സെപ്തംബർ 24 അഭിനയകലയുടെ പെരുന്തച്ചൻ, തിലകൻ (1935 – 2012)

ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊


ഓർമ്മ.

ഓരോ കഥാപാത്രങ്ങളിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിച്ച മഹാപ്രതിഭയായിരുന്നു തിലകൻ.
ശരിയായ പേര് സുരേന്ദ്രനാഥ തിലകൻ.

ഓരോ കഥാപാത്രത്തെയും സംവിധായകൻ പ്രതീക്ഷിക്കുന്നതിനപ്പുറം ഒന്നിനൊന്നോട് സാമ്യപ്പെടുത്താനാകാത്ത തരത്തിൽ അഭിനയിപ്പിച്ചു ഫലിപ്പിച്ച അദ്ദേഹം സ്വാഭാവികമായ സംഭാഷണാവതരണത്തിന്റെയും തനതായ അഭിനയശൈലിയുടെയും ഉടമയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനനം.
മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.

കോളേജ് വിദ്യാഭ്യാസക്കാലത്തു അഭിനയ രംഗത്ത് സജീവമായി.
1955-ൽ പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് ‘മുണ്ടക്കയം’ നാടക സമിതിക്ക് രൂപം കൊടുത്തു.
1966-വരെ കെ പി എ സി യുടെ ഭാഗമായി. കൊല്ലം കാളിദാസകേന്ദ്ര, ചങ്ങനാശേരി ഗീത എന്നിവയിലും സജീവമായി. പി.ജെ ആന്റണിയോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകി. 40 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയപ്രതിഭ പി.ജെ.ആന്റണിയുടെ ‘ഞങ്ങളുടെ മണ്ണാണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.

1973-ൽ എ വിൻസന്റിന്റെ ‘ഗന്ധർവക്ഷേത്ര’ ത്തിൽ ഒരു മിനിറ്റ് മാത്രമുള്ള രംഗത്ത് അഭിനയിച്ച് സിനിമയിലെത്തി. അതേ വർഷം പിജെ ആന്റണിയുടെ ഏക സംവിധാന സംരഭമായ ‘പെരിയാറി’ൽ വേഷമിട്ടു.
1979-ൽ കെ.ജി ജോർജിന്റെ ‘ഉൾക്കടൽ’ മുതൽ സജീവമായി. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രധാനവേഷങ്ങളിലേക്കു കടന്നു. 1982-ൽ കെ.ജി ജോർജിന്റെ ‘യവനിക’യാണ് വഴിതിരിവായത്.

നെഞ്ചിനുള്ളിൽ സങ്കടങ്ങളുടെ തീക്കുടുക്ക സൂക്ഷിച്ചുവെച്ച് ജീവിച്ച ‘കിരീട’ത്തിലെ അച്ചുതൻ നായർ, അച്ഛൻ കഥാപാത്രങ്ങളിലെ ക്ലാസ്സിക് ആണ്. ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ ലെ ക്രൂരനായ രണ്ടാനച്ഛൻ, ‘നാടോടിക്കാറ്റി’ ലെ അനന്തൻ നമ്പ്യാർ, ‘ കൗരവർ’ ലെ അധോലോക നേതാവായ അലിയാർ ബാവ, ‘മൂന്നാംപക്ക’ ത്തിലെ മുത്തച്ഛൻ, പ്രതികാരം കാത്തുസൂക്ഷിച്ച ‘കാട്ടുക്കുതിര’യിലെ കൊച്ചുബാവ, ‘ സ്ഫടിക’ ത്തിലെ ചാക്കോ മാഷ്, കൂടാതെ നഖക്ഷതങ്ങൾ, പഞ്ചാഗ്നി, ജാതകം, മാലയോഗം, കിലുക്കം, തനിയാവർത്തനം, ഇരകൾ, യാത്ര, ചാണക്യൻ, കുടുംബപുരാണം, ചെങ്കോൽ, മൃഗയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്.

പെരുന്തച്ചൻ (1990), ഗമനം, സന്താനഗോപാലം (1994) എന്നിവയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും, 1987-ൽ പ്രതാപ് പോത്തന്റെ ‘ഋതുഭേദ’ത്തിന് സഹനടനുള്ള ദേശീയ അവാർഡും 2007-ൽ മധു കൈതപ്രത്തിന്റെ ‘ഏകാന്ത’ത്തിന് ദേശീയതലത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ആറ് തവണ സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
2009-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ ഷമ്മി തിലകനും, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകനും മക്കളാണ്.

📁 സുരേഷ് സി ആർ

 740 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു