പീരിയഡ്‌സ്‌ വേദനയ്‌ക്ക് മരുന്നു കഴിക്കാമോ?

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

പീരിയഡ്‌സ്‌ വേദനയ്‌ക്ക് മരുന്നു കഴിക്കാമോ ? എവിടെ പോയാലും കേൾക്കാം ഈ ചോദ്യം. പലർക്കും പേടിയാണ് മരുന്നു കഴിക്കാൻ. പലരുടെയും ധാരണ ഈ വേദന സഹിക്കുന്നത് പ്രസവവേദനയിലേക്കു സ്വയം തയ്യാറെടുക്കാൻ പ്രാപ്തിയാക്കുമെന്നും. (കട്ട ഉടായിപ്പ് വർത്താനം ആണത്. വിശ്വസിക്കരുത്. എന്ന് മാത്രമല്ല വേദന സഹിച്ചുസഹിച്ചു പ്രസവത്തിനു തയ്യാറെടുക്കാനല്ല പെൺകുട്ടികളുടെ ജീവിതലക്ഷ്യം. വേദനയില്ലാതെ പ്രസവിക്കാനുള്ള സേഫ് രീതികളും ഇവിടെ ഉണ്ട്)!!!

ആർത്തവവേദനക്ക് മരുന്നു കഴിക്കാമോ എന്ന ചോദ്യത്തിന്റെ വിലയേറിയ ഉത്തരം ഇതാണ്:
ഈ വേദന വന്നാൽ ഡോക്ടറെ കാണിച്ച ശേഷമേ മരുന്നു കഴിക്കാവൂ. കാരണം, പീരിയഡ്‌സ്‌ സമയത്തെ വേദന/dysmenorrhoea രണ്ട്‌ തരമുണ്ട്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ലാത്ത primary dysmenorrhoeaയും, കാരണങ്ങൾ ഉള്ള secondary dysmenorrhoeaയും. Secondary അല്ല എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഡോക്ടറെ കാണാൻ പറയുന്നത്. Pelvic inflammatory disease, ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് തുടങ്ങിയ ഒട്ടനവധി അപകടം പിടിച്ച അസുഖങ്ങൾ കാരണം പീരിയഡ്‌സ്‌ സമയത്ത് വേദന വരാം.

മുകളിൽ പറഞ്ഞിരിക്കുന്ന ചില രോഗങ്ങൾ ഭാവിയിൽ കാൻസറിലേക്കും വന്ധ്യതയിലേക്കും നയിച്ചേക്കാം. അതുകൊണ്ട്, ഇവയുടെ അപകടം കുറഞ്ഞ സ്റ്റേജിൽതന്നെ മുൻകൂട്ടി കണ്ടുപിടിച്ചു ചികിൽസിച്ചു ഭേദമാക്കാനുള്ള അവസരം ഉണ്ടാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

ഇനി പീരിയഡ്‌സ്‌ സമയത്തെ വേദന എങ്ങനെ ഉണ്ടാവുന്നു എന്ന് നോക്കാം. ഈ സമയത്ത് ഗർഭാശയസ്തരം പൊഴിഞ്ഞു വീഴുമ്പോൾ ഉണ്ടാവുന്ന പ്രോസ്റ്റാഗ്ലാന്റിൻ ഗർഭാശയഭിത്തിയെ സങ്കോചിപ്പിക്കുകയും ആ പ്രവർത്തനഫലമായി രക്തക്കുറവുള്ള ഭാഗങ്ങൾ ഭിത്തിയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്കൊണ്ടാണ് വേദന ഉണ്ടാവുന്നത്. ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങളിൽ ആണ് വേദന കണ്ടുവരുന്നത്. നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള വേദന ആണെങ്കിൽ (ഉദാഹരണത്തിന് ക്ലാസ്സ്‌ നഷ്ട്ടമാവുക, ഉറങ്ങാൻ പോലും കഴിയാത്ത അവസരങ്ങൾ എന്നിവ) മരുന്ന് പരിഗണിക്കാവുന്നതാണ്. പ്രോസ്റ്റാഗ്ലാന്റിൻ പ്രവർത്തനം തടയുന്ന മരുന്ന് ഈ വേദനക്ക് ഫലപ്രദമാണ്. വേദന തുടങ്ങും മുന്നേയുള്ള കുറച്ച് മണിക്കൂറുകളിൽ മരുന്നെടുത്താൽ രണ്ട്‌ ദിവസങ്ങക്കുള്ളിൽ വേദന മാറുമെന്ന് കാണിച്ച പഠനങ്ങളും ഉണ്ട്.

വ്യായാമം ചെയ്യുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ഒരുപാട് വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നല്ല പോഷണവും (വിറ്റാമിൻ, minerals) വെള്ളവും ലഭ്യമാണ് എങ്കിൽ ഏത് സമയത്തും നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. പീരിയഡ്‌സ്‌ സമയത്ത് അടങ്ങിയൊതുങ്ങി ഇരുന്നേ തീരൂ എന്നൊന്നും ഇല്ലെന്നർത്ഥം. ആവശ്യത്തിന് വിശ്രമിക്കണം എന്ന് മാത്രം. സ്ട്രെസ് കുറയുന്നതും വേദനയെ കുറക്കുന്നു ! Secondary വേദന ആണെങ്കിൽ മറ്റുചില ലക്ഷണങ്ങൾ കൂടി ഉണ്ടാവും ! മറ്റസുഖങ്ങളുടെ ലക്ഷണങ്ങൾ ഇല്ലെന്നുറപ്പിക്കേണ്ടതായുണ്ട്.

എന്താണ് നോർമൽ പീരിയഡ്‌സ്‌?

രണ്ടുമുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ ബ്ലീഡിങ് . ഈ ദിവസങ്ങളിൽ 80 മില്ലിലിറ്ററിൽ (average 10-35ml) അധികമല്ലാത്ത ബ്ലീഡിങ് (മാക്സിമം 16 മുതൽ 18വരെ രക്തത്തിൽ കുതിർന്ന പാഡുകൾ). 24 ദിവസത്തിനു ശേഷമോ 38 ദിവസങ്ങൾക്കുള്ളിലോ ആവർത്തിച്ച് വരുന്നത്. So ഇതെല്ലാം രേഖപ്പെടുത്താൻ ഒരു ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. Premenstrual mood changes ഉണ്ടെങ്കിൽ അതും എഴുതി വെച്ച് സ്വയം analyse ചെയ്യുകയോ, ആവശ്യം തോന്നുന്നെങ്കിൽ സഹായം തേടുകയോ ചെയ്യുക. 24 ദിവസങ്ങൾക്കുള്ളിൽ periods വരുന്നതിനെ polymenorrhoea എന്നും 38 ദിവസങ്ങൾക്ക് ശേഷം വരുന്നതിനെ oligomenorrhoea എന്നും വിളിക്കുന്നു. ഈ രണ്ടവസരങ്ങളിലും ഡോക്ടറുടെ ഉപദേശം ഉണ്ടായേ തീരൂ.

തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരാം. രോഗനിർണയത്തിന് വേണ്ടി സ്കാൻ ചെയ്യേണ്ടതായും വരാം. രക്തസ്രാവം കൂടുന്ന സമയത്ത് അയൺഫോളിക് ആസിഡ് ഗുളികകൾ ആവശ്യമായി വന്നേക്കാം. ആർത്തവദിവസങ്ങളിൽ വ്യക്തിശുചിത്വം പാലിക്കുക. തുണിയാണോ സാനിറ്ററി നാപ്കിനാണോ menstrual കപ്പ്‌ ആണോ നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്. ഒരുത്തരം പറയാൻ മാത്രമുള്ളത്ര പഠനങ്ങൾ നടന്നിട്ടില്ല. (2019 ൽ നടന്ന പഠനം cup സേഫ് എന്ന് പറയുന്നു) പാഡുകൾ നാലുമണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. തുണി ഉപയോഗിക്കുന്നവർ ആ തുണി നന്നായി കഴുകി വെയിലും കാറ്റും ഉള്ള സ്ഥലത്ത് ഉണക്കുക. Menstrual കപ്പിലെ രക്തവും ഈ ഇടവേളയിൽ കളയുക. കപ്പ്‌ ആദ്യമായി use ചെയ്തു തുടങ്ങുന്നവർ ഇക്കാര്യം പ്രത്യേകം ഓർക്കുക. ആദ്യമായി use ചെയ്തു തുടങ്ങുന്നവരുടെ കപ്പിൽ E.coli ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടു എന്നാണ് കെനിയയിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. മൂത്രാശയസംബന്ധമോ ഗർഭാശയസംബന്ധമായോ ആയ അണുബാധ വന്നവർ രണ്ടുമൂന്നുമാസത്തെ പീരിയഡ്‌സ്‌ കഴിഞ്ഞ ശേഷം മാത്രം കപ്പ് ഉപയോഗിക്കുന്നത് safe ആയിരിക്കും.

പ്രസവശേഷവും അബോർഷൻ ശേഷവും ഉള്ള യോനീസ്രവം നിൽക്കുന്നത് വരെ menstrual കപ്പ്‌ ഉപയോഗിക്കാതിരിക്കുക. ഗർഭാശയസ്തരം ഉണങ്ങുന്ന സ്റ്റേജിൽ ആയതുകൊണ്ട് ചെറിയ infection പോലും മാരകമായേക്കാം എന്നതുകൊണ്ടാണ് ഇങ്ങനെയൊരുപദേശം നൽകുന്നത്. കൂടുതൽ പഠനങ്ങൾ കൂടിയേ തീരൂ.

NB: edited on 18/07/18

ഈ പോസ്റ്റിനു ശേഷം കുറേ മെസേജുകൾ വന്നു. വീട്ടിലുള്ളവർ ആവശ്യമില്ലാതെ മരുന്നു കഴിക്കുകയായിരുന്നു, ഇതെഴുതിയതിനു നന്ദി എന്നൊക്കെയായിരുന്നു ചില മെസ്സേജുകൾ.. അവരോടു പറയാനുള്ളത് ഇതാണ്. വേദനസംഹാരി പാടില്ലെന്ന് പോസ്റ്റിൽ പറഞ്ഞിട്ടേയില്ല. നിത്യജീവിതത്തെ ബാധിക്കുന്ന വേദനയാണെങ്കിൽ മരുന്നു കഴിക്കൂ എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ കൂടെ, ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. Safe ആയ മരുന്നുകൾ ലഭ്യമാണെങ്കിൽ എന്തുകൊണ്ട് പെൺകുട്ടികൾക്ക് അവ ഉപയോഗിച്ചുകൂടാ? Safe ആയ മരുന്നുകൾ ആവണമെങ്കിൽ ശരീരവും നോർമൽ ആയിരിക്കണം. അത്‌ നിർണയിക്കാൻ ഡോക്ടർക്ക് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ് ഇത്തരത്തിൽ പറഞ്ഞത്. മറ്റൊരു പ്രധാന മെസ്സേജ് കൂടെ വന്നു. അതിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. “എന്റെ മകൾക്കു പീരിയഡ്‌സ്‌ വേദന അധികമായപ്പോൾ ഡോക്ടറെ കാണിച്ചു. വേദന കാരണം സ്കൂളിൽ കുറേ attendance പോയി. ആദ്യമൊക്കെ വീട്ടിലുള്ള പനിയുടെ ഗുളിക കൊടുക്കുമ്പോൾ വേദന മാറുമായിരുന്നു. പിന്നെ അത് ഫലിക്കാതായി വന്നപ്പോൾ ആണ് ഡോക്ടറെ കാണാൻ തീരുമാനിക്കുന്നത്. പക്ഷേ ഡോക്ടർ വിശദമായി ഒന്നും ചോദിച്ചില്ല. പകരം ഇങ്ങനെ പറഞ്ഞു. ഒറ്റമോൾ ആയതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ചെറിയ വേദന എന്ന് കേൾക്കുമ്പോളേക്കും ആശുപത്രിയിൽ കൊണ്ടുവരുന്നത്. അധികം mind ചെയ്യണ്ട!” ഇത്തരം വാക്കുകൾ നമ്മുടെ സമൂഹത്തിൽ നിന്നുയരുന്നതിൽ ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. പക്ഷേ, system മാറിവരാൻ ഒരുപാട് സമയം വരും. ഇത്തരത്തിൽ ഉള്ള ഉത്തരങ്ങൾ ദയവുചെയ്ത് അവഗണിക്കുക. Sensible ആയ ഒരു ഡോക്ടറെ കണ്ടെത്തുക. അത്രയേ പറയാനുള്ളൂ !!!എന്റെ അമ്മ പറഞ്ഞിട്ടുണ്ട് പ്രസവവേദനയെക്കാളും വേദന ചില മാസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് ! 🙁 പക്ഷേ ആരും തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല.

പെണ്ണുങ്ങൾ ആവുമ്പോൾ ഇതൊക്കെ സാധാരണം ആണെന്ന ഭാവമാണ്. ഒരു കൂട്ടുകാരി പീരിയഡ്‌സ്‌ വേദന കാണിക്കാൻ തുടർച്ചയായ മൂന്നാം മാസവും പോയപ്പോൾ അവളുടെ അമ്മയോട് “കുട്ടി attention seeking ആണ്”എന്ന് പറഞ്ഞ ഡോക്ടർ വരെയുണ്ട് ! ഫലം ഇതാണ്, അവർ പിന്നെ ഡോക്ടറെ കാണിക്കാൻ തയ്യാറാകുന്നില്ല. പകരം മെഡിക്കൽ ഷോപ്പിൽ നിന്നും ചോദിച്ചു വാങ്ങി കഴിക്കുന്നു! എന്തൊരു അപകടമാണിത്?

ഡോ. വീണ ജെ. എസ്‌.

 1,167 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു