ബൈപ്പോളാർ ഡിസോർഡർ

ഋതുഭേദങ്ങളാണ് പ്രകൃതിയെ മനോഹരിയാക്കുന്നത്. വെയിലും മഴയും ഇരുളും വെളിച്ചവുമെല്ലാം പ്രകൃതിയുടെ ഇരട്ട മുഖങ്ങൾ. പ്രകൃതിയുടെ താളം തെറ്റുമ്പോഴാണ് വരൾച്ചയും അതിശൈത്യവും കൊടുങ്കാറ്റും പ്രകൃതി ക്ഷോഭങ്ങളാകുന്നത്. മനുഷ്യമനസ്സും പ്രകൃതിയുടെ ഭാവങ്ങൾ പോലെ തന്നെ. മനസിൽ കാറും കോളും ഉഷ്ണവും ശൈത്യവുമൊക്കെ ഭാവനിയന്ത്രണം തെറ്റിയെത്തുമ്പോഴാണ് ബൈപ്പോളാർ ഡിസോർഡർ എന്ന വിഷാദോന്മാദ രോഗമാകുന്നത്.

      മനോരോഗങ്ങളിൽ സർവസാധാരണവും ലോകത്ത് ഒരു ശതമാനത്തിലധികം വ്യക്തികളെ ബാധിയ്ക്കുകയും സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാവുന്ന രോഗമാണ് ബൈപ്പോളാർ ഡിസോർഡർ. ഉന്മാദാവസ്ഥയിൽ സ്വന്തം ചെവി മുറിച്ചു കളഞ്ഞ പ്രശസ്ത ചിത്രകാരനായ വാൻ ഗോഗ് ആണ് ഈ രോഗത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന് പറയാം. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 31 ന് ഈ രോഗത്തിന്റെ ബോധവത്കരണ പ്രവർത്തനങ്ങൾ ലോകമൊട്ടാകെ സംഘടിപ്പിയ്ക്കുന്നത്.

 എന്താണ് ബൈപ്പോളാർ ഡിസോർഡർ?

      ഒരാളുടെ വൈകാരിക അവസ്ഥ അഥവാ, ഭാവങ്ങളിൽ(Mood) നിയന്ത്രണം നഷ്ടമായി, അമിതവും അനാവശ്യവുമായ ആഹ്ളാദവും ദു:ഖവുമൊക്കെ മാറി മാറി വരുന്നതിനെയാണ് വിഷാദോന്മാദരോഗം എന്ന് പറയുന്നത്.ചിലരിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന ഉന്മാദം ജീവിതത്തിൽ പല അവസരങ്ങളിൽ ആവർത്തിച്ചു വരാം. ചിലരിൽ രണ്ടാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന വിഷാദം ആവർത്തിച്ചു വരാം. ഇവരിൽ ചിലപ്പോൾ ഉന്മാദഭാവം ഏറ്റക്കുറച്ചിലുകളിലൂടെ ഉണ്ടാകുന്നത് തിരിച്ചറിയാതെ പോകാറുണ്ട്. എന്തായാലും പനി വരുന്നത് പോലെ ഉന്മാദവും വിഷാദവും ബൈപ്പോളാർ ഡിസോർഡറുള്ള ഒരു വ്യക്തിയിൽ മിന്നിയും മറഞ്ഞും ആവർത്തിച്ചു കൊണ്ടേയിരിയ്ക്കും. ചികിത്സിച്ചില്ലെങ്കിൽ മാസങ്ങളോളം ഈ അവസ്ഥ തുടരാം. ഉന്മാദ/വിഷാദത്തിന്റെ ഒരദ്ധ്യായം തീരുമ്പോൾ വ്യക്തി സാധാരണ മനോനില കൈവരിയ്ക്കുമെങ്കിലും ചിലപ്പോൾ ജീവിതം ഈ ഉയർച്ച താഴ്ച്ചകളുടെ ചുഴികളിൽ പെട്ട് മുങ്ങി പോകാം.

 ഉന്മാദാവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ:

• അമിതാഹ്ളാദം,

• അനിയന്ത്രിതമായ ദേഷ്യം, 

• അതിവൈകാരികത,

• ഉറക്കമില്ലായ്മ, 

• അടക്കാനാവാത്ത വീര്യം,ഉന്മേഷം പ്രകടിപ്പിയ്ക്കാം.

• അമിതമായി സംസാരിയ്ക്കുകയും,ചിരിയ്ക്കുകയും ചിരിപ്പിക്കുകയും,ബഹളം വയ്ക്കുകയോ ചെയ്യാം.

• മതപരമായ കാര്യങ്ങളിൽ ശുഷ്‌കാന്തി കൂടും.

• അമിതമായി പണം ചിലവഴിയ്ക്കാൻ മടിയ്ക്കില്ല.

• ചെയ്തു തീർക്കാൻ കഴിയുന്നതിനേക്കാൾ ഉത്തരവാദിത്തങ്ങൾ,ബിസിനസ് ഒക്കെ തുടങ്ങി വയ്ക്കും; നഷ്ടങ്ങളും പരാജയവും സംഭവിയ്ക്കാം.

• ഒരുങ്ങാനും ലഹരി ഉപയോഗിയ്ക്കാനും കറങ്ങാനും കൂട്ട് കൂടാനുമൊക്കെ ആവേശം കൂടും.

ചുരുക്കി പറഞ്ഞാൽ ബ്രേക്കില്ലാത്ത വണ്ടി കുന്നിറങ്ങി വരുന്നതു പോലെ. ഉന്മാദം പരിധി കടക്കുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടുകയും കോപാവേശത്തിൽ ഉപദ്രവകാരിയാകാനും താമസമുണ്ടാകില്ല. ഈ സമയത്ത് ലഹരി ഉപയോഗം തുടങ്ങാം, ഉള്ള ശീലം കൂടി വെടിമരുന്നിൽ തീപ്പോരി വീഴുന്ന പോലെയാകാം.

 ചിലപ്പോൾ താൻ വലിയ ആളാണെന്നും, പ്രത്യേക കഴിവുകൾ,സിദ്ധികൾ ഒക്കെ തനിക്കുണ്ടെന്നും ഉള്ള മിഥ്യാധാരണകളുണ്ടായി ഭ്രാന്തമായ അവസ്ഥയിലേയ്ക്കും പോവുകയും ഉന്മാദം  സമനില തെറ്റിയ്ക്കുകയും ചെയ്തേക്കാം.

  ഉന്മാദം കൊള്ളിയാൻ പോലെയാണ് ജീവിതത്തെ പൊള്ളിയ്ക്കുന്നതെങ്കിൽ, വിഷാദം നനഞ്ഞ കരിമ്പടം പുതച്ച് കള്ളനെ പോലെയാണ് കടന്ന് വരിക.  പ്രത്യേകിച്ച് കാരണങ്ങളില്ലാതെയും വിഷാദം ഉടലെടുക്കാമെന്ന് തിരിച്ചറിവ് അഭ്യസ്തവിദ്യർക്ക് പോലും കുറവാണ്. ഉന്മാദം നാട്ടുകാർ വരെ അറിയുമെങ്കിൽ വിഷാദത്തിൽ വീണു പോകുന്ന വ്യക്തിപോലും തിരിച്ചറിഞ്ഞേക്കില്ല അവനെന്ത് സംഭവിയ്ക്കുന്നുവെന്ന്. കള്ളൻ കവർന്നെടുക്കുന്നത് പോലെ ഊർജ്ജവും ഓജസും സന്തോഷവും നഷ്ടപ്പെട്ട് വ്യക്തി ആത്മഹത്യയുടെ വക്ക് വരെയെത്തുമ്പോഴായിരിയ്ക്കും ചിലപ്പോൾ ഉറ്റവരുടെ ഇടപെടൽ ഉണ്ടാകുക.

 വിഷാദത്തിന്റെ പ്രധാന മൂന്ന് ലക്ഷണങ്ങൾ ഇവയാണ്. 

  • കാരണമില്ലാതെയുള്ള സങ്കടം, കാരണങ്ങളേക്കാൾ വലിയ സങ്കടം എന്നിവ വിഷാദത്തിന്റെ തുടക്കമാകാം.

*രാവിലെ ഉണർന്നഴുന്നേൽക്കുമ്പോൾ അതിയായ ക്ഷീണം, ശരീരം ഒന്നനങ്ങി മനസിന് ഒരല്പ്പം ഉന്മേഷം വരുമ്പോഴേക്കും സന്ധ്യ ആയെങ്കിൽ സൂക്ഷിക്കുക വിഷാദമാകാം.

*മുൻപ് ചെയ്യാൻ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളിൽ വിരക്തി, ജോലി ചെയ്യാനോ,കളിയ്ക്കാനോ എന്തിന് ഇഷ്ടമുള്ള സീരിയൽ കാണാൻ പോലുമോ താത്പര്യമില്ലാതാകുന്നെങ്കിൽ വിഷാദം തന്നെ.

അനുബന്ധ ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം

• ഭാവിയെ പറ്റി ഉത്കണ്ഠ, സംഭവിയ്ക്കാൻ പോകുന്നതെല്ലാം മോശംകാര്യങ്ങൾ എന്ന ഭയം,

• ഉറക്കം കുറയുക, നേരത്തെ ഉണർന്ന് കിടക്കുക, കുട്ടികളിൽ ചിലപ്പോൾ അമിതമായ ഉറക്കം

• എകാകിയായിരിക്കാന്‍ താല്പര്യപ്പെടുക, 

• സൗഹൃദ ബന്ധങ്ങളിലും ലൈംഗിക ബന്ധങ്ങളിലും താല്പര്യം കുറയുക, 

• ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുക, 

• തന്നെക്കൊണ്ട് ഒന്നും കഴിയില്ലെന്നും തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും കരുതുക, പ്രതീക്ഷിയ്ക്കാൻ ഒന്നുമില്ലെന്ന് കരുതുക

• അനാവശ്യമായ കുറ്റബോധം തോന്നുക, സംഭവിക്കുന്ന കുഴപ്പങ്ങൾക്കെല്ലാം താനാണ് ഉത്തരവാദി എന്ന് തോന്നുക, 

• വൃത്തിയായി നടക്കുന്നതിലും ദിനചര്യ കളിലും താല്പര്യം നഷ്ടപ്പെടുക 

• വിട്ടുമാറാത്ത തലവേദന, അവ്യക്തമായ വേദനകള്‍ , വിശപ്പില്ലായ്മ.

ഇത്തരം അവസ്ഥയില്‍ താന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നും, തനിക്കു ആശിക്കാന്‍ ഒന്നുമില്ലെന്നും ചിന്തിക്കുന്നു. വിഷാദ രോഗം ബാധിച്ചവരില്‍ ആത്മഹത്യാ ചിന്ത അതിനാൽ സാധാരണമാണ്. ഇത് ആത്മഹത്യാ ശ്രമത്തിലേക്കും അതിലൂടെ മരണത്തിലേക്കും നയിക്കാം. 

ഉന്മാദവിഷാദരോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് 15 മുതൽ 25 വയസിനിടയ്ക്കാകാം. ചെറുപ്പത്തിലേ തുടങ്ങുന്ന കുട്ടികളിലെ ബൈപ്പോളാർ ഡിസോർഡർ കുട്ടിയ്ക്കും കുടുംബത്തിനും ചികിത്സകർക്കും ഒരു വെല്ലുവിളിയാകാറുണ്ട്. സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ കാണുന്ന ഈ രോഗം, സ്ത്രീകളിൽ വിഷാദരോഗത്തിന്റെ റിസ്‌ക് നാലിരട്ടി വർധിപ്പിയ്ക്കുന്നു. പ്രഷറും കൊളസ്ട്രോളും ഷുഗറും പോലെ ഈ രോഗവും പാരമ്പര്യമായി പകർന്നു കിട്ടാം. ലഹരി ഉപയോഗം,അപസ്മാരം,തൈറോയ്ഡ് സംബന്ധമായ രോഗങ്ങളൊക്കെ ഈ രോഗത്തിന് കാരണവും കൂട്ടുമൊക്കെ ആകാറുണ്ട്. തുടക്കത്തിലേ ചികിത്സിച്ചാൽ ഉന്മാദവും വിഷാദവും ആവർത്തിച്ചു വരുന്നത് തടയാൻ കഴിയും. ചികിത്സിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ഇടയ്ക്കും മുറയ്ക്കും വന്ന് അലട്ടുകയും ചെയ്യും.

ചികിത്സ ഉന്മാദവിഷാദ അവസ്ഥകളെ നിയന്ത്രിയ്ക്കുകയെന്ന ലക്ഷ്യം വെച്ച് മാത്രമല്ല, വീണ്ടും വരാതിരിയ്ക്കാൻ കൂടിയാണ്. ടൂബ് ലൈറ്റിലെ ചോക്ക് പോലെ, ഫ്രിഡ്ജ്, ടിവിയുടെ സ്ടെബിലൈസർ പോലെ കറന്റ് കുറഞ്ഞാലും കൂടിയാലും വൈദ്യുതോപകരണം പ്രവർത്തിപ്പിയ്ക്കുന്ന പോലെയാണ് മരുന്നുകളായ മൂഡ് സ്ടെബിലൈസർസ്(mood stabilisers) ബൈപ്പോളാർ ഡിസോർഡറിലെ രണ്ട് ധ്രുവങ്ങളേയും നിയന്ത്രിയ്ക്കുന്നത്. ഉറക്കത്തിനും വിഭ്രാന്തിയ്ക്കും വേണ്ടി പ്രത്യേകം മരുന്നുകൾ നല്കേണ്ടി വരാറുണ്ട്. വീണ്ടും അസുഖലക്ഷണങ്ങൾ വരാതിരിക്കാൻ രണ്ട് വർഷമെങ്കിലും തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരും. അപസ്മാരരോഗം പോലെ അഞ്ച് വർഷക്കാലം ബൈപ്പോളാർ രോഗം വരാതിരിയ്ക്കാനുള്ള ശ്രദ്ധയും തുടർ പരിശോധനയും വേണ്ടതാണ്. 

ഔഷധ ചികിത്സയും മനശ്ശാസ്ത്ര പരമായ ചികിത്സകളും ഒരേ സമയം നല്കാിവുന്നതാണ്. ചികിത്സ ആരംഭിച്ചു രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ കഴിഞ്ഞു മാത്രമേ രോഗത്തിന് കുറവ് അനുഭവപ്പെടുകയുള്ളൂ. രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗിയുമായി അടുത്തിടപഴകുന്നവരും രോഗി മരുന്ന് കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും, അയാളുടെ വാക്കുകളെയും അഭിപ്രായങ്ങളേയും സഹാനുഭൂതിയോടെ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.രോഗാവസ്ഥ വരാതിരിക്കാൻ ചിട്ടയായ ഉറക്കം പ്രധാനമാണ്‌.അമിതമായ വൈകാരികത,ലഹരി ഉപയോഗം,അനാവശ്യ സ്ട്രസ്സ് ഒഴിവാക്കേണ്ടതാണ്. ഗർഭിണിയാകുമ്പോഴും പ്രസവാനന്തരവും പ്രത്യേക പരിചരണയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നും അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഹാർഡ് ബൈപ്പോളാറിനൊപ്പം സോഫ്റ്റ് ബൈപ്പോളാർ എന്ന പ്രതിഭാസവും പ്രകൃതിയിൽ നിലനില്ക്കുന്നുവെന്നൊരു കാഴ്ചപ്പാടുമുണ്ട്. മനുഷ്യരിലെ വൈകാരികത, ഭാവനാശക്തി, സൗന്ദര്യാരാധന, ആസ്വാദനശേഷി, നർമ്മോക്തിയുടെയൊക്കെ ആധാരം ജനിതകപരമായ ബൈപ്പോളാരിറ്റിയുമായ് ബന്ധപ്പെട്ടാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ കലയും എഴുത്തും നടനനാട്യ ലോകത്തുള്ള പലരിലും ഈ രോഗാവസ്ഥ കൂടുതലായി കണ്ടു വരുന്നു. മികച്ച കഥാകൃത്തുകൾ, അഭിനേതാക്കൾ പലരും ലഹരി ഉപയോഗത്തിലും ,ആത്മഹത്യയിലും എത്തുന്നതിന് ഒരു കാരണം ഈ ബൈപ്പൊളാരിറ്റിയാണ്. ഏർണസ്റ്റ് ഹെമിംഗ് വേ, റോബിൻ വില്യംസ് എന്നിവരൊക്കെ അവരിൽ ചിലർ മാത്രം. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ കൃതികളിൽ പറഞ്ഞിട്ടുള്ള ഈ “നൊസ്സ്” തന്നെയാണ് ഇവരിലെ കലയുടെയും കവിതയുടെയും എഴുത്തിന്റെയും കഴിവിന്റെയും വൈകാരിക പ്രകടനത്തിന്റെയുമൊക്കെ ആധാരം. മിതമായ ബൈപ്പോളാരിറ്റി ജീവിതത്തിൽ ക്രിയാത്മകതയും കാല്പനികതയും മനോഹാരിതയുമൊക്കെ നൽകുമെന്നർത്ഥം.

 37 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു