പ്രപഞ്ചത്തെപ്പറ്റി കൂടുതൽ അറിയാൻ യൂക്ലിഡ്‌.

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

പ്രപ്രപഞ്ചത്തെ പറ്റി കൂടുതൽ അറിയാൻ യൂക്ലിഡ്‌ ഒരുങ്ങുകയാണ്‌. ഡാർക്ക് എനർജി എക്സ്പ്ലോറർ യൂക്ലിഡ് പേടകം പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലേക്കുള്ള വലിയ ദൗത്യമായിരിക്കും. ഡാർക്ക് എനർജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിയാണ്‌ പേടകം അയക്കുക. 2022 പകുതിയോടെ കുതിക്കാനൊരുങ്ങുന്ന ദൗത്യം ഇപ്പോൾ തന്നെ വലിയ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.

പ്രപഞ്ചത്തിന്റെ വികാസ വേഗത വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാർക്ക് എനർജി എന്ന ഋണമർദത്തിന്റെ (Negative Pressure) സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിന്‌ കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്‌. ഈ ഡാർക്ക് എനർജിയെ പറ്റി കൂടുതൽ പഠിക്കുകയാണ്‌ യൂക്ലിഡിന്റെ ലക്ഷ്യം. ഇതു വഴി പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളും പ്രപഞ്ചത്തിന്റെ ഭാവിയും മനസ്സിലാക്കാനാകും. യൂക്ലിഡ്ദൗത്യം പ്രപഞ്ചത്തേക്കുറിച്ച് ഇതുവരെയുള്ള നമ്മുടെ ധാരണകളെ തകിടം മറിക്കുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. ആറു വർഷമാണ്‌ ദൗത്യ കാലാവധി.

ഫ്രഞ്ച് ഗയാനയിൽ നിന്നാണ്‌ യൂക്ലിഡ് വിക്ഷേപിക്കുക. ഒരു മാസത്തെ യാത്രയ്‌ക്കൊടുവിൽ ഭൂമിയിൽനിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള രണ്ടാം ലെഗ്രാൻഷ്യൻ പോയിന്റിൽ ( L2 )പേടകം എത്തും. ചന്ദ്രനുമപ്പുറം സൂര്യന്റെ എതിർദിശയിലാണ് ഈ സ്ഥാനം. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം പരസ്പരം നിർവീര്യമാക്കപ്പെടുന്ന ഈ സ്ഥാനത്ത് യൂക്ലിഡ്‌ സ്ഥിരമായി നിലനിൽക്കും. ഡീപ് സ്പേസിനെ വ്യക്തമായി നിരീക്ഷിക്കാനും ദൃശ്യങ്ങൾ പകർത്താനും ഇതു വഴി കഴിയും.

ആദ്യം രണ്ട്‌; പിന്നെ ഒന്ന്‌
കോസ്മിക് വിഷൻ 2015–- 2025 പദ്ധതിയുടെ ഭാഗമായാണ് യൂറോപ്യൻ സ്പേസ് ഏജൻസി യൂക്ലിഡ്‌ വിക്ഷേപിക്കുന്നത്‌. ഏറെ വർഷങ്ങളുടെ ആലോചനയുടെയും ചർ ച്ചകളുടെയുമൊടുവിലാണ്‌ യൂക്ലിഡ്‌ ദൗത്യം തയ്യാറെടുക്കുന്നത്‌. ഡ്യൂൺ, സ്പേസ് എന്നീ രണ്ടുപേടകങ്ങൾ വിക്ഷേപിക്കാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാൽ രണ്ടു ദൗത്യങ്ങളും യോജിപ്പിച്ച്‌ യൂക്ലിഡ് ഡാർക്ക് എനർജി എക്സ്പ്ലോറിലേക്ക്‌ പിന്നീട്‌ എത്തിച്ചേർന്നു.

ദൗത്യത്തിലുള്ള നിയർഇൻഫ്രാറെഡ് ഉപകരണത്തിൽ ഉപയോഗിക്കുന്നതിനായി 20 ഡിറ്റക്ടറുകൾ നിർമിച്ചു നൽകാനും 40 ശാസ്ത്രജ്ഞരെയും വിട്ടുകൊടുക്കാനും നാസ തയ്യാറായി. പേടകത്തിലേക്കുള്ള ഏറ്റവും ആധുനികവും സങ്കീർണവുമായ ഉപകരണങ്ങൾ നിർമിക്കുന്നത് ഇവരുടെ സഹായത്തോടെയാണ്. പേടകത്തിലേക്കുള്ള സ്‌പേയ്‌സ്‌ ടെലസ്‌കോപ്പും ഈ മാസം ആദ്യം പൂർണ സജ്ജമായി.

അറിയാൻ ഇനി ഏറെ
പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് ദൃശ്യമാവുകയുള്ളൂ. ദൃഷ്ടിഗോചരമായ സാധാണ ദ്രവ്യം കൊണ്ട് നിർമിച്ചിട്ടുള്ള ഖഗോള പിണ്ഡങ്ങൾ ദൃശ്യപ്രപഞ്ചത്തിന്റെ 5 ശതമാനം മാത്രമേയുള്ളൂ. 27 ശതമാനം ഡാർക്ക് മാറ്റർ എന്ന അദൃശ്യ ദ്രവ്യമാണ്. ബാക്കി 68 ശതമാനവും ഡാർക്ക് എനർജി എന്ന ദുരൂഹ പ്രതിഭാസമാണ്.

യൂക്ലിഡിലെ രണ്ട് അനുബന്ധ ഉപകരണങ്ങളിൽ ഒന്ന് വീക്ക് ഗ്രാവിറ്റേഷണൽ ലെൻസിങ്‌ കൃത്യമായി അളക്കും. ശ്യാമദ്രവ്യത്തിന്റെ വിതരണവും ശ്യാമ ഊർജത്തിന്റെ പ്രഭാവവും കണ്ടെത്തുന്നതിന് ഇത് സഹായിക്കും. മറ്റൊരു ഉപകരണം ബേര്യോണിക് അക്വോസ്റ്റിക് ഓസിലേഷനെക്കുറിച്ച് പഠിക്കും. ഗാലക്സികളുടെ വിതരണത്തെക്കുറിച്ച് വിവരങ്ങൾ ഇത്‌ ലഭ്യമാക്കും. വിസിബിൾ ഇമേജർ, നിയർ-ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഫോട്ടോമീറ്റർ തുടങ്ങിയവയും പരീക്ഷണ ഉപകരണങ്ങളാണ്‌.

ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും

കാണാനും തൊടാനും കഴിയാത്ത രീതിയിൽ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ദ്രവ്യമാണ് ഡാർക്ക് മാറ്റർ. ഡാർക്ക് മാറ്റർ എന്നതിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഗാലക്സികളേക്കുറിച്ചുള്ള അന്വേഷണമാണ്. ഓരോ നക്ഷത്ര സമൂഹത്തിന്റെയും മാസ് അവയിലുള്ള നക്ഷത്രങ്ങളുടെ ആകെ പിണ്ഡത്തിലും എത്രയോ കൂടുതലാണെന്ന്‌ ഫ്രിട്സ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ 1937 ൽ കണ്ടെത്തി. നക്ഷത്രങ്ങളുടെയും വാതക പടലങ്ങളുടെയും കണക്കുകൂട്ടാൻ കഴിയുന്ന പിണ്ഡം കൊണ്ടു മാത്രം നക്ഷത്ര സമൂഹങ്ങൾ ചിതറിപ്പോകാതെ നിലനിൽക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ല. കണ്ടെത്തിയ പിണ്ഡത്തേക്കാൾ ഒമ്പതിരട്ടിയെങ്കിലും പിണ്ഡം കൂടുതലായി ഇല്ലെങ്കിൽ ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ച് നക്ഷത്രങ്ങൾ ഗാലക്സികളിൽനിന്ന് ചിതറി പോകുമെന്ന് അവർ കണ്ടെത്തി. അളക്കാൻ പറ്റാത്ത പിണ്ഡമുണ്ടെങ്കിൽ അതിനടിസ്ഥാനമായി കാണാൻ പറ്റാത്ത ദ്രവ്യമുണ്ടാകും.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ദ്രവ്യരൂപത്തെ ഡാർക്ക് മാറ്റർ എന്ന് ആദ്യമായി വിളിച്ചത്. ദ്രവ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ ഗുരുത്വാകർഷണ ബലം പ്രകടിപ്പിക്കുമ്പോഴും പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്തത് എന്ന അർഥത്തിലാണിത്‌. പ്രപഞ്ച ദ്രവ്യത്തിന്റെ 85 ശതമാനവും ഈ അദൃശ്യ ദ്രവ്യമാണ്.

ഗുരുത്വാകർഷണത്തിന് എതിരെ പ്രവർത്തിച്ച് പ്രപഞ്ച വികാസത്തിന്റെ ത്വരണം കൂട്ടുന്ന സാങ്കൽപ്പിക ഊർജ രൂപമാണ് ഡാർക്ക് എനർജി. 1920 ൽ എഡ്വിൻ ഹബിൾ പ്രപഞ്ചം വികസിക്കുന്നു എന്ന ആശയം അവതരിപ്പിച്ചു. തുടർന്നാണ് മഹാവിസ്ഫോടനം എന്ന പ്രപഞ്ച സിദ്ധാന്തം രൂപം കൊള്ളുന്നത്.

ഇന്നും ഡാർക്ക്‌ എനർജിയുടെ സ്വഭാവം സംബന്ധിച്ച്‌ തർക്കങ്ങൾ ഏറെയുണ്ട്‌. എന്തായാലും യൂക്ലിഡ്‌ തുറക്കാൻ പോകുന്നത്‌ വലിയ രഹസ്യങ്ങളുടെ കലവറയായിരിക്കും.


📁 ഡോ. സാബു ജോസ്

 245 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു