സ്വർഗത്തിലെ പെണ്ണുങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സാബു ജോസ്

ജീവിതത്തിന്റെയും തൊഴിലിന്റെയും ഏതു മേഖലയിലും ഇന്ന് വനിതകൾ പുരുഷന്മാരോടൊപ്പം പ്രവര്ത്തിക്കുന്നുണ്ട്. ലിംഗ വിവേചനവും തൊഴിൽ അസമത്വവും അവസര നിഷേധവുമൊന്നും ഒരു ആധുനിക ലോകക്രമത്തിൽ വിലപ്പോകില്ല. ഒരു കാലത്ത് പുരുഷാധിപത്യം നിറഞ്ഞുനിന്ന ബഹിരാകാശ പര്യവേഷണ രംഗത്തും ഇന്ന് വനിതകളുടെ ശക്തമായ സാന്നിധ്യമുണ്ട്. നിരവധി രാജ്യങ്ങളിലെ സ്ത്രീകൾ ബഹിരാകാശത്ത് എത്തുകയും വിവിധ ഗവേഷണങ്ങളിൽ ഏര്പ്പെടുകയും ചെയ്യതിട്ടുണ്ട്.

വനിതകളുടെ ബഹിരാകാശയാത്രയ്ക്ക് തുടക്കം കുറിച്ചത് പഴയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ വാലന്റീന തെരഷ്ക്കോവ 1963 ജൂണ് 16 നാണ് ഭൂമിയുടെ പലായന പ്രവേഗം മറികടന്ന് സ്വര്ഗലോകത്തെത്തിയത്’ സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച മാതൃക പിന്തുടരുന്നതിന് അതിനുശേഷവും ലോകരാഷ്ട്രങ്ങൾ മിക്കതും താത്പര്യം കാണിച്ചില്ല. ഇതൊരു പക്ഷേ സ്ത്രീകളുടെ സ്ത്രീകളുടെ ശാരീരിക – മാനസിക ക്ഷമതയിലുള്ള അജ്ഞത കൊണ്ടോ, മുൻ വിധികൊണ്ടോ ആണ്. എന്തുകൊണ്ടാണ് ഇത്രയും കാലം ബഹിരാകാശം സ്ത്രീകള്ക്ക് അന്യമായിരുന്നത്? എന്തുകൊണ്ടാണ്. ഇപ്പോഴും ഈ രംഗത്തേയ്ക്ക് അധികമാരും എത്തിച്ചേരാത്തത്? അത് ചര്ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.

1980 നു ശേഷമാണ് ബഹിരാകാശ സഞ്ചാരികളായ വനിതകളേക്കുറിച്ചുള്ള വാര്ത്തകൾ പൊതുസമൂഹത്തില് ചര്ച്ചചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ വാലന്റീന തെരഷ്ക്കോവയുടെ ആദ്യ ബഹിരാകാശായാത്രക്കു ശേഷം നീണ്ട പത്തൊൻപത് വര്ഷം വേണ്ടിവന്നു അടുത്ത വനിതാ ബഹിരാകാശ സഞ്ചാരി സ്പേസിലെത്താൻ ഇതുവരെ 59 വനിതകൾ ബഹിരാകാശത്തെത്തിയിട്ടുണ്ട്. വനിതകളുടെ ബഹിരാകാശ യാത്രകളേക്കുറിച്ചുപറയുന്നതിനുമുമ്പ് ഒരു കൗതുക വാര്ത്ത കൂടി പറയാം. ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി എന്ന ബഹുമതി ലഭിച്ചത് ലെയ്ക്ക എന്ന പെൺ പട്ടിയ്ക്കാണ്. സോവിയറ്റ് യൂണിയൻ തന്നെയാണ് ലെയ്ക്കയെ ബഹിരാകാശത്തേക്ക് അയച്ചത്. തെരുവിൽ കാണപ്പെടുന്ന ഒരു സാധാരണ നായ. ഒരു നാടൻ പട്ടി എന്നുവേണമെങ്കില് പറയാം. മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാന് നാടൻ നായ്ക്കള്ക്കുള്ള ശേഷി മറ്റുജീവികൾക്കുണ്ടാകില്ല എന്നതുകൊണ്ടാണ് നറുക്ക് ലെയ്ക്കയ്ക്കു വീഴാന് ഇടയായത്.

നിലവിലുള്ള സ്ഥിതിവികരക്കണക്കനുസരിച്ച് വനിതാ ബഹിരാകാശ സഞ്ചാരികളിൽ ഏറിയപങ്കും അമേരിക്കക്കാരോ, അമേരിക്കന് പൗരത്വം സ്വീകരിച്ചവരോ ആണ്. ബ്രിട്ടന്, ഇറാൻ ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ഇന്ന് അമേരിക്ക, റഷ്യ, ചൈന എന്നീരാജ്യങ്ങളാണ് ബഹിരാകാശയാത്രകള്ക്ക് ഏറ്റവുമധികം തുക ചെലവഴിക്കുന്നത്. കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ഇന്ത്യ, ഇറാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ സഞ്ചാരികള് സ്പേസിലെത്തിയത് റഷ്യയുടെയോ അമേരിക്കയുടെയോ ബഹിരാകാശ ദൗത്വത്തിന്റെ ഭാഗമായാണ്.

എന്താണ് സ്ത്രീകള് ബഹിരാകാശത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്? പുരുഷന്മാരായ യാത്രികരേക്കാള് എന്തു വിഷമതകളാണ് വനിതകള് നേരിടേണ്ടിവരുന്നത് ? പലപ്പോഴും തെറ്റിദ്ധാരണകളാണ് സ്ത്രികളെ ബഹിരാകാശത്തുനിന്നും അകറ്റി നിര്ത്തുന്നത്. അതിൽ പ്രധാനമാണ് സ്പേസിലെ നിശബ്ദത. വായുമണ്ഡലമില്ലാത്ത ബഹിരാകാശത്ത് ശബദമുണ്ടാകില്ല. സ്ത്രീകള്ക്ക് സംസാരിക്കാതിരിക്കാനാവില്ല എന്ന മിഥ്യാധാരണ. മറ്റൊന്ന് സ്പേസിലെ ഏകാന്തത. സ്ത്രീകൾക്ക് ഒറ്റയ്ക്കിരിക്കാൻ കഴിയില്ലെന്ന മിഥ്യാധാരണ. സ്പേസിലെ ഇരുട്ട്. സ്ത്രീകൾക്ക് ഇരുട്ടിനെ ഭയമാണെന്ന മിഥ്യാധാരണ. സ്ത്രീകൾക്ക് കുടുംബത്തിൽ നിന്ന് അകന്നിരിക്കാൻ കഴിയില്ലെന്ന മിഥ്യാധാരണ. സ്ത്രീകളുടെ സ്വാഭാവിക ജൈവിക പ്രവര്ത്തനങ്ങൾ താറുമാറാകുമെന്ന മിഥ്യാധാരണ. ഇവയെല്ലാം സ്ത്രീകളെ ബഹിരാകാശയാത്രയിൽ നിന്ന് അകറ്റി നിര്ത്തുന്നതിനോ, സ്വയം അത്തരമൊരു ബോധം സൃഷ്ടിക്കുന്നതിനോ കാരണമായിട്ടുണ്ട്. എന്നാൽ സസ്തനികളായ നിരവധി ജീവികൾ ബഹിരാകാശത്തെത്തിയിട്ടുണ്ട്. അവയിൽ പെൺ ജീവികൾക്ക് ആൺ ജീവികളേക്കാൾ കൂടുതൽ അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും ബഹിരാകാശം ഇന്നും വനിതകളെ സംബന്ധിച്ചിടത്തോളം കുറെയേറെ ദൂരെയാണ്. സ്പേസ് സ്യൂട്ടണിഞ്ഞ ബഹിരാകാശ സഞ്ചാരിയും മതവിലക്കുകളുടെ മുഖപടമണിഞ്ഞ വനിതയും കണ്ണുകളല്ലാതെ മറ്റുശരീരഭാഗങ്ങളെല്ലാം മറച്ച അവസ്ഥയിലാണ്. ഇതിൽ ആദ്യത്തേത് ശാസ്ത്രപൂരോഗതിയുടെ നേര്ക്കാഴ്ചയാണ്. രണ്ടാമത്തേത് സാമൂഹിക ബോധത്തിന്റെ അധ:പതനവും. ഇവിടെയും ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഇറാൻ പോലെയൊരു മതാധിഷ്ഠിത രാജ്യത്തിൽ നിന്നുള്ള ആദ്യബഹിരാകാശ സഞ്ചാരി ഒരു വനിതയായിരുന്നു. ഇറാനി വനിത സ്പേസിലെത്തിയെന്നത് ഒരു യാഥാര്ഥ്യമാണ്. പക്ഷെ തിരിച്ചിറങ്ങാൻ അവര്ക്ക് അമേരിക്ക തന്നെ വേണ്ടി വന്നു. ഇതുവരെ 24 ബഹിരാകാശ സഞ്ചാരികള് ചാന്ദ്രയാത്ര നടത്തിയിട്ടുണ്ട്. അവരിൽ 12 പേർ ചന്ദ്രനിലറങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവരിലാരും വനിതകളായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. 2024 ൽ നാസയുടെ ആർട്ടമിസ് ദൗത്യത്തിലായിരിക്കും ആദ്യമായി ഒരു വനിത ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്നത്.

സോവിയറ്റ് യൂണിയന്റെ സ്വന്തം കോസ്മോനോട്ട് വാലന്റീന തെരഷ്ക്കോവ 1963 ജൂണ് 16 ന് രാവിലെ യാത്രയാരംഭിച്ചത് ബഹിരാകാശത്തേക്കായിരുന്നെങ്കിലും തിരിച്ചിറങ്ങിയത് ചരിത്രത്തിലേക്കാണ്. സ്വര്ഗലോകത്തെത്തിയ ആദ്യവനിത എന്ന നേട്ടത്തിലേക്കാണ്. കോസ്മോനോട്ടുകള് എന്നാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്നത്, ആസ്ട്രോനോട്ടുകള് എന്നല്ല. നാനൂറ് കോസ്മോനോട്ടുകളിൽ നിന്നാണ് വാലന്റീനയ്ക്ക് ആദ്യ ബഹിരാകാശയാത്രയ്ക്കുള്ള നറുക്കുവീണത്. കോസ്മോനോട്ടായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തെരഷ്ക്കോവ ഒരു ടെക്സ്റ്റൈൽ ഫാക്ടറിയില് ജീവനക്കാരിയായിരുന്നു. കൂടാതെ ഒരു അമെച്ചർ സ്കൈഡൈവറും. ബഹിരാകാശയാത്രയേത്തുടര്ന്ന് തെരഷ്ക്കോവ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്ട്ടിയിൽ സജീവമാവുകയും വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്കു ശേഷവും തെരഷ്ക്കോവ പാര്ട്ടി നേതൃത്വത്തിൽ തുടര്ന്നു. 1937 മാര്ച്ച് 6 ന് സോവിയറ്റ് റഷ്യയിലെ ടയാവ്സ്കി ജില്ലയില് മാസ്ലെനീക്കോവ് ഗ്രാമത്തിലാണ് വാലന്റീന ജനിച്ചത്. അച്ഛൻ ഒരു ട്രാക്ടർ ഡ്രൈവറും അമ്മ ടെക്സ്റ്റൈല് ഫാക്ടറി ജീവനക്കാരിയുമായിരുന്നു. 1953 സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കിയ വാലാന്റീന പീന്നിട് വിദൂര വിദ്യാഭ്യാസ രീതിയിലാണ് ഉപരിപഠനം നടത്തിയത്. പാര ഡൈവിംഗില് കുട്ടിക്കാലം മുതൽ തന്നെ പഠനം നടത്തിയ തെരഷ്ക്കോവ ഗ്രാമത്തിൽ തന്നെയുള്ള ഒരു സ്കൈ ഡൈവിംഗ് ക്ലബ്ബില് അംഗമായിരുന്നു. 1959 മെയ് 21ന് തന്റെ 22 ാംത്തെ വയസിലാണ് തെരഷ്ക്കോവ ആദ്യപാരച്യൂട്ട് ജംപിംഗ് നടത്തിയത്. സ്കൈ ഡൈവിംഗിലുണ്ടായിരുന്ന നൈപുണ്യമാണ് കോസ്മോനോട്ടായി തെരഞ്ഞെടുക്കപ്പെടാന് തുണയായത്. 1961 ല് തെരഷ്ക്കോവ കമ്യൂണിസ്റ്റ് പാര്ട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രാദേശിക സെക്രട്ടറിയാവുകയും ചെയ്തു.

1961 ല് യൂറി ഗഗാറിന്റെ വിജയകരമായ ബഹിരാകാശ യാത്രയേത്തുടര്ന്ന് സോവിയറ്റ് റോക്കറ്റ് എഞ്ചിനിയറായ സെര്ജി കൊറോല്യോവ് ബഹിരാകാശത്തേയ്ക്ക് വനിതകളെ അയക്കുന്നതിനുള്ള ഒരു പദ്ധതി മുന്നോട്ടുവച്ചു. അതിനായി വനിതാ കോസ്മോനോട്ടുകളുടെ റിക്രൂട്ട്മെന്റും തുടങ്ങി. 1962 ഫെബ്രുവരി 16 ന് ഈ സംഘത്തിലേക്ക് വലന്റീന തെരപ്പ്ക്കോവയും തെരഞ്ഞെടുക്കപ്പെട്ടു. നാനൂറിലധികം വരുന്ന വനിതാ കോസ്മോനോട്ടുകളുടെ സംഘത്തില് നിന്നും അഞ്ചുപേരെയാണ് ആദ്യ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. തത്യാന കുസ്നറ്റ്സോവ, ഇറിന സോളോവ്യോവ, ഴാന യോര്ക്കിന, വാലന്റീന പോണോമാര്യോവ, പിന്നെ തെരഷ്ക്കോവയും. ബഹിരാകാശ സഞ്ചാരിണിയായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളില് മുപ്പതുവയസില് കുറഞ്ഞപ്രായവും, 170 സെന്റിമീറ്ററില് കുറഞ്ഞ ഉയരവും, 70 കിലോഗ്രാമില് കുറഞ്ഞ തൂക്കവൂം പരിഗണിച്ചിരുന്നു. അവസാന ലിസ്റ്റിലുള്ള അഞ്ചുപേരില് തെരഷ്ക്കോവയ്ക്കായിരുന്നു മുന്തൂക്കം. അവരുടെ തൊഴിലാളി വര്ഗ പാരമ്പര്യമായിരുന്നു അതിനു കാരണം.

രണ്ട് വനിതാ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്നതിനായിരുന്നു സോവിയറ്റ് യൂണിയന് ആദ്യം പദ്ധതിയിട്ടിരുന്നത്. 1963 മാര്ച്ച് അല്ലെങ്കില് ഏപ്രില് മാസത്തിലാണ് വിക്ഷേപണം ഉദ്ദേശിച്ചിരുന്നത്. ആദ്യ ദൗത്യമായ വോസ്തോക്ക് – 5 ല് തെരഷ്ക്കോവയും രണ്ടാമത്തെ ദൗത്യമായ വോസ്തോക്ക് -6 ല് പോണോമര്യോവയും ബഹിരാകാശ യാത്രയ്ക്ക് തയ്യാറായി. എന്നാല് 1963 മാര്ച്ചില് ഈ പദ്ധതി ഉപേക്ഷിക്കുകയും പുരുഷ സഞ്ചാരിയായ വലേറി സൈക്കോവിസ്കിയേയും തെരഷ്ക്കോവയേയും പരിഗണിക്കുകയും ചെയ്തു. ഒടുവില് 1963 ജൂണ് 14 ന് സൈക്കോവിസ്കിയേയും വഹിച്ചുകൊണ്ട് വോസ്തോക്ക് – 5 പറന്നുയര്ന്നു. തെരഷ്ക്കോവ സഞ്ചരിച്ച വോസ്തോക്ക് – 6 ലോഞ്ച് ചെയ്തത് 1963 ജൂണ് 16 ന് പുലര്ച്ചെയാണ്. തെരഷ്ക്കോവയുടെ ഫ്ലൈറ്റ് കോഡ് പേര് ചൈക എന്നായിരുന്നു. കടല്ക്കാക്ക എന്നാണ് ഈ പേരിന്റെ അര്ത്ഥം. പിന്നീട് ഈ പേര് ഒരു ഛിന്ന ഗ്രഹത്തിനും നല്കുകയുണ്ടായി.
ബഹിരാകാശത്തുവച്ച് മനംപിരട്ടലും മറ്റ് ശാരീരിക അസ്വസ്തതകളും ആവോളം അനുഭവിച്ചുവെങ്കിലും മൂന്നു ദിവസം അവിടെ തങ്ങിയ തെരഷ്ക്കോവ 48 തവണ ഭൂമിയെ വലം വച്ചു. നിരവിധി ചിത്രങ്ങള് എടുക്കുകയും ചെയ്തു. വോസ്തോക്ക്-6 ആ ശ്രേണിയില്പെട്ട അവസാനത്തെ വാഹനമായിരുന്നു. തുടര്ന്നും വനിതകളെ ബഹിരാകാശത്തെത്തിക്കുന്നതിനുളള നീക്കങ്ങള് ഉണ്ടായെങ്കിലും യഥാര്ത്ഥ്യമായത് 19 വര്ഷങ്ങള്ക്കു ശേഷമാണ്. 1982 ഓഗസ്റ്റ് 19 ന് സ്വെത്ലാന സവിത്സ്കയ സോയൂസ് ഠ7 ല് ബഹിരാകാശത്തെത്തിയപ്പോഴാണ് രണ്ടാമത്തെ വനിത സ്വര്ഗലോകം കാണുന്നത്. ബഹിരാകാശത്തു നടന്ന ആദ്യവനിതയും സ്വെത്ലാന തന്നെയാണ്. 1984 ജൂലൈ 17 ന് അവരുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയിലാണ് സ്വെത്ലാനയ്ക്ക് ഈ ഭാഗ്യമുണ്ടായത്. സോയൂസ് ദൗത്യത്തിലും, സ്പേസ് ഷട്ടില് ദൗത്യത്തിലും പങ്കെടുത്ത ആദ്യ വനിത എന്ന ബഹുമതി യെലെന സെറോവയ്ക്കാണ് ലഭിച്ചത്. 2014 സെപ്റ്റംബര് 26 ന് അവര് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില് എത്തിയിരുന്നു. വിദേശ വനിതകളേയും ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് ഇപ്പോള് റഷ്യന് ബഹിരാകാശ ഏജന്സി താല്പര്യം കാണിക്കുന്നുണ്ട്. ബ്രിട്ടന്റെ ആദ്യ ബഹിരാകാശ സഞ്ചാരി ഹെലന് ഷര്മന് (1991), ഫ്രാന്സിന്റെ ക്ലോഡി ഹൈനര് (1996), ഇറാന്റെ അനൗഷേഹ് അന്സാരി (2006), ദക്ഷിണ കൊറിയയുടെ യീ സോ-യോണ് (2008) എന്നിവര് ബഹിരാകാശത്ത് എത്തിയത് റഷ്യയുടെ സോയൂസ് പദ്ധതിയുടെ ഭാഗമായാണ്.

സോവിയറ്റ് യൂണിയനെ തുടര്ന്ന് അമേരിക്കയും വനിതകളുടെ ബഹിരാകാശ യാത്രകള് പ്രോത്സാഹിപ്പിക്കാനാരംഭിച്ചു. എന്നിരുന്നാലും 1983 വരെ അമേരിക്കയില് നിന്ന് ഒര് വനിതാ സഞ്ചാരിയും ഉണ്ടായില്ല എന്നത് വളരെ വിചിത്രമാണ്. 1983 ല് സാലി റൈഡ് ബഹിരാകാശത്ത് എത്തിയപ്പോഴാണ് അമേരിക്ക തങ്ങളുടെ വനിതാ സാന്നിധ്യം സ്വര്ഗലോകത്ത് അറിയിച്ചത്. അതേ തുടര്ന്ന് 40ല്പരം അമേരിക്കന് വനിതകള് ബഹിരാകാശ യാത്രകള് നടത്തിയിട്ടുണ്ട്. സ്പേസ് ഷട്ടില് പദ്ധതിയുടെ ഭാഗമായി 1983 മുതല് 2010 വരെയുളള കാലഘട്ടത്തിലാണ് അവരില് ഏറെപ്പേരും ബഹിരാകാശത്തെത്തി വിവിധ ഗവേഷണങ്ങളില് ഏര്പ്പെട്ടത്. ആറ് അമേരിക്കന് വനിതകള് റഷ്യയുടെ സോയൂസ് ദൗത്യത്തിന്റെ ഭാഗമായി സ്പേസിലെത്തിയിട്ടുണ്ട്. കാനഡയില് നിന്നുളള റോബര്ട്ട ബോണ്സര്, ജൂലി പയിറ്റ് (1992,199,2009), ഇന്ത്യക്കാരിയായ കല്പന ചൗള (1997,2003) ജപ്പാന്കാരികളായ ചായാകി മുകായ്, നവോകോ യമാസാകി (1994,1998,2010) എന്നിവര് സ്വര്ഗലോകത്തേക്കു പറന്നത് യു.എസ്. ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ്.

2012 ല് ആദ്യവനിതയെ ബഹിരാകാശത്തെത്തിച്ചപ്പോള് ചൈനയും തങ്ങളുടെ സ്ത്രീ സാന്നിദ്ധ്യം സ്വര്ഗ്ഗലോകത്തെ അറിയിച്ചു. 2010 ല് വനിതാ ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുക്കാനാരംഭിച്ചപ്പോള് അവര് വിവാഹിതരും അമ്മമാരുമായിരിക്കണമെന്ന് ചൈനീസ് ബഹിരാകാശ ഏജന്സി നിര്ബന്ധം പുലര്ത്തിയിരുന്നു. വിവാഹിതരായ അമ്മമാര്ക്കാണ് ശാരീരിക മാനസിക പക്വത കൂടുതലുണ്ടാവുക എന്ന ന്യായീകരണമാണ് അവര് ഇതിനു കണ്ടെത്തിയത്. എന്നാല് ചൈനീസ് ആസ്ട്രോനോട്ട് സെന്ററിന്റെ ഡയറക്ടര് ഇതില് ചെറിയൊരിളവു വരുത്താന് തയ്യാറായി. വിവാഹിതയായാല് മതി അമ്മയാകേണ്ടതില്ല എന്ന രീതിയില് നിയമത്തെ ഒന്നു മയപ്പെടുത്തി. 2012 ല് ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ല്യൂ-യാങ് യാത്ര തിരിച്ചപ്പോള് അവര് വിവാഹിതയായിരുന്നു, എന്നാല് അമ്മ ആയിരുന്നുമില്ല.

സ്വര്ഗ്ഗലോകത്തെ അമ്മമാര്

നിരവധി അമ്മമാര് ബഹിരാകാശത്തെത്തിയിട്ടുണ്ട്. 1984 നവംബര് 8 ന് STS 51A ഡിസ്ക്കവറി ദൗത്യത്തിന്റെ ഭാഗമായി പറന്ന അന്ന ഫിഷര് ആണ് ബഹിരാകാശത്തെത്തിയ ആദ്യത്തെ അമ്മ. ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിണിയായ ക്ലോഡി ഹൈനര് 1996 ല് സ്പേസിലെത്തിയപ്പോള് വിവാഹിതയും മൂന്ന് കൂട്ടികളുടെ അമ്മയുമായിരുന്നു. നിക്കോള് സ്കോട്ട്, കാന് നൈബര്ഗ്, കാഡി കോള്മാന് എന്നിവരെല്ലാം ബഹിരാകാശത്തെത്തിയ അമ്മമാരാണ്. ശാരീരിക പ്രശ്നങ്ങളേക്കാളേറെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ബഹിരാകാശ സഞ്ചാരികളായ അമ്മമാര്ക്കുണ്ടാകുന്നത്. കുടുംബത്തില് നിന്ന് അകന്ന് കഴിയുന്നത് അവരില് ചിലര്ക്കെങ്കിലും മാനസിക അസ്വസ്ഥതകള് സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊരമ്മ മകന്റെ കളിപ്പാട്ടങ്ങളുമായാണ് സ്പേസിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശ ദൗത്യങ്ങള്ക്കിടയില് ജീവന് നഷ്ടമായ അമ്മമാരുണ്ട്. 1986ലെ ചലഞ്ചര് സ്പേസ് ഷട്ടില് ദുരന്തത്തില് കൊല്ലപ്പെട്ട ക്രിസ്റ്റ മക്ഒലിഫ് രണ്ട് കുഞ്ഞുങ്ങളുടെ മാതാവായിരുന്നു. 2003ലെ കൊളംബിയ ദുരന്തത്തില് മരണമടഞ്ഞ ലോറല് ക്ലാര്ക്കും ഒരു അമ്മയായിരുന്നു.

ഗര്ഭിണികളായ വനിതകളെ ബഹിരാകാശത്തേക്ക് അയക്കുന്നത് നാസ എതിരാണ്. ഇതുവരെ ഒര് ഗര്ഭിണിയും ബഹിരാകാശ യാത്ര നടത്തിയിട്ടില്ല. സ്പേസിലെ തീവ്രവികിരണങ്ങള് ഗര്ഭസ്ഥ ശിശുവിന് ദോഷകരമായി ബാധിക്കാന് ഇടയുളളതാണ് ഇത്തരമൊരു വിലക്കിന് കാരണം. എങ്കിലും ആര്ത്തവം പോലെയുളള സ്വാഭാവിക ശാരീരിക പ്രശ്നങ്ങള്ക്ക് സ്പേസില് മാറ്റമൊന്നുമുണ്ടാകാറില്ല. എങ്കിലും സ്പേസിലെ മൈക്രോ ഗ്രാവിറ്റി തലത്തില് ഗര്ഭസ്ഥയേക്കുറിച്ച് ഇനിയും പഠനങ്ങള് നടത്തേണ്ടതുണ്ട്. സ്പേസ് ഷട്ടില് ടഠട 66,70,72,90 ദൗത്യങ്ങളില് ഇത്തരം പരീക്ഷണങ്ങള്ക്ക് പ്രാധാന്യം നല്കിയിട്ടുണ്ട്. 1983 ല് സോവിയറ്റ് യൂണിയന് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തില് രണ്ട് എലികള്ക്ക് സ്പേസില് വച്ച് പ്രസവിക്കുന്നതിനുളള ഭാഗ്യമുണ്ടായി. ഭൂമിയിലുണ്ടാകുന്ന എലി കുഞ്ഞുങ്ങളെ അപേക്ഷിച്ച് സ്പേസില് പിറന്ന കുഞ്ഞെലികള് മെലിഞ്ഞും ദുര്ബലരുമായി കാണപ്പെട്ടു. അവയുടെ മസ്തിഷ്ക വികാസവും സാവധാനത്തിലായിരുന്നു. എന്നാല് ക്രമേണ അവര് പൂര്ണ്ണ ആരോഗ്യവാന്മാരായി തീര്ന്നു. 1998 ലെ സ്പേസ് ഷട്ടില് ദൗത്യത്തില് വച്ച് പ്രസവിച്ച മുയല്, കുഞ്ഞുങ്ങള്ക്കാവശ്യമുളള പാല് ഉൽപാദിപ്പിക്കുന്നില്ലെന്ന് കണ്ടെത്തി. കുഞ്ഞുങ്ങളെ പാലൂട്ടുന്നതിലും മുയല് വിമുഖത കാണിച്ചു. എന്നാല് തുടര് പരീക്ഷണങ്ങളില് ആദ്യ പരീക്ഷണഫലം തെറ്റാണെന്നു തെളിഞ്ഞു. ഇതുവരെ ഒരു മനുഷ്യശിശുവും സ്പേസില് വച്ചു ജനിക്കുകയോ, ബഹിരാകാശയാത്ര നടത്തുകയോ ചെയ്തിട്ടില്ല.

 389 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo