മരം നട്ടുപിടിപ്പിച്ച് 1,300 ഏക്കർ വനമാക്കിയ അത്ഭുതമനുഷ്യൻ

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

ഇന്ത്യയുടെ വനമനുഷ്യൻ എന്നറിയപ്പെടുന്ന ജാദവ് പായേങ്ങിന്റെ ജീവചരിത്രം യുഎസിലെ കണക്ടികറ്റിലുള്ള ഗ്രീൻ ഹിൽ സ്കൂള്‍ തങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബ്രഹ്മപുത്രാ നദിക്കരയിലെ ഒരു മണൽത്തിട്ട വലിയ വനമാക്കി മാറ്റിയതോടെയാണ് ജാദവ് പ്രശസ്തനായത്. ഇതിന്റെ ആദരസൂചകമായി പത്മശ്രീ പുരസ്കാരവും 57-കാരനായ ജാദവിനു ലഭിച്ചു.

അസമിലെ മജൂലി ദ്വീപിലുള്ള മിഷിങ് ഗോത്രത്തിലാണ് ജാദവ് ജനിച്ചത്. ദരിദ്ര കുടുംബത്തിൽ പെട്ട ലഖിറാമിന്റെയും അഫൂലിയുടെയും 13-മക്കളിൽ മൂന്നാമത്തെ കുട്ടിയായി. “മോലൈ” എന്നായിരുന്നു ഗോത്രവാസികൾ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. പാൽക്കച്ചവടമായിരുന്നു ജാദവിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ജാദവ് ഒരു വല്ലാത്ത കാഴ്ച കണ്ടതാണ് അദ്ദേഹത്തിലെ പ്രകൃതിസ്നേഹിയുടെ യാത്രയ്ക്കു തുടക്കമിട്ടത്. മജൂലിയിലെ ഒരു വലിയ മണൽത്തിട്ടയിൽ നൂറുകണക്കിനു പാമ്പുകൾ ജീവന്‍ വെടിഞ്ഞു കിടക്കുന്നതാണ് ജാദവ് കണ്ടത്.വെള്ളപ്പൊക്കത്തിൽ മണൽത്തിട്ടയിലേക്ക് അടിച്ചുകയറപ്പെട്ട പാമ്പുകൾ, മണൽത്തിട്ടയിൽ തണലും ഭക്ഷണവുമില്ലാതെയാണു മരിച്ചത്. അവിടെ മരങ്ങളുണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നെന്ന് ജാദവ് മനസ്സിലാക്കി. “മജൂലി” ഇന്ത്യയിലെ ഏറ്റവും വലിയ നദീ-ദ്വീപാണ്. ഈ ദ്വീപിനെ പച്ചപ്പുള്ളതാക്കാൻ തന്നെ ജാദവ് തീരുമാനിച്ചു. തുടർന്നാണ് കൗമാരക്കാരനായ ജാദവ് തന്റെ ഉദ്യമത്തിനു തുടക്കമിട്ടത്.ആദ്യമായി വിരലിലെണ്ണാവുന്ന മുളച്ചെടികളുടെ തൈകളും കുറച്ചു വിത്തുകളും അവിടെ മണൽത്തിട്ടയിൽ നട്ടു. വളക്കൂറുളള മണ്ണിൽ അവ വളർന്നതോടെ ജാദവിന് ഉത്സാഹമായി. ഒട്ടേറെ മരങ്ങളുടെ വിത്തുകളും തൈകളും ഇദ്ദേഹം ശേഖരിച്ചു കൊണ്ടു വന്ന് ഇവിടെ നട്ടു. അതിരാവിലെ ഉണര്‍ന്ന് വഞ്ചിയുമായി നദി കടന്ന് മണൽത്തിട്ടയിലെത്തിയാണ് ജാദവ് വനപരിപാലനം നടത്തിപ്പോന്നത്.പതിയെ പതിയെ വനം കിലോമീറ്ററുകൾ വ്യാപിച്ചു.ബ്രഹ്മപുത്രയുടെ വളക്കൂറുള്ള തിട്ടയിൽ വൻമരങ്ങൾ തഴച്ചുവളർന്നു. ഇന്നു ജാദവിന്റെ 1300-ഏക്കർ വിസ്തീർണമുള്ള വനം അഞ്ച് ബംഗാൾ കടുവകൾക്കും നൂറുകണക്കിനു മാനുകൾക്കും വിവിധ തരം പക്ഷികൾക്കും വീടാണ്.

ഈ വനത്തിനെ ജാദവിനോടുള്ള ആദരസൂചകമായി “മോലൈ വനം” എന്നാണ് നാട്ടുകാർ വിളിക്കുന്നത്.2008-ൽ ഈ വനത്തിലേക്ക് നൂറോളം ആനകൾ വിരുന്നെത്തി. ഇതിനെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ജാദവ് പ്രശസ്തിയിലേക്കുയർന്നു.തുടർന്ന് ജവാഹർലാൽ നെഹ്റു സർവകലാശാല ജാദവിന് “ഇന്ത്യയുടെ വനമനുഷ്യൻ” എന്ന ബഹുമതി നൽകി. ഫ്രാൻസിലെ എവിയനിൽ പരിസ്ഥിതി സംബന്ധിച്ച് നടന്ന രാജ്യാന്തര ഉച്ചകോടിയിലും ജാദവ് പങ്കെടുത്തിട്ടുണ്ട്. ജാദവിന്റെ വനത്തി ലേക്ക് വന്ന ആനകൾ പിന്നീട് ഈ വനത്തിലെ സ്ഥിരം വിരുന്നുകാരായി. മൂന്ന് മുതൽ നാല് മാസങ്ങളുടെ ഇടവേളയിൽ ആനക്കൂട്ടങ്ങൾ തുടർച്ചയായി ഇവിടെയെത്താറുണ്ട്..!!!എതിർപ്പുകളെയും അവഗണനകളെയും നേരിട്ട് പരിസ്ഥിതിയുടെ ആരോഗ്യത്തിൽ മാറ്റം വരുത്താനായി അഹോരാത്രം യത്നിക്കുന്നവരെ ആദരിക്കാനും അതിന്റെ സന്ദേശം കുട്ടികളിലെത്തിക്കാനുമായാണ് ജാദവിനെപാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തിയതെന്ന് സ്കൂള്‍ അധികൃതർ പറയുന്നു.

കടപ്പാട്

 663 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു