മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത് – ടി.ജെ. ജോസഫ് തുറന്നടിക്കുന്നു.

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

ഈ മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്. പുരോഹിത വേഷം, കന്യാസ്ത്രീ വേഷം, എന്നിവയൊക്കെ ഇട്ടുകൊണ്ട്, സര്‍ക്കാര്‍ ശമ്പളവാങ്ങി ക്ലാസ് എടുക്കരുത്. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്‌നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കാന്‍ പാടില്ല. മതപഠനത്തിനുവേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പെന്‍ഷനും സാമ്പത്തിക സഹായങ്ങളും, മുഴുവനും എത്രയുംവേഗം നിര്‍ത്തലാക്കണം.’- പ്രൊഫസര്‍ ടി.ജെ. ജോസഫ് തുറന്നടിക്കുന്നു.

മതം നുറുക്കിയിട്ടും തളിര്‍ത്ത ജീവിതം!

മതം നുറുക്കിയിട്ടും തളിര്‍ത്തുവന്ന മനുഷ്യന്‍. മതേതര കേരളത്തിലെ ജീവിക്കുന്ന രക്തസാക്ഷി. വിശേഷണങ്ങള്‍ ഏറെയുണ്ട് പ്രൊഫസര്‍ ടി. ജെ. ജോസഫിന്. ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച്, ഒരുപറ്റം ഇസ്‌ലാമിക തീവ്രവാദികള്‍ വലതുകൈ വെട്ടിയെടുത്തിട്ടും തളരാതെ, ജോസഫ് മാഷ് തന്റെ ഇടതുകൈകൊണ്ട് എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ക്കൊപ്പം, പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിന്റെ ധ്രൂവീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ പുസ്്തകം, പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലര്‍ ആയി. ഇപ്പോള്‍ ഇതാ ‘അറ്റുപോവാത്ത ഓര്‍മ്മകള്‍’ ഇംഗ്ലീഷിലും ഇറങ്ങുകയാണ്. പേര് ‘തൗസന്‍ഡ് കട്ട്‌സ്’. ഈ സാഹചര്യത്തിലാണ് എസ്സന്‍സ് ഗ്ലോബല്‍ അധ്യാപക ദിനമായ സെപ്റ്റമ്പര്‍ 5ന് ക്ലബ് ഹൗസില്‍ ‘മതം നിര്‍മ്മിക്കുന്ന മുറിവുകള്‍’ എന്ന ചര്‍ച്ച നടത്തിയത്. ജോസഫ് മാഷിനൊപ്പം, പ്രഭാഷകയും മാധ്യമ പ്രവര്‍ത്തകയുമായ മനുജാ മൈത്രിയും, സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ അനൂപ് ഐസക്കും ചര്‍ച്ചയില്‍ പങ്കെടുത്തു.

നമുക്ക് വേണ്ടത് മതേതര വിദ്യാഭ്യാസം

ജോസഫ് മാഷിന്റെ വാക്കുകളുടെ പ്രസ്‌ക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. -‘നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. അതായത് രാഷ്ട്രം ഒരു മതത്തെയും പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ മതവിശ്വാസികള്‍ക്ക് അവരുടെ മതം പ്രചരിപ്പിക്കുന്നതില്‍ തടസ്സമില്ല. അവര്‍ക്ക് അങ്ങനെ ഒരു സ്വാതന്ത്ര്യം കല്‍പ്പിച്ചുകൊടുത്തു എന്നേയുള്ളൂ. ആത്യന്തികമായിട്ട് ഒരു മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. നമ്മുടെ ഭരണഘടന അങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. എന്നാല്‍ ഈ മതങ്ങളെല്ലാം കൂടി മതത്തിന് പ്രധാന്യമുള്ള രാജ്യമായി ഈ സ്വതന്ത്രഭാരതത്തെ മാറ്റുകയാണ് ഉണ്ടായത്.

ഇക്കാലത്തൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത എന്റെ ആഗ്രഹം പറയാം. ഈ മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി പുരോഹിത വേഷം, കന്യാസ്ത്രീ വേഷം. അതൊക്കെ ഇട്ടുകൊണ്ട്, സര്‍ക്കാറിന്റെ ശമ്പളം പറ്റിക്കൊണ്ട്, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകള്‍ അധ്യാപകരായി വര്‍ത്തിക്കരുത്. എന്നാലെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതേതരരാജ്യമായി നമുക്ക് തുടരാന്‍ കഴിയുകയുള്ളൂ. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്‌നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള നിയമം നിര്‍ബന്ധമായി ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. അതുപോലെ തന്നെ മതവിദ്യാഭ്യാസം. അച്ഛനമ്മാര്‍ വീടുകളില്‍നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിച്ചോട്ടെ. പക്ഷേ പബ്ലിക്കായുള്ള ഇന്‍സ്റ്റിറ്റിയൂഷനുകള്‍ വഴിയുള്ള മതപഠനത്തെ പ്രോല്‍സാഹിപ്പിച്ച് കൊടുക്കാന്‍ സര്‍ക്കാറുകള്‍ തുനിയരുത്.

(മതനേതാക്കളുടെ ആഞ്ഞുള്ള ഒറ്റ തുമ്മലിൽ തെറിക്കുന്ന രാഷ്ട്രീയമുള്ള നമ്മുടെ നാട്ടിൽ, ഇത്രയെങ്കിലും പറയാൻ മനസ് കാണിച്ച ജോസഫ് മാഷിന് ഹൃദയപൂർവ്വം )

 1,470 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു