നിയമസഭ സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിനോട് കുറച്ചു് ചോദ്യങ്ങൾ


ചാരിറ്റി പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്നതുകൊണ്ടും, കോടികൾ പിരിച്ച് ചാരിറ്റി ചെയ്യുന്നതു കൊണ്ടുമാണോ താങ്കൾ കോൺഗ്രസ്സ് ടിക്കറ്റിൽ തവനൂരിൽ മത്സരിക്കുന്നത്.?

തന്റെ രാഷ്ട്രീയം മുസ്ലീം ലീഗ് രാഷ്ട്രീയമാണന്നും, അത് വ്യക്തിപരം മാത്രമാണന്നുമുള്ള നിലപാടിൽ ഉറച്ചു നിന്നു കൊണ്ടാണോ താങ്കൾ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കുന്നതു്.?

ടിക്കറ്റ് തന്നതോടെ നിങ്ങളുടെ രാഷ്ട്രീ നിലപാടുകൾ മാറുമോ.? മുസ്ലീം ലീഗുകാരനായിരുന്നു് കോൺഗ്രസ്സ് പാർളമെന്ററി പാർട്ടിയിൽ പങ്കെടുക്കുമോ.?

താൻ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലന്നും, എം എൽ എ യോ, എം പി യോ ആക്കാൻ വന്നാൽ ഗറ്റൗട്ട് അടിക്കുമെന്നും പറഞ്ഞ നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള കാര്യം വിശദീകരിക്കാമോ.?

തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരാണ് മത്സരിക്കേണ്ടതെന്നും, താങ്കൾ തന്നെയാണല്ലോ പറഞ്ഞത്.തവനൂരിൽ പാർട്ടി പ്രവർത്തകർ ഇല്ലാത്തതുകൊണ്ടാണോ നിങ്ങൾ മത്സരിക്കേണ്ടി വന്നതു്.?

ചാരിറ്റി പ്രവർത്തകൻ എന്ന നിലയിൽ ആണല്ലോ നിങ്ങൾ നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ചാരിറ്റി നിങ്ങൾ തന്നെ നടത്തി എന്ന് താങ്കൾ തന്നെ പറയുന്നു. ആ പ്രവർത്തനങ്ങൾ നിയമപരമായിരുന്നു എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ.? നിയമപരമായി ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന “ജനകീയ കോടതിയിലെ ” ( 24 ചാനൽ ) നിലപാടിൽ തന്നെയാണോ ഇപ്പോഴും താങ്കൾ.?

നിയമസഭയിലേക്ക് മത്സരിക്കുന്ന താങ്കൾ നിയസഭകൾ പാസ്സാക്കിയ രാജ്യത്തെ നിയമപ്രകാരം ആണോ ഇതുവരെ നിങ്ങൾ ചാരിറ്റി ചെയ്തതു്.? നിയമം നോക്കി ചാരിറ്റി ചെയ്യാൻ പറ്റില്ലന്നു പറഞ്ഞ അതേ നിലപാട് തന്നെയാണോ ഇപ്പോഴും.?

കോടിക്കണക്കിന് രൂപയുടെ ചാരിറ്റി ചെയ്ത നിങ്ങൾ ആ കാരണം കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇതുവരെ നടത്തിയ ചാരിറ്റി പ്രവർത്തനത്തിന്റെ കണക്കുകളും, റിപ്പോർട്ടുകളും സുതാര്യമായി ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നുണ്ടോ.?

നിങ്ങളുടെ വീടും, കാറും സ്മാർട്ട് ഫോണും അടക്കം സുഹൃത്തുക്കളും ആരാധകരും, അനുയായികളും ഉപഹാരമായി തന്നതാണ് എന്നാണു് താങ്കൾ അവകാശപ്പെട്ടിരുന്നത്. (ചാരിറ്റിയിൽ നിന്ന് നിങ്ങൾ സമ്പാദിച്ചതാണന്നാണു് ആരോപണം ) ഒരു സാധാരണക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് അത് സ്വീകരിക്കുന്നതിൽ പ്രശ്നമില്ല.എന്നാൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഉപഹാരങ്ങൾ സ്വീകരിക്കുന്നത് അഴിമതിയാണന്നു് താങ്കൾക്ക് അറിയുമോ.? ഇതുവരെ കിട്ടിയ ഉപഹാരങ്ങളുടെ വിവരങ്ങൾ ബഹുജന സമക്ഷം വയ്ക്കാൻ താങ്കൾ തയ്യാറുണ്ടോ.?

യു എ ഇ ഉപഹാരമായി സംസ്ഥാനത്തെ അനാഥാലയങ്ങൾക്ക് അയച്ച ഈന്തപ്പഴങ്ങളും, ഖുറാനും ഔപചാരികത പാലിക്കാതെ വാങ്ങി വിതരണം ചെയ്തു എന്നാണ് നിങ്ങളുടെ എതിർ സ്ഥാനാർഥിക്കെതിരെ ഉയർന്ന ആരോപണം.എന്നാൽ ചാരിറ്റി ചെയ്യുന്നു എന്നതിന്റെ പേരിൽ രണ്ടു വർഷം കൊണ്ടു് വീടും, സ്ഥലവും, കാറും, മൊബൈയ്ലും, പെർഫ്യൂം കമ്പനിയിൽ വലിയ ഓഹരിയും, ഉടമസ്ഥതയും, അടക്കം നിങ്ങൾ പറയുന്നത് പ്രകാരം ഉപഹാരമായി സ്വീകരിച്ച നിങ്ങൾക്ക് എങ്ങനെ താങ്കളുടെ പാർട്ടി എതിർ സ്ഥാനാർഥിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ നേരിടാൻ കഴിയുക.? ഉപഹാരങ്ങൾ സ്വീകരിക്കുന്നതിൽ നിങ്ങളുടെ മാനദണ്ഡങ്ങൾ എന്താണു്.?

ജനപ്രതിനിധിയായാലും, വീട്, സ്ഥലം, മൊബെയ്ൽ ഫോൺ, കാർ എന്നീ ഉപഹാരങ്ങൾ നിങ്ങൾ സ്വീകരിക്കുമോ.?

ഏതു് കാര്യത്തിനും പണം പിരിക്കുന്നതിന് ഈ നാട്ടിൽ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. ആ നിലയിലെ മാർഗ്ഗങ്ങൾ എം എൽ എ എന്ന നിലയിൽ നിങ്ങൾ അനുസരിക്കുമോ.?

പണം പിരിക്കുന്നതിന് നിയമ വിരുദ്ധമായി രോഗിയും താങ്കളും തമ്മിൽ എഴുതി ഉണ്ടാക്കിയിട്ടുള്ള നിബന്ധന കരാറുകൾ ഇനിയും നിലനിൽക്കുമോ? അത് ഇനിയും തുടരുമോ.?

എം എൽ എ ആയിക്കഴിഞ്ഞാൽ നിങ്ങളുടെ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുമോ.? ആ ട്രസ്റ്റിൽ താങ്കളും സഹോദരനും മാത്രമേ ഉണ്ടാവുകയുള്ളോ, അതോ കൂടുതൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലീകരിക്കുമോ.? ഫോറിൻ കോൺട്രിബ്യൂഷൻ നിയമങ്ങൾ താങ്കൾ പാലിക്കുമോ.?

എം എൽ എ ആയാൽ താങ്കൾ നേരിട്ട് ഭാഗമാകുന്ന താങ്കൾ ഇതുവരെ തള്ളിപ്പറഞ്ഞ സർക്കാർ സംവിധാനങ്ങളെ അംഗീകരിക്കുമോ.?

താങ്കൾ നിയമസഭാ അംഗമായാൽ അതിന്റെ ഭാഗമായ പൊതുജന ആരോഗ്യ സംവിധാനത്തേയും, സാമൂഹിക സുരക്ഷാ മിഷനേയും, പൊതുവിതരണ സംവിധാനത്തെയും അംഗീകരിക്കുമോ.? അവയെ പുശ്ചിച്ചു കൊണ്ടുള്ള മുൻ നിലപാടുകൾ മാറ്റുമോ.?

കേരളത്തിലെ പൊതു ആരോഗ്യ മേഖലകളെ പുശ്ചിക്കുകയും, അത്തരം സംവിധാനങ്ങളെ നിരാകരിക്കുകയും ചെയ്യുകയും, ആരോഗ്യ രംഗത്തെ പ്രൈവറ്റ് ആശുപത്രികളെ വിശ്വസിക്കുകയും ചെയ്ത നിങ്ങൾ ആ നിലപാട് തുടരുമോ.?

പൊതുജന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണോ, അതോ പണം കൊടുത്തു മാത്രം ചികിൽസിക്കുന്ന കേന്ദ്രങ്ങളാകുമോ നിങ്ങൾ പ്രോത്സാഹിപ്പിക്കുക.?

സർക്കാരിന്റെ ജീവകാരുണ്യ പദ്ധതികളെ അങ്ങേ അറ്റം ആക്ഷേപിച്ച നിങ്ങൾ, എം എൽ എ ആയാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് അവ നിർദ്ദേശിക്കാൻ തയ്യാറാകുമോ.? അവയോടുള്ള പുശ്ചം തുടരുമോ.?

എം എൽ എ ആയിക്കഴിഞ്ഞാൽ താങ്കൾ ഇതുവരെ ചെയ്തതുപോലെ ജോയിന്റ് അക്കൗണ്ടിൽ പണം പിരിക്കുമോ.? ഒരാളുടെ പേരിൽ പിരിച്ച പണം അയാളിൽ നിന്ന് വാങ്ങി താങ്കൾ അവകാശപ്പെടുന്നത് പോലെ താങ്കൾക്ക് തോന്നിയത് പോലെ തന്നെ വിതരണം ചെയ്യുമോ.?

താങ്കളുടെ എതിർ സ്ഥാനാർഥിക്കെതിരെ താങ്കൾക്ക് സീറ്റു തന്ന പാർട്ടി ഉയർത്തിയ അഴിമതി ആരോപണങ്ങളോട് താങ്കളുടെ നിലപാട് എന്താണു്.? എതിർ സ്ഥാനാർഥി അതിനെല്ലാം അന്വോഷണ ഏജൻസികൾക്കും, പൊതു സമൂഹത്തിനും മറുപടി പറഞ്ഞതുപോലെ താങ്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ താങ്കൾ തയ്യാറാണോ.?

താങ്കളുടെ എതിർ സ്ഥാനാർഥിക്കെതിരെ ഉയർന്ന ആരോപണങ്ങളേക്കാൾ ഗുരുതരമായ ആരോപണങ്ങളാണു് താങ്കൾക്കെതിരെ പൊതു സമൂഹത്തിൽ ഉയർന്നതു്.ആ നിങ്ങൾ എന്തു പറഞ്ഞു കൊണ്ടാണു് എതിർ സ്ഥാനാർഥിയെ നേരിടാൻ പോകുന്നത്.?

വിമർശനങ്ങളെ നിങ്ങൾ എങ്ങനെയാണു് നേരിടാൻ പോകുന്നതു്.? രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ താങ്കൾക്ക് മത്സരിക്കാൻ സീറ്റു തന്ന പാർട്ടിയുടെ ജില്ലാ നേതാവായിരുന്ന പെൺകുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയ താങ്കൾ ആ വഴി തന്നെയാവുമോ തിരഞ്ഞെടുക്കുന്നത്.? നിയമസഭയിൽ വിമർശിക്കുന്ന സ്ത്രീകളെ സ്ത്രീവിരുദ്ധമായാണോ നിങ്ങൾ നേരിടാൻ പോകുന്നത്.?

പിരിച്ച പണത്തിന്റെ കണക്കു ചോദിച്ചാൽ തന്നോട് നന്ദികാണിക്കാത്ത അവരെ തെരുവിൽ തല്ലിക്കൊല്ലണം എന്നു നിലപാടിൽ തന്നെയാണോ താങ്കൾ ഇപ്പോഴും ഉള്ളതു്.?താങ്കളിൽ നിന്ന് എം എൽ എ എന്ന നിലയിൽ സാധാരണക്കാരൻ സഹായം പറ്റിയാലും ഇതു തന്നെയായിരിക്കുമോ അവരോടുള്ള നിലപാടും.?

വിമർശകരോടും, തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോടും ഇപ്പോഴുള്ള നിലപാട് തന്നെ താങ്കൾ തുടരുമോ.? വെട്ടുക്കിളികളെ കൊണ്ട് അവർക്ക് പൊങ്കാലയിടുമോ.?

ഇതുവരെ പല വിധത്തിത്തിൽ തെളിവുകൾ അടക്കം പുറത്തു വന്ന ആരോപണങ്ങൾക്കൊക്കെ അള്ളാഹുവിനോട് മാത്രം കണക്കു പറയു എന്ന നിലപാട് എടുത്ത നിങ്ങൾ, ജനാധിപത്യത്തിൽ അതേ നിലപാട് തന്നെ എടുക്കുമോ.?

ചാരിറ്റിയിലെ അക്കൗണ്ടബിലിറ്റി ഇല്ലായ്മ കൊണ്ട് താങ്കൾക്കെതിരെ കേസുകളും, അന്വോഷണങ്ങളും ഉണ്ടന്നാണു് മനസ്സിലാക്കുന്നത്. താങ്കൾ എം എൽ എ ആയാൽ ആ കേസുകളിൽ നിന്ന് നിങ്ങൾ ഒഴിവാകുമെന്ന് കരുതുന്നുണ്ടോ.? മത്സരിച്ചത് കൊണ്ട് രാഷ്ട്രീയമായി താങ്കൾ വേട്ടയാടപ്പെടുന്നു എന്ന നിലപാട് താങ്കൾ എടുക്കുമോ.? അത്തരം കേസുകളെ നിങ്ങൾ എങ്ങനെ നേരിടും.?

ചെയ്യുന്ന പ്രവർത്തനങ്ങളുടെ നിയമ വശങ്ങളെ കുറിച്ച് പോലും താങ്കൾക്ക് അറിവില്ലായ്മയുണ്ട് എന്ന് താങ്കൾ തന്നെ “ജനകീയ കോടതിയിൽ ( 24 ചാനൽ ) സമ്മതിച്ചതാണ്. അതിൽ പോലും വേണ്ടത്ര അറിവില്ലാത്ത, അറിവു് നേടാൻ പരിശ്രമിക്കാത്ത താങ്കൾ എങ്ങനെ ഒരു നിയമ നിർമ്മാണ സഭയിൽ ജനങ്ങളെ പ്രതിനിധീകരിക്കും.? സോഷ്യൽ മീഡിയായിൽ പണപിരിവ് നടത്തുന്നത് പോലെ ഒന്നാണു് എന്നാണോ നിങ്ങൾ കരുതുന്നത്.?

ദൈനംദിനം നിലപാടുകൾ സ്വീകരിക്കേണ്ടി വരുന്ന രാഷ്ട്രീയത്തിൽ അടിക്കടി നിലപാടുകൾ മാറ്റുന്ന നിങ്ങൾക്ക് എന്തു് ഉറച്ച നിലപാടാണ് എടുക്കാൻ കഴിയുക. രാവിലെ ഒരു നിലപാട്, ഉച്ചയ്ക്ക് വേറൊന്ന്, വൈകിട്ട് മറ്റൊന്ന് എന്ന നിലയിൽ ഇപ്പോ ചെയ്യുന്നത് പോലെയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നതു്.?

ചോദ്യങ്ങൾ ഇനിയുമുണ്ട്. ഇത്രയും നാൾ ചോദിച്ചു കൊണ്ടിരുന്നതു് ഫിറോസ് കുന്നുമ്പറമ്പിൽ എന്ന ചാരിറ്റി പ്രവർത്തകനോടാണങ്കിൽ ഇന്ന് ഇത് ചോദിക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയോടാണു്. ഉത്തരം തന്നേ പറ്റു..

 227 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു