ഭൂതകാല കുളിര്

Rosy restrospection and Declinism.

ഭൂത കാലം സമ്മോഹനമാണെന്നും ആധുനിക ത അങ്ങേയറ്റം മോശമാണെന്നുമുള്ള കാഴ്ച്ചപാട്.

നമ്മുടെ ആർഷഭാരത സംസ്കാരത്തെ കുറിച്ച് പുളകം കൊള്ളുകയും ചിലപ്പോൾ രതി മൂർഛയോളം പോന്ന ആലസ്യത്തിലേക്കു മറിയുകയും ചെയ്യുന്നവരെ കണ്ടിട്ടില്ല…..?

അല്ലെങ്കിൽ രാജഭരണത്തെ കുറിച്ചും അക്കാലം ജനാധിപത്യത്തെക്കാൾ സുന്ദരവും മോഹനവുമാണെന്നു കരുതുന്നവർ ….

പഴയ ആളുകൾ ഒക്കെ ഒരു സംഭവമാണെന്നും … അവർ ചക്ക പറിച്ച് ചുള കളഞ്ഞ ശേഷം മുള്ളുള്ള മടൽ തിന്നിട്ട് കോട്ടയം നെഹ്രു സ്റ്റേഡിയത്തിനു ചുറ്റും ഏഴു റൗണ്ട് ഓടുമായിരുന്നു എന്നും മറ്റും പറയുന്നവർ ….. ആധുനിക യുഗത്തിലും ഇതൊക്കെ കേട്ട് സമ്മോഹനമായ ആ കാലത്തെ കുറിച്ച് മധുര സ്മരണകൾ അയവിറക്കുന്നത് വിദ്യാഭ്യാസം ഇല്ലാത്തവർ അല്ല. അക്കാദമിക് ജ്ഞാനമുള്ളവരാണ് … ….. നെറ്റ് കിട്ടാതിരുന്നാൽ കലി വരുന്ന ….. കറണ്ട് അഞ്ചു മിനുറ്റ് പോയാൽ KSEB യിൽ വിളിച്ച് തെറി പറയുന്ന …. ട്രാഫിക്ക് സിഗ്നലിൽ മുന്നിലെ വാഹനത്തിനു പിന്നിൽ കിടന്ന് വെറുതെ ഹോണടിച്ചു ശബ്ദമുണ്ടാക്കുന്ന ആധുനിക തയുടെ എല്ലാ ഫലങ്ങളും ഭക്ഷിക്കുകയും അതിന്റെ വേരിൽ കോടാലി വയ്ക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹമാണ് ….
അവർ നൊസ്റ്റാൾജിയയിൽ മുഴുകി ജീവിക്കുകയാണ്……

ഇതൊരു കെട്ട കാലമാണെന്നും പഴയ കാലത്ത് മനുഷ്യർ അടയും ശർക്കരയും പോലെയായിരുന്നുവെന്നും അവർ പറയുന്നു. ലോകം അവസാനിക്കാൻ പോവുകയാണെന്നും നമുക്ക് ധാർമ്മിക മൂല്യച്ചുതി സംഭവിച്ചുവെന്നും അവർ കരുതുന്നു. കലികാലമാണത്രേ ….

എന്നാൽ ചരിത്രം ഒരൽപം പിറകോട്ട് സഞ്ചരിക്കാൻ അവർ ഒരിക്കലും മിനക്കെടാറില്ല. മിനക്കെട്ടാൽ അവരുടെ ആ നൊസ്റ്റാൾജിയ സ്വപ്നത്തിന് ഒരു മയക്കത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടാവൂ…..

ലോക ചരിത്രത്തിൽ നിലവിൽ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലാണ് നാം. അതു തിരിച്ചറിയാൻ ചരിത്രത്തിലേക്കു പോവേണ്ടതുണ്ട്… …. പട്ടിണി കിടന്നു മരിക്കുന്നതിനേക്കാൾ പൊണ്ണത്തടി വന്നു മരിക്കാനാണ് ഇന്ന് നിങ്ങൾക്കു കൂടുതൽ സാധ്യത… ഒരു രാജ്യം പൂർണ്ണമായും മറ്റൊരു രാജ്യത്തെ കീഴടക്കുന്ന യുദ്ധങ്ങൾ ഇന്നില്ല….. പട്ടിണിയും യുദ്ധങ്ങളും ക്ഷാമവും ദുരിതങ്ങളും പഴയ കാലങ്ങളെ അപേക്ഷിച്ച് തീരെ കുറഞ്ഞിരിക്കുന്നു…… എന്നാൽ പഴയ ലോകം ഒരിക്കലും അങ്ങിനെയായിരുന്നില്ല……

ഒന്നാം ലോക മഹായുദ്ധത്തിൽ 1914-നും 1918 നും ഇടയിൽ ഇല്ലാതാക്കിയത് 40 ദശലക്ഷം മനുഷ്യരെയാണ് – രണ്ടാം ലോക മഹായുദ്ധത്തിലാകട്ടെ 75 മില്യൺ ആളുകളാണ് ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടത് … പരിക്കു പറ്റിയവരുടെ കണക്ക് ഊഹിക്കാമല്ലോ …..

1692-നും 1694 – നും ഇടയ്ക്കു മാത്രം 2.8 ദശലക്ഷം മനുഷ്യരാണ് ഫ്രാൻസിൽ മാത്രം പട്ടിണികൊണ്ട് മരിച്ചത്. ഫ്രഞ്ച് ജനതയുടെ 15 ശതമാനം . ആ സമയത്ത് ലൂയി 14-ാമൻ തന്റെ വെപ്പാട്ടിയുമായി വെർ സെയിൽസിൽ 64 മത്തെ പൊസിഷൻ പരീക്ഷിക്കുകയായിരുനു.
പിറ്റേ വർഷം 1695 ൽ എസ്റ്റോണിയയെ ക്ഷാമം പിടികൂടി. ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ജൈവ വളമായി ….. 1696 ൽ ഫിൽ ലന്റിൽ ഉണ്ടായ ക്ഷാമത്തിൽ ജനസംഖ്യയുടെ നാലിലൊന്നും അപ്രത്യക്ഷമായി. ഇന്ന് ലോകത്ത് സിറിയയിലും, സോമാലിയയിലും, സുഡാനിലും മനുഷ്യർ പട്ടിണി കിടന്നു മരിക്കുന്ന തിനു കാരണം ക്ഷാമമല്ല ….മറിച്ച് രാഷ്ട്രീയമാണ് കാരണം.

1330 കളിൽ ഏഷ്യയുടെ കിഴക്കുഭാഗത്തുണ്ടായ “യെർസിനിയ പെസ്റ്റിസ് എന്ന രോഗാണുവിനെ വഹിക്കുന്ന ചെള്ളിന്റെ കടിയേറ്റ മനുഷ്യർ ഒരു മഹാവ്യാധി പരത്തി – പ്ലേഗ് എന്ന കറുത്ത മരണം. ഏഷ്യയിലും യൂറോപ്പിലും നോർത്ത് ആഫ്രിക്കയിലും പടർന്ന രോഗം ഇരുപതു കൊല്ലത്തിനകം അറ്റ്ലാന്റിക് സമുദ്രതീരത്തെത്തി – 75 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും ഇടയിൽ മനുഷ്യർ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടു.

1520-ൽ ഒരു ജൈവ ബോംബുപോലെ വസൂരിയുടെ രംഗപ്രവേശം ഉണ്ടായി ….. അന്ന് വൈദ്യൻമാർ രോഗത്തിനു നിർദ്ദേശിച്ചത് പ്രാർത്ഥനകൾ ആയിരുന്നു. കൂടാതെ തണുത്ത വെള്ളത്തിൽ കുളി, കന്മദം പുരട്ടൽ, കറുത്ത വണ്ടുകളെ പൊടിച്ച് വ്രണത്തിൽ വിതറൽ മുതലായവയായിരുന്നു. അത് ഏതായാലും നന്നായി ഫലിച്ചു. ജനസംഖ്യയിൽ നല്ലൊരു ശതമാനവും തെക്കോട്ട് എടുത്തു. മരണപ്പെട്ടവരുടെ മുകളിലേക്ക് വീടുകൾ ഇടിച്ചു മൂടാൻ ഭരണാധികാരികൾ ഉത്തരവിറക്കി. 1520 ൽ മെക്സിക്കോയിൽ എത്തിയ രോഗം മൂന്നിലൊന്ന് ജനതയെയും ജീവനിൽ നിന്നും വേർപെടുത്തി. 22 ദശലക്ഷം ആളുകളിൽ അവശേഷിച്ചത് 14 ദശലക്ഷം പേരായിരുന്നു. സന്നിപാത ജ്വരം, അഞ്ചാം പനി തുടങ്ങിയവയൊക്കെ പിറകെ വരുന്നുണ്ടായിരുന്നു.

1778 ൽ ബ്രിട്ടീഷ് യാത്രികനായ ജയിംസ് കുക്ക് പുതിയൊരു രോഗവുമായി ഹവായ് ദ്വീപിൽ ഇറങ്ങി. പകർച്ച പനി, ക്ഷയം, സിഫിലിസ് ഇവയൊക്കെ ആദ്യമായി ദ്വീപ് നിവാസികൾക്ക് സമ്മാനമായി അവർ നൽകി. പിറകെ ടൈഫോയിഡും , വസൂരിയും യൂറോപ്യൻ മാർ കൊണ്ടുവന്നു. അമേരിക്കയും യൂറോപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഹവായ് ദ്വീപിൽ ഒടുവിൽ അവശേഷിച്ചത് വെറും 70,000 പേരാണ് ….
ഇരുപതാം നൂറ്റാണ്ടിലും സ്ഥിതി മോശമായിരുന്നില്ല. 1918ൽ ഉണ്ടായ സ്പാനിഷ് പനിയിൽ വടക്കൻ ഫ്രാൻസിലെ പട്ടാള കിടങ്ങുകളിൽ ആയിരക്കണക്കിന് പട്ടാളക്കാരാണ് മരിച്ചു വീണത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വൈറസിന് അടിമപ്പെട്ടു. ഇന്ത്യയിൽ മാത്രം 15 ലക്ഷം പേരാണ് മരിച്ചത് ….
ആധുനിക വൈദ്യശാസ്ത്രവും ശുചിത്വ ബോധത്തിലുള്ള പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യപരിപാലനവുമാണ് ഈ അവസ്ഥകളെ മാറ്റിയത് … പകർച്ചവ്യാധികളും പട്ടിണിയും ഇന്നുമുണ്ട് …. പക്ഷേ പഴയ ആ സമ്മോഹന ഭൂതകാലത്തേക്കാൾ തീരെ കുറവാണ് എന്നു മാത്രം – WHO ഇന്ന് വസൂരിക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പ് നിർത്തിയിരിക്കുന്നു. കാരണം അത് ഫല പ്രദമായി വിജയം വരിച്ച ഒരു ഉദ്യമമായി മാറിയിരുന്നു…..

തിരുവിതാം കൂറിൽ ജോലിക്ക് അപേക്ഷിച്ച ഈഴവനോട് പോയി തെങ്ങ് ചെത്താൻ കൽപ്പിച്ച ഭരണ കർത്താക്കളോട പൊരുതി ഇന്ന് ഈഴവ സമുദായം വിദ്യ കൊണ്ടും ധനം കൊണ്ടും ഏറ്റവും വലിയ വിഭാഗമായി മാറിയിരിക്കുന്നു. ബ്രിട്ടിഷുകാരാണ് നമുക്ക് സന്യസിക്കാൻ അവസരം ഉണ്ടാക്കിയതെന്ന് ശ്രീനാരായണ ഗുരു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തിരുവിതാം കൂറിലെ ശിക്ഷാ രീതികളെ കുറിച്ച് ചരിത്രം വിവരിക്കുന്നുണ്ട്. കൊലകുറ്റത്തിന് പോലും ബ്രാഹ്മണന് തല വടിച്ചാൽ മതിയാകും …. ഓരോ ജാതിയും പാലിക്കേണ്ട അകലത്തെ കുറിച്ചും ചൂണ്ടുപലകകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

1835-ൽ ശവ ശരീരം കീറി മുറിക്കുന്ന മെഡിക്കൽ പഠനം കൽ കൽക്കട്ടയിൽ ആരംഭിച്ചപ്പോൾ ബ്രാഹ്മണ സമൂഹം അതിനോട് പിൻ തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്. അന്നത്തെ വൈസ്രോയിയായിരുന്ന വില്യം ബെൻ ഡിക്റ്റ് 50 പീരങ്കിവെടികൾ മുഴക്കിയാണ് പഠനം ആരംഭിച്ചത്. ഗംഗാധര റേ എന്ന പാരമ്പര്യ വൈദ്യൻ വെടിശബ്ദം കേട്ട് സ്കൂട്ടായി …. ആധുനികതയുടെ ചരിത്രത്തിലെ പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു അത് …. സാവിത്രി ബായി ഭൂലയുടെ നേത്യത്വത്തിൽ ദളിത് വിഭാഗങ്ങളാണ് ശവം കീറി പഠിക്കുന്ന ആ പഠന രീതിയെ ഏറ്റെടുത്തവർ …..

ഹിന്ദു നിർമ്മിച്ച ജാതി പാഴ്സികൾക്കു പോലും അംഗീകരിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് അംബേദ്കർ വിവരിക്കുന്നുണ്ട്.

1909-നവംബർ 19 ന് സർക്കാർ ഉത്തരവ് മാനിച്ച് പൂജാരി അയ്യന്റെ മകളായ പഞ്ചമിയുമായി ബാലരാമപുരം ഊരുട്ടമ്പലം സ്കൂളിൽ എത്തിയ അയ്യൻകാളിയെ എതിരേറ്റത് സമ്മോഹനമായ ആ പഴയ കാലത്തെ ജന്മി തമ്പ്രാക്കൾ ആയിരുന്നു. പലതവണ അവർ സ്കൂൾ അഗ്നിക്കിരയാക്കി –
അങ്ങിനെയാണ് ഇന്ത്യയിലെ തന്നെ ആദ്യ കാർഷിക സമരം പൊട്ടി പുറപ്പെട്ടത്.

ഇനിയും പിൻ തിരിഞ്ഞു നോക്കുമ്പോൾ പഴയ സമ്മോഹനമായ പുരാതന കാലം എന്നത് തീർത്തും ഒരു അശ്ലീലമാണ് എന്ന് ബോധ്യപ്പെടും – ആഫ്രിക്കയിൽ ട്രെയിനിൽ നിന്നു ഗാന്ധിയെ ഇറക്കിവിടുമ്പോൾ അദ്ദേഹത്തിന്റെ വിഷമം തന്നെ ആഫ്രിക്കക്കാരോടൊപ്പം കരുതി എന്നതായിരുന്നു. പഴയ രണ്ടു തലമുറയുടെ പിറകിൽ പോയി കാര്യങ്ങൾ അന്വേക്ഷിച്ചാൽ എന്തായിരുന്നു ഇവിടെ നടന്നിരുന്നതെന്ന് അറിയാൻ കഴിയും …..
ഈ കാലഘട്ടത്തിലും പലതും സംഭവിക്കുന്നുണ്ട്. കൊറോണ മരണം പോലും പരിശോധിച്ചാൽ 800 കോടി ജനസംഖ്യയിൽ എത്ര ശതമാനം ആണെന്നു ബോധ്യപ്പെടും. നാളെ വലിയ ക്ഷാമങ്ങളും യുദ്ധങ്ങളും സംഭവിച്ചേക്കാം …. പക്ഷേ ഇന്നെന്നത് ഇന്നലെയെക്കാൾ ബെറ്റർ തന്നെയാണ്.
പഴയതിൽ നൻമയും ഉണ്ടാവാം. അതിൽ എടുക്കാനുള്ളത് സ്വീകരിച്ചാണ് പുതിയ കാലം കുതിക്കുന്നത്.

(സുരൻ നൂറനാട്ടുകര )

 45 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു