മതത്തിന് ലോക്ക്ഡൗണ്‍ വരുമോ? രവിചന്ദ്രൻ സി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊറോണക്കാലത്ത് ദൈവം കോമഡിയാകും. എന്നുകരുതി വിശ്വാസികള്‍ മരിക്കില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവര്‍ ഉപേക്ഷിക്കില്ല. പുരോഹിതരും രാഷ്ട്രീയക്കാരും വിശ്വസചൂഷണം കയ്യൊഴിയുകയുമില്ല. വിശ്വാസി ആകാന്‍ കണ്ടെത്തിയ ‘കാരണങ്ങളും തെളിവുകളും’ കൊറോണയ്ക്ക് ശേഷവും ഭദ്രമായിരിക്കും. എന്തെന്നാല്‍ അവയെല്ലാം ഇല്ലാത്തതോ വ്യാജമോ ആണ്. ഇല്ലാത്തതിനെ നശിപ്പിക്കാനാവില്ല.

രവിചന്ദ്രൻ സി

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?

അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ കൂടുതല്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ പെട്ടെന്ന് പരിസരബോധവും വൊക്കാബുലറി നിയന്ത്രണവും തിരിച്ചുപിടിക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ. സമയവും സന്ദര്‍ഭവും അനുസരിച്ച് സ്വയം പരുവപെടുന്ന ജീവിയാണ് മനുഷ്യന്‍. ജലക്ഷാമം വന്നാല്‍ കുളിക്കാന്‍ ഒരു കപ്പ് വെള്ളം മതി, വെള്ളമുണ്ടെങ്കില്‍ ടാപ്പ് തുറന്നിട്ട് കുമ്മിയടിക്കും. പ്രളയംവരുമ്പോഴും കൊറോണ ആര്‍ക്കുമ്പോഴും കെട്ടിപിടിക്കും. അതൊരു സ്പീഷിസ് സ്വഭാവമാണ്. തമിഴരും കന്നടക്കാരും നേപ്പാളികളും അങ്ങനെയാണ്. കൂട്ടംകൂടി അതിജീവിക്കാനുള്ള പ്രവണത നമ്മുടെ ജീനുകളില്‍ അടയാളപെടുത്തിയിരിക്കുന്നു. അത്യാഹിതവും ദുരന്തവും നീങ്ങുമ്പോള്‍ അത് ദുര്‍ബലപ്പെടും. സൗകര്യപ്രദമായ പെരുമാറ്റരീതിയിലേക്ക് മാറും.

ആദ്യമായി വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികള്‍ ഭവ്യത, ഉത്തരവാദിത്വബോധം, പഠനആക്രാന്തം… ഇത്യാദി സംഭവങ്ങള്‍ കാരണം അവശമായ അവസ്ഥയിലായിരിക്കും. ഏതാനുംമാസം ശ്രദ്ധിക്കുക. ഇവരെയാണോ ആദ്യം കണ്ടതെന്ന സംശയംവരും. കൂറെക്കൂടി കഴിയുമ്പോള്‍ അവിടെനിന്നും പോകും. ഇതേ കുട്ടികള്‍ വീണ്ടും ഒരു പുതിയ കോഴ്‌സിന് വേറൊരു സ്ഥാപനത്തില്‍ ചെന്നാല്‍ ഇതേ പാറ്റേണ്‍ ഏകദേശം ആവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ കാലത്ത് മനുഷ്യര്‍ പലതും പഠിച്ചു, പലതും തെളിഞ്ഞു…എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ വരാറുണ്ട്. മനുഷ്യന്‍ മാറുന്നതിനെക്കാള്‍ സാഹചര്യവും സന്ദര്‍ഭവും മാറിയതിന്റെ ഫലമാണതൊക്കെ.

ലോക്ക് ഡൗണിന് വേണ്ടി പഠിച്ചതില്‍ മിക്കതും ലോക്ക്ഡൗണിന് വേണ്ടിയുള്ളതാണ്. മഴക്കാലത്ത് കുടയെടുക്കുന്നതുപോലെ. കൊറോണക്കാലത്ത് പുറത്തിറങ്ങാത്തത്‌ താല്പര്യമില്ലാത്തതുകൊണ്ടോ ആശുപത്രിയിലേക്ക് ഓടാത്തത് ആതുരതയും ആശങ്കകളും വിട്ടൊഴിഞ്ഞതുകൊണ്ടോ അല്ല. സൗന്ദര്യചിന്തയില്ലാതെ ലോക്ഡൗണ്‍ കാലഘട്ടം കഴിച്ചുകൂട്ടിയ അതേ മനുഷ്യര്‍ ശേഷം ബ്യൂട്ടി പാര്‍ലറുകളിലേക്ക് ഇരച്ചുകയറും. മദ്യപര്‍ ബാറിലേക്കും സിനിമാപ്രേമികള്‍ തിയറ്ററുകളിലേക്കും തിരിച്ചൊഴുകും. ഇതൊന്നും ഇല്ലാതെ ഇവര്‍ ഇത്രയുംകാലം ജീവിച്ചു എന്നത്ഭുതം കൂറുന്നവര്‍ സ്വയം പഠിക്കുന്നില്ല.

കൊറോണ വന്നാലും പ്രളയം പരന്നാലും വേരുകള്‍ അടരുന്നില്ല. ലോക്ക്ഡൗണില്‍ ചെയ്യുന്നതല്ല അല്ലത്തപ്പോള്‍ അനുവര്‍ത്തിക്കേണ്ടത് എന്നവനറിയാം; പ്രണയവുംവിവാഹവും രണ്ടാണെന്നും. ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തുവരുന്ന മലയാളി അവന്റെ മലയാളിത്തം തിരിച്ചുപിടിക്കും. യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പറയാനാവില്ല. വസ്ത്രം മാറാം, ശരീരം തുടരും. കുറെനാള്‍ മദ്യമില്ലാതെ വന്നാല്‍ മദ്യപാനത്വര കുറഞ്ഞേക്കാം. കുറച്ചുകാലം ചെയ്യാതിരുന്നാല്‍ വ്യായാമം മുടങ്ങിയേക്കാം.
പക്ഷേ വായില്‍ തുണി തിരുകി നടക്കുന്നവന്‍ മൗനിയാണെന്ന് വിശ്വസിക്കരുത്.

കൊറോണക്കാലത്ത് ദൈവം കോമഡിയാകും. എന്നുകരുതി വിശ്വാസികള്‍ മരിക്കില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവര്‍ ഉപേക്ഷിക്കില്ല. പുരോഹിതരും രാഷ്ട്രീയക്കാരും വിശ്വസചൂഷണം കയ്യൊഴിയുകയുമില്ല. വിശ്വാസി ആകാന്‍ കണ്ടെത്തിയ ‘കാരണങ്ങളും തെളിവുകളും’ കൊറോണയ്ക്ക് ശേഷവും ഭദ്രമായിരിക്കും. എന്തെന്നാല്‍ അവയെല്ലാം ഇല്ലാത്തതോ വ്യാജമോ ആണ്. ഇല്ലാത്തതിനെ നശിപ്പിക്കാനാവില്ല. കുളിമുറിയിലെ പ്രേതത്തിന് തീയിടാനാവില്ല. പ്രേതസങ്കല്‍പ്പം ചുമക്കുന്ന മസ്തിഷ്‌ക്കം പരിഷ്‌കരിക്കപ്പെട്ടിട്ടേ കാര്യമുള്ളൂ.

സമൂഹജീവിതത്തില്‍ ഭൗതികമായ മാറ്റം സ്ഥിരമായിരിക്കും. മതേതരമായ മാറ്റങ്ങള്‍ താരതമ്യേന എളുപ്പം. പ്രതിരോധം അവിടെ കുറവായിരിക്കും. 4 G മാറി 5 G വരുന്നതോ സൂപ്പര്‍ഫാസ്റ്റ് മാറി സൂപ്പര്‍ എക്‌സ്പ്രസ് വരുന്നതോ കുമ്പസാരം ടെലിവിഷനിലേക്ക് മാറ്റുന്നതോ കാര്യമായ സാമൂഹികപ്രതിരോധം ക്ഷണിച്ചു വരുത്തില്ല. കാളവണ്ടിയില്‍ ഉപയോഗിച്ചിരുന്നവന്‍ കാറില്‍പോകും. നക്കി കുടിച്ചിരുന്നവന്‍ സ്‌ട്രോ ഉപയോഗിക്കും. പക്ഷെ മതജീവി സദാ പിറകോട്ട് ഒഴുകും. ചിന്താതലത്തിലുള്ള പരിഷ്‌കരണം എളുപ്പമല്ല. വ്യക്തിതലത്തിലും സാമൂഹതലത്തിലും വൈകാരികമായ പ്രതിരോധം പരമാവധിയാണവിടെ. ചിന്ത മാറ്റുന്നത് ചന്ത പിടിക്കുന്നതുപോലെ എളുപ്പമല്ല. ഏറ്റവും ശ്രമകരവും സാഹസികവുമായ ഒരു പരിഷ്‌കരണ പ്രക്രിയയാണത്. പഠിച്ചത് കളയുന്നത് മസ്തിഷ്‌ക്കം പരമപീഡനമായി കാണും.

 254 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo