വിഷു ഹൈന്ദവ ആഘോഷമല്ല

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വിഷുഹൈന്ദവആഘോഷമല്ല

വിഷു ഒരിക്കലും ഹൈന്ദവ ആഘോഷങ്ങളിൽ പെട്ട ഒന്നല്ല.. മറിച്ച് വിഷുവിന്റെ ചരിത്രം ആദി ദ്രാവിഡ സംസ്ക്കാരമായും, കൃഷി സംസ്കൃതിയുമായും, ബുദ്ധ സംസ്ക്കാരമായും ഒക്കെ ബന്ധപ്പെട്ടു കിടക്കുന്നു.. ഓണത്തെപ്പോലെ തന്നെ ആര്യ ഹിന്ദുത്വം പലതരത്തിലുമുള്ള മിത്തുകളും, കഥകളും, സങ്കൽപ്പങ്ങളും, ചേർത്ത് ഹൈജാക്ക് ചെയ്ത ഒന്നു തന്നെയാണ് വിഷു.വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ്‌ വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ആഘോഷമാണു് ഓണമെങ്കിൽ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു.

കേരളത്തിൽ ആര്യ ഹൈന്ദവതയുടെ വരവിനും വളരെ കാലം മുൻപു തന്നെ വിഷു ഉണ്ടന്നതാണ് ചരിത്രം. ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ “ചിത്തിര വിഷു’ വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ ഡി 962 – 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം.എ ഡി 844 – 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് “ശങ്കരനാരയണീയം’ എന്ന ഗണിതഗ്രന്ഥം. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു ” ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.”ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. ദ്രാവിഡ നാട് എന്നറിയപ്പെടുന്ന തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേട വിഷു മുതലാണ്. വിഷു മേട വിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേട വിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

ഓണം പോലെ തന്നെ വിഷുവും ഒരു കാർഷിക ഉത്സവമായിരുന്നു.. ഓണത്തിനും വിഷുവിനും നിരവധി സാമ്യങ്ങളും ഉണ്ട്.. ഓണം പൂർണ്ണമായും ഒരു ബുദ്ധആഘോഷമാണങ്കിൽ അതിനോട് സമരസപ്പെടാതെ തന്നെ ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും ഓണത്തോട് സാദൃശ്യം പുലർത്തി വേറിട്ട് നിന്നു കൊണ്ട് ബുദ്ധ – ജൈന വിശ്വാസികളല്ലായിരുന്ന ആദി ദ്രാവിഡ വിശ്വാസം പുലർത്തിയിരുന്നവർ ആഘോഷിച്ചിരുന്ന കാർഷിക ഉത്സവമായിരുന്നു വിഷു എന്നു പറയാം..ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. കാർഷിക ഉത്സവമായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ വിഷുവിന്റെ ഘടനയിലും കാണാവുന്നതാണ്.
അതിൽ ഒന്നാണ് ചാലിടൽ കർമ്മം.

വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്. അതുപോലെ തന്നെയാണ് കൈക്കോട്ടു ചാൽ കർമ്മവും. അത് താഴെപ്പറയും പ്രകാരമാണ്..

പുതിയകൈക്കോട്ടിനെ കഴുകി കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വഴ്ഴ് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്. ഓണത്തെപ്പോലെ തന്നെ. വിഷുക്കളിയും, വിഷു സദ്യയും, വള്ളംകളിയും, വിഷു കളിയും, വിഷു കോടിയും, എല്ലാമുണ്ട്.. കരകൃഷിയുമായി ബന്ധപ്പെട്ട് നടന്നിരുന്ന മറ്റൊരു ഓണമാണ് വിഷു എന്നു് വിലയിരുത്തുന്നതിലും തെറ്റില്ല..

കാലത്തിന്റെ രാസമാറ്റത്തിൽ വിഷുവിന് നരകാസുരവധത്തിന്റേയും, രാവണ, ബാലി, വധത്തിന്റേയും മിത്തുകൾ ചാർത്തപ്പെടുകയും.. മറ്റെല്ലാ സംസ്ക്കാരവും എന്നതുപോലെ വിഷുവും ഹൈന്ദവതയിൽ അലിഞ്ഞു ചേരുകയാണ് ഉണ്ടായത്.ഇപ്പോ കണിയും കൃഷ്ണനേയുമൊക്കെ വച്ചുകെട്ടി വിഷുവിന് മറ്റൊരു ചായം പൂശി ഛായ നൽകി പുതിയ പുതിയ വിപണ സാദ്യതയുള്ള പരിഷ്ക്കാരങ്ങളിലൂടെയും, ആചാരങ്ങളിലൂടെയും കൊണ്ടാടുന്നു. പക്ഷേ ചരിത്രം പരിശോധിക്കുന്നവർക്ക് വിഷുവിന് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ലന്നും.. ഇന്നു് വിഷുവുമായി ബന്ധപ്പെട്ട മിത്തുകൾ പിന്നീട് ചാർത്തപ്പെട്ടതുമാണന്നും മനസിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല..

 282 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo