സൂചിയും നൂലും : ഇന്ദ്രൻസിന്റെ പുസ്തകം പങ്കുവച്ച് ദീപാ നിശാന്ത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

‘ പന്ത്രണ്ട് വയസ്സുമുതൽ എന്റെ കൈവിരലിലേറ്റ സൂചിക്കുത്തുകൾക്ക്…..

അതിന്റെ നീറ്റലിന്…….

ഒപ്പം, അമ്മയുടെ ഉള്ളുരുക്കങ്ങൾക്കും….’

ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന്റെ സമർപ്പണമിങ്ങനെയാണ്.

ഡി സി സ്റ്റാളിൽ നിന്നും ഷംസുദ്ദീൻ കുട്ടോത്ത് എഡിറ്റ് ചെയ്ത ആ പുസ്തകം വാങ്ങാൻ പ്രേരിപ്പിച്ചത് ഈ വരികളാണ്.. ഒരു പഴയ തയ്യൽ മെഷീനിൽ തയ്ക്കുന്നതിനിടെ കണ്ണടയ്ക്കു മുകളിലൂടെ നമ്മെ നോക്കുന്ന ഇന്ദ്രൻസായിരുന്നു മുഖച്ചിത്രം.പുസ്തകത്തിന്റെ പേര് ‘സൂചിയും നൂലും’.

ഒരുപാട് സൂചിക്കുഴകളിലൂടെ നൂലുപോലെ നൂർന്നുവന്ന സ്വന്തം ജീവിതം ഓർത്തെടുക്കുകയാണ് ഇന്ദ്രൻസ്.പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേർത്തെടുത്ത ഒരു മനുഷ്യനെ പുസ്തകത്തിലുടനീളം കാണാം…

എത്ര നിർമ്മമതയോടെയാണ് അയാൾ സ്വന്തം ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്നത്! നാലാം ക്ലാസ്സിൽ പഠിപ്പു നിർത്താനുണ്ടായ സാഹചര്യത്തെ ആഴക്കടലിന്റെ ശാന്തതയോടെ അയാൾ ഓർത്തെടുക്കുന്നതിങ്ങനെയാണ്… :-

” പഠനത്തിൽ ഞാൻ മിടുക്കനായിരുന്നുവെങ്കിലും അന്ന് വല്ലാത്ത ഒരന്തർമുഖത്വം എനിക്കുണ്ടായിരുന്നു. സ്ഥിരമായി പിൻബെഞ്ചിലേ ഇരിക്കുമായിരുന്നുളളൂ. പലതവണ അധ്യാപകർ എന്നെ മുൻബെഞ്ചിൽ ഇരുത്തിയെങ്കിലും ഞാൻ പിന്നെയും പുറകിലെത്തും.സാമ്പത്തികമായി നല്ല നിലയിലുള്ള കുട്ടികളായിരുന്നു മുൻബെഞ്ചിൽ ഉണ്ടായിരുന്നത്.നല്ല സ്റ്റൈലൻ ഷർട്ടൊക്കെയിട്ട് സെന്റൊക്കെ പൂശി വരുന്നവർ.. അവർക്കിടയിൽ നിറമില്ലാത്ത ഉടുപ്പുമായി ഇരിക്കുന്ന ഞാൻ ചേരുംപടി ചേരാത്ത പോലെ തോന്നി. എന്നെ കാണാനും ഒട്ടും കൊള്ളില്ല. എന്റെ അപകർഷതാബോധം കൂടിക്കൂടി വന്നു. അക്കാലത്ത് എന്റെ ശരീരമാസകലം ചിരങ്ങും ചൊറിയുമൊക്കെ പൊങ്ങി ചിണർത്തിരുന്നു. ഇതു കാരണം കൂടെ ഇരുത്താൻ പോലും കൂട്ടുകാർ അറച്ചു. അവരെന്നെ പലപ്പോഴും കൂട്ടത്തിൽ നിന്നും അകറ്റി നിർത്തി.

ദീപാ നിശാന്ത്

നാലാം ക്ലാസ്സിൽ നിന്നും ഞാൻ അഞ്ചിലേക്ക് നല്ല മാർക്കോടെ വിജയിച്ചു. ക്ലാസ്സിൽ ഞാൻ രണ്ടാമനായിരുന്നു. പക്ഷേ യു.പി.സ്കൂളിൽ പോകണമെങ്കിൽ യൂണിഫോം വേണം. യൂണിഫോമില്ലെങ്കിൽ ക്ലാസ്സിൽ കയറ്റില്ല.എനിക്കാണെങ്കിൽ ആകെയുള്ള യൂണിഫോം പലപ്പോഴും ധരിക്കാൻ പറ്റാത്ത അവസ്ഥയിലാകും. ചേറും ചെളിയുമാകും. യൂണിഫോം അലക്കുന്ന ദിവസം ഞാൻ വീട്ടിലിരിക്കും. അങ്ങനെ എല്ലാം കൊണ്ടും മടുത്തു പഠനം നിർത്തേണ്ടി വന്നു. എന്റെ പഠനത്തിന് യൂണിഫോം വിലങ്ങുതടിയായി. എന്റെ ആഗ്രഹങ്ങളൊക്കെ മനസ്സിൽത്തന്നെ അവശേഷിപ്പിക്കേണ്ടി വന്നു. ചില അധ്യാപകർ എന്റെ അവസ്ഥയെ പരിഹസിച്ചിട്ടുണ്ട്.നാട്ടിൽ എന്റെ പ്രായത്തിലുണ്ടായിരുന്ന ഒരുപാട് കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. ദാരിദ്ര്യമായിരുന്നു പ്രധാന കാരണം…”

യൂണിഫോമില്ലാത്തതിനാൽ പഠനമവസാനിപ്പിക്കേണ്ടി വന്ന, പഠിക്കാൻ മിടുക്കനായ ആ കുട്ടി പിന്നീട് സ്വന്തം ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത് തയ്യൽപ്പണിയാണ്. തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ശബ്ദം തയ്യൽ മെഷീന്റെ താളമായിരുന്നു എന്നും കുട്ടിയായിരുന്നപ്പോൾ ആ താളത്തിൽ ലയിച്ച് താൻ ഉറങ്ങിപ്പോകുമായിരുന്നെന്നും ഇന്ദ്രൻസ് ഓർത്തെടുക്കുന്നു.

പല നിറത്തിലുള്ള തുണികളും നൂലുകളുമൊക്കെ ആ കുട്ടിയുടെ സ്വപ്നത്തിൽ പറന്നു നടന്നു… പട്ടിണി കിടക്കുന്നവന്റെ സ്വപ്നത്തിൽ രുചികരമായ ഭക്ഷണം കടന്നു വരുന്നതുപോലെ, കുപ്പായമില്ലാത്തവന്റെ സ്വപ്നത്തിൽ വർണ്ണാഭമായ തുണികളും കടന്നു വന്നതാകണം… ഏതു മനശ്ശാസ്ത്ര സിദ്ധാന്തം കൊണ്ടാണ് അതിനെ സാധൂകരിക്കേണ്ടതെന്നറിയില്ല.

ഇന്ദ്രൻസിന്റെ ഓർമ്മകളിൽ അധികവും കുപ്പായവുമായി ബന്ധപ്പെട്ടതാണ്… ഓണത്തെക്കുറിച്ചുള്ള അയാളുടെ ഓർമ്മ ഇല്ലായ്മയുടെ സങ്കടത്തേക്കാളേറെ പുത്തൻ തുണിയുടുക്കുമ്പോൾ അന്നനുഭവിച്ചിരുന്ന സന്തോഷമാണ്… പുത്തൻകുപ്പായത്തിന്റെ മണം അത്യപൂർവ്വമായി മാത്രം ജീവിതത്തിലനുഭവിച്ചിരുന്ന നിസ്സഹായതയെ പൊലിപ്പിച്ച് വികാരസമുദ്രം സൃഷ്ടിക്കാനൊന്നും അയാൾ മെനക്കെടുന്നില്ല…

പിന്നീടങ്ങോട്ടുള്ള അയാളുടെ ഓർമ്മകളിലും നിറയെ കുപ്പായങ്ങൾ തന്നെയാണ്…

ഒരു കണക്കിനും വഴങ്ങാത്ത സ്വന്തം ശരീരത്തിനനുസരിച്ച് ഷർട്ടുകൾ തയ്ക്കുന്നത് ഇപ്പോഴും താൻ തന്നെയാണെന്ന് അയാൾ പറയുന്നു.. സിനിമയിലും സാഹിത്യത്തിലുമുള്ള തയ്യൽക്കാരെ അയാളോർത്തെടുക്കുന്നു…. അതിൽ ‘ആമിനാ ടെയ്ലേഴ്സി’ലെ അശോകനുണ്ട്.’ തിളക്ക’ത്തിലെ ഹരിശ്രീ അശോകനുണ്ട്. ‘ഓർമ്മകൾ ഉണ്ടായിരിക്കണം ‘ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ടെയ്ലർ ഭാസിയുണ്ട്… എം ടിയുടെ ‘നാലുകെട്ടി’ലേയും പൊൻകുന്നം വർക്കിയുടെ ‘മോഡലി’ലേയും ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെയും തയ്യൽക്കാരുണ്ട്…

അരാഷ്ട്രീയവാദത്തിന്റെ സേഫ് സോണുകളിൽ ഒളിച്ചിരിക്കാതെ വായന കൊണ്ടും ജീവിതാനുഭവങ്ങൾ കൊണ്ടും കരുപ്പിടിപ്പിച്ചെടുത്ത രാഷ്ട്രീയബോധ്യത്തോടെ സ്വന്തം തൊഴിലിനെപ്പറ്റി ആത്മാഭിമാനത്തോടെ അയാൾ പുസ്തകത്തിൽ പറയുന്നു…

” നമ്മുടെ നാട്ടിൽ തയ്യൽക്കട നടത്തിയിരുന്നവരെല്ലാം നല്ല രാഷ്ട്രീയ ബോധമുള്ളവരായിരുന്നു… നാട്ടിലെ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം അവരെ സജീവമായി കാണാമായിരുന്നു. നാട്ടിലെ പ്രധാന സംഭവങ്ങളൊക്കെ അവിടെയായിരുന്നു ചർച്ച ചെയ്തിരുന്നത്.. ഒരു നാടിന്റെ ഹൃദയമിടിപ്പായിരുന്നു ആ നാട്ടിലെ തയ്യൽക്കടയും ചായക്കടയുമൊക്കെ… “

അടിസ്ഥാനവർഗ്ഗത്തിന്റെ രാഷ്ട്രീയ ബോധ്യത്തിന്റെ ഉൾക്കരുത്ത് ജീവിതത്തിലുsനീളം ഇന്ദ്രൻസ് പുലർത്തിയിട്ടുണ്ട്. അയാളോടടുപ്പമുള്ളവർ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നേരിൽ കണ്ട ഒറ്റ ദിവസം കൊണ്ട് വ്യക്തിപരമായി അത് ബോധ്യപ്പെട്ടിട്ടുമുണ്ട്.. സ്വന്തം കുപ്പായം സ്വയം തയ്ക്കുന്നവന്റെ കരുത്താണത്.. മറ്റുള്ളവരുടെ അളവിനനുസരിച്ച് പാകപ്പെടാൻ തയ്യാറാവാത്തവന്റെ നിശ്ചയദാർഢ്യമാണത്..

ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകൾ അവസാനിപ്പിക്കുന്നതിങ്ങനെയാണ്:- ‘

“ഒരു ജീവിതകാലത്ത് പല ജീവിതം ജീവിക്കാൻ ഒരു നടനല്ലാതെ ആർക്കാണ് കഴിയുക? പണ്ടനുഭവിച്ച പട്ടിണിയും ഒഴുക്കിയ കണ്ണീരുമൊക്കെയാണ് എന്റെ ജീവിതത്തിന് കരുത്തു പകരുന്നത്. സഹജീവികളുടെ സങ്കടങ്ങളെ എനിക്കനുഭവിപ്പിച്ചുതരുന്നതും അതുതന്നെ.. ദുരന്തങ്ങൾക്കിടയിലും മറ്റുള്ളവരെ ചിരിപ്പിച്ച ചാർലി ചാപ്ലിനാണ് എന്റെ പ്രിയപ്പെട്ട നടൻ…

കിട്ടുന്നതെല്ലാം വായിച്ചും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചും പഴയ മെഷീനിൽ നേരമുള്ളപ്പോഴൊക്കെ ഉടുപ്പുകൾ തയ്ച്ചും നല്ല സൗഹൃദങ്ങളിൽ ഹൃദയം കൊരുത്തും മനസ്സു തുറന്ന് എല്ലാവരോടും ചിരിച്ചും ഈ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്കിഷ്ടം.. “

ഇന്ദ്രൻസെന്ന വലിയ മനുഷ്യന്റെ, കലാകാരന്റെ അനുഭവങ്ങളുടെ, ഓർമ്മകളുടെ കേട്ടെഴുത്തുകാരനായ ഷംസുദ്ദീൻ കുട്ടോത്ത്, ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ എന്നാണ് ഇന്ദ്രൻസിനെ വിശേഷിപ്പിക്കുന്നത്.. എത്ര മറിച്ചാലും തീരാത്ത താളുകൾ പോലെ ജീവിതം കൊണ്ട് നമ്മെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു കാറ്റിനും ഊതിക്കെടുത്താൻ കഴിയാത്ത നിശ്ചയദാർഢ്യത്തിന്റെ ആ കരുത്തിനെ ആദരവോടെ അദ്ദേഹം നോക്കിക്കാണുന്നു….

ടി വി ചന്ദ്രനാണ് ഇന്ദ്രൻസെന്ന നടന്റെ ശരീരസാധ്യതകളെ മറികടന്ന് ‘കഥാവശേഷനി’ലെ ‘കള്ളൻ കൊച്ചാപ്പി’ എന്ന കഥാപാത്രത്തെ അയാളുടെ കയ്യിലേൽപ്പിച്ചത്. എന്തൊരു പകർന്നാട്ടമായിരുന്നു അത്!സുകുമാരൻ നായരുടെ ‘ശയന’ത്തിലും അടൂരിന്റെ ‘ഒരു പെണ്ണും രണ്ട് ആണി’ലും മനുവിന്റെ ‘മൺറോ തുരുത്തി’ലും ഡോ. ബിജുവിന്റെ ‘കാടുപൂക്കുന്ന നേര’ത്തിലും ‘വെയിൽ മരങ്ങളി’ലും വിനോദ് മങ്കരയുടെ ‘കാംബോജി’യിലും ആർ ശരത്തിന്റെ ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ‘വിലും രഞ്ജിത്തിന്റെ ‘ലീല’യിലും വി സി അഭിലാഷിന്റെ ‘ആളൊരുക്ക’ത്തിലും മാധവ് രാംദാസിന്റെ ‘അപ്പോത്തിക്കിരി’യിലും ഡി. ബിജുവിന്റെ ‘പേരറിയാത്തവരി ‘ലും സൗബിന്റെ ‘ പറവ ‘ യിലും ഏറ്റവുമടുത്ത് മിഥുന്റെ ‘അഞ്ചാം പാതിര’യിലും ഇന്ദ്രൻസെന്ന പ്രതിഭയുടെ പകർന്നാട്ടങ്ങൾ മലയാളി കണ്ടതാണ്..

രണ്ടു ദിവസമായി ടൈംലൈനിൽ നിറയെ ഇന്ദ്രൻസ്…. അയാളുടെ ഒരു വീഡിയോ പ്രചരിക്കുന്നു…വിളക്ക് കത്തിക്കാനും കൈയടിക്കാനും പ്രാർത്ഥിക്കാനും ഉപദേശിക്കാനും ഒന്നുമല്ല അയാൾ നമുക്കു മുന്നിൽ വരുന്നത്.. അയാൾ മുമ്പൊരിക്കലും അങ്ങനെ വന്നിട്ടുമില്ല..

അയാളിപ്പോൾ വന്നിട്ടുള്ളത് തീർത്തും പ്രായോഗികമായ അതിജീവനത്തിന്റെ ഒരു പാഠം പഠിപ്പിക്കാനാണ്… ജീവിതത്തിൽ മുഖംമൂടി ധരിക്കാത്ത ആ കുറിയ മനുഷ്യൻ ‘മാസ്കു ‘ ണ്ടാക്കാൻ നമ്മെ പഠിപ്പിക്കുകയാണ്…

ആ മാസ്ക്ക് എക്കാലവും ധരിക്കാനല്ല ! വൈറസുകൾക്കെതിരെ പ്രതിരോധിക്കാനാണ്….

എക്കാലത്തും സമൂഹത്തിലെ വൈറസുകൾക്കെതിരെ തന്റെ പതിഞ്ഞ ശബ്ദത്തിൽ ബഹളങ്ങളില്ലാതെ പ്രതിരോധിച്ച ഒരു മനുഷ്യൻ പിന്നെന്തു വേണമെന്നാണ് ?

 175 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo