മരം മാത്രമല്ല മറുപടി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആഗോളതാപനത്തെക്കുറിച്ചും അതിന്റെ കാരണ-പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സൌരചക്രങ്ങളുടെ സ്വഭാവം, അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ മുതലായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പങ്ക് ഇക്കാര്യത്തിലുണ്ടെന്നു പറയുമ്പോഴും അവ എങ്ങനെ, എത്രത്തോളം ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ല

ഭൂമിക്കു ചൂടു കൂടിവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടാകും. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനുമെല്ലാം അതു കാരണമാകും. മഹാനഗരങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങും. വ്യാവസായിക വിപ്ളവത്തിന്റെ ഉപോല്പന്നങ്ങളായ രാസപദാര്‍ത്ഥങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെല്ലാം മാറ്റമെന്ന് ആരോപിക്കുകയും അതിനെല്ലാം പരിഹാരമായി മരങ്ങള്‍ നട്ടുവളര്‍ത്തണമെന്നു അഭിപ്രായപ്പെടുന്നു ::യും ചെയ്യുന്നത് പ്രായോഗികമോ ശാസ്ത്രീയമോ ആണെന്നു കരുതാന്‍ വയ്യ. ജനസംഖ്യാ വിസ്ഫോടനവും കാര്‍ഷിക-വ്യാവസായിക വളര്‍ച്ചയും വനങ്ങളുടെ നശീകരണത്തിനു കാരണമാണ്. ഇനിയൊരു തിരിച്ചുപോക്ക് വ്യാവസായിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നതിന് തുല്യമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് വ്യാവസായിക വളര്‍ച്ച കാരണമാകുന്നുണ്ടെങ്കില്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ശാസ്ത്രീയ സമീപനം. മരങ്ങളെല്ലാം മുറിച്ചുമാറ്റി വ്യവസായ ശാലകള്‍ തുടങ്ങണമെന്നോ വനവത്ക്കരണം അപകടകരമാണെന്നോ അല്ല പറയുന്നത്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും മരമാണ് മറുപടി എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ അന്ധനായിത്തീരുന്നതാണ് അപകടം. അതിവേഗ പാതകളുടെ ഓരങ്ങളിലും രാജവീഥികളിലുമെല്ലാം മുഗള്‍ ഭരണകാലത്തെ നഗരപരിഷ്ക്കരണത്തെ അനുകരിച്ച് മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും അയല്‍ക്കാരന്റെ കൃഷിസ്ഥലത്തും പുരയിടത്തിലും വിത്തുവലിച്ചെറിയുകയും ചെയ്യുന്നതല്ല വനവത്ക്കരണം. അത് പ്രത്യയ ശാസ്ത്ര ദാരിദ്യ്രമാണ്. ശാസ്ത്രീയമായ അവബോധമില്ലായ്മയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു പോംവഴികള്‍ അന്വേഷിക്കേണ്ടത് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണ്.

ആഗോളതാപനത്തെക്കുറിച്ചും അതിന്റെ കാരണ-പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സൌരചക്രങ്ങളുടെ സ്വഭാവം, അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ മുതലായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പങ്ക് ഇക്കാര്യത്തിലുണ്ടെന്നു പറയുമ്പോഴും അവ എങ്ങനെ, എത്രത്തോളം ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ല. കഴിയുന്ന കാര്യമാകട്ടെ മനുഷ്യരുടെ പ്രകൃതിയിലുള്ള അനിയന്ത്രിത ഇടപെടല്‍ കാരണം ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനത്തിലുണ്ടാകുന്ന വര്‍ധനയും അതു വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളുമാണ്. ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചേഞ്ച് (IPCC) എന്നറിയപ്പെടുന്ന കാലാവസ്ഥാ-ഭൌമശാസ്ത്രസംഘം ഓരോ വര്‍ഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ടുകള്‍ സമാഹരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ടുകളുടെത്തുടര്‍ന്നാണ് രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രത്തലവന്മാര്‍ നിര്‍ബന്ധിതരാകുന്നത്.

ആഗോളതാപനത്തിന്റെ പ്രധാന ഉത്തരവാദിത്വം ഹരിതഗൃഹപ്രഭാവത്തിനാണ്. സൂര്യപ്രകാശം ഭൌമോപരിതലത്തില്‍ പതിച്ചതിനുശേഷം അന്തരീക്ഷത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ അതിലേറിയ പങ്കും താപവികിരണങ്ങളുടെ (ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍) രൂപത്തിലാണ്. ഭൌമാന്തരീക്ഷത്തിലുള്ള വാതകങ്ങള്‍ ഈ താപവികിരണങ്ങളെ കെണിയില്‍പ്പെടുത്തുകയും അവയുടെ സ്വതന്ത്രസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. വാതകങ്ങള്‍ ഇവിടെ ഒരു സ്ഫടിക മേലാപ്പു പോലെയാണ് പെരുമാറുന്നത്. ഭൌമാന്തരീക്ഷത്തിന്റെ ഈ സ്വഭാവമാണ് ഭൂമിയില്‍ ചൂടും തണുപ്പും ക്രമീകരിക്കുന്നത്. ഭൌമജീവന്റെ ഉത്ഭവത്തിനും വികാസത്തിനും പിന്നില്‍ ഹരിതഗൃഹപ്രഭാവത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നര്‍ത്ഥം. 1824ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി ഹരിതഗൃഹപ്രഭാവത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. ജോസഫ് ഫൊറിയര്‍ എന്ന ശാസ്ത്രജ്ഞന്‍ അന്തരീക്ഷത്തെക്കുറിച്ചു നടത്തിയ പഠനത്തില്‍ ഭൂമിയ്ക്ക് ഇത്തരമൊരു അന്തരീക്ഷ ഘടന ഇല്ലായിരുന്നുവെങ്കില്‍ അന്തരീക്ഷ താപനിലയില്‍ 60 ഡിഗ്രി ഫാരന്‍ഹൈറ്റുവരെ കുറവുണ്ടാകുമെന്നും അത് ഭൂമിയെ വാസയോഗ്യമല്ലാതാക്കുമെന്നും കണ്ടെത്തുകയുണ്ടായി. പിന്നീട് 1895ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തേ അറേനിയസ് ഹരിതഗൃഹപ്രഭാവത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിധ്യമാണെന്നും മനുഷ്യപ്രവര്‍ത്തനങ്ങള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി. ഒരു നൂറു വര്‍ഷത്തിനുള്ളില്‍ ഈ വര്‍ദ്ധനവ് ഭീകരമാകുമെന്നും അത് ഭൂമിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അറേനിയസ് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിക്കുകയുണ്ടായി.

ആഗോളതാപനത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ ഹരിതഗൃഹസ്വഭാവമാണെന്നു പറഞ്ഞല്ലോ. എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് നോക്കാം. ഭൌമോപരിതലത്തില്‍ തട്ടി പ്രതിഫലിപ്പിക്കുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് താപവാഹകര്‍. വികിരണങ്ങള്‍ ദ്രവ്യകണികകളുടെ ആറ്റോമിക-തന്മാത്രാ ഘടനയെ ആശ്രയിച്ചാണ് അവയിലൂടെ കടന്നുപോകുന്നത്. ആറ്റങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പോസിറ്റീവ് ചാര്‍ജ്ജുള്ള ഒരു ന്യൂക്ളിയസ്സും നെഗറ്റീവ് ചാര്‍ജ്ജുള്ള ഇല്ക്ട്രോണുകളും കൊണ്ടാണെന്ന് സാമാന്യമായി പറയാന്‍ കഴിയും. ഇലക്ട്രോണുകള്‍ വ്യത്യസ്ത ഊര്‍ജ്ജനിലയിലുള്ള ഓര്‍ബിറ്റുകളില്‍ ന്യൂക്ളിയസ്സിനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇത്തം രണ്ട് ഓര്‍ബിറ്റുകളുടെ ഇടയില്‍ ഊര്‍ജ്ജനിലയുടെ ഒരു വിടവ് നിലനില്‍ക്കുന്നുണ്ട്. ഈ വിടവുകളിലേക്ക് താപവികിരണങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും അതുവഴി താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള ഇലക്ട്രോണുകള്‍ കുറേക്കൂടി ഉയര്‍ന്ന ഊര്‍ജ്ജനിലയിലേക്കു ചാടുകയും (Quantum Leap) ചെയ്യും. ഇങ്ങനെ താപവികിരണങ്ങളെ ആഗിരണം ചെയ്യുന്നതില്‍ വാതകങ്ങളുടെ കഴിവ് വ്യത്യസ്തമാണ് . കാര്‍ബണ്‍ഡയോക്സൈഡും, നീരാവിയും, മീഥേയ്നും, നൈട്രസ് ഓക്സൈഡും, ക്ളോറോ ഫ്ളൂറോ കാര്‍ബണുമെല്ലാം താപവികിരണങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിവുള്ള വാതകങ്ങളാണ്. പൊതുവെ ഹരിതഗൃഹവാതകങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്. ആഗോളതാപനമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയിലെത്തുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ ഇരുപത് മടങ്ങ് താപവാഹകശേഷിയുണ്ട് മീഥേയ്ന്‍ വാതകത്തിന്. നൈട്രസ് ഓക്സൈഡിനാകട്ടെ ഇത് 300 മടങ്ങ് അധികവുമാണ്. വികസിത രാജ്യങ്ങളില്‍ നിരോധിച്ച ക്ളോറോഫ്ളൂറോ കാര്‍ബണിന്റെ താപവാഹകശേഷി കാര്‍ബണ്‍ഡയോക്സൈഡിന്റെ ആയിരക്കണക്കിന് മടങ്ങ് അധികവുമാണ്. എന്നാല്‍ ഇത്തരം വാതകങ്ങളുടെ സാന്നിധ്യം കാര്‍ബണ്‍ഡയോക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തില്‍ വളരെ കുറവായതിനാല്‍ അന്തരീക്ഷ താപനിലയില്‍ കാര്‍ബണ്‍ഡയോക്സൈഡ് വരുത്തുന്ന വര്‍ദ്ധനവു തന്നെയാണ് ഗണനീയമായിട്ടുള്ളത്. 1990നുശേഷമുള്ള ഓരോ വര്‍ഷവും ഏകദേശം 6 ബില്യണ്‍ മെട്രിക് ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത്. ഹരിതഗൃഹവാതകങ്ങള്‍ സ്വാഭാവികമായും ആഗോളതാപനത്തിനു കാരണമാകുന്നുണ്ടെങ്കിലും മനുഷ്യന്റെ ഇടപെടല്‍ ഇത്തരം വാതകങ്ങളുടെ അമിത ഉല്പാദനത്തിന് ഇടയാക്കുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടേയും വൈദ്യുതോല്പാദനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം അന്തരീക്ഷത്തിലേക്ക് പമ്പു ചെയ്തുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെയും നീരാവിയുടെയുമെല്ലാം തോത് അതിഭീകരമാണ്. അതുമാത്രമല്ല ജനസംഖ്യാവര്‍ധനവും ഇത്തരത്തിലുള്ള വാതകങ്ങളുടെ ഉല്‍സര്‍ജ്ജനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജന്തുക്കളുടെ ശ്വസന പ്രക്രിയയില്‍ പുറന്തള്ളുന്ന വാതകങ്ങളില്‍ പ്രധാന പങ്കും കാര്‍ബണ്‍ഡയോക്സൈഡും നീരാവിയുമാണ്. അതുകൂടാതെ കൃഷിയിടങ്ങളില്‍ കാര്‍ഷികോല്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ ചീയുമ്പോഴും സസ്യാഹാരികളായ ജന്തുക്കളുടെ വിസര്‍ജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന തോതില്‍ മീഥേയ്ന്‍ വാതകവും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുണ്ട്. രാസവളങ്ങളിലുള്ള നൈട്രസ് ഓക്സൈഡും റെഫ്രിജറേറ്ററുകളിലും വ്യാവസായികാവശ്യങ്ങള്‍ക്കുമെല്ലാമുപയോഗിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുമെല്ലാം അന്തരീക്ഷ താപനില ഉയര്‍ത്തുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്.

ഭൌമാന്തരീക്ഷം കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ്. സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റേയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. എന്നാല്‍ മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ ഇടപെടല്‍ ഹരിതഗൃഹ പ്രഭാവത്തിന് എത്രത്തോളം കാരണമാകുന്നുണ്ടെന്ന് പരിശോധിക്കപ്പെടണം. കഴിഞ്ഞ ഒന്നരക്കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ വര്‍ദ്ധനവ് ഇത്രയധികമാവുന്നത് ഇതാദ്യമാണ്. ധ്രുവമേഖലയിലെ ഹിമപാളികളിലും സമുദ്രാന്തര്‍ഭാഗത്തെ അവസാദശിലകളിലും നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ഭീമമാണ്. അതുപോലെതന്നെ ഭീമമാണ് കാട്ടുതീയുണ്ടാകുമ്പോഴും വിറകു കത്തിക്കുമ്പോഴും സംഭവിക്കുന്നത്. ഇവ തമ്മിലുള്ള അന്തരം രണ്ടാമത്തെ പ്രവര്‍ത്തനം ഏറെക്കുറെ സ്വാഭാവികമാണെന്നതാണ്. കാര്‍ബണ്‍ഡയോക്സൈഡ് സ്വീകരിക്കുകയും പ്രാണവായുവായ ഓക്സിജന്‍ പുറന്തള്ളുകയും ചെയ്തുകൊണ്ട് ഒരു ഓക്സിജന്‍ – കാര്‍ബണ്‍ഡയോക്സൈഡ് സന്തുലനം നിലനിര്‍ത്താന്‍ മരങ്ങള്‍ക്ക് കഴിയും. എന്നാല്‍ ജനസംഖ്യാ വിസ്ഫോടനവും ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപഭോഗവും ഈ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നിര്‍ണായക നിലയിലെത്തിക്കഴിഞ്ഞാല്‍ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മരങ്ങള്‍ക്ക് കഴിയാതെ വരും. ഒരു കയര്‍ വലിച്ചു നീട്ടുന്നതുപോലെ അവസാനത്തെ ചകിരിനാരും പൊട്ടിക്കഴിഞ്ഞാല്‍ കയറിന് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ കഴിയാത്തതുപോലെ പിന്നീട് നടത്തുന്ന വനവത്ക്കരണത്തിനും അന്തരീക്ഷത്തിലെ ഓക്സിജന്‍ – കാര്‍ബണ്‍ഡയോക്സൈഡ് സന്തുലനം നിര്‍വഹിക്കാന്‍ കഴിയില്ല. അത്തരമൊരവസ്ഥയില്‍ കുറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയല്ല പരിഹാരം. ബുദ്ധിപരമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.

ഭൂമിയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് കൂടിയും കുറഞ്ഞും വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും. ഇത്തരം മാറ്റങ്ങളെ സ്വാഭാവികമായിത്തന്നെ പ്രകൃതി സന്തുലനം ചെയ്യുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആയിരം വര്‍ഷങ്ങളായി ഇത്തരമൊരു പുന:ക്രമീകരണത്തിന് പ്രകൃതിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. ആഗോളതാപനിലയില്‍ വര്‍ദ്ധനവല്ലാതെ കുറവുണ്ടായ ഒരു സന്ദര്‍ഭം ഉണ്ടായിട്ടുമില്ല. അനുദിനം ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവര്‍ധനയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനവുമെല്ലാം വഴി മനുഷ്യര്‍ അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റെല്ലാ ജന്തുവര്‍ഗ്ഗങ്ങളെക്കാളും വളരെ മുന്നിലാണ്. ആഗോളതാപനം എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രയോഗമാണ്. ശാസ്ത്രജ്ഞര്‍ പൊതുവെ കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നാണ് ഇതിനു പറയുന്നത്. കാരണം ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വര്‍ധന കാറ്റുകള്‍ക്കും സമുദ്രജല പ്രവാഹങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇവ ചില പ്രദേശങ്ങളെ ക്രമാതീതമായി ചൂടാക്കുമ്പോള്‍ മറ്റുചില പ്രദേശങ്ങള്‍ അതിശൈത്യത്തിലേക്ക് വഴുതിവീഴാനും ഇടയാകും. മഴയും മഞ്ഞുവീഴ്ചയുമെല്ലാം പ്രവചനാതീത സ്വഭാവം പ്രകടിപ്പിക്കും. അതിനാല്‍ ആഗോളതാപനമെന്നു പറയുന്നതിലും സാധ്യത കാലാവസ്ഥാ വ്യതിയാനത്തിനാണ്. ഭൂമിയുടെ താപനിലയും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ഇടയില്‍ ഈ സന്തുലിതാവസ്ഥയ്ക്കു നേരിടുന്ന നേരിയ വ്യതിയാനം പോലും ഭൂമിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹിമയുഗങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ അത്തരം ഹിമയുഗങ്ങള്‍ സംഭവിക്കാത്തതുകൊണ്ടാണ് ഇവിടെ നാഗരികത വളര്‍ന്നുവന്നതും മനുഷ്യവര്‍ഗ്ഗത്തിന്റെ വികാസമാരംഭിച്ചതും. അഗ്നിപര്‍വ്വത സ്ഫോടനങ്ങളും സമുദ്രജല പ്രവാഹങ്ങളും എല്‍-നിനോ പ്രതിഭാസവുമെല്ലാം താപവര്‍ദ്ധനവിന് സ്വാഭാവികമായും കാരണമാകുന്നുണ്ടെങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ടു സംഭവിക്കാവുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും വര്‍ധന അതിന്റെ മൂന്നിലൊന്ന് സമയത്തിനുള്ളില്‍ വ്യാവസായിക വിപ്ളവം സൃഷ്ടിക്കുന്നുണ്ട്.

ധ്രുവപ്രദേശങ്ങളിലെയും ഗിരിശൃംഖങ്ങളിലെയും മഞ്ഞുരുകുന്നതാണ് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളില്‍ പ്രധാനം. അതോടൊപ്പം അത്തരം പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. മഞ്ഞുരുകുന്നതോടെ സമുദ്രനിരപ്പ് ഉയരാന്‍ ആരംഭിക്കും. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് കടലാക്രമണം ഈ നൂറ്റാണ്ടില്‍ കൂടുതലായിരിക്കും. തണുപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന സ്പീഷീസുകള്‍ക്ക് വംശനാശം സംഭവിക്കുകയോ അവ ധ്രുവപ്രദേശങ്ങലിലേക്ക് പലായനം നടത്തുകയോ ചെയ്യും. കാലാവസ്ഥയുടെ ചാഞ്ചാട്ടം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കും. സമുദ്രനിരപ്പ് 18 മുതല്‍ 59 സെന്റീമീറ്റര്‍ വരെ ഉയരും. മഹാനഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ഇപ്പോള്‍ തന്നെ തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ അതിലേറെ ശക്തമാകും. പരസ്പരം ആശ്രയിച്ചു കഴിയുന്ന സസ്യ-ജന്തു ശൃംഖലയുടെ താളം തെറ്റും. വെള്ളപ്പൊക്കവും വരള്‍ച്ചയും ക്ഷാമവുമെല്ലാം നിത്യസംഭവങ്ങളാകും. ശുദ്ധജലം കിട്ടാക്കനിയാവും. പെറുവിലെ ക്വല്‍കയ മലനിരകളിലെ മഞ്ഞുരുക്കം ഇപ്പോഴുള്ള അവസ്ഥയില്‍ തുടര്‍ന്നാല്‍ തന്നെ 2100-ാമാണ്ട് ആകുമ്പോഴേക്കും അവിടെയുള്ള ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും അന്യമാകും. ലോകമാകെ മലേറിയ പോലെയുള്ള കൊതുകുജന്യരോഗങ്ങള്‍ പെരുകും. അനേകം ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും വംശനാശം സംഭവിക്കും. ഭൂമിയിലെ ആവാസവ്യവസ്ഥ ആകെ താറുമാറാകും.

കുറേയേറെ മരങ്ങള്‍ വച്ചുപിടിപ്പിച്ചതുകൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഭാവിയില്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍. ബുദ്ധിപൂര്‍വ്വമായ ഇടപെടലുകളാണ് വേണ്ടത്. അത്തരം ചില സാധ്യതകള്‍ പരിശോധിക്കാം. ഇപ്പോള്‍ ബാലിശമെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന ചില നിര്‍ദ്ദേശങ്ങളായിരിക്കും ഭാവിയില്‍ പ്രശ്നപരിഹരണത്തിന് ആവശ്യമായി വരുന്നത്. യഥാര്‍ത്ഥ സസ്യങ്ങള്‍ വളര്‍ത്താന്‍ കഴിയാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കൃത്രിമ സസ്യങ്ങളെ വളര്‍ത്താന്‍ കഴിയും. ഇത്തരം കൃത്രിമ ചെടികള്‍ അവയുടെ സമീപമുള്ള കാര്‍ബണ്‍ഡയോക്സൈഡിനെ ഒരു വാക്വം ക്ളീനര്‍ എന്നപോലെ ആഗിരണം ചെയ്യുകയും അവയെ സോഡിയം ഹൈഡ്രോക്സൈഡായി പരിവര്‍ത്തനം വരുത്തുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കപ്പെട്ട ലായനിയെ ചൂടുപിടിപ്പിച്ചാല്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഒരു ജറ്റ് പുറപ്പെടുകയും ഈ വാതകപ്രവാഹത്തെ ഉന്നതമര്‍ദ്ദത്തില്‍ ടാങ്കുകളില്‍ സംഭരിക്കുകയും ചെയ്യാന്‍ കഴിയും. മര്‍ദ്ദം വര്‍ധിപ്പിക്കുന്നതോടെ ദ്രാവകാവസ്ഥയിലേക്ക് മാറുന്ന കാര്‍ബണ്‍ഡയോക്സൈഡിനെ ഭൂമിക്കടിയിലേക്ക് പമ്പുചെയ്യുന്നതിനും അങ്ങനെ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴി സൃഷ്ടിക്കപ്പെടുന്ന ഈ ഹരിതഗൃഹവാതകത്തെ അതിന്റെ ഉത്ഭവസ്ഥലത്തു തിരിച്ചെത്തിക്കുന്നതിനും സാധിക്കും. മറ്റൊരു സാധ്യത ദ്രാവകാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്സൈഡ് സമുദ്രാടിത്തട്ടിലേക്ക് പുറന്തള്ളുകയാണ്. സമുദ്രജലത്തിലെ ഫൈറ്റോപ്ളാങ്ടണുകള്‍ ഈ കാര്‍ബണ്‍ഡയോക്സൈഡിനെ അവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കും. എന്നാല്‍ ഫൈറ്റോപ്ളാങ്ടണുകള്‍ മൃതിയടയുന്നതോടെ മോചിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡ് സമുദ്രജലത്തിന്റെ രാസഘടനയില്‍ മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനുഷ്യരുടെയും മറ്റു ജീവിവര്‍ഗ്ഗങ്ങളുടെയും നിലനില്‍പ്പിന് ഹാനികരമാകുന്ന രീതിയിലുള്ള ഒരു മാറ്റം ജലത്തിന്റെ ഘടനയിലുണ്ടാവുമോ എന്ന് പരീക്ഷിച്ചറിയേണ്ടത് ആവശ്യമാണ്.

സൂര്യതാപം ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുകയാണ് മറ്റൊരു പോംവഴി. ക്ളൌഡ് സീഡിംഗ് എന്നു വിളിക്കാവുന്ന ഈ രീതിയില്‍ സമുദ്രജലം അന്തരീക്ഷത്തിലേക്ക് പമ്പുചെയ്യുന്നു. അന്തരീക്ഷത്തില്‍വെച്ച് സമുദ്രജലം ബാഷ്പീകരിക്കുമ്പോള്‍ അവശേഷിക്കുന്ന ലവണങ്ങള്‍ മേഘങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ സാന്ദ്രീകരിച്ച് മഴ പെയ്യിക്കുകയും ചെയ്യും. മാത്രവുമല്ല മേഘങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയില്‍ അവ പതിക്കുന്നത് തടയുകയും ചെയ്യും. എന്നാല്‍ ധവളമേഘങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതുപോലെ ജലബാഷ്പവും കാര്‍ബണ്‍ഡയോക്സൈഡുമടങ്ങിയ മേഘങ്ങള്‍ക്ക് പ്രതിഫലനശേഷിയുണ്ടോ എന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെടാത്തതും കാലാവസ്ഥാ നിര്‍ണയത്തില്‍ മേഘങ്ങളുടെ പങ്കിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഇത്തരമൊരു പരീക്ഷണത്തിന്റെ വിജയത്തെ ചോദ്യം ചെയ്തേക്കാം.

അന്തരീക്ഷ താപനില കുറയ്ക്കാന്‍ പ്രകൃതി തന്നെ ചില ഇടപെടലുകള്‍ നടത്താറുണ്ട്. 1991ല്‍ ഫിലിപ്പൈന്‍സിലെ മൌണ്ട് പിനാട്യുമ്പോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചത് 20 മുല്യണ്‍ ടണ്‍ സള്‍ഫര്‍ഡയോക്സൈഡ് വാതകമാണ്. ഈ വാതത്തിന്റെ സ്വാധീനം ഏകദേശം രണ്ടുവര്‍ഷത്തോളം ആഗോള താപനിലയില്‍ ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടാക്കി. അന്തരീക്ഷത്തിലേക്ക് ഗന്ധകബാഷ്പം പമ്പുചെയ്യുന്നതിലൂടെ താപനില കുറയ്ക്കാന്‍ കഴിയുമെന്ന പ്രകൃതിപാഠം അനുകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ സള്‍ഫര്‍ഡയോക്സൈഡ് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായും ഹൈഡ്രജനുമായും പ്രതിപ്രവര്‍ത്തിച്ച് സള്‍ഫ്യൂറിക് അമ്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് അമ്ളമഴയ്ക്കും സമുദ്രത്തിലേയും തടാകങ്ങളിലെയും ജലത്തിന്റെ അമ്ളത വര്‍ധിക്കുന്നതിനും കാരണമായേക്കാം. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യം ഭക്ഷണമാക്കുന്ന മറ്റു ജീവികളേയും ഭക്ഷ്യശൃംഖലയെത്തന്നെയും അപകടപ്പെടുത്തുമെന്നുമുള്ള ഒരു സാധ്യതയും ഈ പരീക്ഷണത്തില്‍ നിലനില്‍ക്കുന്നുണ്ട്.

അന്തരീക്ഷമലിനീകരണവും പരിസര പ്രത്യാഘാതങ്ങളും ഉണ്ടാക്കാത്ത രീതികള്‍ സ്വീകരിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. അതിന് കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ബഹിരാകാശത്തു സ്ഥാപിക്കുന്ന പ്രതിഫലകങ്ങളെക്കുറിച്ചാണ് പറയുന്നത്. സൂര്യന്റെയും ഭൂമിയുടെയും പരസ്പരമുള്ള ഗുരുത്വ വലിവ് നിര്‍വീര്യമാകുന്ന സ്ഥാനങ്ങളില്‍ (Lagrangian Points) സ്ഥാപിക്കുന്ന പ്രതിഫലകങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയുടെ അന്തരീക്ഷതാപനില ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇതിന് പ്രായോഗികമായി ഇന്നനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനം ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാമ്പത്തിക ചെലവാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ 80 ട്രില്യണ്‍ ഡോളര്‍ ആവശ്യമുള്ള ഈ പദ്ധതി ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ആകെ ദേശീയ വരുമാനത്തിന് തുല്യമാണ്. ഏകദേശം ഗ്രീന്‍ലാന്‍ഡിന്റെ വിസ്തൃതിയുള്ള പ്രതിഫലകങ്ങളാണ് ബഹിരാകാശത്ത് സ്ഥാപിക്കേണ്ടതെന്നത് നിലവില്‍ സ്പേസിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുന്ന ഉപഗ്രഹങ്ങള്‍ക്ക് അതൊരു ദീര്‍ഘകാല പദ്ധതിയുമാകും. എന്നാല്‍ ഭാവിയിലെ വികസിച്ച സാങ്കേതിക വിദ്യയില്‍ ഈ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണം പ്രകൃതിയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണെന്നതിന് ശക്തമായ തെളിവുകളുണ്ടെങ്കിലും അതിന് സാമ്പത്തികമായും രാഷ്ട്രീയപരമായും സാമൂഹികവുമായ നിരവധി മാനങ്ങളുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനം പൂര്‍ണമായി അവസാനിപ്പിച്ചാലും അന്തരീക്ഷത്തിന്റെ താപനില ഉടനെയങ്ങു താഴുകയുമൊന്നുമുണ്ടാകില്ല. എന്നാല്‍ ഇന്നു നടത്തുന്ന മുന്‍കരുതലുകള്‍ നാളെ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുന്നത്. ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകരണം 450/550 ppm(parts per million) എന്ന തോതില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആസന്നമായ ദുരന്തത്തില്‍ നിന്ന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ കഴിയും. ഇപ്പോള്‍ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകരണം 380 ppm എന്ന തോതിലാണുള്ളത്. അതിനര്‍ത്ഥം ഇനി കളയാന്‍ അധിക സമയമില്ലെന്നു തന്നെയാണ്. ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനം 50 മുതല്‍ 80 ശതമാനം വരെ കുറച്ചുകൊണ്ടുവന്നെങ്കില്‍ മാത്രമേ ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും ഈ നിര്‍ണായക മൂല്യത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. കുറഞ്ഞ ഇന്ധനം കൊണ്ട് കൂടുതല്‍ ഊര്‍ജ്ജമുല്പാദിപ്പിക്കുന്ന വാഹനങ്ങള്‍, കാറ്റ്, സൂര്യപ്രകാശം, ഹൈഡ്രജന്‍, അണുശക്തി മുതലായവയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ഉപയോഗം, സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങള്‍, പ്രകൃതി വാതകം എന്നിവയെല്ലാം പകരം വയ്ക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സുകളാണ്. അതോടൊപ്പം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ശേഖരിക്കുകയും അത് ഭൌമാന്തര്‍ഭാഗത്ത് എത്തിക്കുകയും ചെയ്യുന്ന ‘കാര്‍ബണ്‍ സ്വീക്വസ്ട്രേഷന്‍’ സമ്പ്രദായവും അഭിലഷണീയമാണ്.

വനവത്ക്കരണം ഫലപ്രദമല്ലെന്നല്ല. എന്നാല്‍ അതിനെമാത്രം ആശ്രയിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുടെ നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നതിന് തുല്യമാണ്. കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മതപുരോഹിതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ പ്രഭാഷണങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഒരു വിഷയമാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഭൂമിയില്‍ മനുഷ്യനും ജീവനും അവശേഷിച്ചെങ്കിലല്ലേ സ്വര്‍ഗ്ഗരാജ്യവും ദൈവിക ഭരണവു-മെല്ലാം സ്ഥാപിക്കാന്‍ കഴിയൂ.


സാബു ജോസ്

 282 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo