ഹിന്ദുത്വവും വിമർശ സാമൂഹിക ശാസ്ത്രവും.

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

ഇന്ത്യയുടെ ദേശരാഷ്ട്ര സങ്കല്പങ്ങളും ഇന്ത്യൻ ദേശിയതയെപ്പറ്റിയുള്ള ആശയങ്ങളും ഇന്ത്യയിലെ നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും ദേശിയ പ്രസ്ഥാനത്തിൻ്റെ ഭാഗമായ കൊളോണിയൽ വിരുദ്ധദേശിയ ബോധത്തിൻ്റെയും ഭാഗമായി രൂപപ്പെട്ടു വന്നതാണ്. ഇന്ത്യക്കാരെ ഒരു ദേശിയ ജനത എന്ന നിലയിൽ യോജിപ്പിച്ചു നിർത്തുന്ന ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കൂട്ടായതും വൈവിധ്യങ്ങൾ നിറഞ്ഞതുമായ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മതേതര ജനാധിപത്യ ദേശ രാഷ്ട്രസങ്കല്പങ്ങൾ ചരിത്രപരമായി ഇന്ത്യയിൽ രൂപപ്പെട്ടിട്ടുള്ളത്. കൊളോണിയൽ കാലത്ത് സ്വരാജിനെപ്പറ്റിയുള്ള ബഹുസ്വര ജനാധിപത്യ ആശയത്തിൻ്റെ അടിത്തറയിലാണ് ഗാന്ധിജിയും നെഹ്റുവും ദേശത്തെപ്പറ്റിയുള്ള അവരുടെ ചിന്തകൾ രൂപപ്പെടുത്തിയത്. ഗാന്ധിജിയുടെ “ഹിന്ദ് സ്വരാജും ” ജവഹർലാൽ നെഹ്റുവിൻ്റെ മതേതര സാംസ്കാരിക സമന്യയത്തിലധിഷ്ഠിതമായ ബഹുസ്വര രാഷ്ട്ര സങ്കല്പവും ഇതിൽ പ്രധാനപ്പെട്ടതാണ്.

മഹാത്മ ജോതി റാവു ഫുലെ, ബാബാ സാഹേബ് അംബേദ്ക്കർ ,പെരിയാർ ഇ വി ആർ ഉൾപ്പെടുന്നവരുടെ ജാതി വിരുദ്ധ ജനാധിപത്യത്തിൻ്റെ അടിത്തറയിൽ നിലനിൽക്കുന്ന ഉൾക്കൊള്ളൽ പങ്കാളിത്ത രാഷ്ട്ര സങ്കല്പവും സാമൂഹിക നീതി സങ്കല്പങ്ങളും ആധുനിക ഇന്ത്യ എന്ന റിപ്പബ്ളിക്കൻ ദേശരാഷ്ട്രത്തെ നിർമ്മിച്ച മൂല്യങ്ങളാണ്. സോഷ്യലിസ്റ്റുകളായ റാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണനും സമതയും ജനതയും പാരസ്പര്യപ്പെടുന്ന രാഷ്ട്ര സങ്കല്പത്തെ സോഷ്യലിസ്റ്റ് മാനവികതയുടെ അടിത്തറയിൽ ഭാവനപ്പെടുത്തിയവരാണ്.ജനകീയ ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തി ദേശിയ ജനതയെയും രാഷ്ട്രത്തെയും സങ്കല്പിച്ചവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ. രാഷ്ട്രത്തെയും ജനാധിപത്യത്തെയും മുൻനിർത്തി ഈ പ്രസ്ഥാനങ്ങളും വ്യക്തികളും രൂപപ്പെടുത്തിയ ദേശത്തെപ്പറ്റിയുള്ള ആശയങ്ങൾ ഉണ്ടായി വന്നത് ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ രാഷ്ട്രിയ സംസ്കാരത്തിനുള്ളിലായിരുന്നു. കർമ്മ പരിപാടികളിലും ലക്ഷ്യങ്ങളിലും വ്യത്യാസമുണ്ടായിരുന്നെങ്കിലും മതേതര ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും ഉൾകൊള്ളൽ നീതി സങ്കല്പത്തിലും അടിസ്ഥാനപ്പെടുന്ന രാഷ്ട്രീയ ജനാധിപത്യ കാഴ്ച്ചപ്പാടിലാണ് ഇവർ സ്വരാജിനെയും രാഷ്ട്രത്തെയും നിർവ്വചിച്ചതും ദേശഭാവനയും ദേശിയതയും നിർമ്മിക്കുന്ന കൊളോണിയൽ വിരുദ്ധ ദേശിയ പ്രക്ഷോഭങ്ങളിൽ പങ്കാളികളായതും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ത്യൻ ദേശ രാഷ്ട്രത്തിൻ്റെ നിർമ്മിതിയെപ്പറ്റിയുള്ള സാമൂഹിക ശാസ്ത്ര വിജ്ഞാനം സ്ഥാനപ്പെടേണ്ടത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളിലും ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും ഇന്ത്യയെ ആഭ്യന്തരമായി പുനർനിർമ്മിച്ച സാമൂഹിക രാഷ്ട്രിയ മുന്നേറ്റങ്ങൾ മുന്നോട്ടെടുത്ത ജനാധിപത്യ ചിന്തകളുടെയും മൂല്യ മണ്ഡലത്തിലായിരിക്കണം എന്നത് ഒരു മതേതര ജനാധിപത്യ രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രിയ ജനാധിപത്യത്തിൻ്റെ നിലനില്പിന് അനിവാര്യമായ സാമൂഹിക ശാസ്ത്ര നിലപാടാണ്. കൊളോണിയൽ വിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെട്ട ദേശീയതയ്ക്കും ദേശ രാഷ്ട്ര സങ്കല്പത്തിനും വിരുദ്ധമായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി സ്ഥാനപ്പെടുത്തുകയും കൊളോണിയൽ വിരുദ്ധ ദേശിയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ബ്രട്ടീഷ്പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്ത ഹിന്ദുത്വ ആശയത്തിൻ്റെ താത്വികർക്ക് ആധുനിക ഇന്ത്യയുടെചരിത്രത്തിലും ഇന്ത്യയുടെ ദേശ രാഷ്ട്ര നിർമ്മിതിയിലും അമിത പ്രാധാന്യം നല്കി കൊണ്ടുള്ള സാമൂഹിക ശാസ്ത്ര പഠനങ്ങൾ ഇന്ത്യയിൽ ഔദ്യോഗികമായി തന്നെ വിവിധ സർവ്വകലാശാലകളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ ദേശിയതയുടെയും മതേതര രാഷ്ട്രത്തിൻ്റെയും നിർമ്മിതിയിൽ എതിർ സ്ഥാനത്തു സ്ഥാനപെട്ടിരിക്കുന്ന ഹിന്ദുത്വ ആശയങ്ങൾക്കും അതിൻ്റെ താത്വികർക്കും അമിത പ്രാധാന്യം കിട്ടുന്ന തരത്തിലും മതേതര ഇന്ത്യൻ ദേശ രാഷ്ട്ര നിർമ്മിതിക്ക് നേതൃത്വം കൊടുത്ത മഹാത്മ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്റുവിൻ്റെയും ജനാധിപത്യത്തെയും രാഷ്ട്രത്തേയും പറ്റിയുള്ള ആശയത്തേക്കാൾ കൂടുതൽ പ്രധാന്യം ഹിന്ദുത്വയുടെ രാഷ്ട്രത്തെപ്പറ്റിയുള്ള ആശയങ്ങൾക്ക് കിട്ടുന്ന തരത്തിൽ സംഘപരിവാര താത്വികരായ സർവർക്കർ ഗോൾവാൾക്കർ മുതലായവർക്കും അവരുടെ ഹിന്ദുത്വ രാഷ്ട്രിയ ആശയത്തിനും പ്രാധാന്യം ലഭിക്കുന്ന തരത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇത് ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തെ വിമർശപരമായി പഠിക്കാൻ സഹായകമാകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന അഭിപ്രായവും കേൾക്കുന്നു.ഹിന്ദുത്വത്തെ വിമർശപരമായി പഠിക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കിലും, ഈ അമിത പ്രാധാന്യം രാഷ്ട്ര സങ്കല്പത്തെ മതരാഷ്ട്രമായി കാണുന്ന ഒരു രാഷ്ട്രീയത്തിന് സാമൂഹിക ശാസ്ത്ര സാധുകരണം ലഭിക്കുന്ന തരത്തിലേക്ക് വഴി മാറിയേക്കാം.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും നെഹ്റുവിനെയും കൊളോണിയൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ മലബാറിലെ 387 മാപ്പിള പോരാളികളെയും ചരിത്രത്തിൽ നിന്നും പുറത്താക്കുന്ന സന്ദർഭത്തിലാണ് ഇതും സംഭവിക്കുന്നത് എന്നത് യാദൃശ്ചികമാകാൻ തരമില്ല.

📁 കെ എസ് മാധവൻ

 62 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു