കൊറോണ നാളുകളിൽ മലയാള സിനിമ വിശ്രമിക്കുന്നില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഫെഫ്ക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

” മുഖ്യമന്ത്രി പേരെടുത്തുപറഞ്ഞു നന്ദി രേഖപ്പെടുത്തിയത് ഫെഫ്ക്കയുടെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടം”

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ മേഖല പൂർണമായി നിശ്ചലമാണ്. എന്നാൽ ഈ സമയത്തും തങ്ങൾ വിശ്രമിക്കുകയല്ലെന്നാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്. മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ സംഘടനയുടെ പേരെടുത്ത് അഭിനന്ദിച്ച കാര്യവും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. ഫെഫ്ക നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

പ്രിയ അംഗങ്ങളുടെ അറിവിലേക്ക്…
കൊറോണ വൈറസ് ഭീഷണിയെതുടർന്ന് ആദ്യം നിയന്ത്രണങ്ങളിൽ പെട്ടുപോയ മേഖലകളിൽ ഒന്നാണ് ചലച്ചിത്ര മേഖല. നാളുകൾക്കുള്ളിൽ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപനത്തോടുകൂടി നമ്മുടെ മേഖലയും സമ്പൂർണമായി നിശ്ചലമാവുകയുമുണ്ടായി. ഇതേ തുടർന്ന് നമ്മുടെ മേഖലയിൽ തൊഴിലെടുത്തുവന്നിരുന്ന സുഹൃത്തുക്കളുടെ ജീവിതവും വല്ലാത്ത പ്രതിസന്ധിയിൽ അകപ്പെടും എന്ന് മനസ്സിലാക്കിയ ഫെഫ്ക നേതൃത്വം ഏതുവിധത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് സഹോദര സംഘടനകളുമായി വിശദമായി ആശയ വിനിമയം നടത്തുകയുണ്ടായി.

വിശദമായ ചർച്ചകൾക്കൊടുവിൽ ഫെഫ്ക്കക്ക് കീഴിൽ തൊഴിലെടുത്ത് വന്നിരുന്ന അവശത അനുഭവിക്കുന്ന അയ്യായിരത്തോളം തൊഴിലാളികൾക്ക് ഒരു സമാശ്വാസ ധനസഹായം നൽകുവാനുള്ള പദ്ധതി ഫെഫ്ക ആവിഷ്ക്കരിച്ചത്. ഇതോടൊപ്പംതന്നെ സർക്കാരിൽനിന്നും നമുക്കവകാശപ്പെട്ട ഏതൊക്കെ സഹായങ്ങൾ വാങ്ങിയെടുക്കുവാൻ കഴിയും എന്നും അന്വേഷിച്ചു. ആദ്യ ഘട്ടത്തിൽതന്നെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, സെക്രട്ടറി ജി എസ് വിജയൻ, ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ എന്നിവർ നമ്മുടെകൂടി അംഗമായ ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ, ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ എന്നിവരുമായി ചർച്ചകൾ നടത്തിയിട്ടുള്ളതുമാണ്. ആ ഘട്ടത്തിൽ ഫെഫ്കയല്ലാതെ മറ്റാരും ഈ ആവശ്യം സർക്കാരിനോട്‌ ഉന്നയിച്ചിരുന്നുമില്ല.

എന്നാൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ നടന്നുവരുന്നതിനാൽ ചലച്ചിത്ര ക്ഷേമനിധി ബോർഡിൽനിന്നും തത്കാലം പണം അനുവദിച്ചുകിട്ടുവാൻ നിർവ്വാഹമില്ലെന്നും,മറ്റൊരു തീരുമാനം വരുന്നമുറക്ക് അതു പരിഗണിക്കാമെന്നും ക്ഷേമനിധി ചെയർമാൻ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇന്നത്തെ ഒരു ദിനപത്രത്തിൽ ഫെഫ്കയുടെ ഇടപെടലുകൾ പരാമർശിക്കാതെയുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. ലോക്ക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ ഫെഫ്ക്ക എടുത്ത തൊഴിലാളികൾക്കുള്ള സമാശ്വാസ പദ്ധതി, ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നടത്തിയ ഒൻപത് break the chain എന്ന ബോധവൽക്കരണ ലഘുചിത്ര നിർമ്മാണം, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള ‘അന്നം’ ഭക്ഷണവിതരണ പദ്ധതി തുടങ്ങിയവ ഫെഫ്ക്ക മുൻകൈയെടുത്ത് നടപ്പാക്കിയ ഏറ്റവും വലിയ പ്രവർത്തനങ്ങൾതന്നെയാണെന്ന് നിറഞ്ഞ അഭിമാനത്തോടെ പറഞ്ഞുവെക്കട്ടെ.മാത്രമല്ല ഫെഫ്ക്ക ഡ്രൈവേഴ്സ് യൂണിയനിലെ 480 തൊഴിലാളികളും അവരുടെ വാഹനങ്ങളും സൗജന്യമായി വിട്ടുനൽകാമെന്നു മുഖ്യമന്ത്രിയോട് പറഞ്ഞതും, അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഫെഫ്ക്കയുടെ പേരെടുത്തുപറഞ്ഞു നന്ദി രേഖപ്പെടുത്തിയത് ഫെഫ്ക്കയുടെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നു. നാളിതുവരെ ഐക്യത്തോടെ,ഒരൊറ്റ മനസ്സായി പ്രവർത്തിച്ചുവരുന്ന നമുക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നവിധം പ്രസ്താവനകൾ നടത്തുന്നവരെ നാം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ

ഫെഫ്ക

 193 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo