മദ്യലഭ്യതയ്ക്കുള്ള ഉപകരണമാക്കി എന്തുകൊണ്ട് ആശുപത്രികളെ മാറ്റരുത്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഡോക്ടർ: ജോസ്റ്റിൻ ഫ്രാൻസിസ്

മദ്യലഭ്യതയ്ക്കുള്ള ഉപകരണമാക്കി എന്തുകൊണ്ട് ആശുപത്രികളെ മാറ്റരുത്??

മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 ഇന്ത്യൻ പാർളമെന്റ് പാസ്സാക്കിയ ഒരു നിയമമാണ്.. ഈ നിയമം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും നയപരമായ തീരുമാനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശകവുമാകേണ്ട ഒരു പൊതുരേഖയാണ്. ഈ നിയമമനുസരിച്ച് അമിതമായ മദ്യാസക്തി മനോരോഗമാണെന്നും മനോരോഗത്തിന്റെ ചികിത്സ, സർക്കാരിൻറെ ഉത്തരവാദിത്വമാണെന്നും നിഷ്കർഷിക്കുന്നുണ്ട്.

മദ്യ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളായ Alcohol intoxication, Alcohol withdrawal, Delirium Tremens എന്നിവയെല്ലാം ചികിത്സിക്കുന്നതിന് കൃത്യമായ Medial Guidelines ഉം ചികിത്സാ രീതികളും നിലവിലുണ്ട്. അത് വ്യക്തികൾക്ക് മദ്യം ലഭ്യമാക്കിക്കൊണ്ടല്ല മറിച്ച് ശാസ്ത്രീയമായ de-addiction നൽകിക്കൊണ്ടാണ്.

സർക്കാർ ഡോക്ടന്മാരുടെ കുറിപ്പടി പ്രകാരം മദ്യം ലഭ്യമാകുമെന്നു കേട്ടാൽ നിരവധി പേർ സർക്കാർ ആശുപത്രികളിലേക്ക് വലിയ തോതിൽ എത്തിത്തുടങ്ങും… ഇത് lock down നെ പ്രായോഗികമായി പരാജയപ്പെടുത്തും…

Asymptomatic carrier state ഉം incubation period ൽ തന്നെ രോഗവ്യാപനവുമുള്ള Covid-19 ന്റെ സാമൂഹ്യ വ്യാപനത്തിന് ആശുപത്രികളിൽ മദ്യപാന ശീലമുള്ളവർ തിങ്ങിക്കൂടുന്നത് വഴി വെച്ചേക്കാം…

ആശുപത്രികളിലെ ജനക്കൂട്ടത്തിന്റെ സ്വഭാവം ബിവറേജ് ഷോപ്പുകളിലെ ജനക്കൂട്ടത്തിന്റെ സ്വഭാവത്തിൽ നിന്നു വിഭിന്നമാണ്… നിരവധി രോഗങ്ങളുള്ളവർ ആശുപത്രിയിലെ ക്യൂവിൽ ഉണ്ടാകും… ഇത് രോഗവ്യാപനമടക്കം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും.. ആശുപത്രികളിൽ നിന്നു സ്വാഭാവികമായി നൽകുന്ന മെഡിക്കൽ സേവനങ്ങളെ ഇതു മന്ദഗതിയിലാക്കും…

മദ്യലഭ്യതയ്ക്കായി തിങ്ങിക്കൂടുന്നവർ ഉണ്ടാക്കുന്ന ,ആശുപത്രി – എക്സൈസ് ഓഫീസ് എന്നിവിടങ്ങളിലെ ക്യൂ, യാത്രാ വാഹനങ്ങളുടെ അമിത ഉപയോഗം ഇവയെല്ലാം lockdown നെ പരാജയപ്പെടുത്തി സാമൂഹ്യ വ്യാപനത്തിനു കാരണമായേക്കാം…

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആയി നടന്ന ശാസ്ത്രീയ പഠനങ്ങളും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും മദ്യാസക്തി ഉള്ളവരിൽ ഉദ്ദേശം 50 ശതമാനത്തിൽ കൂടുതൽ ആളുകൾക്ക് മനോരോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരാണ് എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മദ്യപാന അടിമത്തം അഥവാ Alcohol dependence ഉള്ള വ്യക്തികളിലേറെപ്പേർക്കും മറ്റൊരു psychiatric Condition കൂടിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.. 30-40% പേർക്ക് വിഷാദരോഗം ( depression), 25-50% പേർക്ക് അമിത ഉത്ക്കണ്ഠാ രോഗം ( Anxiety disorders) , 10-15% പേർക്ക് ആത്മഹത്യാ പ്രവണത, പലർക്കും സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം ( Antisocial personality disorder) എല്ലാം ഉണ്ടാകാം… ഇതെല്ലാം കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്… അല്ലാതെ ഇവർക്ക് മദ്യലഭ്യത ഉറപ്പാക്കാനുള്ള പ്രക്രിയയിൽ ഭാഗഭക്കാവുന്നത് മെഡിക്കൽ എത്തിക്സിനു വിരുദ്ധമാണ്

എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുക്കുന്ന ലിക്കർ പാസിലെ എട്ടാമത്തെ ചോദ്യത്തിലേക്ക് ഞാൻ നിങ്ങളുടെ ഏവരുടെയും ശ്രദ്ധ  ക്ഷണിക്കുന്നു.
“Name of doctor who referred”…!! രോഗിക്ക് ദ്രോഹം വരുന്ന ഒന്നും ചെയ്യില്ല എന്ന ഹിപ്പോക്രേറ്റസ് ഓത്തു ഏറ്റുചൊല്ലി ബിരുദം സ്വീകരിക്കുന്ന വൈദ്യസമൂഹത്തെ ഇത്തരത്തിൽ അപഹസിക്കുന്നത് ക്രൂരമാണെന്ന് പറയാതിരിക്കാനാവില്ല…

ആശുപത്രികളിൽ വാക്കുതർക്കം, പരാതികൾ, ക്രമസമാധാന പ്രശ്‌നങ്ങൾ,  മെഡിക്കൽ സേവനങ്ങൾക്കുണ്ടാകുന്ന തടസ്സവും കാലതാമസവും… ഇവയെല്ലാം ഈ തീരുമാനം കൊണ്ടുണ്ടാകാം.. രോഗീ ചികിത്സ എന്ന മഹത്തായ കർത്തവ്യത്തിലേർപ്പെട്ടിരിക്കുന്ന ഒരു ഡോക്ടറുടെ ധാർമ്മിക നിലപാടുകൾക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമാണ് ഈ തീരുമാനം..

Dr.Jostin Francis
Psychiatrist

 225 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo