ഒരുമയുടെ ദ്രാവിഡ പാരമ്പര്യത്തിലൂടെ പുരോഗതിയിലേയ്ക്ക് നയിക്കുന്ന സ്റ്റാലിൻ.

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ആശയങ്ങളുയർത്തിപ്പിടിച്ചു കൊണ്ടും സംസ്ഥാനത്തെ ജനതയെ ഒന്നിപ്പിച്ചുമുള്ള വ്യത്യസ്തമായ ഭരണരീതിയിലൂടെ മറ്റു സംസ്ഥാനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഫെഡറിലിസത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിഭാഗീയവും പക്ഷപാതപരവുമായ കേന്ദ്രഗവണമെന്റ് നീക്കങ്ങളുടെ കടുത്ത വിമർശകനുമാണ് സ്റ്റാലിൻ. സെൻട്രൽ ഗവൺമെന്റ് എന്ന പ്രയോഗം തന്നെ ഉപേക്ഷിച്ച് യൂണിയൻ ഗവൺമെന്റ് എന്ന പേരാണ് തമിഴ്നാട് ഔദ്യോഗിക രേഖകളിലെല്ലാം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥിതിയുടെ അന്തസത്തയെ ഓർമിപ്പിക്കുന്ന ഒന്നാണ് ഈ പേര് മാറ്റം.

ദേശീയതലത്തിൽ ഫാസിസ്റ്റ് വിരുദ്ധ പേരാട്ടത്തിന് തമിഴ്നാടിന്റെ പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കാനുളള വിഭാഗീയ നീക്കങ്ങൾക്ക് സംസ്ഥാനത്ത് നിന്നും തക്കതായ തിരിച്ചടി ലഭിച്ചതോടെ പിൻവലിയേണ്ടി വന്നിരിക്കുകയാണ് ഇവിടെ ബിജെപിക്ക്. വിഭാഗീയ ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് തമിഴ് ജനതയെ ഒരുമയുടെ ദ്രാവിഡ പാരമ്പര്യത്തിലൂടെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് സ്റ്റാലിൻ. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരുടെ പേരിൽ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാനുള്ള തീരുമാനമെടുത്ത സംസ്ഥാനവുമാണ് എം കെ സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട്. കേരളമുൾപ്പെടെയുളള ഏഴ് സംസ്ഥാനങ്ങളോട് ചേർന്ന് കേന്ദ്ര സർക്കാരിന്റെ കർഷകനിയമങ്ങൾക്കെതിരായി തമിഴ്നാട് നിയമസഭയും പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്.

തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിൽ നിന്നും പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു കൊണ്ടും, വിവിധ ക്ഷേത്രങ്ങളിൽ അബ്രാഹ്മണരായ പുരോഹിതന്മാരെ നിയമിച്ച്‌ കൊണ്ടും എം കെ സ്റ്റാലിന്‍ സവർണ്ണാധിപത്യത്തിനും ജാതി വിവേചനത്തിനുമെതിരെ ശക്തമായ നീക്കങ്ങൾക്കവിടെ തുടക്കമിടുകയും ചെയ്തിരിക്കുന്നു.

ഗുഹയിലിരുന്നും മയിലിനൊപ്പവും ഫോട്ടോ ഷൂട്ടെടുത്തും, ടാഗോറിന്റെ വേഷം കെട്ടിയും നടക്കുന്നൊരാൾ രാജ്യം ഭരിക്കുമ്പോൾ, തന്നെ പുകഴ്ത്തിപ്പാടി വിലപ്പെട്ട സമയം പാഴാക്കരുതെന്നും നിയമസഭയിൽ അനാവശ്യമായി പുകഴ്ത്തി സംസാരിക്കുന്ന എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു കൊണ്ട് വീണ്ടും വ്യത്യസ്തനായിരിക്കുകയാണ് സ്റ്റാലിൻ.

സ്കൂള്‍ കുട്ടികള്‍ക്ക് നല്കുന്നതിന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് പറഞ്ഞു കൊണ്ട് രാഷ്ട്രീയ രംഗത്ത് പുതിയൊരു സൗഹൃദാന്തരീക്ഷവും തമിഴ്നാട്ടിൽ രൂപപ്പെടുത്തിയിരിക്കുകയാണ് കരുണാനിധിയുടെ മകൻ. രാജ്യത്തിന്റെ പുരോഗമനത്തെയും സമാധാനത്തെയും ഇല്ലാതാക്കുന്ന വിധത്തിൽ ഭരണപക്ഷങ്ങളും പ്രതിപക്ഷങ്ങളും പരസ്പരം പോരടിക്കുന്ന രീതിയാണ് ഈ രാജ്യത്തെ ജനതയ്ക്ക് കൂടുതൽ പരിചിതം.! എന്നാൽ ഭരണപാർട്ടികൾ അധികാരത്തിലെത്തുമ്പോൾ പൊതുപദ്ധതികളിൽ നിന്ന് പ്രതിപക്ഷത്തിന്റെ അടയാളങ്ങൾ തുടച്ച് മായ്ക്കുന്ന പതിവിന് തികച്ചും വിപരീതമായ രീതിയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സ്റ്റാലിൻ, തന്നെ വെറുമൊരു പാർട്ടിയുടെ നേതാവായല്ല മറിച്ച് സംസ്ഥാനത്തിന്റെ നേതാവായാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വ്യത്യസ്തമായ നിലപാടുകൾ. എല്ലാവരെയും ഉൾപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കോവിഡിനെ നേരിടുന്നതിലും അദ്ദേഹത്തിന് ഭരണ-പ്രതിപക്ഷ ഏകോപനം സാധ്യമാക്കാൻ കഴിഞ്ഞു എന്നുള്ളത് അവിടെ രോഗബാധ നിയന്ത്രിക്കുന്നതിന് സഹായകമായിട്ടുണ്ട്. അദ്ദേഹം രൂപീകരിച്ച കോവിഡ് ഉപദേശക സമിതിയിൽ എഐഎഡിഎംകെയുടെ മുൻ ആരോഗ്യമന്ത്രിയായിരുന്ന സി. വിജയഭാസ്കറിനെയും നിലനിർത്തിയിട്ടുമുണ്ട്. സെപ്റ്റംബർ മാസം മുതൽ തമിഴ്നാട്ടിൽ സ്കൂളുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ആ സംസ്ഥാനം.

ദേശീയരാഷ്ട്രീയത്തിൽ വിഭാഗീകരണത്തിന്റെ അന്ധകാര ശക്തികൾ മേൽക്കൈനേടി നില്ക്കുമ്പോൾ തമിഴ് രാഷ്ട്രീയ രംഗത്ത് ഒരുമയുടെ തെളിച്ചമാണ് കാണാനാകുന്നത്.

📁 ഫ്രാൻസിസ് ജോസ്
https://www.facebook.com/poonthottam.3

 201 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു