കോവിഡ് 19 ലോകം ഇന്നലെ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

⚠️ ലണ്ടനിലെ സെൻറ് തോമസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു.

🌹 ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷം കഴിഞ്ഞു.

🔴 ഇറ്റലിയിൽ മരണസംഖ്യ 16,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 13,000 കടന്നു. അമേരിക്കയിൽ മരണസംഖ്യ 10,000 കടന്നു.

🔵 ഇറ്റലിയിൽ ഏതാനും ആഴ്ചകൾക്ക് ശേഷം ആദ്യമായി പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നാലായിരത്തിൽ താഴെ വന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,600 ൽ താഴെ കേസുകളും 636 മരണങ്ങളും. ഇതുവരെ ആകെ 1,32,000 ലധികം കേസുകളിൽ നിന്ന് 16,500 ൽ പരം മരണങ്ങൾ.

🔵 സ്പെയിനിലും പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിൽപ്പരം കേസുകളും 700 മരണങ്ങളും. ഇതുവരെ ആകെ 1,37,000 ഓളം കേസുകളിൽ നിന്ന് 13,300 ലധികം മരണങ്ങൾ.

🔵 ജർമനിയിലും പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞുവരികയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,250 കേസുകൾ. ഇതുവരെ ആകെ ഒരു ലക്ഷത്തിൽ പരം കേസുകളിൽ നിന്നും 1,900 ൽ താഴെ മരണങ്ങൾ.

🔵 ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,100 ലധികം കേസുകളും എണ്ണൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 98,000 ലധികം കേസുകളിൽ നിന്ന് 9,000 ഓളം മരണങ്ങൾ.

🔵 തുർക്കിയിൽ ഇതുവരെ മുപ്പതിനായിരത്തിൽ പരം കേസുകളിൽ നിന്നും 650 ൽ താഴെ മരണങ്ങൾ.

🔵 സ്വിറ്റ്സർലൻഡിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ഞൂറിലധികം കേസുകളും 50 മരണങ്ങളും. ഇതുവരെ ആകെ 22,000 ൽ താഴെ കേസുകളിൽ നിന്ന് 765 മരണങ്ങൾ.

🔵 ബെൽജിയത്തിൽ കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൂടി വരികയാണ്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,600 ലധികം മരണങ്ങൾ.

🔵 നെതർലാൻഡ്സിൽ ഇതുവരെ 19,000 ഓളം കേസുകളിൽ നിന്ന് 1,900 ൽ താഴെ മരണങ്ങൾ.

🔵 ഇറാനിൽ കേസുകളുടെ എണ്ണം അറുപതിനായിരം കടന്നു. ഇതുവരെ ആകെ മരണസംഖ്യ 3,700 ലധികം.

🔵 ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും താരതമ്യേന കുറവാണ്. ഇതുവരെ 82,000 ഓളം കേസുകളിൽനിന്ന് 3,300 അധികം മരണങ്ങൾ.

⛔ ബ്രിട്ടനിൽ സ്ഥിതി വിശേഷം ഗുരുതരമായി തുടരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തോളം കേസുകളും നാനൂറിലധികം മരണങ്ങളും. ഇതുവരെ 51,000 ലധികം കേസുകളിൽ നിന്ന് 5,300 ലധികം മരണങ്ങൾ.

⛔ അമേരിക്കയിൽ ഇന്നലെ മുപ്പതിനായിരത്തിൽ കൂടുതൽ കേസുകളും ആയിരത്തിലധികം മരണങ്ങളും. അവിടെ ഇതുവരെ ആകെ മൂന്നര ലക്ഷത്തിലധികം കേസുകളിൽ നിന്നും പതിനായിരത്തിലധികം മരണങ്ങൾ.

⛔ ലോകമാകെ പതിമൂന്നര ലക്ഷത്തോളം കേസുകളിൽ നിന്ന് 75,000 ഓളം മരണങ്ങൾ.

🚫 കാനഡ, ഓസ്ട്രിയ, ബ്രസീൽ, പോർച്ചുഗൽ, തെക്കൻ കൊറിയ എന്നിവിടങ്ങളിലും പതിനായിരത്തിൽ കൂടുതൽ കേസുകൾ. തെക്കൻ കൊറിയയിൽ പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം അമ്പതിൽ താഴെ എത്തി.

🚫 പാകിസ്ഥാനിൽ ഇതുവരെ 3,800 ഓളം കേസുകളിൽ നിന്ന് 53 മരണങ്ങൾ.

🚫 UAE, 2000 ലധികം കേസുകളിൽ നിന്ന് 11 മരണങ്ങൾ.

🚫 ബഹ്റിനിൽ ഇതുവരെ 756 കേസുകളിൽനിന്ന് 4 മരണങ്ങൾ.

🚫 കുവൈറ്റിൽ 650 ലധികം കേസുകളിൽനിന്ന് ഒരു മരണം

🚫 ഒമാനിൽ മുന്നൂറിലധികം കേസുകളിൽനിന്ന് രണ്ട് മരണങ്ങൾ.

ℹ️ Asymptomatic, presymtomatic രോഗികളിൽ നിന്നും പകരാനുള്ള സാധ്യത പരിഗണിച്ച് ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് കനേഡിയൻ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ തെരേസ ടാം.

ℹ️ ലോക് ഡൗൺ കാലത്തെ സഞ്ചാര നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഉണ്ടായ വിമർശനങ്ങളെ തുടർന്ന് സ്കോട്ട്‌ലൻഡ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കാതറിൻ കാൾഡർവുഡിന് രാജിവെക്കേണ്ടിവന്നു. സ്ഥിര താമസ സ്ഥലമായ എഡിൻബർഗിൽ നിന്നും ഒരു മണിക്കൂർ അകലമുള്ള ഒരു വീട്ടിലേക്ക് സഞ്ചരിച്ചു എന്ന വാർത്തയെ തുടർന്നാണ് ഇത്.

ℹ️ അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ റുമേനിയ.

⛔ ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 4,800 നടുത്ത്. ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 30-നകത്ത് ഇന്ത്യയും എത്തിയിട്ടുണ്ട്.

⛔ ഇന്നലെയും അഞ്ഞൂറോളം പുതിയ രോഗികൾ. പതിനഞ്ചിലധികം മരണങ്ങൾ.

⛔ മഹാരാഷ്ട്രയിൽ 900 ന് അടുത്തെത്തി ആകെ രോഗികളുടെ എണ്ണം. തമിഴ്നാട് 600 കടന്നു. ഡൽഹി 500-ന് മുകളിൽ. മുന്നൂറിലധികം രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം 5.

⛔ ത്രിപുരയിൽ ഇന്നലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ഇനിയും ഒരു രോഗിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങൾ മൂന്നെണ്ണം മാത്രം- നാഗാലാൻഡ്, സിക്കിം, മേഘാലയ.

🚫 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം 47% രോഗികളും 40 വയസ്സിനു താഴെയാണ്. 40-നും 60-നും വയസ്സിനിടയിൽ 34% പേർ. 60 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾ 19%.

🚫 അമേരിക്കയിൽ മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വേളയിൽ ഇന്ത്യയിലെ എല്ലാ മൃഗശാലകളിലും കർശനനിയന്ത്രണവും നിർദ്ദേശവും നൽകിയിട്ടുണ്ട്. മനുഷ്യനിൽ നിന്ന് ഒരു കാരണവശാലും മൃഗങ്ങളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും എന്ത് ലക്ഷണങ്ങൾ കണ്ടാലും ഉടനെ പരിശോധിക്കാനുമാണ് നിർദ്ദേശം.

⛔ കേരളത്തിൽ ഇന്നലെ പുതിയതായി 13 രോഗികൾ കൂടി വന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 327 ആയി. നിലവിൽ 266 പേർ ചികിത്സയിലുണ്ട്. 59 പേർക്ക് ഇതിനകം രോഗമുക്തി നേടി.

🚫 മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സംഭവിച്ചത് വേണ്ട സുരക്ഷാ നടപടികളെടുക്കാത്തത് കൊണ്ടാണെന്ന ആരോപണം അന്വേഷിക്കേണ്ടതാണ്. അവിടെ 3 കൊറോണ ബാധിതർ മരിച്ചിരുന്നു. ആദ്യം രോഗബാധയുണ്ടായ നഴ്സിനെ ക്വാറൻ്റയിൻ ചെയ്യാതിരിക്കുകയും, വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാലാണ് 50 നഴ്സുമാർക്കും ഡോക്ടർക്കും രോഗമുണ്ടായത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

🚫 അടിയന്തിരമായി അന്വേഷിച്ച് സത്യമുണ്ടെന്ന് കണ്ടെത്തിയാൽ രാജ്യത്തൊരിടത്തും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉതകുന്ന രീതിയിൽ ശക്തമായ നടപടികളെടുക്കണം. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കണം. PPE കിറ്റ് , N95 മാസ്ക് പോലുള്ളവ സുരക്ഷാ ഉപാധികളുടെ ലഭ്യത ഉറപ്പു വരുത്തണം.

🌹 രോഗികൾക്ക് ഇഞ്ചക്ഷൻ ഒഴികെയുള്ള മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള പദ്ധതി RCC ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിക്കുന്നു എന്നത് തികച്ചും ആശ്വാസകരമാണ്. യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു,
പോലീസ് സേനയെയും, സന്ധദ്ധ സേവകരെയും ഒക്കെ ഉൾപ്പെടുത്തിയുള്ള ഈ പദ്ധതി ശ്ലാഘനീയമാണ്.

🌹 അതുപോലെ ദക്ഷിണകൊറിയൻ മാതൃകയിൽ ത്രോട്ട് സ്വാബുകൾ എടുക്കുന്നതിനുള്ള വോക്ക് ഇൻ സാമ്പിൾ കിയോസ്ക്കുകൾ (WISK) എറണാകുളം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചതും അഭിനന്ദനീയമായ മാതൃകയാണ്. ആരോഗ്യ പ്രവർത്തകർക്കധികം റിസ്കില്ലാതെ സ്വാബെടുക്കാം, അധികം PPE-കൾ വേണ്ടി വരുന്നില്ലാ എന്നതൊക്കെയാണ് ഗുണം. ദിവസവും ചെയ്യാവുന്ന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഇത്തരം WISK-കൾ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുകയുമാണെങ്കിൽ ഇതൊരു വലിയ നേട്ടമാവും.

എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
Info Clinic

 194 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo