കുടമുടയ്ക്കുമോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പലരും അത്ഭുതപ്പെടുന്നത് കണ്ടു, ഇത്രേം ഭീകരമായി കോവിഡിന് മുന്നിൽ അടിതെറ്റിയ അമേരിക്കേലോട്ടെന്തിനാണ് ഇവിടുള്ളവർ വിദഗ്ദ്ധചികിത്സയ്ക്കായി പോകുന്നത് എന്ന്. അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് അത് വരുന്നത്. ആരോഗ്യരക്ഷാ സാങ്കേതികവിദ്യയും പൊതുജനാരോഗ്യവും രണ്ട് വിഷയങ്ങളാണ്. സാങ്കേതികവിദ്യ സാമ്പത്തികസ്ഥിതിയെ കൂടി ആശ്രയിച്ചിരിക്കും. അതിന് വളരെ കുറച്ചുപേർ ഇടപെട്ടാൽ മതിയാകും. കുറച്ച് ശാസ്ത്രജ്ഞർ, കുറച്ച് അധികാരികൾ, കുറച്ച് കമ്പനികൾ, എന്നിങ്ങനെ ഒരു നാട്ടിലെ വളരെ കുറച്ചുപേർ ചേർന്നാൽ ഏറ്റവും മുന്തിയ സാങ്കേതികവിദ്യ സെറ്റപ്പ് ചെയ്യാം. പൊതുജനാരോഗ്യപ്രശ്നം പക്ഷേ അങ്ങനല്ല. (അതൊരു വെറും രോഗം-ചികിത്സാ ഏർപ്പാടല്ല എന്ന് ഈ പ്രൊഫൈലിൽ തന്നെ എത്രയോ തവണ പറഞ്ഞതാണ്). നിങ്ങൾക്ക് നൂറ് ആളുകളെ ഒരിടത്ത് എത്തിക്കണമെന്ന് കരുതുക. രണ്ട് ബെൻസ് കാറുകളാണോ മുപ്പത് ഓട്ടോറിക്ഷകളാണോ പ്രയോജനപ്പെടുക?

രോഗികളുടെ എണ്ണം മെഡിക്കൽ കെയർ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറത്തേയ്ക്ക് പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മൾട്ടി സ്പെഷ്യൽറ്റിയുടെ വരാന്തയിലും കാർ ഷെഡ്ഡിലും കിടക്കാമെന്നേയുള്ളൂ. കേരളം ഇതുവരെ പിടിച്ചുനിന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ ബലത്തിലല്ല, ആൾബലത്തിലാണ്. നേതാക്കളും മെഡിക്കൽ സ്റ്റാഫും പോലീസും തൊട്ട് താഴെ തട്ടിലെ സന്നദ്ധപ്രവർത്തകർ വരെ കട്ടയ്ക്ക് നിന്നിട്ടാണ്. തുടക്കം മുതൽ, ആദ്യത്തെ രോഗിയെ തൊട്ട് റൂട്ട് ട്രെയ്സ് ചെയ്തും സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ വഴിയുള്ള സകലരേയും നിരീക്ഷണത്തിൽ വെച്ചും, രോഗികൾ കൂടുന്നത് തടയുകയാണ് നമ്മൾ ചെയ്തത്. മുക്കിലും മൂലയിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, ഏത് വീട്ടിലും എത്താവുന്ന ആശാ വർക്കർമാരും എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ സമമായി വിതരണം ചെയ്യാനുള്ള ഗ്രൗണ്ട് വർക്ക് നമ്മൾ നേരത്തേ ചെയ്തുവച്ചിരുന്നതുകൊണ്ടാണ്, അതിനുള്ള രാഷ്ട്രീയ കാഴ്ചപ്പാട് ഇവിടെ നിലവിലിരുന്നതുകൊണ്ടാണ്. അതിന്റെ വില അറിയണമെങ്കിൽ, ഒരു പല്ലുവേദന വന്നാൽ അടുത്ത തവണ നാട്ടിൽ വരുന്നത് വരെ കാത്തിരിക്കുന്ന അമേരിക്കൻ പ്രവാസികളോട് ചോദിച്ചാൽ മതി.

NB: ശരിയാണ് നമ്മൾ നല്ലോണം പൊരുതി. പക്ഷേ ഇതൊന്നും കൈയീന്ന് പോകാൻ അധികം സമയമൊന്നും വേണ്ട. ജാഗ്രത അല്പം പോലും കുറയാൻ പാടില്ല. പക്ഷേ പല ആഹ്ലാദപ്രകടനങ്ങളും കാണുമ്പോൾ എല്ലാം കഴിഞ്ഞെന്നുകരുതി നമ്മൾ കുടമുടയ്ക്കുമോ എന്ന് പേടിയുണ്ട്.

വൈശാഖൻ തമ്പി

 182 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo