പ്രീസ്റ്റ്

കോവിഡു കാലം തുടങ്ങിയതിനു ശേഷം ആദ്യമായി തിയ്യേറ്ററിൽ പോയി കാണുന്ന സിനിമയാണ് പ്രീസ്റ്റ്… തിരക്കു നിറഞ്ഞ ഒരു ദിവസത്തിൻ്റെ വിരസതകളെ തിയേറ്ററിൻ്റെ ഇരുട്ടിൽ കഴുകിക്കളയാൻ കയറിയ എനിക്ക് ശരാശരിയിൽ താഴ്ന്ന ഒരു സിനിമാനുഭവമാണ് പ്രീസ്റ്റ് സമ്മാനിച്ചത് …. ഒരു ഹൊറർ സിനിമയിൽ സാമാന്യയുക്തിയോ ശാസ്ത്രീയമായ കൃത്യതയോ അന്വേഷിക്കുന്നതിൽ വലിയ അർത്ഥമില്ല. എങ്കിലും യുക്തിരഹിതമായ അതീന്ദ്രീയ ശക്തികളുടെ ലോകം യുക്തിഭദ്രമായി കാഴ്ചക്കാരന് അനുഭവവേദ്യമാക്കുന്നിടത്താണ് ഒരു ഹൊറർ സിനിമ നല്ല ഫിക്ഷൻ ആകുന്നത്…

മമ്മൂട്ടിയുടെ കാർമെൻ ബെനഡിക്റ്റ് കുറ്റാന്വേഷണത്തിലൂടെ ദൈവവഴി കണ്ടെത്തുന്ന ഒരു പാതിരിയാണ്. ഡിറ്റക്റ്റീവ് മൂവിയായി ആരംഭിച്ച്‌ പിന്നീട് സൈക്കോത്രില്ലറിലേക്കും അവിടെ നിന്ന് ഹൊറർ സിനിമയിലേക്കും രൂപാന്തരീകരണം സംഭവിക്കുകയാണ് നവാഗത സംവിധായകനായ ജോഫിൻ ടി.ചാക്കോയുടെ പ്രീസ്റ്റ്. കഥയെഴുതുമ്പോൾ അല്പം ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ ജോഫിൻ ടി.ചാക്കോയ്ക്ക് തൻ്റെ സിനിമയിൽ സൈക്യാട്രിക്‌ ട്രീറ്റുമെൻറുകളേക്കുറിച്ച് സാമാന്യ വിവരം പോലുമില്ലാത്ത പുലമ്പലുകൾ ഒഴിവാക്കാമായിരുന്നു. ആൻ്റി ഹൈപ്പർട്ടെൻസീവ് ആൻ്റി സൈക്കോട്ടിക്കുകൾ (anti hypertensive- antipsychotics) കഴിക്കുന്ന കഥാപാത്രങ്ങൾ…. ഒരു രോഗി ആത്മഹത്യ ചെയ്യുന്നതിനെ മറ്റുള്ളവർ അനുകരിക്കുന്ന പ്രതിഭാസത്തിന് ട്രാൻസ്ഫറൻസ് (transference) എന്നു പേരിട്ടു വിളിക്കുന്ന സൈക്യാട്രിസ്റ്റ്… ഇങ്ങനെ കോമഡികൾ പലതുണ്ട് ജോഫിൻ ടി ചാക്കോയുടെ സിനിമയിൽ….

Anti hypertensives എന്നാൽ രക്തസമ്മർദ്ദരോഗത്തിന് കഴിക്കുന്ന മരുന്നുകളും antipsychotics ചിത്തഭ്രമത്തിനു കഴിക്കുന്ന മരുന്നുകളുമാണ്… ഈ രണ്ടു പേരും കൂട്ടിച്ചേർത്തു പറയുന്നത് ഡയലോഗിനു പഞ്ചു കിട്ടാനാണെങ്കിലും അല്പം മെഡിക്കൽ വിദ്യാഭ്യാസമുള്ളവർക്ക് പരിഹാസ്യമായിട്ടു തോന്നും…

Transference എന്ന വാക്കിന് സൈക്കോളജിയിൽ കൃത്യമായ അർത്ഥമുണ്ട്. സൈക്കോ തെറാപ്പിയുടെ ( psychotherapy) മേഖലയിലാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഒരു രോഗിയ്ക്ക് തൻ്റെ ജീവിതത്തിലെ ഒരു സുപ്രധാന വ്യക്തിയോടുള്ള പോസിറ്റീവോ നെഗറ്റീവോ ആയ ഇമോഷൻസ് ചികിത്സകൻ അഥവാ തെറാപ്പിസ്റ്റിനു നേർക്ക് രോഗി മാനസികമായി ആരോപിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന പ്രതിഭാസമാണിത്. തെറാപ്പിസ്റ്റിനോട് രോഗിക്കു തോന്നുന്ന ലൈംഗികാകർഷണമായോ വെറുപ്പായോ പകയായോ ബഹുമാനമായോ ഒക്കെ ട്രാൻഫറൻസ് സംഭവിക്കാം. അല്ലാതെ ഒരാൾ ആത്മഹത്യ ചെയ്തതിനെ മാതൃകയാക്കി മറ്റുള്ളവർ ആത്മഹത്യ ചെയ്യുന്നതിൻ്റെ പേരല്ല ട്രാൻസ്ഫറൻസ്… പിന്നെ ബൈപോളാർ ഡിസോഡറിൻ്റെ ട്രീറ്റ്മെൻ്റ് ആൻ്റിഡിപ്രസ്സൻ്റുകളല്ല….. ഇങ്ങനെ നീളുന്നു തിരക്കഥയുടെ ദൗർബല്യങ്ങൾ…

സിനിമയുടെ ശക്തിയും ജീവനും അതിൻ്റെ കഥയും തിരക്കഥയുമാണ് ….. ത്രില്ലടിപ്പിക്കുന്ന ഒരു ഹൊറർ സിനിമ പ്രതീക്ഷിച്ച് തിയ്യേറ്ററിൽ കയറിയ ഞാൻ കണ്ടത് വിദേശ ഹൊറർ സിനിമകളുടെ പ്രേതം ജോഫിൻ ടി.ചാക്കോയുടെ പ്രീസ്റ്റിനെ ആവേശിച്ചിരിക്കുന്നതാണ്….. പ്രീസ്റ്റ് സിനിമയുടെ കുറവുകൾ സർഗാത്മകമാണ്…സൃഷ്ടി ദാരിദ്രമാണ് പ്രശ്നം…. ഗണിത ശാസ്ത്ര ക്ലാസ്സിനു പോകുന്നതിനു മുമ്പു മാത്രമല്ല കഥയെഴുതുന്നതിനു മുമ്പും ഗൃഹപാഠം ചെയ്യണം… അല്ലെങ്കിൽ ഇങ്ങനെയൊക്കെ പറ്റും….

Dr.Jostin Francis
Psychiatrist.
General hospital Kalpetta.

 174 കാഴ്ച

ഇത്‌ ഒരു സമൂഹമാധ്യമത്തിൽ പങ്കിടൂ ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു