു മഴ ആർത്തലച്ചു വന്നു പെയ്തു . ഒന്നുമറിയാതെ, ബിഗ് ഷോപ്പറും തൂക്കി ശെൽവൻ നടന്നു തുടങ്ങിയിരുന്നു.

        ലാലു കെ ആർ

 198 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo