മൗദൂദിയേയും മൗദൂദിസത്തെയും ആരൊക്കെ എത്ര ഭംഗിയായി വെളള പൂശിയാലും ഒരു കാര്യം അനിഷേധ്യമാണ്‌

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കെ വേണു– മൗദൂദിയും മൗദൂദിസത്തെ പിന്തുടരുന്ന ജമാ അത്തെ ഇസ്ലാമിയും ജനാധിപത്യത്തെയല്ല ദൈവാധിപത്യത്തെയാണൂ മുന്നോട്ടു വെക്കുന്നത്. ജനാധിപത്യത്തിൽ മനുഷ്യസമൂഹത്തിനു നൽകുന്ന പരമാധികാരം മൗദൂദിസത്തിൽ ദൈവത്തിനാണു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഇത്യയെപ്പോലെ പാർളമെൻ്ററി ജനാധിപത്യം പ്രാബല്യത്തിലിരിക്കുകയും ജനങ്ങളുടെ അധികാരമെന്തെന്നു കുറച്ചെല്ലാം മനസിലാവുകയും ചെയ്തിട്ടുള്ള ഒരു സമൂഹത്തിൽ ജനങ്ങളുടെ പരമാധികാരത്തിനു പകരം ദൈവത്തിൻ്റെ പരമാധികാരത്തെ പ്രതിഷ്ഠിക്കുക എളുപ്പമല്ല. അതിനാലാണു ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമിക്കാർ മൗദൂദിയുടെ അടിസ്ഥാനപ്രമാണങ്ങളിൽ വെള്ളം ചേർക്കാൻ നിർബന്ധിതരായിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയെ ജനമധ്യത്തിൽ പൊടിതട്ടി പ്രദർശിപ്പിക്കാൻ നിയുക്തരായ ചിലർ മൗദൂദിയുടെ കൃതികളിൽനിന്നു ജനാധിപത്യത്തിനു അനുകൂലമെന്നു തോന്നിക്കുന്ന ഭാഗങ്ങൽ ഉദ്ധരിച്ചുകൊണ്ടാണു ഈ വെള്ളം ചേർക്കൽ നടത്തുന്നത്. ഇങ്ങനെയുള്ള മയപ്പെടുത്തലുകൾ കൊണ്ടൊന്നും മൗദൂദിയുടെ ജനാധിപത്യവിരുദ്ധത മൂടിവെക്കാനാവില്ല”. എം ജി എസ് നാരായണൻ: – “മതമൗലികവാദികൾ രഹസ്യത്തിലെന്നപോലെ പരസ്യത്തിലും ,ലാളിത്യത്തിലെന്നപോലെ അത്യന്താധുനിക സങ്കീർണ സാങ്കേതികത്വത്തിലും വിശ്വസിക്കുന്നു. ഇതൊരു വൈപരീത്യമായി തോന്നാം. പക്ഷെ വസ്തുതയാണു. അവരുടെ’മാധ്യമ’ങ്ങൾ അങ്ങേയറ്റം ലിബറൽ ആയ രീതിയിൽ ,എല്ലാ വിഭാഗക്കാരെയും സഹകരിപ്പിച്ചുകൊണ്ടും പ്രീതിപ്പെടുത്തിക്കൊണ്ടും പൊതുസമ്മതി നേടാൻ തത്രപ്പെടുന്നതായി കാണാം. അവയ്ക്കു സ്വകാര്യമായി വമ്പിച്ച സാമ്പത്തികശക്തിയും വിദേശീയ ചാരസംഘടനകളുടെ പിൻ ബലവും ഉണ്ടാകുമെങ്കിലും അപൂർവ്വമായേ അതു കണ്ടത്തപ്പെടാറുള്ളു. അവർ മതപാഠശാലകളും അനാഥശാലകളുമെന്നപോലെ ആശുപത്രികളും അത്യാധുനിക സാങ്കേതികപരിശീലനകേന്ദ്രങ്ങളും ഏർപ്പെടുത്തുന്നതിൽ ശ്രദ്ധപതിപ്പിക്കുന്നു. അങ്ങനെ താടകയോ ശൂർപ്പണഖയോ പൂതനയോ മാരീചനോ യൂജീ സഖാവോ കെ ജി ബിയോ സി ഐ എ യോ എന്നപോലെ ഒളിപ്രവർത്തനങ്ങളിൽ അഭിരമിക്കുന്നു. ജമാ അത്തെ ഇസ്ലാമി മുതലായ ‘ആദർശപ്രസ്ഥാന’ങ്ങളും അവയിൽ നിന്നും പ്രത്യയശാസ്ത്ര ഊർജ്ജം വലിച്ചെടുത്തു വിലസുന്ന പല തരം ജിഹാദീ സംഘടനകളും ഇതിനു ഉത്തമോദാഹരണങ്ങളാണു. മഹാന്മാരായ മതപ്രചാരകന്മാരാൽ പഴയ കാലങ്ങളിൽ അസുരനായും മാരനായും സാത്താനായും ഇബ്ലീസായും ചിത്രീകരൈക്കപ്പെട്ടവരുടെ അനന്തരാവകാശികളാണു ഇന്നത്തെ മതമൗലികവാദികൾ.” ഹമീദ് ചേന്നമംഗലൂർ:- “ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാക്കുന്ന ജനാധിപത്യത്തെ നിരാകരിച്ച മൗദൂദിയുടെ ജമാ അത്തെ ഇസ്ലാമി 1958 തൊട്ട് പാകിസ്ഥാനിൽ പാർളമെൻ്ററി രാഷ്ട്രീയത്തിൽ ഭാഗഭാക്കായി പോന്നിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ അതിജീവനം പാകിസ്ഥാനിലായാലും ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും മറ്റെവിടെയായാലും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണു ജമാ അത്തെ ഇസ്ലാമി നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യം. താത്വികമായി ജനങ്ങളുടെ പരമാധികാരത്തെ നിരാകരിക്കുമ്പോഴും ആ പരമാധികാരത്തിൻ്റെ പിൻ ബലത്തിലേ ജമാ അത്തിനു നിലനിൽക്കാൻ സാധിക്കൂ എന്നതാണു യാഥാർത്ഥ്യം. മൗദൂദിസ്റ്റ് സംഘടന പാകിസ്ഥാൻ പോലുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ എന്നെങ്കിലും അധികാരത്തിലേറിയാൽ അവർ രാജ്യത്ത് ജനാധിപത്യ സംവിധാനം തുടർന്നു നിലനിർത്തുമോ? 1979ൽ അന്തരിച്ച മൗദൂദിയോ അതിനു ശേഷം ജമാ അത്തിൻ്റെ നേതൃപദവിയിൽ ഇരുന്നവരോ ഒന്നും ഇക്കാര്യം വ്യക്തമാക്കീട്ടില്ല. അധികാരത്തിലേറും വരെ നിലനിൽക്കാൻ ജനാധിപത്യം,അധികാരത്തിലേറിക്കഴിഞ്ഞാൽ ദൈവാധിപത്യം എന്ന അഭിധാനത്തിൽ മതനേതൃത്വാധിപത്യം എന്ന സ്വേഛാധിപത്യം-അതാണു ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കാഴ്ചപ്പാട്. ദൈവിക പരമാധികാരത്തിൻ്റെ രാഷ്ട്രീയം കക്ഷത്തിലൊതുക്കി നടക്കുന്ന ഈ സംഘടനയ്ക്കും അതിൻ്റെ ജനവിരുദ്ധപ്രത്യയശാസ്ത്രത്തിനും പക്ഷെ അത്ര വലിയ ഭാവിയൊന്നുമില്ല. സ്ഥാപകാചാര്യനായ മൗദൂദിയുടെ തട്ടകവും മുസ്ലിം ഭൂരിപക്ഷരാഷ്ട്രവുമായ പാകിസ്ഥാനിൽ പോലും വർഷം അറുപത്തഞ്ചു കഴിഞ്ഞിട്ടും രാഷ്ട്രത്തിൻ്റെ അധികാരം കൈവശപ്പെടുത്താവുന്ന ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ ജമാ അത്തെ ഇസ്ലാമിക്കു കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പരമാധികാരം ദൈവത്തിലല്ല, ജനങ്ങളിൽതന്നെ നിക്ഷിപ്തമായിരിക്കണം എന്നേ വിവേകത്തിൻ്റെ പക്ഷത്തു നിൽക്കുന്ന മുസ്ലിം ഭൂരിപക്ഷം കരുതൂ. ബഹുജനങ്ങളുടെ ഈ വിവേകം തന്നെയാണു മൗദൂദിസ്റ്റ് സംഘടയുടെ മുമ്പിലുള്ള ഏറ്റവും വലിയ വിലങ്ങുതടിയും വെല്ലുവിളിയും. ” —– എം എൻ കാരശ്ശേരി:- “..മതസ്വാതന്ത്ര്യമുള്ള ഏതു നാട്ടിലും മുസ്ലിം ആയി ജീവിക്കാം എന്നു മറ്റു സംഘടനകൾ കരുതുമ്പോൾ ‘ഇസ്ലാമികനിയമങ്ങൾ’ പുലരുന്ന ഒരു ഭരണവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് യഥാർത്ഥ വിശ്വാസിയാകാൻ പറ്റുകയുള്ളു എന്നു ജമാ അത്ത് ശഠിക്കുന്നു. വിശ്വാസാചാരങ്ങൽ നിലനിർത്തലാണു മറ്റു സംഘടനകളുടെ ലക്ഷ്യം. ; രാഷ്ട്രീയ അധികാരമാണു ജമാ അത്തിൻ്റെ ലക്ഷ്യം. ഇസ്ലാം എന്നത് സാധാരണ നിലക്കുള്ള ഒരു മതമല്ല, ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമാണൂ എന്നു ജമാ അത്ത് ഉറച്ചു വിശ്വസിക്കുന്നു. മറ്റു സംഘടനകൾ ഉയർത്തിപ്പിടിക്കുന്നത് മത്തത്തിൻ്റെ സാംസ്കാരികപ്പഴമകളാണു. അവർ നിലകൊള്ളുന്നതു സാംസ്കാരിക ഇസ്ലാമിനു വേണ്ടിയാണൂ. രാഷ്ട്രീയാധികാരത്തിനു വേണ്ടി നിലനിൽക്കുന്ന ഒരു സംഘടന തീർച്ചയായും രാഷ്ട്രീയപ്പാർട്ടിയാണു. അതുകൊണ്ടാണു ജമാ അത്ത് മതസംഘടനയല്ല, രാഷ്ട്രീയപ്പാർട്ടിയാണൂ എന്നു പറയുന്നത്.” …. “ഇസ്ലാമൊരു ‘വെറും മതം’ അല്ലെന്നും ഐഹികവും പാരത്രികവുമായ എല്ലാ സംഗതികളും ഉൾച്ചേർന്ന ഒരു ‘സമ്പൂർണ ജീവിതപദ്ധതി’ ആണെന്നും മൗദൂദി വാദിക്കുന്നു. അതുകൊണ്ടു തന്നെ ഭരണവ്യവസ്ഥ അതിൻ്റെ ഭാഗമാണെന്നും. ഞാൻ ചോദിക്കട്ടെ: ഭരണസ്ഥാപനത്തിനു ഒന്നാമതായി വേണ്ടത് ഭരണാധികാരിയെ വാഴിക്കലാണു. അതിനുള്ള ഇസ്ലാമികമായ ചിട്ട എന്താണൂ? മുഹമ്മദ് നബി അറേബ്യയിൽ ഭരണാധിപനായിത്തീർന്നു. അദ്ദേഹം മരിച്ചപ്പോൾ ആരെയാണു ഭരണത്തിൽ പിന്തുടർച്ചക്കാരനായി കൊണ്ടുവരേണ്ടത് എന്നതിനെപറ്റി തർക്കം വന്നു. ആ തർക്കം മൂന്നാം ദിവസമേ തീർന്നുള്ളു. നബി രോഗശയ്യയിൽ കിടക്കുമ്പോൾ നിസ്കാരത്തിനു നേതൃത്വം കൊടുക്കുവാൻ (ഇമാമത്ത്) സഹചരൻ അബൂബക്കർ സിദ്ദീഖിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതൊരു സൂചനയായി എടുത്ത് പൗരന്മാർ ‘കൂടിയാലോചനയിലൂടെ’ അബൂബക്കറിനെ ഒന്നാം ഖലീഫയായി ‘തെരഞ്ഞെടുക്കുക’യാണുണ്ടായത്. അദ്ദേഹം പൗരപ്രമുഖരുമായി’കൂടിയാലോചിച്ച്’ അടുത്ത ഭരണാധികാരിയായി ഉമർ ഖത്താബിനെ ‘നാമനിർദേശം’ ചെയ്തു. പിന്തുടർച്ചക്കാരനെ കണ്ടെത്തുവാൻ അങ്ങനെ രണ്ടാം ഖലീഫയായി തീർന്ന ഉമർ ആറംഗസമിതിയെ ‘നാമനിർദേശം’ ചെയ്യുകയും ആ സമിതിലുള്ളവർ അവർക്കിടയിൽനിന്നു ഒരാളെ ‘അഭിപ്രായൈക്യ’ത്തിലൂടെ ‘തെരഞ്ഞെടുക്കണ’മെന്നു നിർദ്ദേശിക്കുകയും ചെയ്തു. ആ വഴിക്കാണു മൂന്നാം ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാൻ ഭരണാധികാരിയാകുന്നത്. മൂന്നു ഖലീഫമാർ മൂന്നു രീതിയിൽ ഭരണാധികാരികളായി എന്നർത്ഥം!. ഇനി ,ഭരണാധികാരി പ്രാപ്തനല്ലെന്നോ നീതിമാനല്ലെന്നോ ഭരണീയർക്കു തോന്നിയാൽ സ്ഥാനത്തുനിന്നു നീക്കുവാനുള്ള ഇസ്ലാമിക ചിട്ട എന്താണു? മൂന്നാം ഖലീഫ ഉസ്മാനെയും നാലാം ഖലീഫ അലിയെയും വിശ്വാസികൾ തന്നെ വെട്ടിക്കൊല്ലുകയായിരുന്നു. ഭരണം ഇസ്ലാം മതത്തിൻ്റെ അടിസ്ഥാനദർശനമായിരുന്നെങ്കിൽ ഭരണാധികാരിയെ സ്ഥാനാരോഹണം ചെയ്യിക്കുവാനും സ്ഥാനത്യാഗം ചെയ്യിക്കുവാനുമൊക്കെ മതപരമായ നിയമങ്ങൾ ഉണ്ടാവുമായിരുന്നില്ലേ? …..ഇങ്ങനെയൊരു രാഷ്ട്രീയമാനം ഇസ്ലാമിന്ന് ഇല്ലാതിരുന്നതുകൊണ്ടാണു അഞ്ചാം ഖലീഫ മു ആവിയക്കു മകൻ യസീദിനെ തൊട്ടടുത്ത ഖലീഫയായി പ്രഖ്യാപിക്കാനും അതു നടപ്പാക്കാനും കഴിഞ്ഞത്. വധിക്കപ്പെട്ട നാലാം ഖലീഫ അലിയുടെ ആൾക്കാർ ഇതിനെ എതിർത്തുകൊണ്ടാവശ്യപ്പെട്ടത് അലിയുടെ മകൻ ഹുസൈനെ ഭരണാധികാരിയാക്കണമെന്നാണൂ. വ്യക്തി എന്ന നിലയിൽ യസീദിനെക്കാൾ എത്രയോ യോഗ്യനായിരുന്നു ഹുസൈൻ എന്നതു ശരിയാണെങ്കിലും ഈ രണ്ടു നിലപാടും തത്വത്തിൽ ഒന്നുതന്നെയാണു. -ഖലീഫസ്ഥാനം പൈതൃകമായി അനന്തരാവകാശമായി കിട്ടേണ്ടതാണു എന്നത്. കൂടിയാലോചന, നാമനിർദേശം, അഭിപ്രായൈക്യം ,തെരഞ്ഞെടുപ്പ് തുടങ്ങിയ മാനങ്ങളെല്ലാം എത്രവേഗം പോയി മറഞ്ഞു എന്നു നോക്കുക. അതിനു വേണ്ടിവന്നത് വെറും 29 കൊല്ലം മാത്രമാണു. നൂറ്റാണ്ടുകളായി മുസ്ലിം ലോകത്തു നിലനിന്നു പോരുന്ന സങ്കല്പം ഭരണാധികാരം പൈതൃകസ്വത്തായി കിട്ടുന്നു എന്നു തന്നെയാണു. ..”

 268 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo