ജലിയാൻ വാല ബാഗ് – 101 വർഷങ്ങൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ജാതിവ്യവസ്ഥയ്‌ക്കെതിരെ , ഹിന്ദു -മുസ്ലിം മതവൈരത്തിനെതിരെ ഗുരു നാനാക്കിനാൽ രൂപമെടുത്ത ഭക്തിപ്രസ്ഥാനം പിൽക്കാലത്ത് ആസുരതയുടെ, യുദ്ധക്കൊതിയുടെ, ഭീകരമായ ജാതി വിവേചനത്തിന്റെ മതമായി മാറിയ കഥയാണ് സിഖ് മതത്തിന് പറയാനുള്ളത്. യുദ്ധ രംഗങ്ങളിലെ മികവ് ബ്രിട്ടീഷുകാർ പ്രയോജനപ്പെടുത്തി. 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൂർണ്ണമായും പരാജയപ്പെടുത്താൻ കോളനിവാഴ്ചക്കാരെ സഹായിച്ച സിഖ്‌കാരോട് അവർ നന്ദി പ്രകാശിപ്പിച്ചത് ഊഷര ഭൂമിയായ പഞ്ചാബിനെ, പച്ച പട്ടുടുപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടാണ് . 1866 ൽ ലോറൻസ് പ്രഭു ആവിഷ്‌ക്കരിച്ച ജലസേചന നയത്തിന്റെ ഭാഗമായി സത്‌ലജ് നദിയിലെ വെള്ളം കൊണ്ടുവരാൻ 1882 ൽ വെട്ടിയ സിർഹിന്ദ് കനാൽ [ ശാഖകൾ ഉൾപ്പെടെ 3125 കിലോമീറ്റർ ], ചെനാബ് നദിയിലെ വെള്ളമെടുക്കാൻ 1892 ൽ വെട്ടിയ ഇപ്പോൾ പാക്കിസ്ഥാനിലായ ലോവർ ചെനാബ് കനാൽ എന്നിവ ചേർന്ന് ഇരുപത് ലക്ഷം ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി, പഞ്ചാബ് കാർഷിക അഭിവൃദ്ധിയിലേക്ക് കുതിച്ചു .

ദക്ഷിണ ധ്രുവത്തിൽ നിന്നും ഉത്തര ധ്രുവത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം, പല പ്രദേശങ്ങളിലും പുതുവർഷാരംഭമായി കൊണ്ടാടുന്നു .നമ്മുടെ വിഷു പോലെ തന്നെയാണ് പഞ്ചാബിലെ വൈശാഖി ഉത്സവം .പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അമൃത സരസ്സിലെ [ അമൃത്സർ ] സുവർണ്ണ ക്ഷേത്രത്തിലേക്ക് തീർഥാടനമായി പോകുന്നു, വൈശാഖി ആഘോഷിക്കുന്നു .

ബ്രിട്ടീഷുകാരോട് ചായ്‌വ് ഉണ്ടായിരുന്നെങ്കിലും , ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം, ഭരണ രംഗങ്ങളിൽ കാര്യമായ പങ്കാളിത്തം ലഭിക്കുമെന്ന് കരുതിയ സിഖ്‌കാരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു ചെംസ്‌ഫെഡ് വൈസ്രോയി കൊണ്ടുവന്ന 1918 ലെ ഭരണ പരിഷ്കാര നയം. ഇത് അവരിൽ ”’ സ്വരാജ് ഹിന്ദ് ”’ ബോധം വളർത്തി. പലരും പ്രക്ഷോഭം ആരംഭിച്ചു .

സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമർത്താൻ ” റൗലത്ത് ആക്റ്റ് ” കൊണ്ട് വന്നു .വിചാരണ കൂടാതെ തടവിലിടാൻ ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിയമം. ഇതിനെതിരെ ഇന്ത്യയുടെ പല ഭാഗത്തും പ്രതിഷേധം ഉയർന്നു. ഖിലാഫത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കൂട്ടിക്കൊണ്ടു വന്ന ഗാന്ധിജിയുടെ നയചാരുത പ്രശംസിക്കപ്പെട്ടു. 1919 ഏപ്രിൽ 9 -നു
നടന്ന രാമാനവമി ആഘോഷങ്ങൾക്ക് ഹിന്ദു -മുസ്ലിം ജനവിഭാഗങ്ങൾ കൈകോർത്ത് നിന്നു. ഭക്ഷണ -പാനീയങ്ങൾ പങ്കിട്ട് കഴിച്ച്, ഐക്യ ദാർഢ്യം പ്രകടിപ്പിച്ച ജനങ്ങൾ, അധികാരികളെ വിളറി പിടിപ്പിച്ചു. അവർ ഗാന്ധിജിയ്ക്ക് ഊരുവിലക്ക് ഏർപ്പെടുത്തി, പഞ്ചാബിൽ പ്രവേശിക്കുന്നത് തടഞ്ഞു. ജനം ഇളകിമറിഞ്ഞു.

ഏപ്രിൽ 10 -നു നടന്ന പ്രതിഷേധ സമരത്തിന് നേരെ വെടിവയ്പ് ഉണ്ടായി, ഏതാനും പേർ കൊല്ലപ്പെട്ടു . അതിനടുത്ത ദിവസം ഇരുപത് പേർ വെടിയേറ്റ് മരിച്ചു. ജനം ബ്രിട്ടീഷുകാരുടെ മൂന്നു മർമ്മ സ്ഥാനങ്ങളിൽ കൈവച്ചു – ബാങ്ക് കൊള്ളയടിച്ചു, റെയിൽ പാളം നശിപ്പിച്ചു, കമ്പിയില്ലാക്കമ്പി വാർത്താവിനിമയം തകരാറിലാക്കി. അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതൊന്നുമറിയാതെ പഞ്ചാബിലെ ഗ്രാമവാസികൾ വൈശാഖി ആഘോഷത്തിനായി സുവർണ്ണ ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്നു. ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ചെറിയ മൈതാനി – ജലിയാൻ വാല ബാഗ് -യിൽ അവർ വിശ്രമിച്ചു. ഈ ജനക്കൂട്ടത്തിന്റെ അഭിസംബോധന ചെയ്തു കൊണ്ട് ചില പ്രക്ഷോഭകാരികൾ റൗലത്ത് നിയമത്തിനെതിരെ പ്രസംഗിച്ചു.

ഈ കാലത്ത്, പഞ്ചാബിലെ ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന മൈക്കിൾ ഒഡ്വയർ, ഒപ്പം ജലന്ധറിലെ കമ്മാണ്ടർ റെജിനോൾഡ് ഡയർ എന്നിവർ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തണമെന്നു തീരുമാനിച്ചു.

ജലിയാൻ വാലാ ബാഗിൽ സന്നിഹിതരായിരുന്ന സാധാരണക്കാരെ അഭിസംബോധന ചെയ്തു കൊണ്ട്, ചിലർ പ്രസംഗിക്കുന്നതായി വിവരം ലഭിച്ച റെജിനോൾഡ് ഡയർ, പട്ടാളവുമായി കുതിച്ചെത്തി. ആൾക്കാർ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നതിന് പകരം, അയാൾ വെടിവയ്ക്കാൻ ഉത്തരവിട്ടു. ഇടുങ്ങിയ പ്രവേശന കവാടം കൈമുതലായി ഉണ്ടായിരുന്ന ജലിയാൻ വാലാ ബാഗിൽ നിരവധി മനുഷ്യർ വെടിയേറ്റ് വീണു. അവിടെയുണ്ടായിരുന്ന ഒരു വലിയ കിണറ്റിൽച്ചാടി രക്ഷപ്പെടാൻ നോക്കിയ മനുഷ്യരെ അതിനുള്ളിലിട്ട് വെടിവച്ച് കൊന്നു. എത്ര റൌണ്ട് വെടിയുതിർത്തു, എത്ര ബുള്ളറ്റ് ചെലവായി എന്നും മറ്റും അവിടത്തെ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഭിത്തിയിൽ പതിഞ്ഞ ബുള്ളറ്റ് മാർക്കുകൾ ഇന്നും അവിടെ കാണാം.

ഡയർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയെങ്കിലും അയാൾക്ക് വലിയ ശിക്ഷയൊന്നും ലഭിച്ചില്ല .പക്ഷെ , ഒരാൾ ഉള്ളിലെരിയുന്ന കനലുമായി കാത്തിരുന്നു , ഉദ്ധം സിംഗ് .അദ്ദേഹം ഇംഗ്ലണ്ടിൽ ചെന്ന് ,ഡയറിനെ കണ്ടെത്തി തന്റെ കൈത്തോക്ക് ഉപയോഗിച്ച് വെടി വച്ച് കൊന്നു. പിന്നീട് ബ്രിട്ടീഷ് സർക്കാർ ഉദ്ധം സിംഗിനെ തൂക്കിക്കൊന്നു.

ഏപ്രിൽ 13, 2019 ൽ ഒരു നൂറ്റാണ്ട് തികയുന്നു ,ഈ കൂട്ടക്കുരുതി നടന്നിട്ട്. ബ്രിട്ടീഷ് സർക്കാർ ഖേദം പ്രകടിപ്പിച്ചതല്ലാതെ , നഷ്ട പരിഹാരം തന്നിട്ടില്ല . സ്വാതന്ത്ര്യം എന്ന് പറയുന്നത് എത്രയോ നിരപരാധികളുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ട് നേടിയെടുത്തതാണെന്ന ബോധം എത്ര പേർക്കുണ്ട് ? അവരെ ആരോർക്കുന്നു ?… യാത്രകൾ പോകുമ്പോൾ അമൃതസർ ഉൾപ്പെടുത്തുക . അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രവും, ജലിയാൻവാലാ ബാഗും സന്ദർശിക്കുക. മനസ്സുകൊണ്ട് ചരിത്രത്തിലേക്ക് സഞ്ചരിക്കുക .

ഇക്കഴിഞ്ഞ ഏപ്രിൽ 13 ജാലിയൻ വാലാ ബാഗ് ദിനമായിരുന്നു.


– ഡോ അഗസ്റ്റസ് മോറിസ്‌

 143 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo