യൂറോപ്പിൽ നൂറ്റാണ്ടുകൾക്കു മുമ്പ് വന്ന മഹാമാരി അവിടത്തെ 3 കോടി ജനങ്ങളെയാണ് കൊന്നൊടുക്കിയത്; എന്നാൽ ശാസ്ത്രം പകച്ചുനിന്നില്ല

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മുൻപ്, വളരെ മുൻപ്, കൃത്യമായി പറഞ്ഞാൽ 1348ൽ യൂറോപ്പിനെ മാരകമായ ഒരു മഹാമാരി ബാധിച്ചു. തണുത്ത മരണം പതുക്കെ പതുക്കെ സമൂഹത്തിൻെറ നീല ഞരമ്പുകളിലേക്ക് അരിച്ചിറങ്ങി. ഒടുവിൽ കറുത്തമരണം സംഹാരതാണ്ഡവമാടി. ദിനംപ്രതി മരിച്ചുവീഴുന്ന ജനതയുടെ ശരീരം സംസ്കരിക്കാൻ പള്ളി ശ്മശാനങ്ങളിൽ ഇടമില്ലാതായി.
പൂച്ചകളും നായ്ക്കളുമാണ് രോഗകാരണം – ഇറ്റലിക്കാർ അവയേയും കൊന്നു വലിച്ചെറിഞ്ഞു. രോഗം പടരുന്നത് ഗ്രഹനിലയിലെ കുഴപ്പം കൊണ്ടാണെന്ന് പാരീസ് സർവകലാശാലയിലെ വൈദ്യശാസ്ത്രവിഭാഗം ഗവേഷണപ്രബന്ധങ്ങളിലൂടെ പ്രഖ്യാപിച്ചു. പുരോഹിതന്മാർ പളളിമേടകളിൽ കുമിഞ്ഞിരുന്ന് ജാതകപരിശോധന നടത്തി. അവർ വിധിച്ചു – ദൈവകോപം. രാജാവ് ഇരുകൈകളും അന്തരീക്ഷത്തിലേക്ക് ഉയർത്തി – ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? ദൈവമേ നീ എന്നോട് കോപിച്ചിരിക്കുന്നതെന്ത്? രാജാവിലുളള ദൈവകോപം ജനങ്ങളിലേക്ക് രോഗമായും ദുരിതമായും മരണമായുംകടന്നുവരുന്നു എന്ന് ദൈവശാസ്ത്രം!
ജാതകവിശാരദന്മാർ, മഷിനോട്ടക്കാർ, പുരോഹിതന്മാർ സടകുടഞ്ഞു. പരിഹാരം നിർദ്ദേശിക്കപ്പെട്ടു. ഭാഗ്യരക്ഷകളും ഏലസ്സുകളും ക്രൂശിത രൂപവും ജനങ്ങളുടെ ശരീരഭാരം വർദ്ധിപ്പിച്ചു. വിശേഷപൂജകളാൽ കൂട്ടപ്രാർത്ഥനകളാൽ ദേവാലയങ്ങളും അൾത്താരകളും ശബ്ദമുഖരിതമായി. വേദമന്ത്രോച്ചാരണ തരംഗങ്ങളാൽ രോഗം ഭയംകൊണ്ട് വിറകൊളളുമെന്നും അത് പാഞ്ഞ്കീഞ്ഞ് തടിതപ്പുമെന്നും മഹാനടന്മാരുടെ വ്യാഖ്യാനമുണ്ടായി. ചിലർ ചാട്ടവാർകൊണ്ട് സ്വയം പ്രഹരിച്ചു പാപഭാരം ഏറ്റെടുത്തു. മറ്റു ചിലർ ഇഹലോക സമ്പാദ്യമെല്ലാം സഭയ്ക്കു ദാനം നൽകി മരണാനന്തര ജീവിതത്തിൽ ദൈവത്തിന്റെ ഇടത്തും വലത്തും സ്ഥാനമുറപ്പിച്ചു.
ദൈവകോപത്തിന് അറുതി ഉണ്ടായില്ല. ജനങ്ങൾ വറുതിയിൽ അമർന്നു. കൂടുതൽ കൂടുതൽ കൂട്ടപ്രാർത്ഥനകൾ കൂടുതൽ കൂടുതൽ ആളുകളെ കൊന്നൊടുക്കി. യൂറോപ്പിൽ മാത്രം മൂന്നുകോടിയോളം ജനങ്ങൾ കഥാവശേഷരായി.
എന്നാൽ ശാസ്ത്രം പകച്ചുനിന്നില്ല. അവിടെ ശരിയായ ചോദ്യങ്ങൾ ഉയിരെടുക്കുക തന്നെ ചെയ്തു. ഈ മാരകമായ രോഗം പരത്തുന്ന അണുക്കൾ ഏത്?
ഒടുവിൽ 1894ൽ ബാക്ടീരിയകളുടെ പഠനരംഗത്ത് ശ്രദ്ധേയനായ ഫ്രഞ്ച് ശാസ്ത്രജ്ഞൻ അലക്സാണ്ടർ യെർസൻ കറുത്ത മരണത്തിന്റെ കാരണക്കാരൻ ബാക്ടീരിയയെ കണ്ടെത്തി. ശാസ്ത്രം ആ ബാക്ടീരിയക്ക് പേരുകൊടുത്തു – യെഴ്സീനിയ പെസ്ടിൻ. അലക്സാണ്ടർ യെർസനോടുളള ആദരം.


ശാസ്ത്രം മുന്നോട്ടുതന്നെ കുതിച്ചു. നാലുവർഷത്തിനുശേഷം 1898ൽ പോൾ-ല്വീ സിമോൻ എന്ന ശാസ്ത്രജ്ഞൻ ഈ മാരകരോഗം പരത്തുന്നതിൽ കരണ്ടു തീനികളുടെ ശരീരത്തിൽ ജീവിക്കുന്ന ചെള്ളിനുള്ള പങ്ക് കണ്ടുപിടിച്ചു. അങ്ങനെയാണ് നാം പ്ലേഗ് എന്ന മഹാമാരിയെ അതിജീവിച്ചത്.
ഇന്ന് ചരിത്രം മറ്റൊരുതരത്തിൽ ആവർത്തിക്കപ്പെടുന്നു – കോവിഡ് 19. മഹാമാരി ചുടലനൃത്തം ചവിട്ടുന്നു. അങ്ങ് ചൈനയിൽനിന്നും തുടങ്ങിയ മരണം ഭൂമിയിലെ സകലരാജ്യങ്ങളിലും കടന്നുചെന്നിരിക്കുന്നു. ദിനംപ്രതി ആയിരങ്ങളാണ് മരണത്തിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നത്. ഭരണാധികാരികൾ രണ്ടുകൈകളും ആകാശത്തേക്ക് ഉയർത്തി വിലപിച്ചുകൊണ്ടിരിക്കുന്നു: ദൈവമേ എല്ലാം കൈവിട്ടുപോയിരിക്കുന്നവല്ലോ. ചിലർ കൊട്ടിപ്പാട്ടും ദീപപ്രജ്വലനവും കമ്പക്കെട്ടും നടത്തി അന്തരീക്ഷം ആഘോഷഭരിതമാക്കുന്നു. മഹാനടന്മാർ ശബ്ദപ്രവാഹത്തിൻെറ മാസ്മരികതയെ കുറിച്ച് വാചാലരാകാതിരിക്കുന്നില്ല. ഗോമൂത്രവും ചാണകവും സർവരോഗ ശമനികളെന്ന് ചില തിരുവെഴുത്തുകാർ താളിയോലകൾ പരതി കണ്ടെത്താതിരിക്കുന്നില്ല.
എന്നാൽ ചരിത്രം അതേപോലെ ആവർത്തിക്കുന്നില്ല. മുപ്പത്തിമുക്കോടി ദൈവങ്ങളും അതിൽപെടാത്തവരും നിശബ്ദരാണിന്ന്. കെട്ടിപ്പിടിച്ചും വചനപ്രഘോഷണം നടത്തിയും ശ്വസനനാളിയെ പീഡിപ്പിച്ചും ആയിരങ്ങളെ രോഗവിമുക്തിയിലേക്ക് നയിച്ചിരുന്ന ആൾദൈവങ്ങളും പൂജാരികളും പുരോഹിതന്മാരും അവരുടെ പരിവാരങ്ങളും അരങ്ങൊഴിഞ്ഞിരിക്കുന്നു.
ഇവിടെയും ശാസ്ത്രം പകച്ചുനിൽക്കുന്നില്ല. പോരാട്ടം തുടരുകതന്നെയാണ്. എല്ലാ പീഡനങ്ങൾക്കും ഒടുവിൽ ഉയിർപ്പിന്റെ ഗാഥയാണെന്ന് മനുഷ്യചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. നമുക്ക് വിജയിക്കാതിരിക്കാൻ ആവില്ല. ശാരീരിക അകലം സാമൂഹിക ഒരുമ എന്നത് പ്രകൃതി നൽകുന്ന പ്രതിരോധമാണ്.

– ഡോ.ധർമ്മരാജ് അടാട്ട്

 275 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo