2014 ലെ ഒരു ട്രെയിൻ യാത്ര…

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

എറണാകുളത്തുനിന്ന് ഗോവയിലേക്ക് ട്രെയിൻ അടിച്ചുവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്…
കമ്പാർട്മെന്റിൽ എല്ലാവരും നല്ല ഉറക്കത്തിലാണ്. ലൈറ്റൊന്നും ഇല്ല.
മുകളിലെ ബെർത്തിൽ കിടന്നിരുന്ന ഞാൻ പാതി ഉറക്കത്തിൽ താഴെ ഇറങ്ങി, ട്രെയിൻ എവിടെ എത്തി എന്നറിയാൻ ചുമ്മാ ഒന്ന് ജനൽ തുറന്നു നോക്കി. മാഗ്ലൂർ കഴിഞ്ഞു.. ഏതോ ഗ്രാമത്തിലൂടെ ആണ് ട്രെയിൻ പോയിക്കൊണ്ടിരിക്കുന്നത്. കൂരിരുട്ട്. പക്ഷെ മുകളിലേക്ക് നോക്കിയപ്പോൾ ഞാട്ടിപ്പോയി..:O
പാലു കോരി ഒഴിച്ചപോലെ ആകാശം മുഴുക്കെ നക്ഷത്രങ്ങൾ !!
.
ഒരുവിധപ്പെട്ട എല്ലാ നക്ഷത്രങ്ങളെയും എനിക്കറിയാവുന്നതായിരുന്നു. എന്നാൽ.. ആ സമയത്തു ഒരു നക്ഷതത്തെപോലും തിരിച്ചറിയാൻ പറ്റുന്നില്ല. എല്ലാം വലിയ ബൾബ് പോലെ കത്തി നിൽക്കുന്നു !
മനംമയക്കുന്ന കാഴ്ച !
കുറെ സമയം ആ കാഴ്ച കണ്ടിരുന്നു.
.
അന്ന് കണ്ടത് ആകാശഗംഗയുടെ ഭാഗം ആയിരുന്നു.
ഓഗസ്റ്റ് 7 നായിരുന്നു ആ സംഭവം.
ആകാശഗംഗ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയത്തു രാത്രി, ഊണ് കഴിഞ്ഞു ടെറസിനു മുകളിൽ ചെന്ന് കിടന്നു ആകാശഗംഗ ശ്രദ്ധിച്ചിട്ടുണ്ട്. പല വട്ടം. എന്നാൽ ട്രെയിൻ യാത്രയിൽ കണ്ടതുപോലെ തെളിഞ്ഞു കാണുന്നത് അന്ന് ആദ്യമാണ്. കാരണം നമ്മുടെ നാട്ടിലെ പ്രകാശമലിനീകരണം തന്നെയാണ്.

ട്രെയിൻ ആ സമയം പൊയ്ക്കൊണ്ടിരുന്നത് ലൈറ്റൊന്നുമില്ലാത്ത ഏതോ കുഗ്രാമത്തിലൂടെ ആയിരുന്നു. കൂടാതെ അന്ന് ഈ കാഴ്ച മറയ്ക്കുവാനായി ചന്ദ്രനും ആകാശത്തു ഉണ്ടായിരുന്നില്ല.
.
.
നിങ്ങൾക്ക് മിൽക്കിവേ കാണണോ ? അതിന്റെ ഫോട്ടോ എടുക്കണോ ?
.
ഓഗസ്റ്റ് മാസം.. കൃത്യമായി പറഞ്ഞാൽ ഇന്ന്.. ഓഗസ്റ്റ്-3 മുതൽ ഒരാഴ്ചയാണ് നമ്മുടെ ഗാലക്സിയായ മിൽക്കിവേയുടെ ഫോട്ടോ എടുക്കുവാൻ ഏറ്റവും അനുകൂലമായ ദിവസങ്ങൾ !
ഓഗസ്റ്റ് മാസം സൂര്യൻ അസ്തമിക്കുമ്പോഴേക്കും ആകാശഗംഗ ഉദിച്ചിട്ടുണ്ടാവും. രാത്രി മുഴുനായും ഇത് കാണാം എന്നതാണ് ഓഗസ്റ്റ് മാസത്തിന്റെ പ്രത്യേകത (y)
.
ഇവിടെ ശ്രദ്ധിക്കുവാനുള്ള മറ്റൊരു കാര്യം എന്താന്നെനു വച്ചാൽ ചന്ദ്രൻ ആ സമയത്തു ആകാശത്തു ഉണ്ടാവാൻ പാടില്ല. ചന്ദ്രൻ വന്നാൽ ആകാശത്തു ഇരുട്ട് ഉണ്ടാവില്ല.
അതുകൊണ്ടാണ് ഇന്ന് മുതൽ ഒരാഴ്ച കാണാം എന്ന് പറഞ്ഞത്.
.
പ്രകാശമലിനീകരണവും, അന്തരീക്ഷ മലിനീകരണവും ആണ് പ്രധാനമായും നക്ഷത്രക്കാഴ്ച നമ്മളിൽനിന്നു മറയ്ക്കുന്നത്. കൂടാതെ മേഘവും.
സ്ട്രീറ്റ്ലൈറ്റുകൾ ഒന്നും ഇല്ലാത്ത ഒരിടത്തു നമ്മൾ പോകേണ്ടിവരും. എത്രമാത്രം ഇരുട്ടുള്ള സ്ഥലമാണോ, അത്രമാത്രം നക്ഷത്രങ്ങൾ തെളിഞ്ഞു കാണാം.
.
മൂന്നാർ, വാഗമൺ തുടങ്ങിയ ഇടങ്ങൾ തിരഞ്ഞെടുത്താൽ ബെസ്റ്റ്, അല്ലെങ്കിൽ ആൾതാമസം കുറഞ്ഞ പ്രദേശം.
.
ഇതിനായി നമുക്ക് SLR ക്യാമറതന്നെ വേണമെന്നില്ല. മൊബൈലുകളിലും ആപ്പുകൾ വഴി എടുക്കാം. ട്രൈപ്പോഡും വേണമെന്ന് നിർബന്ധം ഇല്ല.
.

  • മൊബൈൽ അല്ലെങ്കിൽ ക്യാമറ മാനുവൽ മോഡിലേക്ക് മാറ്റണം. അതായത് ഷട്ടർ സ്പീഡ് 10 സെക്കന്റോ, 15 സെക്കന്റോ ആക്കണം.
  • അപർച്ചറും, ISO യും നിങ്ങളുടെ ഇഷ്ടത്തിന് പരീക്ഷിക്കാം. പക്ഷെ ഷട്ടർ സ്പീഡ് കുറഞ്ഞത് 10 സെക്കന്റ് എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. പക്ഷെ 20 സെക്കന്റിൽ കൂടുതൽ ആവാനും പാടില്ല.
  • ട്രൈപോഡ് ഉണ്ടെങ്കിൽ വളരെ നല്ലതു. ഇല്ലെങ്കിൽ ക്യാമറ എവിടെയെങ്കിലും ചാരി വയ്ക്കുവാൻ എന്തെങ്കിലും കൈയിൽ കരുതണം.
  • ഷട്ടർ സ്പീഡ് കുറവായതിനാൽ ക്ലിക്ക് ചെയ്യാൻ റിമോട്ടോ, അല്ലെങ്കിൽ ടൈമാറോ സെറ്റ് ചെയ്‌താൽ ക്ലിക്ക് ചെയ്യുമ്പോഴുള്ള അനക്കം ഒഴിവാക്കാം.
  • ക്യാമറ ആണ് ഉപയോഗിക്കുന്നതെങ്കിൽ jpg ക്കു പകരം RAW ഫയൽ ആയി സേവ് ചെയ്യുക. എഡിറ്റ് ചെയ്യാൻ എളുപ്പമായിരിക്കും.
  • ഇനി ഏറ്റവും പ്രധാനമായത്.. ക്യാമറ നേരത്തെതന്നെ ഏറ്റവും ദൂരെയുള്ള വസ്തുക്കളിൽ ഫോക്കസ് ചെയ്തു ലോക്ക് ചെയ്തു വെക്കുക എന്നതാണ്. പിന്നീട് രാത്രി മിൽക്കിവേ ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസ് ഒരിക്കലും മാറ്റരുത്. ഇനി അറിയാതെ ഫോക്കസ് മാറിപ്പോയാൽ വ്യാഴം ഗ്രഹത്തെ നോക്കി ഫോക്കസ് ചെയ്യുക.

മിൽക്കിവേ കാണുവാൻ എങ്ങോട്ട് നോക്കണം എന്നാവും പലരും ഇപ്പോൾ ചിന്തിക്കുക.. അല്ലേ..

രാത്രി 9 മണിക്ക് കിഴക്കു ആകാശം നോക്കിയാൽ നല്ല തെളിച്ചതോടെ ഉദിച്ചു വന്നിരിക്കുന്ന വ്യാഴം ഗ്രഹത്തെ കാണാം.
അതിനു കുറച്ചു അടുത്ത്, മുകളിലായി അൽപ്പം തെളിച്ചം കുറഞ്ഞു ശനി ഗ്രഹത്തെയും കാണാം.
അതിനും കുറച്ചു മുകളിലായി വരും മിൽക്കിവേയുടെ ഒരു ബാൻഡ്.
ആ ബാൻഡ് നേരെ തെക്കു ദിക്കിലേക്ക് പോകും. തെക്കുഭാഗത്തായി തേളിന്റെ വാലുപോലെ Scorpius നക്ഷത്രസമൂഹത്തെയും കാണാം.
വാലു കിഴക്കു ഭാഗത്തും, ശരീരം പടിഞ്ഞാറും ദിശയിൽ. ആ തേളിന്റെ വാലിന്റെ അറ്റം മുതൽ വടക്കു ദിശയിലേക്കു പോകുന്ന ആ ബാൻഡിലൂടെ കണ്ണോടിച്ചാൽ അവിടെ നക്ഷത്രം കൂടുതൽ ഉള്ളതായി കാണാം. അതാണ് മിൽക്കിവേയുടെ ഏറ്റവും തെളിച്ചമുള്ള വക്ക് (y)
അതിനു നേരെ എതിരുള്ള വക്ക് ഇതേ സമയം അമേരിക്കയുടെ ഭാഗത്തു ഉണ്ടാവും. പക്ഷേ അതിനു ഇത്ര തെളിച്ചം ഇല്ല. മിൽക്കിവേ എന്നുപറയുന്നത് നമ്മൾ ഇപ്പോൾ കാണുന്ന ഈ വക്കു ആണ്.

മിൽക്കിവേയുടെ ഫോട്ടോ എടുക്കുമ്പോൾ അതിന്റെ ബാക്ഗ്രൗണ്ടായി മരങ്ങളോ, മറ്റെന്തെങ്കിലും വസ്തുക്കളോ ഉണ്ടെങ്കിൽ ഫോട്ടോ മനോഹരം ആയിരിക്കും. കൂടാതെ ലൈറ്റപെയിന്റിങ് എന്ന കാര്യം അറിയാമെങ്കിൽ അതും നിങ്ങൾക്ക് ശ്രമിക്കാം (y)

അപ്പോൾ അസ്ട്രോണമി ഫോട്ടോയിൽ താല്പര്യമുള്ളവർ മറക്കണ്ട.. ഈ വരുന്ന ഒരാഴ്ചയാണ് നമ്മുടെ ദിവസങ്ങൾ…
ഇത് കഴിഞ്ഞാൽ പിന്നെ മിൽക്കിവേ ന്നായി കാണുവാൻ ഒരു മാസം കാത്തിരിക്കണം. പക്ഷെ കാണുന്ന സമയം കുറയും.
.
പിന്നെ മറ്റൊരു പ്രധാന കാര്യം,
മിൽക്കിവേ ഫോട്ടോ എടുക്കാൻ ആരും സൂം ലെന്സോന്നും ഉപയോഗിക്കരുത്, പകരം വൈഡ് ആംഗിൾ ലെൻസോ, ഫിഷ് ഐ ലെൻസോ ഉപയോഗിക്കുക.
എത്രമാത്രം വൈഡ് ലെന്സ് കിട്ടുന്നുവോ അത്രമാത്രം നല്ല കാഴ്ച ഫോട്ടോയിൽ കിട്ടും.
.
ഷെയർ ചെയ്തു കൂടുതൽ കൂട്ടുകാരിൽ എത്തിക്കുക. ആരും ഈ കാഴ്ച മിസ്സ്‌ ആകരുത്.


📁 ബൈജു രാജ്
ശാസ്ത്രലോകം

 788 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു