ചാൾസ് രാജകുമാരന്റെ കൊറോണ മാറ്റിയ ഹോമിയോ ചികിൽസയുടെ കള്ളക്കഥ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

Jithesh T

ബ്രിട്ടനിലെ കൊറോണ രോഗബാധിതനായിരുന്ന ചാൾസ് രാജകുമാരൻ, ആറ് ദിവസം കൊണ്ട് രോഗമോചിതനായി. കാരണം ഹോമിയോ മരുന്നുകളാണ് ചികിത്സക്ക് ഉപയോഗിച്ചത്. ഹോമിയോ മരുന്ന് കൊറോണാ വൈറസിനെതിരെ വളരെ ഫലപ്രദമാണ്. കൊറോണ ബാധിച്ച ആളുകൾ മരിക്കുന്നത് അലോപ്പതി മരുന്നുകൾ കൊടുക്കുന്നതു കൊണ്ടാണ്.

ഹോമിയോപ്പതിക്കാരുടെ പുതിയ വാദവും പ്രചരണവുമാണിത്. ഈ കാര്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ Covid രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുത്ത് ലോകത്തിന് മാതൃകയാവണമെന്നാണ് ആവശ്യം

വാസ്തവം-
കൊറോണ ബാധിച്ച നല്ലൊരു ശതമാനം ആളുകൾക്ക് ലക്ഷണങ്ങൾ പോലുമില്ല. ചിലർക്ക് ഒന്നോ രണ്ടോ ദിവസം നിൽക്കുന്ന ചെറിയ ജലദോഷവും പനിയും മാത്രം. വളരെ ചെറിയൊരു ശതമാനമാണ് ഒരാഴ്ചയിൽ കൂടുതൽ അസുഖം നീണ്ടു നിൽക്കുന്നത്. അതിൽ തന്നെ ഒട്ടുമിക്കപേരും സപ്പോർട്ടിവ് ചികിത്സ കൊണ്ട് രോഗം ഭേദമാകും.
ചാൾസ് രാജകുമാരൻ ഹോമിയോമരുന്നുകൾ കഴിച്ചിട്ട് കൊറോണ മാറി എന്ന വാർത്ത ചില ബ്രിട്ടീഷ് മാധ്യമങ്ങളിൽ വന്നപ്പോൾ ബ്രിട്ടനിലെ ആരോഗ്യവകുപ്പ് തന്നെ, അടിസ്ഥാനമില്ലാത്ത തെറ്റായ വാർത്തയാണ് എന്ന് വ്യക്തമാക്കിയിരുന്നു. (ഹോമിയോ ചികിത്സ ഒരു national waste ആണെന്ന് മനസ്സിലാക്കി അതിനുള്ള ഫണ്ടിംഗ് നിർത്തലാക്കി ഹോമിയോപ്പതി തൂത്ത് കളയാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണ് ബ്രിട്ടൻ).

ഹോമിയോ കോളേജിലെ അഞ്ചു വർഷത്തെ കോഴ്സിൽ മോഡേൺ മെഡിസിൻ വിരുദ്ധത കുത്തിവെച്ച്, മുന്നൂറ് കൊല്ലം മുമ്പ് സാമുവൽ ഹനിമാൻ ഉണ്ടാക്കിയ, ‘നേർപ്പിക്കുന്തോറും വീര്യം കൂടും’, ‘സാമ്യം സാമ്യത്തെ സുഖപ്പെടുത്തും’ – എന്നീ പമ്പര വിഡ്ഢിത്ത സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിച്ചു ബ്രെയിൻ വാഷ് ചെയ്തു പുറത്തിറക്കുമ്പോൾ സാമാന്യബുദ്ധിയും കൂടി നഷ്ടപ്പെടുന്നു. പിന്നെ എന്ത് വിഡ്ഢിത്തവും എവിടെയും വിളിച്ചു പറയാം. സ്വയം അപഹാസ്യരാവുന്നത് തിരിച്ചറിയാനുള്ള വിവേകവും നഷ്ടപ്പെടുന്നു.
ഹോമിയോപ്പതി സർവരോഗസംഹാരിയാണ് എന്ന അന്ധവിശ്വാസവും മനസ്സിൽ പേറി മുഴകളും ക്യാൻസറും വരെ ചികിത്സിക്കുന്നു. ഇതുവരെ ഭൂലോകത്ത് ഇല്ലാതിരുന്ന അസുഖങ്ങൾക്കും ഇനി വരാനിരിക്കുന്ന അസുഖങ്ങൾക്കും ചികിത്സയുണ്ട് എന്ന് അവകാശപ്പെടുന്നു. ശാസ്ത്രീയ ചികിത്സകൾക്കെതിരെ കഴിയാവുന്നത്ര പ്രചരണം നടത്തുന്നു….. ലോകത്തെല്ലായിടത്തും ഹോമിയോപ്പതിക്കാർ ചെയ്തു വരുന്നത് ഇതാണ്.

 176 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo