അവസാനം അതുണ്ടാവുകയാണ് – അസാധാരണമായ ദൂരദർശനികൾ

ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ അസാധാരണ ദൂരദര്‍ശിനികളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതു മുതല്‍ സൗരയുഥത്തിന് വെളിയിലുള്ള വാസയോഗ്യ ഗ്രഹങ്ങളിലെ ഭൗമേതര ജീവന്‍ നേരിട്ട് കാണാന്‍ വരെ ഈ ദൂരദര്‍ശിനികള്‍ കൊണ്ട് സാധിക്കും. ഭൂമിക്ക് ഭീഷണിയാകാനിടയുള്ള ഛിന്നഗ്രഹങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഈ ദൂരദര്‍ശിനികള്‍ സഹായിക്കും.

ഈ അസാധാരണ ദൂരദര്‍ശിനികളെ പരിചയപ്പെടാം

1- ടെസ് (Transitting Exoplanet Survey- TESS):2018

സൗരയുഥത്തിന് വെളിയിലുള്ള ഭൗമസമാനഗ്രഹങ്ങളെ തിരഞ്ഞുപിടിക്കാന്‍ സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുള്ള ബഹിരാകാശ ദൂരദര്‍ശിനി ടെസ് 2018 ല്‍ വിക്ഷേപിച്ചു. സംതരണ രീതി (Transit method) ഉപയോഗിച്ചാണ് ടെസ് അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത്. നിലവില്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലും സംതരണ വിദ്യ ഉപയോഗിച്ച് അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഗ്രഹങ്ങള്‍ അധികവും വ്യാഴത്തിന്റെയും യുറാനസിന്റെയുമെല്ലാം വലിപ്പമുള്ള വാതക ഭീമന്‍മാരായിരുന്നു. ഭൂമിയുടെയും ചൊവ്വയുടെയും വലിപ്പമുള്ള ചെറിയ ഗ്രഹങ്ങളിലാണ് ജീവന്‍ ഉദ്ഭവിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്നത്. എന്നാല്‍ സംതരണ വിദ്യ ഉപയോഗിച്ച് ഇത്തരം ഗ്രഹങ്ങളെ കണ്ടെത്താന്‍ പ്രയാസമാണ്. ഈ ഗ്രഹങ്ങള്‍ അവയുടെ മാതൃ നക്ഷത്രത്തിന്റെ മുന്നിലൂടെ സഞ്ചരിക്കുമ്പോള്‍ അവ നക്ഷത്രതിതന്റെ പ്രത്യക്ഷ ശോഭയില്‍ ((Aparent magnitude) ഉണ്ടാക്കുന്ന കുറവ് വളരെ നിസാരമായതുകൊണ്ട് ഇത്തരം ചെറിയ ഗ്രഹങ്ങളെ കണ്ടെത്തുന്നത് പ്രയാസമാണ്. എന്നാല്‍ 2009ല്‍ വിക്ഷേപിച്ച കെപ്ളർ ബഹിരാകാശ ദൂരദര്‍ശിനി ഇതിനകം 5790 അന്യഗ്രഹങ്ങളെ (Exoplanes) കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1156 ഗ്രഹങ്ങള്‍ ഭൗമസമാനവും ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ളതുമാണ്. കെപ്ളർ ദൂരദര്‍ശിനി ഒരു ലക്ഷം നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹങ്ങളെയുമാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ടെസിന്റെ നിരീക്ഷണ മേഖല ഇതിന്റെ 400 മടങ്ങ് വലുതാണ്. അതുകൂടാതെ ടെസ് കണ്ടെത്തുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം, പിണ്ഡം, സാന്ദ്രത, അന്തരീക്ഷ ഘടന എന്നിവയെല്ലാം തിരിച്ചറിയാന്‍ കഴിയുന്ന അനുബന്ധ ഉപകരണങ്ങളും ദൂരദര്‍ശിനിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാസയാണ് ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

2. ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് (JWST) 2021

ഭൂമിയില്‍ നിന്നും 1300 കോടി പ്രകാശവര്‍ഷമകലെ ശൈശവ പ്രപഞ്ചത്തിലെ ആദ്യ നക്ഷത്ര സമൂഹങ്ങളെയാണ് ജെയിംസ് വെബ് നിരീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്നും 16 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി സ്ഥാപിക്കുന്നത്. ഹബിള്‍ ടെലസ്‌കോപ്പിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ജെയിംസ്‌വെബ് 2021 ല്‍ വിക്ഷേപിക്കപ്പെടും. ഇന്‍ഫ്രാറെഡ് വേവ്ബാന്‍ഡില്‍ പ്രവര്‍ത്തനശേഷിയുള്ള ജെയിംസ്‌വെബ് വികസിക്കുന്ന പ്രപഞ്ചത്തില്‍ അകന്നുപോയ്‌കൊണ്ടിക്കുന്ന നക്ഷത്ര സമൂഹങ്ങളുടെയും ഖഗോള പ്രതിഭാസങ്ങളുടെയും (Celestial bodies) ചുമപ്പുനീക്കം (Doppler Shifting) കൃത്യമായി കണ്ടുപിടിക്കുകയും അവയുടെ സ്ഥാനവും വലിപ്പവും മനസിലാക്കുകയും ചെയ്യും. 880 കോടി ഡോളര്‍ ചെലവ്‌വരുന്ന ഈ പദ്ധതിയുടെ പിന്നില്‍ നാസയാണ്. അഞ്ച് മുതല്‍ 10 വര്‍ഷം വരെയാണ് ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തന കാലാവധി. പ്രപഞ്ചത്തിന്റെ ഭൂതകാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് ജെയിംസ്‌വെബ് സ്‌പേസ് ടെലസ്‌കോപ്പ്.

3. ജിഎംടി (Giant Magellan Telescope- GMT):2022

ചിലിയിലെ പര്‍വതനിരകളില്‍ 2022ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെടുന്ന ഭൂതല ദൂരദര്‍ശിനിയാണ് ജിഎംടി. 80 അടി വ്യാസമുള്ള ഇതിന്റെ പ്രൈമറി മിററിന് ഇന്ന് നിലവിലുള്ള മറ്റേത് ഭൂതല ദൂരദര്‍ശിനിക്ക്കഴിയുന്നതിലും അധികം പ്രകാശം പിടിച്ചെടുക്കാന്‍ കഴിയും. പ്രപഞ്ചത്തിലെ ഏറ്റവും വിദൂരങ്ങളായ ദ്രവ്യ രൂപങ്ങളെ കുറിച്ചാണ് ജിഎംടി പഠിക്കുന്നത്. സൗരയുഥത്തിന് വെളിയിലുള്ള വാസയോഗ്യ ഗ്രഹങ്ങളെ നേരിട്ടുനിരീക്ഷിക്കാന്‍ ജിഎംടിക്ക് കഴിയും. ഹബിള്‍ ദൂരദര്‍ശിനി നല്‍കുന്നതിലും പത്ത് മടങ്ങ് വ്യക്തതയുള്ള പ്രപഞ്ച ചിത്രങ്ങളായിരിക്കും ജിഎംടി നിര്‍മിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, ആസ്‌ട്രോണമി ഓസ്‌ട്രേലിയ ലിമിറ്റഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കൊറിയ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ടെക്‌സാസ് യൂണിവേഴ്‌സിറ്റി, അരിസോണ യൂണിവേഴ്‌സിറ്റി, ചിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ഈ പദ്ധതിക്ക് പിന്നിലുണ്ട്.

  1. എല്‍എസ്എസ്ടി (Large Synoptic Survey Telescope- LSST) 2024

ചിലിയിലെ പര്‍വത നിരകളില്‍ 2024ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന എല്‍എസ്എസ്ടി ആകാശത്തിന്റെ സമഗ്ര സര്‍വെയാണ് നടത്താനൊരുങ്ങുന്നത്. നിലവില്‍ ആകാശ സെന്‍സസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്‌ലോണ്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വെ(SDSS) നടത്തുന്നതിന്റെ പത്ത് മടങ്ങ് വിസ്തൃതമായ മേഖലയില്‍ എല്‍എസ്എസ്ടി ആകാശ സര്‍വെ നടത്തും. പലായനം ചെയ്തുകൊണ്ടിരിക്കുന്ന ഖഗോള പ്രതിഭാസങ്ങളുടെ (Transient Objects) ഏറ്റവും വ്യക്തമായ വിവരം ഇനി ഗവേഷകര്‍ക്ക് ലഭ്യമാകും. കോടിക്കണക്കിന് പുതിയ ആകാശ പ്രതിഭാസങ്ങള്‍ എല്‍എസ്എസ്ടി കണ്ടെത്തും. അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി സര്‍വകലാശാലകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും പിന്തുണ എല്‍എസ്എസ്ടിക്കുണ്ട്. അതുകൂടാതെ ഐടി ഭീമനായ മൈക്രോസോഫ്റ്റും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

  1. അറ്റ്‌ലാസ്റ്റ് (Advanced Technology Large Aperture Space Telescope- ATLAST) :2030

നാസയുടെ സ്വപ്‌ന പദ്ധതിയാണ് അറ്റ്‌ലാസ്റ്റ്. നാസയുടെ ‘നെക്‌സ്റ്റ് ജെനറേഷന്‍ ടെലസ്‌കോപ്പ്’ പദ്ധതിയില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ളതും അറ്റ്‌ലാസ്റ്റില്‍ തന്നെയാണ്. ഹബിള്‍ ദൂരദര്‍ശിനിയുടെ 2000 മടങ്ങ് സംവേദന ക്ഷമതയും ജെയിംസ്‌വെബിനെക്കാള്‍ 10 മടങ്ങ് റസല്യൂഷന്‍ മികവും ഉള്ള ഈ ബഹിരാകാശ ദൂരദര്‍ശിനി ഭൗമേതര ജീവന്‍ തിരയുന്നതിന്‌വേണ്ടി സവിശേഷമായി വികസിപ്പിച്ചെടുത്തതാണ്. 2030ല്‍ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന അറ്റ്‌ലാസ്റ്റ് പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും ശ്യാമദ്രവ്യത്തെകുറിച്ചുമുള്ള (Dark matter) ദുരൂഹതങ്ങള്‍ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


📁 ഡോ സാബു ജോസ്

 434 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു