കുതിരസന്നി ഡോക്ടർ അഗസ്റ്റിസ് മോറിസ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( 1 ) ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു , ” അങ്കിൾ , കുതിരസന്നി എന്നാൽ എന്താണ് ? ”..ഞാൻ പറഞ്ഞു , ഒരു പ്രത്യേകതരം സൂക്ഷ്മാണു അഥവാ ബാക്ടീരിയ മൂലം മനുഷ്യർക്കും മൃഗങ്ങൾക്കും വരുന്ന അസുഖം.അവന്റെ സംശയം തീർന്നില്ല . ” കുതിരച്ചാണകം മൂലമാണ് ഈ അസുഖം വരുന്നതെന്നും , പശുവിൻ ചാണകം ഇതിനു കാരണമാകുന്നില്ല എന്നും പറയുന്നുണ്ടല്ലോ ”. എവിടെനിന്നുമാണ് ഈ വിവരം കിട്ടിയത് എന്ന ചോദ്യത്തിനുത്തരമായി അവനൊരു മാസിക അങ്കിളിനു നേരെ നീട്ടി . രാജ്യം ഭരിക്കുന്നവരുടെ ഒരു മുഖമാസിക .അത് വായിച്ച് അങ്കിളിന്റെ കിളി പോയി .

( 2 ) ഭൂമിയിൽ ആദ്യം ഉടലെടുത്ത സൂക്ഷ്മ ജീവികളുടെ പ്രാണവായു ഓക്സിജൻ ഇതര വാതകങ്ങളായിരുന്നു . ഓക്സിജൻ അവയ്ക്ക് വിഷ വാതകവും . അവയെ കാണണമെങ്കിൽ ഓക്സിജൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ നോക്കണം .അത്തരത്തിലൊരു സ്ഥലമാണ് ” കുടൽ ”. അവിടെ കാണപ്പെടുന്ന , വിസർജ്ജ്യങ്ങളിലൂടെ പുറത്തുവരുന്ന ഒരു സൂക്ഷ്മാണു – ക്ളോസ്ട്രീഡിയം ടെറ്റനി — അതുണ്ടാക്കുന്ന ഒരവസ്ഥയാണ് ടെറ്റനസ് അഥവാ കുതിരസന്നി . പൊതുവെ കുടലിനുള്ളിൽ നിരുപദ്രവ കാരിയായി ഒതുങ്ങിക്കൂടി കഴിയുന്ന ഇവയുടെ SPORE എന്നറിയപ്പെടുന്ന വിത്തുകൾ , പഴുപ്പോ ചലമോ ബാഹ്യവസ്തുക്കളോ ഓക്സിജന്റെ അഭാവമോ മറ്റോ ഉള്ള മുറിവുകളിൽ വളരുകയും , TETANOSPASMIN എന്നപേരിലുള്ള വിഷവസ്തു [ exotoxin ] പുറപ്പെടുവിയ്ക്കുകയും , അവ മാംസപേശികളെ തളർത്തി ക്രമേണ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു .

( 3 ) മാംസപേശികളുടെ മുറുക്കം മുകളിൽ നിന്നാരംഭിച്ച് , താഴേക്ക് വരുന്ന വ്യാപിക്കുന്നു . താടിയെല്ല് കടിച്ചുപിടിച്ച മാതിരി ,( TRISMUS അഥവാ LOCKJAW ) കാണപ്പെടുന്നു . ഇളിക്കുന്നതുപോലെയുള്ള മുഖഭാവം Risus sardonicus അഥവാ rictus grin എന്നറിയപ്പെടുന്നു . ഭക്ഷണം വിഴുങ്ങാൻ തടസ്സം നേരിടുന്നു .ഇടുപ്പിലെ മാംസപേശികളുടെ സങ്കോചം മൂലം രോഗി , വില്ലു വളച്ചതുപോലെയുള്ള അവസ്ഥയിലേക്ക് വരുന്നു –Opisthotonus . ശ്വസനത്തെ സഹായിക്കുന്ന ഏറ്റവും വലിയ മാംസപേശി – പ്രാചീരം അഥവാ DIAPHRAGM — അനങ്ങാതാകുകയും രോഗി മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു .

( 4 ) ഉഷ്ണമേഖലാ രാജ്യങ്ങളിൽ കണ്ടുവരുന്ന അസുഖമാണ് ടെറ്റനസ് .മണ്ണിലും , മനുഷ്യർ -മൃഗങ്ങൾ എന്നിവയുടെ കുടലിലും കാണപ്പെടുന്ന ഈ സൂക്ഷമാണുക്കൾ , ശുചിത്വമില്ലായ്മ മൂലവും , അപര്യാതമായ ആരോഗ്യ സംരക്ഷണ നയങ്ങൾ മൂലവും ഇന്നും ഒരുപാട് പേരുടെ ജീവനെടുക്കുന്നു . ഗ്രാമീണ ഇന്ത്യയിൽ ഇന്നും ടെറ്റനസ് മരണങ്ങൾ ഏറെയുണ്ട് . സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് വന്നതോടെ ഈ പ്രശ്നം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് . വാക്സിൻ വിരുദ്ധത മൂലവും അജ്ഞത മൂലവും ഇന്നും പലരും അകാല മരണം പുൽകാറുണ്ട് .

( 5 ) ഒരു ശിശു ജനിച്ചു കഴിഞ്ഞാൽ , 06 , 10 , 14 ആഴ്ചകളിൽ DPT കുത്തിവയ്പ്പ് കൊടുക്കും .മൂന്നു രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ .അതിലെ T എന്ന അക്ഷരം ടെറ്റനസിനെ സൂചിപ്പിക്കുന്നു .പിന്നീട് ഒന്നര വർഷം ( 18 മാസം ) ആകുമ്പോൾ ബൂസ്റ്റർ കുത്തിവയ്പ്പ് കൊടുക്കുന്നു .നാലര വയസ്സിനും അഞ്ചേകാൽ വയസ്സിനും ഇടയ്ക്ക് dT കുത്തിവയ്പ്പ് കൊടുക്കുന്നു . 10 വയസ്സിലും , 15 വയസ്സിലും , 21 വയസ്സിലും TT കുത്തിവയ്പ്പ് എടുക്കുന്നതോടുകൂടി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന ഒരാൾ പിന്നീട് പത്ത് വർഷത്തിലൊരിക്കൽ ഈ കുത്തിവയ്പ്പ് എടുത്താൽ മതിയാകും .ഇതൊന്നുമറിയാതെ ഇന്നും ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ്പ് എടുക്കണമെന്ന് പറയുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരും , ജനങ്ങളും ഉണ്ടാക്കുന്ന പുകിലുകൾ ചില്ലറയല്ല .

( 6 ) വാക്സിൻ വിരുദ്ധത കേരളത്തിലുമുണ്ട് . ഒളിഞ്ഞും തെളിഞ്ഞും പ്രോഗ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ പയറ്റിയവർ , കൊറോണ വന്നപ്പോ മാളത്തിലൊളിച്ചു . എങ്ങനെയെങ്കിലും കൊറോണ വാക്സിൻ കണ്ടുപിടിച്ചാൽ മതിയെന്നായി കാര്യങ്ങൾ .

NB – ചാണകം മെഴുകിയ തറകളിൽ കൂടി നടക്കുമ്പോൾ , കാലിലെ മുറിവുകളിലൂടെ ടെറ്റനസ് രോഗാണു ബാധിച്ചും , നവജാത ശിശുക്കളുടെ പൊക്കിൾകൊടിയിൽ പശുവിൻ ചാണകം എന്തോ ദിവ്യ ഔഷധമെന്നു കരുതി പുരട്ടിയതുമൂലം ടെറ്റനസ് ബാധിച്ചും ഒട്ടേറെ മരണങ്ങൾ നടന്ന ഒരിടമാണ് ഇന്ത്യ . ചാണകം മെഴുകിയ തറകളുടെ മാഹാത്മ്യം വർണ്ണിക്കുന്ന ” നൈറ്റി ടീംസ് ” ആരും തന്നെ തങ്ങളുടെ അരമനകളിൽ ചാണകം മെഴുകാറില്ല . പശുവിൻ ചാണകത്തിലൂടെ ടെറ്റനസ് വരില്ല എന്നെഴുതിപ്പിടിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ” തമാശയ്ക്ക് പോലും അണികളെ വിഡ്ഢികളാക്കാൻ ഇങ്ങനൊന്നും പറയല്ലേ സാറേ ”

 234 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo