അമേരിക്ക ഭയന്ന് വിറച്ച മണിക്കൂറുകള്‍

പങ്കിടുക
ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക : ശബ്ദം_10_സെക്കന്റിൽ 🔊

911 എന്നത് അമേരിക്കയിലെയും കാനഡയിലെയും എമര്‍ജന്‍സി നമ്പര്‍ ആണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആര്‍ക്കും സൌജന്യമായി വിളിക്കാവുന്ന നമ്പര്‍. ഈ നമ്പരിലേക്ക് വിളിക്കുന്നവരുടെ ലൊക്കേഷന്‍ കൂടെ എമര്‍ജന്‍സി രസ്പോന്‍സ് ടീമിന് ലഭ്യമാകും.
ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ അറബ് തീവ്രവാദികള്‍ തിരഞ്ഞെടുത്തതും ഇതേ നമ്പരില്‍ അറിയപ്പെടുന്ന ദിവസമായിരുന്നു. സെപ്റ്റംബര്‍, 11

”വൈമാനികര്‍” അമേരിക്കയില്‍ എത്തുന്നു

പാകിസ്ഥാനില്‍ നിന്നും റെഫ്യൂജി അസൈലം വിസ സമ്പാദിച്ചു അമേരിക്കയില്‍ എത്തിയ റംസി യൂസുഫ് ആയിരുന്നു ആദ്യമായി ലോക വ്യാപാര കേന്ദ്രം ആക്രമിച്ചത്. നിറയെ ദ്രാവക സ്പോടക വസ്തുക്കള്‍ നിറച്ചു വച്ച ട്രക്ക് റംസി യൂസുഫ് സ്വയം ഓടിച്ചു വന്നു ലോക വ്യാപാര കേന്ദ്രത്തിന്‍റെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിങ്ങില്‍ കൊണ്ട് വച്ച ശേഷം പുറത്തേക്ക് നീട്ടിയിട്ട തിരിയില്‍ തീ കൊളുത്തി റംസി രക്ഷപ്പെടുകയായിരുന്നു. രണ്ടര ലക്ഷം ആളുകളെ കൊല്ലണം എന്നായിരുന്നു പ്ലാന്‍ എങ്കിലും ബോംബ്‌ ഒരു ലോക്കല്‍ നിലവാരത്തില്‍ ഉള്ളതായതിനാല്‍ ആകെ ആറു പേരെ കൊല്ലപ്പെട്ടുള്ളൂ.

അമേരിക്കക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം എന്ന് ബിന്‍ലാദന്‍ ഉത്തരവ് നല്‍കിയതനുസരിച്ചു ഖാലിദ് ഷേക്ക്‌ മഹമൂദ് ആണ് ഈ ആക്രമണം പ്ലാന്‍ ചെയ്തത്. ആയുധങ്ങളുമായി പോരാടുന്നതിന് പകരം സിവിലിയന്‍ വിമാനങ്ങള്‍ തന്നെ ആയുധം ആക്കുക എന്നതായിരുന്നു തന്ത്രം. ഇരുപത് പേരുള്ള സംഘത്തെ നാല് ഗ്രൂപ്പുകള്‍ ആയി തിരിച്ചു. ഓരോ ഗ്രൂപ്പിലും വിമാനം ഓടിക്കാന്‍ കഴിയുന്ന ഒരാളും, ശാരീരിക അഭ്യാസമുറ അറിയുന്ന നാല് പേരെയും ഉള്‍പ്പെടുത്തി. 15 പേര്‍ സൌദികളും, രണ്ടു യു എ ഇ ക്കാര്‍, ഒരു ഈജിപ്ത്യന്‍, ഒരു ലബനോന്‍ പൌരന്‍ എന്നിങ്ങനെ ആയിരുന്നു ആക്രമികളുടെ രാജ്യങ്ങള്‍.

മക്കയില്‍ നിന്നും ലോസ് ആഞ്ചലസ് വരെ

അമേരിക്കയില്‍ എത്തിയ ആദ്യ തീവ്രവാദി ഖാലിദ് അല്‍ മിഹ്‌ധാര്‍ ആയിരുന്നു. മക്ക സ്വദേശി ആയ മിഹ്‌ധാര്‍ യമനില്‍ നിന്നാണ് വിവാഹം ചെയ്തത്. അദ്ധേഹത്തിന്റെ ഭാര്യാ പിതാവ് വഴിയാണ് ഇദ്ദേഹം അല്‍ ക്വയ്ദയും ആയി അടുത്തു ബന്ധപ്പെടുന്നത്. ലോക വ്യാപാര കേന്ദ്രം തകര്‍ക്കാന്‍ ഉള്ള ആക്രമണ ടീമില്‍ ആദ്യമായി സ്ഥാനം പിടിച്ചതും ഇദ്ദേഹം ആണ്. നവാഫ്‌ അല്‍ ഹാസ്മി എന്ന തന്‍റെ ബാല്യകാല സുഹൃത്തിനെയും കൂട്ടി 2000 ജനുവരി 15 ഇന് ലോസ് എന്ജലസില്‍ ഇറങ്ങി. സാന്‍ ഡിയാഗോ യില്‍ താമസമാക്കിയ ഇവര്‍ കാര്‍ കഴുകലും മറ്റു ജോലികളും ചെയ്തു. ഒരു മാസത്തിനു ശേഷം മിഹ്‌ധാര്‍ ഒരു പഴയ ടൊയോട്ട കൊറോള കാര്‍ വാങ്ങുകയുണ്ടായി.
രണ്ടു പേരും നേരത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ ആണ്. മാത്രവുമല്ല, അല്‍ ക്വയ്ദ നടത്തിയ കൊലാലമ്പൂര്‍ യോഗത്തില്‍ പങ്കെടുത്ത ഇവരുടെ ഫോട്ടോകള്‍ എഫ് ബി ഐ യുടെ കൈവശം ഉണ്ടായിരുന്നു താനും.
സാന്‍ ഡിയാഗോയിലെ സോര്ബി ഫ്ലയിംഗ് ക്ലബില്‍ ചേര്‍ന്ന ഇരുവരും വിമാനം പറത്താന്‍ ഉള്ള പഠനം തുടങ്ങി. വൈമാനികന് വേണ്ട സാധാരണ രീസനിംഗ് ഇവര്‍ക്ക് കുറവായിരുന്നു. അതോടൊപ്പം രണ്ടു പേര്‍ക്കും ഇംഗ്ലീഷ് തീര്‍ത്തും അറിയില്ലായിരുന്നു താനും. ഇവരുടെ ഇന്സ്ട്രക്ടര്‍ പറയുന്നത് ഇവര്‍ രണ്ടു പേരും ബോയിംഗ് വിമാനം എങ്ങിനെ പറപ്പിക്കും എന്ന അന്വേഷണം ആയിരുന്നു നടത്തിയിരുന്നതെത്രേ.

മുഹമ്മദ്‌ അത്ത, പിരമിഡിന്റെ നാട്ടില്‍ നിന്നും വന്ന കൊലയാളി

സംഘത്തിലെ പ്രധാനി മുഹമ്മദ്‌ അത്ത എന്ന ഈജിപ്ഷ്യന്‍ ആര്‍കിടെക്റ്റ് ആയിരുന്നു അമേരിക്കന്‍ എയര്‍ലൈന്‍, Flight 11 WTC നോര്‍ത്ത് ടവറില്‍ ഇടിച്ചു കയറ്റിയത് . കൈറോയുടെ സഹ നഗരമായ ഗിസ നിവാസി ആയിരുന്നു അത്ത. മുഹമ്മദ്‌ അത്തയുടെ പിതാവ് ഒരു അഡ്വകേറ്റ് ആയിരുന്നു, സഹോദരിമാരില്‍ ഒരാള്‍ പ്രഫസറും, മറ്റൊരാള്‍ ഡോക്ടറും ആയിരുന്നു. ചെറുപ്പത്തില്‍ നന്നായി പഠിച്ചിരുന്ന അത്ത, പക്ഷെ സര്‍വകലാശാലയില്‍ ശരാശരി മാത്രം ആയിരുന്നു. അതിനാല്‍ തന്നെ തുടര്‍ന്നുള്ള പഠനത്തിനു ബുദ്ധിമുട്ടുകയും ചെയ്തു. ഈ സമയത്താണ് അത്തയുടെ പിതാവ് ഈജിപ്ത് കാണാന്‍ വന്ന ഒരു ജര്‍മ്മന്‍ കുടുംബത്തെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുന്നത് (ഇവരുടെ സ്ഥലം പിരമിഡ് നഗരം ആയ ഗിസ ആണ്), അവരുമായി ഉള്ള ബന്ധം ഉപയോഗിച്ച് അത്തയുടെ പിതാവ്, അത്തയെ ജര്‍മനിയിലേക്ക് ഉപരി പഠനത്തിനയച്ചു. ഈ സമയം ഈജിപ്തിലെ ഇസ്ലാമിക വിപ്ലവത്തിന്‍റെ ബുദ്ധി കേന്ദ്രം ആയ മുഹമ്മദ്‌ കുത്തുബിന്റെ ഗ്രന്ഥം വായിച്ചു ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ചുള്ള ചിന്തയില്‍ ആയിരുന്നു അയാള്‍ (നമ്മുടെ ജമാഅത്തെ ഇസ്ലാമിയെയും സ്വാധീനിച്ച ഒരു ചിന്തകന്‍ ആണ് മുഹമ്മദ്‌ ഖുതുബ്)

1992 ജൂലായില്‍ ജര്‍മനിയില്‍ എത്തിയ ഇദ്ദേഹത്തെ സ്വീകരിച്ച ജര്‍മ്മന്‍ കുടുംബം അവരുടെ വീട്ടില്‍ തന്നെ അത്തയെ താമസിപ്പിച്ചു. എന്നാല്‍ ഇയാളുടെ അമിതമായ മത ചിട്ടകള്‍ അവര്‍ക്ക് അസഹ്യമായി. അതിനാല്‍ തന്നെ ഒരു വര്‍ഷത്തിനകം അത്ത സര്‍വകലാശാലയുടെ ഹോസ്റ്റലിലേക്ക് താമസം മാറി.
ജര്‍മനിയിലെ പഠനത്തിനിടെ സിറിയയില്‍ ഒരു അക്കാദമിക് സമ്മേളനത്തിന് പോയ അത്ത, അമല്‍ എന്ന ഒരു പലസ്തീന്‍ യുവതിയും ആയി പരിചയപ്പെട്ടു എങ്കില്‍ പോലും, ഇവരുടെ ബന്ധം അധികകാലം നീണ്ടു നിന്നില്ല.

ടീം രൂപീകൃതമാവുന്നു

1999 നവംബര്‍ അവസാനം അത്തയും, ശേഹി, ജാറ, ബഹാജി, ബിന്‍ അല്‍ ഷിബ എന്നിവര്‍ ഹാംബര്‍ഗില്‍ നിന്നും തുര്‍ക്കി വഴി കറാച്ചിയില്‍ എത്തി. തുടര്‍ന്ന് കാന്തഹാരില്‍ എത്തിയ ഇവര്‍ ബിന്‍ ലാദനും ആയി സംസാരിക്കുകയും, ആത്മഹത്യാ സ്കൊഡില്‍ ചേരുകയും ചെയ്തു. ആക്രമണം എങ്ങിനെ ആയിരിക്കും എന്ന് വിശദീകരിക്കാന്‍ ലാദന്‍ ഇവരെ പാകിസ്ഥാനിലെ അല്‍ ക്വയ്ദ രഹസ്യ താവളത്തിലേക്ക് അയച്ചു.

മാര്ച് 2000 ത്തില്‍ മുഹമ്മദ്‌ അത്ത ജര്‍മനിയില്‍ നിന്നും ഫ്ലോറിഡ യിലെ ഫ്ലയിംഗ് അക്കാദമിക്ക് തങ്ങള്‍ക്ക് പ്രൊഫഷനല്‍ പൈലറ്റ്‌ ട്രെയിനിംഗ് വേണം എന്ന് അഭ്യര്ത്തിച്ചു ഇമെയില്‍ അയച്ചു, അമേരിക്കയിലെ അന്‍പതിലേറെ ഫ്ലയിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഇതേ പോലെയുള്ള മെയില്‍ അത്ത അയച്ചിരുന്നു.

2000 മെയ്‌ 17 ഇന് ഇദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ B-1/B-2 വിസ ലഭ്യമായി. അഞ്ചു വര്‍ഷത്തില്‍ അധികം ജര്‍മനിയില്‍ വിദ്ധ്യാര്‍ത്തി ആയതിനാല്‍ ഇദ്ദേഹത്തെ കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. ഹാംബര്‍ഗില്‍ നിന്നും പോളണ്ടിലെ പ്രാഗില്‍ ബസ്സ്‌ പിടിച്ചു എത്തുകയും, അവിടെ നിന്നും ജൂണ്‍ മൂന്നിന് ന്യൂയോര്‍ക്കില്‍ എത്തുകയും ചെയ്തു. റാസല്‍ഖൈമ സ്വദേശി മര്‍വാന്‍ ശേഹി, ലബനോന്‍ സ്വദേശി സിയാദ് ജാറ എന്നിവര്‍ ഇതേ സമയത്ത് തന്നെ ന്യൂജേഴ്സിയില്‍ എത്തിച്ചേര്‍ന്നു.

റാസല്‍ഖൈമയിലെ ഭീകരന്‍

മര്‍വാന്‍ ഷെഹി അത്തയോടോപ്പം ജര്‍മനിയില്‍ ഉണ്ടായിരുന്ന ആളാണ്‌. ഷെഹി യാണ് ലോക വ്യാപാര കേന്ദ്രത്തിന്‍റെ സൌത്ത് ടവറില്‍ United 175 എന്ന ബോയിംഗ് വിമാനം ഇടിച്ചു കയറ്റിയത്. രണ്ടാമത്തെ ഈ ആക്രമണം ലോകം മുഴുവന്‍ ലൈവ് ആയി കാണുകയും ചെയ്തു. മര്‍വാന്‍ ജര്‍മ്മനിയില്‍ പോകും മുന്‍പ് തന്‍റെ താടി വടിക്കുകയും, അടുത്ത സുഹൃത്തുക്കളോട് താന്‍ ഇപ്പോള്‍ വലിയ മത വിശ്വാസിയൊന്നും അല്ല എന്ന് അഭിപ്രായപ്പെടുന്നു ::യും ചെയ്തിരുന്നു.
ഫ്ലോറിഡയിലെ വിവിധ പൈലറ്റ്‌ പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തി. ഇതിനിടെ ശേഹിക്ക് യു എ ഇ യില്‍ നിന്നും ആക്രമണത്തിന്‍റെ ആസൂത്രകന്‍ ഖാലിദ് ഷേക്ക്‌ മുഹമ്മദിന്‍റെ ബന്ധു വഴി പണം എത്താന്‍ തുടങ്ങി. അത്തയും ശേഹിയും ഫ്ലോറിഡയിലും, സിയാദ് വെനീസ് എന്ന അമേരിക്കന്‍ നഗരത്തിലും പൈലറ്റ്‌ പരിശീലനം തുടങ്ങി.

സിയാദ് ജാറ, ഫ്രീക്കന്‍ ആയ ഭീകരന്‍

സിയാദ് ജാറ ആയിരുന്നു കൂട്ടത്തില്‍ ഉള്ള ഫ്രീക്കന്‍. മറ്റ് തീവ്രവാദികള്‍ കുടുംബ ബന്ധങ്ങള്‍ എല്ലാം ഒഴിവാക്കിയപ്പോള്‍ സിയാദ് തന്‍റെ ബന്ധുക്കളും ആയി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നു. ജര്‍മനിയില്‍ സിയാദിന് തുര്‍ക്കി ബന്ധങ്ങള്‍ ഉള്ള ഡെന്റല്‍ സയന്‍സ് പഠിക്കുന്ന സെന്‍ഗണ്‍ എന്ന ഒരു കാമുകി ഉണ്ടായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷവും ജാറ പല പ്രാവശ്യം സെന്‍ഗണിനെ കാണാന്‍ ജര്‍മനിയില്‍ പോയിരുന്നു. വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കി പോവുകയും, യാത്രക്കാരും ആയി അടിപിടി നടന്നു പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വീഴുകയും വിമാനം ഓടിച്ചത് ജാറയായിരുന്നു.
ആക്രമണത്തിനു പോകും മുന്‍പ് ജാറ തന്‍റെ കാമുകിക്ക് അയച്ച കത്ത് പക്ഷെ അവള്‍ക്ക് കിട്ടിയില്ല, തുടര്‍ന്ന് തിരിച്ചു വന്ന കത്ത് FBI ക്ക് ലഭിച്ചു, അതില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത് “I did what I was supposed to do” and “You ought to be very proud, because it is an honor and you will see the result(s) and everybody will be happy”.
സിയാദ്, അത്ത, ഷെഹി എന്നിവര്‍ മൂന്നു പേരും നൂറു കണക്കിന് മണിക്കൂറുകള്‍ ആണ് flight simulator ഇല്‍ പരിശീലനം നേടിയത്. സിയാദ് ജാറ തന്‍റെ ഫ്ലാറ്റില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ഒരു കൊക്ക്പിറ്റും ഉണ്ടാക്കിയിരുന്നു.

ഹാനി ഹാന്‍ ജോര്‍, തീവ്രവാദത്തിന്റെ കൂട്ടുകാരന്‍

പെന്റഗണില്‍ ഇടിച്ചു കയറിയ American Airlines Flight 77 ഓടിച്ചത് ഇയാള്‍ ആയിരുന്നു.
സൗദി അറേബിയയിലെ തായിഫ് നിവാസിയായ ഹാനിയുടെ ചെറുപ്പത്തില്‍ ഉള്ള ആഗ്രഹം ഒരു ഫ്ലൈറ്റ് അറ്റന്‍ഡണ്ട് ആകണം എന്നായിരുന്നു. എന്നാല്‍ ഹാനിയുടെ സഹോദരന്‍ ഇദ്ദേഹത്തെ പഠനത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. സാധാരണ കുടുംബത്തില്‍ നിന്നും വന്ന ഹാനി, പക്ഷെ എന്പതുകളുടെ അവസാനം അഫ്ഗാനില്‍ പോവുകയും, തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയും ആണ് ഉണ്ടായത്.
ബാക്കിയുള്ള എല്ലാ തീവ്രവാദികളും 2001 ജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ആയിട്ടാണ് അമേരിക്കയില്‍ എത്തിയത്. എല്ലാവരും തന്നെ ടൂറിസ്റ്റ്/ ബിസിനസ് വിസകളില്‍ ആയിരുന്നു എത്തി ചേര്‍ന്നത്.

മരണം വിതറാന്‍ ഉള്ള തയ്യാറെടുപ്പ് , സംഘം വിമാനം കയറുന്നു.

2001, സെപ്റ്റംബര്‍ 11. കിഴക്കന്‍ അമേരിക്കയിലെ ഒരു പ്രഭാതം. തെളിഞ്ഞ ആകാശം. പ്രസിഡന്‍റ് ജോര്‍ജ് ബുഷ്‌ തന്‍റെ പ്രഭാത ജോഗിങ്ങിനു പുറപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരക്ക് പിടിച്ചു വരുന്നതെ ഉള്ളൂ…
രാവിലെ 6 മണി. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും ബോസ്റ്റണിലേക്കുള്ള അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ American 11 എന്ന നമ്പര്‍ വിമാനത്തില്‍ കയറാനായി മുഹമ്മദ്‌ അത്ത യും, സൗദി സ്വദേശികള്‍ ആയ അബ്ദുല്‍ അസീസ്‌ അല്‍ ഒമരി, വയീല്‍ അല്‍ ശെഹ്രി, വലീദ് ശേഹ്രി , സത്താം അല്‍ സുഖൂമി എന്നിവര്‍ എത്തി ചേരുന്നു. യാത്രക്കാരുടെ ദേഹ പരിശോധന നടക്കുന്നു. എന്നാല്‍ മുഹമ്മദ്‌ അത്ത CAPPS (Computer Assisted Passenger Prescreening System) ഇല്‍ ഉള്‍പ്പെട്ടു! കൂടുതല്‍ ദേഹ പരിശോധനക്കായി ഇദ്ദേഹത്തെ കൊണ്ട് പോയി. FBI, CIA, തുടങ്ങിയവരുടെ ലിസ്റ്റില്‍ ഉള്ളതിനാല്‍ ആണ് അത്തയെ കൂടുതല്‍ പരിശോധനക്ക് കൊണ്ട് പോയത്. സെലെക്ഷന്‍ ലെവല്‍ അനുസരിച്ചു അത്ത വിമാനത്തില്‍ കയറിയതിനു ശേഷം മാത്രമേ ലഗേജ് വിമാനത്തില്‍ കയറ്റൂ. പക്ഷെ അത്തയുടെ പ്ലാനിനു അത് തടസ്സമായിരുന്നില്ല. സെക്യൂരിറ്റി പരിശോധനകളില്‍ അവിചാരിതമായി ഒന്നും കണ്ടില്ല. (എന്നാല്‍ അത്തയുടെ ലഗേജ് വിമാനത്തില്‍ കയറ്റിയിരുന്നില്ല. ഇതില്‍ നിന്നും ഫ്ലൈറ്റ് സിമുലേറ്റര്‍ വീഡിയോ, കത്തി, മൈസ് സ്പ്രേ എന്നിവ കണ്ടെടുക്കുകയുണ്ടായി)

അത്ത, സുകൂമി, ഒമരി എന്നിവര്‍ ബിസിനസ്സ് ക്ലാസ്സില്‍ ആയിരുന്നു. ശേഹ്രി സഹോദരന്മാര്‍ രണ്ടാം നിരയിലും. 7:40 ഇന് വിമാനം രണ്വെയില്‍ ഓടി തുടങ്ങി.

ഇതേ സമയം തന്നെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനം United 175 ബോയിങ്ങില്‍ ബോസ്റ്റണിലേക്കുള്ള മറ്റൊരു വിമാനത്തില്‍ രണ്ടാം കൊലയാളി സംഘം കയറി പറ്റി. രാസല്‍ ഖൈമ സ്വദേശി മര്‍വാന്‍ ശേഹിയുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍, യു എ ഇ സ്വദേശി ഫായിസ്, സൗദി സ്വദേശികള്‍ ആയ അഹമ്മദ്‌ അല്‍ ഗാംദി ഹംസ അല്‍ ഗാംദി സഹോദരര്‍ , മുഹമ്മദ്‌ അല്‍ ശേഹ്രി എന്നിവര്‍ ആണ് ഉണ്ടായിരുന്നത്. ആരെയും CAPPS സെലക്ട്‌ ചെയ്തില്ല. 7:58 ഇന് വിമാനം രണ്വെയില്‍ നീങ്ങി തുടങ്ങി.
ബോസ്റ്റണില്‍ നിന്നും നൂറു കണക്കിന് കിലോമീറ്റര്‍ അകലെ രാവിലെ 7:18 ഇന് വാഷിംഗ്‌ടണ്‍ ദ്യൂലസില്‍ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ Flight 77 വിമാനത്തില്‍ കയറാന്‍ അഞ്ചു പേര്‍ എത്തി. സൗദി സ്വദേശികള്‍ ആയ ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ്, നവാഫ്‌ ഹാസ്മി, സാലേം ഹാസ്മി എന്നിവര്‍ ആയിരുന്നു സംഘാങ്ങള്‍. ഖാലിദ് മിഹ്‌ധാര്‍, നവാഫ്‌ ഹാസ്മി എന്നിവര്‍ FBI Terrorist ലിസ്റ്റില്‍ ഉള്ളവര്‍ ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ഹാനി ഹാന്ജോര്‍, ഖാലിദ് മിഹ്‌ധാര്‍, മാജിദ് മോക്വാദ് എന്നിവരെ CAPPS സെലക്ട്‌ ചെയ്തു. അതിനാല്‍ തന്നെ അവര്‍ വിമാനത്തില്‍ ബോര്‍ഡ് ചെയ്ത ശേഷം ആണ് അവരുടെ ലഗേജ് വിമാനത്തില്‍ കയറ്റിയത്. ഹാസ്മി സഹോദരന്മാരെ കൂടുതല്‍ പരിശോധന നടത്തി. ഇവരുടെ ഫോട്ടോ ഐ ഡി ഇല്ലാത്തതും, ശരിക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തതും ആയിരുന്നു ഇതിനുള്ള പ്രധാന കാരണം. നവാഫ്‌ ഹാസ്മി മെറ്റല്‍ detector വഴി കടന്നു പോയപ്പോള്‍ അലാം അടിച്ചത് കാരണം അദ്ദേഹത്തെ കൂടുതല്‍ പരിശോധിച്ചു. തോളില്‍ തൂക്കിയ ബാഗ് സ്പോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്ക്യൂരിട്ടി കാമറകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ പിന്‍ ഭാഗത്തെ പോകറ്റില്‍ :എന്തോ ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. 7:50ഓടെ സംഘം വിമാനത്തില്‍ കയറി.

ന്യൂജേഴ്സിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോ യിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍ വിമാനം united 93 യില്‍ മറ്റൊരു സംഘം കയറി. സിയാദ് ജാറ എന്ന ലബനീസ് സ്വദേശിയായിരുന്നു സംഘത്തലവന്‍. അഹമ്മദ് ഹസ്നാവി, അഹമ്മദ് നാമി, സയീദ്‌ ഗാംദി എന്നീ സൗദി സ്വദേശികള്‍ ആയിരുന്നു കൂടെ. ഹസ്നാവിയെ CAPPS സെലക്ട്‌ ചെയ്തു എങ്കിലും, പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താത്തത് കാരണം ബോര്‍ഡ് ചെയ്യാന്‍ അനുവദിച്ചു.
എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം പക്ഷെ വിമാനത്താവളത്തിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാല് മിനിട്ടിനകം ആണ് ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചത്.

റാഞ്ചല്‍ നാടകം തുടങ്ങുന്നു.

അമേരിക്കന്‍ എയര്‍ ലൈന്‍ – 11
അത്ത ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 767 വിമാനം. എണ്‍പത്തി ഒന്ന് യാത്രക്കാര്‍. പതിനൊന്നു ജീവനക്കാര്‍.

8:14 ഓടു കൂടിയാണ് റാഞ്ചല്‍ നടന്നത് എന്നാണു അന്വഷണം തെളിയിച്ചത്. ബോസ്ട്ടന്‍ വിമാനത്താവളത്തില്‍ നിന്നും വിമാനത്തിന്‍റെ ആള്‍റ്റിട്ട്യൂട് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം വന്നു എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനം പക്ഷെ വീണ്ടും താഴേക്ക് വരികയും, ദിശ മാറുകയും ചെയ്തു. തുടര്‍ച്ചയായി വിമാനവും ആയി ബന്ധം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായില്ല.

ഇതേ സമയം ഫ്ലൈറ്റ് ജീവനക്കാര്‍ ആയ ആമി സ്വീനിയും, ബെറ്റിയും വിമാന കമ്പനിക്ക് സാറ്റലറ്റ് ഫോണ്‍ വഴി വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി. കാരന്‍ മാര്‍ട്ടിന്‍, ബാര്‍ബറ എന്നിവരെ കഠാര കൊണ്ട് കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ കോക്പിറ്റ് കയ്യേറിയത്. ഇതേ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഇസ്രായേലി സേനയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ഡാനിയേല്‍ ലെവിന്‍ റാഞ്ചികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഡാനിയേലിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ആയിരുന്നു മറ്റൊരു റാഞ്ചിയായ സുഖൂമി ഇരുന്നിരുന്നത്. ഡാനിയേലിനെ ഉടനെ തന്നെ കഴുത്തു വെട്ടി കൊല്ലുകയായിരുന്നു.

വിമാന ജീവനക്കാര്‍ കൊക്ക്പിറ്റും ആയി ബന്ധപെടാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍. വിമാന കമ്പനിയെ വിളിച്ച ജീവനക്കാര്‍ റാഞ്ചികളുടെ സീറ്റ് നമ്പര്‍ നല്‍കി. ഇത് വെരിഫൈ ചെയ്ത എഫ് ബി ഐ. അത്തയെ ആദ്യം തന്നെ തിരിച്ചറിഞ്ഞു.
ഇതിനിടെ അത്ത വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പൈലറ്റുമാര്‍ രണ്ടു പേരെയും മാരകമായി പരിക്കെല്‍പ്പിച്ചു ബോധരഹിതനാക്കികൊണ്ടാവാം ഇത് സാധ്യമായത്.
ഇതിനിടെ അത്ത വിമാനത്തിലെ യാത്രകാര്‍ക്ക് സന്ദേശം നല്‍കാന്‍ ആയി വിമാനത്തിലെ public addressing system ഓണ്‍ ചെയ്തു. എന്നാല്‍ തെറ്റായ ചാനല്‍ ആണ് തിരഞ്ഞെടുത്തത്. ആ ചാനല്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ സെന്ററിലെക്ക് ആയിരുന്നു.

സന്ദേശം ഇതായിരുന്നു
“We have some planes. Just stay quiet and you’ll be O.K. We are returning to the airport.”

വീണ്ടും 08:24 ഇന് പുതിയ സന്ദേശം നല്‍കി “Nobody move. Everything will be okay. If you try to make any moves, you’ll endanger yourself and the airplane. Just stay quiet.”

രണ്ടു മിനിറ്റ് കഴിഞ്ഞു വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി.
ബോസ്റ്റന്‍ എയര്‍ ട്രാഫിക് കണ്ട്രോളര്‍ എല്ലാ നൂലാമാലകളും ഒഴിവാക്കി നേരിട്ട് അമേരിക്കന്‍ എയര്ഫോഴ്സും ആയി ബന്ധപ്പെട്ട് റാഞ്ചികളുടെ വിമാനം തടയാന്‍ ആവശ്യപ്പെട്ടു,
ഈ സമയത്ത് വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്നു. മണിക്കൂറില്‍ 748 കി. മീ വേഗതയില്‍ , 36000 ലിറ്റര്‍ വിമാന ഇന്ധനവും ആയി ബോയിംഗ് വിമാനം 99 മുതല്‍ 93 വരെ നിലകളുടെ ഇടയില്‍ രാവിലെ 8:46 ഇന് ഇടിച്ചു കയറി. മാര്‍ഷ് ആന്‍ഡ് മാക്ളിനന്‍ ഇന്ശൂരന്‍സ് കമ്പനിയുടെ ഓഫീസുകള്‍ ആയിരുന്നു ഈ നിലകളില്‍. ഇടിയുടെ ആഘാതത്തില്‍ ആ നിലകളില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിമാന ഇന്ധനം എലിവേറ്റര്‍ വഴി അരിച്ചിറങ്ങി 77. 22 എന്നീ നിലകളിലും തീ പിടിച്ചു. ഇടി നടന്നു കൃത്യം ഏഴു മിനിട്ടിനു ശേഷമാണ് വിമാനത്തെ തടയാന്‍ അമേരിക്കന്‍ എയര്ഫോഴ്സിലെ F-15 വിമാനങ്ങള്‍ക്ക് ഉത്തരവ് ലഭിക്കുന്നത്.
സി എന്‍ എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ലൈവ് ആയി വാര്‍ത്ത നല്‍കുമ്പോഴും ഇതൊരു തീവ്രവാദി ആക്രമണം ആണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇതൊരു അപകടം ആണ് എന്നായിരുന്നു ചാനലുകള്‍ പറഞ്ഞുകൊണ്ടിരുന്നത്.

യുണൈറ്റഡ് എയര്‍ ലൈന്‍ – 175

മര്‍വാന്‍ ശേഹ്രി ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 767 വിമാനം.
56 യാത്രക്കാര്‍. 6 ജീവനക്കാര്‍.

വിമാനം തിരശ്ചീനമായി പറന്നു തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ ആണ് റാഞ്ചല്‍ ആരംഭിക്കുന്നത്. ഏകദേശം 8:43 ഓടെ മര്‍വാന്‍ ശേഹ്രിയുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേ സമയം ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറാന്‍ ഏതാനും മിനിട്ടുകള്‍ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്.
ഫായിസ്, ശേഹ്രി എന്നിവര്‍ ബലമായി കോക്ക്പിറ്റില്‍ കടക്കുകയും, പൈലറ്റിനെ കൊന്നു വിമാനത്തിന്‍റെ നിയന്ത്രണം മര്‍വാന്‍ ശേഹ്രിയെ ഏല്പിക്കുകയും ചെയ്തു. ഇതേ സമയം ഗാംദി സഹോദരന്മാര്‍ വിമാനത്തിലെ യാത്രകാരെ ഭീഷണിപ്പെടുത്തി വിമാനത്തിന്‍റെ പുറകു ഭാഗത്തേക്ക് മാറ്റി കൊണ്ടിരിക്കുകയായിരുന്നു.

8:47 ഓടു കൂടി വിമാനം ദിശ മാറുന്നതായി എയര്‍ ട്രാഫിക് കണ്ട്രോളര്‍ മനസ്സിലാക്കി. വിമാനത്തിന്‍റെ ട്രാന്‍സ്പോണ്ടര്‍ സിഗ്നല്‍ മാറുന്നതും ശ്രദ്ധയില്‍ പെട്ടു. അത്ത ചെയ്തത് പോലെ ഈ വിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ പൂര്‍ണ്ണമായും ഓഫ്‌ ആക്കിയില്ല. ഒരു പക്ഷെ അതിനുള്ള ശ്രമം വിജയിക്കാതെ പോയതാവാം.

8:51 ഇന് വിമാനം വളരെ താഴേക്ക് പറന്നു തുടങ്ങി. ഈ സമയത്ത് ഡെല്‍റ്റ എയര്‍ ലൈനിന്‍റെ Flight 2315 വിമാനവും ആയി മര്‍വാന്‍ ഹൈജാക്ക് ചെയ്ത വിമാനം കൂട്ടി ഇടിക്കെണ്ടാതായിരുന്നു. എന്നാല്‍ ATC നിര്‍ദേശം അനുസരിച്ച് ഡെല്‍റ്റ കൂടുതല്‍ ഉയരത്തിലേക്ക് പോയതിനാല്‍ അപകടം ഒഴിവായി. (ഒരു പക്ഷെ ഈ അപകടം നടന്നിരുന്നു എങ്കില്‍ സൌത്ത് ടവര്‍ രക്ഷപ്പെട്ടേനെ)

വിമാനം റാഞ്ചപ്പെട്ട വിവരം വിമാന ജീവനക്കാരും, യാത്രക്കാരും സാറ്റലൈറ്റ് ഫോണ വഴി തങ്ങളുടെ പ്രിയപ്പെട്ടവരെയും മേല്‍ ഉദ്യോഗസ്ഥരെയും അറിയിച്ചു കൊണ്ടിരുന്നു. ഗാര്‍നെറ്റ് ബൈലി എന്ന യാത്രക്കാരന്‍ തന്‍റെ ഭാര്യയെ നാല് പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല.

08:55 ഓടെയാണ് Flight 175 റാഞ്ചപ്പെട്ടു എന്ന് NYATCC ( New York Air Traffic Control Center) പ്രഖ്യാപിക്കുന്നത്. റാഞ്ചപ്പെട്ട രണ്ടു വിമാനങ്ങളും ആയി ബന്ധപ്പെട്ട് കൊണ്ടിരുന്ന ATC ഡേവിഡ് ബോട്ടിഗ്ലിയ പറഞ്ഞത് മിനിട്ടിനു പതിനായിരം അടി വച്ച് വിമാനം താഴേക്ക് കുതിച്ചു എന്നാണ്. 08:52 ഇന് ജീവനക്കാരന്‍ ഫ്രാങ്ങ്മാന്‍ വിമാനം റാഞ്ചി എന്നും, പൈലറ്റ്‌, സഹ പൈലറ്റ്‌ എന്നിവര്‍ കൊല്ലപ്പെട്ടു എന്നും, ചില ര്‍ക്ക് കുത്തേറ്റു എന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ അദ്ധേഹത്തിന്റെ ഫോണ്‍ കട്ടായി. തിരിച്ചു ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
ഇതിനിടെ യാത്രക്കാരന്‍ ആയ ബ്രയാന്‍ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വിമാനം റാഞ്ചപ്പെട്ടു എന്ന മെസ്സേജ് അദ്ദേഹം ഭാര്യക്ക് നല്‍കി.അപകടം കഴിഞ്ഞ ശേഷം ആണ് ഇവര്‍ മെസ്സേജ് കാണുന്നത്.

ഇതിനിടെ ബ്രയാന്‍ അമ്മയെ വിളിക്കുകയും വിമാനം റാഞ്ചപ്പെട്ടു എന്നും, യാത്രക്കാര്‍ കോക്ക്പിറ്റില്‍ ഇരച്ചു കയറി വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പരിപാടി ഉണ്ട് എന്നും സൂചിപ്പിച്ചു. മറ്റൊരു യാത്രക്കാരന്‍ തന്‍റെ പിതാവിനെ വിളിച്ചു വിമാനക്കമ്പനിയെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു.
ഒന്‍പത് മണിയോടെ പീറ്റര്‍ ഹാന്‍സന്‍ എന്ന യാത്രകാരന്‍ തന്‍റെ അച്ഛന് ഫോണ്‍ ചെയ്തു. “വിമാനം രാഞ്ചികളുടെ കയ്യില്‍ ആണ്. അവര്‍ വിമാനം വളരെ താഴ്ത്തി പറത്തുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അത് പെട്ടന്നായിരിക്കും. ദൈവമേ.. ദൈവമേ..”
കൃത്യം 9:03 ഇന് വിമാനം സൌത്ത് ടവറിലെ 77-85 നിലകള്‍ക്ക് ഇടയില്‍ ഇടിച്ചു കയറി. ആദ്യ വിമാനത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടാം വിമാനം അല്പം ദിശ മാറിയാണ് വന്നത് എന്നതിനാല്‍ ടവറിന്റെ മൂലയില്‍ ആണ് ഇടിചു കയറിയത്. ഈ വിമാനത്തിന്‍റെ എഞ്ചിനും, ചിറകും പിന്നീട് വീണ്ടെടുത്തു.

അമേരിക്കന്‍ എയര്‍ ലൈന്‍ – American 77

ഹാനി ഹാന്ജോര്‍ ഗ്രൂപ്പ് ബോര്‍ഡ് ചെയ്ത ബോയിംഗ് 757 വിമാനം.
58 യാത്രക്കാര്‍. 6 ജീവനക്കാര്‍.

ആദ്യ രണ്ടു വിമാനങ്ങളും വാണിജ്യ കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എങ്കില്‍ ഹാനിയുടെ ലക്‌ഷ്യം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആയിരുന്നു. ആദ്യ വിമാനം WTC ഇല്‍ ഇടിച്ചിറങ്ങി ഏതാനും മിനിട്ടുകള്‍ കഴിയുമ്പോള്‍ ആണ് American 77 റാഞ്ചപ്പെടുന്നത്. വിമാനം 8:54 ഓടെ ദിശ മാറ്റപ്പെടുന്നത് ATC ശ്രദ്ധിച്ചു. എന്നാല്‍ വിമാനവുമായി ബന്ധപെടാനുള്ള ശ്രമം വിജയിച്ചില്ല.
വിമാനത്തിലെ യാത്രക്കാര്‍ പലരും തങ്ങളുടെ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. പലരും വിമാനം ഹൈജാക്ക് ചെയ്ത വിവരം വിമാന കമ്പനിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.
യു എസ് സോളിസിറ്റര്‍ ജനറല്‍ തിയോഡോര്‍ ഓസ്‌ലോനിന്റെ ഭാര്യ ബാര്‍ബറ ഓസ്‌ലോണ്‍ ഈ വിമാനത്തിലെ യാത്രകാരിയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചു തങ്ങളുടെ വിമാനവും റാഞ്ചപ്പെട്ട വിവരം ഇവര്‍ അറിയിച്ചു. അതോടെ മറ്റു രണ്ടു വിമാനങ്ങളുടെയും വിവരങ്ങള്‍ തിയഡോര്‍ ഭാര്യയോടു പറഞ്ഞു. അവര്‍ വേവലാതി ഒന്നും കാണിച്ചില്ല. എവിടെയാണ് വിമാനം എന്ന് ചോദിച്ചപ്പോള്‍, വിമാനം വളരെ താഴ്ന്നാണ് പറക്കുന്നത് എന്നും. റാഞ്ചികളുടെ കയ്യില്‍ കത്തിയും ബോക്സ് കട്ടരുകളും ഉണ്ട് എന്നും ഇവര്‍ അറിയിച്ചു.

മൂന്നാമത്തെ വിമാനവും റാഞ്ചപ്പെട്ടു എന്നറിഞ്ഞതോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ എല്ലാ സര്‍വീസും ഗ്രൌണ്ട് ചെയ്തു. ഒരൊറ്റ വിമാനവും അടുത്തൊരു നിര്‍ദ്ദേശം വരുന്നത് വരെ പറത്തരുത് എന്നായിരുന്നു ഉത്തരവ്.

വിമാന റാഞ്ചി ഹാനി ഹാന്ജോര്‍ വിമാനത്തിന്റെ സര്‍വ ശക്തിയും എടുത്തു പെന്റഗണ്‍ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ വിമാനം 330 ഡിഗ്രി തിരിഞ്ഞപ്പോള്‍ ഇതിന്‍റെ ഉയരം നഷ്ടമായി.

 7,453 കാഴ്ച ; പുതിയ ആലേഖനങ്ങൾ അറിയിക്കുന്നതിന് താഴെയുള്ള ബെൽ അടയാളം അമർത്തുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു